Image

എല്ലാം മതം (കവിത: ശ്രീകുമാര്‍ പുരുഷോത്തമന്‍)

Published on 29 September, 2017
എല്ലാം മതം (കവിത: ശ്രീകുമാര്‍ പുരുഷോത്തമന്‍)
ബെന്‍സിലെത്തി കറങ്ങുന്ന പാതിരി
പഞ്ചനക്ഷത്ര ശയ്യയില്‍ സ്വാമിജി
സ്വര്‍ഗ്ഗരാജ്യം സായത്തമാക്കുവാന്‍
ലളിതജീവിതം നയിക്കുന്ന വര്യന്മാര്‍

സ്വര്‍ഗവീഥികള്‍ ഹൈറേഞ്ച് പോലെടോ
കല്ല്പാകി പരുക്കന്‍ വഴികളും
മാരുതിയൊന്നും കേറില്ല സ്വര്‍ഗത്തില്‍
ജീപ്പിനൊട്ടും മൈലേജുമില്ലഹോ!

അവനവനെപ്പോല്‍ അപരനെ സ്‌നേഹിക്കാന്‍
പള്ളിമേടയിലച്ചന്റെ ആഹ്വാനം
ഇടവകയിലെ അന്യന്റെ ഭാര്യയെ
സ്വന്തമാക്കി അച്ഛനും സ്‌നേഹിച്ചു

സത്സംഗങ്ങള്‍ നടത്തുന്ന സ്വാമിമാര്‍
ബലാത്സംഗത്തില്‍ ബിരുദമെടുക്കുന്നു
ആയുധങ്ങള്‍ നിര്‍മിക്കുമാശ്രമം
ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു

മത പഠനത്തില്‍ ബിരുദമെടുത്തവര്‍
ബോംബ് നിര്‍മിച്ചു പോരാളിയാകുന്നു
കാലുവെട്ടി നിരാലംബനാക്കുന്നു
പാതിവെട്ടി മതിഭ്രമം തീര്‍ക്കുന്നു

ആതുരാലയങ്ങള്‍ കെട്ടി പല നില
ആയുസിന്റെ ദൈര്‍ഘ്യമളക്കുവാന്‍
നാലുനാള്‍ മുമ്പ് ജീവന്‍ വെടിഞ്ഞോന്
വെന്റിലേറ്ററില്‍ സുഖവാസ ജീവിതം

അവയവദാനം അന്വര്‍ത്ഥമാക്കുവാന്‍
ജീവനുള്ള ഹൃദയം മുറിക്കുന്നു
വച്ചുവാണിഭ ചന്ത മുറുകുന്നു
മനുഷ്യജീവനെ അമ്മാനമാടുന്നു

എന്തിനിത്രയും അടിയറ വയ്ക്കുന്നു
ചിന്തയും പിന്നെ സ്വാഭിമാനവും
അന്ധതയല്ല നാടിന്റെ ആവശ്യം
ചോദ്യമാകട്ടെ നാളത്തെ ചിന്തകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക