Image

ദൈവം, പ്രകൃതി, മനുഷ്യന്‍! (കവിത: ജയന്‍ വര്‍ഗീസ്)

Published on 28 September, 2017
ദൈവം, പ്രകൃതി, മനുഷ്യന്‍! (കവിത: ജയന്‍ വര്‍ഗീസ്)
കാര്യ കാരണ സിദ്ധാന്തത്തിലെ
അനിഷേധ്യവും, അഗമ്യവുമായ
ആദ്യ കാരണമാണ് ദൈവം!

അനന്തമായ ദൈവ സ്‌നേഹത്തിന്റെ
അനുസ്യൂതമായ
പ്രവാഹമാണ് പ്രപഞ്ചം!

നിതാന്ത ശൂന്യതകളില്‍
നക്ഷത്രങ്ങളെ തൂക്കി നിര്‍ത്തുന്നു!

അത്യഗാധ യുഗ തമസ്സില്‍
സത്യ പ്രകാശമായ് പ്രസരിക്കുന്നു

ആപേക്ഷിക നിരാപേക്ഷികതകളില്‍
അണുമാത്രകള്‍ വിഘടിതമാകുന്നു!

ഗാലക്‌സികളുടെ തനുശിഖരങ്ങളില്‍
സൂപ്പര്‍നോവകള്‍ പൊട്ടിച്ചിതറുന്നു!

ആകര്‍ഷണ വികര്‍ഷണങ്ങളില്‍
അജ്ഞേയങ്ങളുടെ അതിര്‍ വരക്കുന്നു!

നക്ഷത്ര രാശികളുടെ നാഭിച്ചുഴികളില്‍
സൗരയൂഥങ്ങള്‍ രൂപം പ്രാപിക്കുന്നു!

നിശ്ചലതയുടെ നിഗൂഢതകളില്‍ നിന്ന്
ചലന വ്യവസ്ഥയുടെ താളം രചിക്കുന്നു!

ഗ്രഹങ്ങള്‍ തണുത്തുറയുന്നു,
ഋതു ഭേദങ്ങള്‍ വന്നു പോകുന്നു!

കടലും,കരയും വേര്‍തിരിയുന്നു,
തിരമാലകള്‍ക്ക് അതിര്‍ വരയുന്നു!

പര്‍വത ശിഖരങ്ങളില്‍ ഇടി മുഴങ്ങുന്നു,
മരുഭൂമികളിലും മഴ പെയ്യുന്നു!

ധരയോനികളിലെ ജല നിര്‍വൃതികളില്‍
സസ്യ ശ്യാമളിമ മുളപൊട്ടുന്നു!

'അന്നം ഹി ഭൂതാനാം ജേഷ്ഠം '
ഗീതാചാര്യന് ദാര്‍ശനിക സമസ്യ!

മനസ്സില്‍ കിനിയും സ്വപ്നങ്ങളോടെ
മനുഷ്യ ജന്മങ്ങള്‍ രൂപം കൊള്ളുന്നു!

എണ്‍പതോ, നൂറോ വര്‍ഷങ്ങള്‍ നീളാന്‍
ഏതോ നിഗൂഡ സമഞ്ജയാം ജീവിതം!

ദൈവസ്‌നേഹ പ്രവാഹിനിയിലെ
വെറുമൊരു ജല കണികായാം ജീവിതം!

വര്‍ത്തമാന സത്യ സാഹചര്യങ്ങളില്‍
സ്ഥല ജലവിഭ്രമ സാരസ്യ ബിന്ദു!

സര്‍വവും തന്നിലുള്‍ക്കൊണ്ടു നില്‍ക്കും,
സുതാര്യ സുന്ദര തുഷാര ബിന്ദു!!

അനുഗ്രഹത്തിന്റെ അരനാഴിക നേരം,
അനുഭൂതികളുടെ അനശ്വര സംഗീതം....!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക