Image

അക്ഷരദേവതേ മാതേ! (കവിത: തൊടുപുഴ കെ. ശങ്കര്‍)

തൊടുപുഴ കെ. ശങ്കര്‍ Published on 28 September, 2017
അക്ഷരദേവതേ മാതേ! (കവിത: തൊടുപുഴ കെ. ശങ്കര്‍)
പദ്യമൊന്നെഴുതുവാനിരുന്നാലുടന്‍ മുന്നില്‍
പദങ്ങളൊന്നൊന്നായ് വന്നാനന്ദനൃത്തം ചെയ്പൂ!
എന്നിട്ടുചൊല്ലുമെല്ലെ വിനയാന്വിതരായി
എന്നെയും കവിതയില്‍ ചേര്‍ക്കണേ പ്രിയകവേ!

ഒന്നല്ലതുപോലൊരായിരം പദങ്ങള്‍വ.-
ന്നൊന്നിച്ചുമുന്നില്‍നിന്നുനര്‍ത്തനമാടുന്നേരം,
ഏറ്റവുമുചിതമാംപദം ഞാന്‍ തിരയുമ്പോള്‍
എത്രയോപര്യായങ്ങള്‍ അണിനിരക്കുചേലില്‍!

പദ്യത്തില്‍ വിലസുന്ന പദസുദസുന്ദരിമാരേ,
ആദ്യമായ് നിങ്ങള്‍ക്കെന്റെ ഹൃദ്യമാമഭിവാദ്യം!
വാദ്രേവതയുടെ മക്കളാംപദങ്ങളേ,
വാസ്തവം നിങ്ങള്‍മൂലമല്ലോ ഞാന്‍ കവിയായി!

കാവ്യങ്ങളൊന്നല്ലെത്രയെഴുതുന്നു ഞാന്‍ദിനം
കാമ്യമാം വിഷയങ്ങള്‍ തിരഞ്ഞുനല്‍കുന്നുനീ!
ലോകനന്മകള്‍ക്കൊത്തകാവ്യങ്ങളെഴുതിച്ചെന്‍
മോഹനനരജന്മം ധന്യമാക്കണേ ദേവീ!

വെള്ളത്താമരപ്പൂവില്‍, വെണ്ണക്കല്‍തല്പത്തിന്മേല്‍
വെണ്ണിലാവൊളിതൂകി, രാഗസാഗരമാകും,
മണിവീണയും മീട്ടിമരുവും ജ്ഞാനാംബികേ,
മന്നിതിലടിയന്റെ ഹൃത്തിലും ലസിയ്ക്ക നീ!

ക്ഷരമാണഖിലവുമിക്കാണും പ്രപഞ്ചവും
ക്ഷണഭംഗുരമാണുസര്‍വ്വമെന്നറിവൂ ഞാന്‍!
അക്ഷരമായിട്ടൊന്നീയണ്ഡത്തിലുണ്ടേല്‍ നൂനം
അക്ഷരദേവതേ, നീ മാത്രമല്ലയോ മാതേ!

അക്ഷരദേവതേ മാതേ! (കവിത: തൊടുപുഴ കെ. ശങ്കര്‍)
Join WhatsApp News
P.R.G. 2017-09-28 12:17:45
ഉന്നത ചിന്തയെങ്കിലും ഭാഷ സാധാരണമായത് നല്ല
രീതിയിൽമനസിലാകും. ചെറിയ വാക്കുകളിലെ വലിയ കവിത ഇഷ്ടപ്പെടാതിരിക്കുന്നതെങ്ങിനെ ...... വളരെ നന്നായിരിക്കുന്നു...

Sudhir Panikkaveetil 2017-09-28 07:41:25
വാക്കുകൾ (എഴുതപ്പെടുന്നവ) നശിക്കാതിരിക്കുന്നതുകൊണ്ടല്ലേ (അക്ഷരം) അത് മനുഷ്യരാശിക്ക് അനുഗ്രഹപ്രദമാകുന്നത്. അതുകൊണ്ട് അക്ഷരത്തെ ദേവിയായി ആരാധിക്കുന്നത് വിദ്യ കാംക്ഷിക്കുന്ന ഒരാളുടെ മനസ്സിൽ ഉളവാകുന്ന ഒരു വിശ്വാസമാണ്. ശ്രീ ശങ്കർ അതിനെ കൂടുതൽ ദിവ്യാത്മകമാക്കിയിരിക്കുന്നു. വായിച്ചാൽ മനസ്സിലാകുന്നത് തന്നെ എത്രയോ ധന്യമായ ഒരു അനുഭൂതി.
സംശയം 2017-09-28 17:57:43
കവിത എഴുതുന്നവരെ കവി എന്നുവിളിക്കാം, പദ്യം എഴുതുന്നവരെ പദി എന്നാണോ വിളിക്കുക?
വിദ്യാധരൻ 2017-09-28 20:26:41
അത് ഓരോത്തരുടെ 'പഥ്യം' പോലെയിരിക്കും 
പദ്യം -അക്ഷരം മാത്ര ഇവയുടെ ക്രമത്തോടുകൂടിയ പാദങ്ങള്‍ ഉള്ള രചന (ഛന്ദോബദ്ധമായത്. പദ്യം അല്ലാത്തത് ഗദ്യം) 
കവിത
 1 ഛന്ദോനിബദ്ധവും രസാത്മകവുമായ വാക്യം, കാവ്യം 
 2 കെട്ടുകഥ, നുണ 
ഹാസ്യം 2017-09-28 23:23:35
കമന്റിലെ ഹാസ്യം മനസ്സിലാകത്ത ചിലർ നിഘണ്ടുവുംകൊണ്ട് എഴുന്നെള്ളും
വിദ്യാധരൻ 2017-09-29 09:32:10
"പദ്യമതിങ്ങനെ കേട്ടാലുടനെ 
വിദ്വാന്മാർക്കിഹ പൊരുളുണ്ടാകും 
വിദ്യാരഹിതന്മാർക്കു ഗ്രഹിക്കാൻ 
വിരവൊടു പൊരുളുര ചെയ്തീടുന്നേൻ 
നല്ലൊരു ജാതിയിൽ വന്നു പിറന്നു 
നല്ലൊരു രൂപഗുണങ്ങളുമുണ്ട് 
ഹരിയെന്നാതിയൊരക്ഷരമവനുടെ
അരികെക്കൂടി പോയിട്ടില്ല 
പ്രൗഢതയെല്ലാം കണ്ടാൽ തോന്നും 
മൂഢതയല്ലാതവനറിവില്ല " 
observer 2017-09-29 11:21:50
ഓരോ അവന്മാര് ഹാസ്യം കൊണ്ടു  വന്ന് മോങ്ങിക്കൊണ്ടു പോകുന്നത് കാണുമ്പോൾ അത് ഹാസ്യമായി തോന്നുന്നു . വടികൊടുത്തല്ലേ അടിവാങ്ങുന്നത് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക