Image

ഹ്യൂ ഹഫ്‌നര്‍...പ്ലേ ബോയ്‌യുടെ ത്രസിപ്പിക്കുന്ന ഓര്‍മച്ചിത്രം (എ.എസ് ശ്രീകുമാര്‍)

Published on 29 September, 2017
ഹ്യൂ ഹഫ്‌നര്‍...പ്ലേ ബോയ്‌യുടെ ത്രസിപ്പിക്കുന്ന ഓര്‍മച്ചിത്രം (എ.എസ് ശ്രീകുമാര്‍)
ഒരുകാലത്ത് യുവാക്കളുടെ ധമനികളില്‍ രക്തയോട്ടം കൂട്ടിയ അമേരിക്കന്‍ ലൈഫ് സ്‌റ്റൈല്‍ മാഗസിന്‍ പ്ലേ ബോയ്‌യുടെ സ്ഥാപകന്‍ ഹ്യൂ ഹഫ്‌നറും വിടവാങ്ങിയിരിക്കുന്നു. ലോസ് ഏഞ്ചലസിലെ ബെവര്‍ലി ഹില്‍സിലെ "പ്ലേബോയ് മാന്‍ഷന്‍' എന്ന വിവാദ വസതിയിലാണ് 91കാരനായ ഹഫ്‌നറുടെ അന്ത്യം കുറിച്ചതും. വിനോദത്തിനും വിജ്ഞാനത്തിനുമൊപ്പം നഗ്നതയുടെ സൗന്ദര്യവും ഉള്ളടക്കമാക്കിയ പ്ലേ ബോയ് 1960കളില്‍ പ്രസിദ്ധീകരണ രംഗത്ത് ലൈംഗിക വിപ്ലവത്തിന് ചൂരും ചൂടുമേകിയ മാസികയാണ്. ലോകത്തിലെ ഒന്നാംകിട ബ്രാന്‍ഡുകളിലൊന്നാക്കി പ്ലേ ബോയ്‌യെ മാറ്റിക്കൊണ്ടാണ്, ആ മാസിക പോലെ തന്നെ "ഹോട്ട്' ആയ പ്ലേ ബോയ് മാന്‍ഷനിന്‍ നിന്നും ഹഫ്‌നര്‍ മടങ്ങിയിരിക്കുന്നത്. പ്ലേ ബോയ് മാന്‍ഷനില്‍ ഏതെങ്കിലും ഒരു സ്ത്രീ കയറിയിട്ടുണ്ടെങ്കില്‍ അവര്‍ ഹഫ്‌നറുമായി കിടക്ക പങ്കിട്ടിട്ടുണ്ടാകും എന്നാണ് പറയപ്പെട്ടിരുന്നത്. അലംഘനീയമായ ഒരു രതി ചട്ടം തന്നെ അവിടെ ഉണ്ടായിരുന്നുവത്രേ. ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ വാര്‍ത്തകളായിരുന്നു ആ ബംഗ്ലാവില്‍ നിന്ന പുറത്ത് വന്നിരുന്നത്.

""എന്റെ പിതാവ് മാധ്യമ രംഗത്തും സാംസ്കാരിക രംഗത്തും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ്. അഭിപ്രായ സ്വാതന്ത്ര്യം, ലൈംഗിക സ്വാതന്ത്ര്യം, പൗരാവകാശം എന്നിവയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ടിട്ടുള്ളയാളാണ് അദ്ദേഹം...'' ഹഫ്‌നറുടെ മകന്‍ കൂപ്പ് ഹഫ്‌നര്‍ മരണ വിവരം പുറത്തുവിട്ടുകൊണ്ട് ഇപ്രകാരമാണ് പ്രസ്താവിച്ചത്. പൂര്‍ണ നഗ്‌നരായ മോഡലുകളുടെ ഫോട്ടോകളിലൂടെയും ലൈംഗികതയുടെ പച്ചയായ ഉള്ളടക്കത്തിലൂടെയും ലോകവ്യാപകമായി ജനപ്രീതി നേടിയ പ്ലേ ബോയ്, "എന്റര്‍ടെയ്ന്‍മെന്റ് ഫോര്‍ മെന്‍' എന്ന ടാഗ് ലൈനിലൂടെയാണ് ന്യൂസ് സ്റ്റാന്റുകളില്‍ ചൂടപ്പംപോലെ വിറ്റഴിഞ്ഞത്.

ചിക്കാഗോയില്‍ 1926ലാണ് ഹഫ്‌നറുടെ ജനനം. ഇല്ലിനോയ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. രണ്ടാം ലോക മഹായുദ്ധകാലത്ത് യു.എസ് ആര്‍മിയില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എസ്ക്വയര്‍ മാഗസിനില്‍ വെറും ഒരു കോപ്പി എഡിറ്റര്‍ ആയി ചേര്‍ന്നു. എസ്ക്വയറുമായി തെറ്റിപ്പിരിഞ്ഞാണ് ഹെഫ്‌നര്‍ പ്ലേ ബോയ് മാഗസിന്‍ ആരംഭിക്കുന്നത്. 8000 ഡോളര്‍ നിക്ഷേപത്തിലായിരുന്നു തുടക്കം. ആദ്യ ലക്കത്തിന്റെ 50,000 കോപ്പികള്‍ വിറ്റുപോയി. പോപ്പ് ഐക്കണും ഹോട്ടെസ്റ്റ് സെലിബ്രിറ്റിയും രതിരാജ്ഞിയുമായിരുന്ന മെര്‍ലിന്‍ മണ്‍റോ ആയിരുന്നു മാഗസിന്റെ ആദ്യ ന്യൂഡ് മോഡല്‍. അങ്ങന പ്ലേ ബോയ് മാഗസിനും ഹഫ്‌നറും പ്രകാശവേഗത്തില്‍ വളര്‍ന്നു. ലോകമെങ്ങും പ്ലേ ബോയ് ചര്‍ച്ചയായി. മേഡലുകള്‍ പ്ലേബോയ്‌യില്‍ ചിത്രം അടിച്ചുവരാന്‍ അക്ഷമയോടെ കാത്തിരുന്നു. ഒറ്റ കവര്‍ ചിത്രം കൊണ്ട് അവരെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ ഹെഫ്‌നര്‍ക്ക് കഴിയുമെന്നതായിരുന്നു ആ കാത്തിരുപ്പിന്റെ കാരണം.

ഹഫ്‌നര്‍ പെട്ടെന്ന് കോടീശ്വരാനായി. മാഗസിന്റെ പേര് പോലെ തന്നെ ആയിരുന്നു ഹഫ്‌നറുടെ ജീവതവും. അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം പ്ലേ ബോയ് ആയി മാറി. കാമമോഹത്തിന്റെ അവിഹിത കഥകള്‍ ലോകം പ്ലേ ബോയ് മാന്‍ഷനില്‍ നിന്ന് കേട്ടു. മാഗസിന്റെ കവര്‍ മോഡലായിട്ടുള്ള സ്ത്രീകളില്‍ പലരും പ്ലേ ബോയ് മാന്‍ഷനില്‍ ഹെഫ്‌നര്‍ക്കൊപ്പം താമസിച്ചിട്ടുണ്ട്. പ്രസിദ്ധ മോഡലായിരുന്ന ഹോളി മാഡിസണ്‍, പ്ലേ ബോയ് മാന്‍ഷനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ജയിലില്‍ അകപ്പെട്ടതുപോലെയാണ് പ്ലേ ബോയ് മാന്‍ഷനില്‍ കുടുങ്ങിയാല്‍ എന്നായിരുന്നു ആ വെളിപ്പെടുത്തല്‍. മാഡിസണും പ്ലേ ബോയ് മാന്‍ഷനിലെ അന്തേവാസിയായിരുന്നു. പ്ലേ ബോയ് മാന്‍ഷനിലെ അന്തേവാസികളായ സ്ത്രീകളെ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുന്നതും ഹഫ്‌നറുടെ വിനോദമായിരുന്നത്രെ. അതും തന്റെ സ്വന്തം അശ്ലീല വീഡിയോകള്‍.

കടുത്ത ലൈംഗികതയുള്ള ഉള്ളടക്കം മാത്രമല്ല, ഗൗരവമുള്ള അഭിമുഖങ്ങളും ലേഖനങ്ങളും പ്ലേ ബോയ് പ്രസിദ്ധീകരിച്ചിരുന്നു. റേ ബ്രാഡ്ബറി, ഇയാന്‍ ഫ്‌ളെമിങ്, ജോസഫ് ഹെല്ലര്‍, ജാക്ക് കെറോക്, മാര്‍ഗരറ്റ് ആറ്റ്‌വുഡ് എന്നീ പ്രമുഖരെല്ലാം പ്ലേ ബോയ്ക്ക് വേണ്ടി എഴുതി. അമേരിക്കന്‍ ജാസ് ട്രംപറ്ററും ബാന്‍ഡ് ലീഡറും കമ്പോസറുമായ മൈല്‍സ് ഡേവിസിനെയാണ് മാഗസിന്‍ ആദ്യമായി ഇന്റര്‍വ്യൂ ചെയ്തത്. മൈല്‍സ് ഡേവിസ് സംസാരിച്ചത് തന്റെ ജാസ് സംഗീതത്തെക്കുറിച്ച് മാത്രമായിരുന്നില്ലെന്നോര്‍ക്കണം. കറുത്തവര്‍ഗക്കാരനായ ഒരു സംഗീതജ്ഞന്‍ എന്ന നിലയില്‍ അദ്ദേഹം സ്വന്തം അനുഭവങ്ങളും നിലപാടുകളും പങ്കുവച്ചു. ""ഹൈസ്കൂളിലെ ട്രംപറ്റ് വാദ്യഘോഷത്തില്‍ }ഞാനായിരുന്നു ഏറ്റവും മികവ് പുലര്‍ത്തിയിരുന്നത്. പക്ഷേ, സമ്മാനങ്ങള്‍ കിട്ടിയിരുന്നത് നീലക്കണ്ണുകളും വെളുത്ത തൊലിയുമുള്ള കുട്ടികള്‍ക്കായിരുന്നു. വെള്ളക്കാരായ എല്ലാവരേയും പിന്തള്ളമെന്ന് അന്ന് മനസില്‍ ഉറപ്പിച്ചിരുന്നു...''ഡേവിസ് പറഞ്ഞു. വര്‍ണ വിവേചനം കൊടികുത്തി വാണ 1960കളില്‍ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് ഇങ്ങനെ മിണ്ടാനാവുമായിരുന്നില്ല.

ക്യൂബന്‍ പിപ്ലവകാരി ഫിദല്‍ കാസ്‌ട്രോ, അമേരിക്കന്‍ നടനും പാട്ടുകാരനും നിര്‍മാതാവുമായ ഫ്രാങ്ക് സിനാത്ര, പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ എന്നിവരുടെ അഭിമുഖങ്ങള്‍ പിന്നീട് വന്നു. കാര്‍ട്ടറുടെ വാക്കുകള്‍ വിവാദമായി. താന്‍ ഉള്ളില്‍ വ്യഭിചാരത്തിനുള്ള മോഹം കൊണ്ടുനടക്കുന്നയാളാണെന്ന് ജിമ്മി കാര്‍ട്ടര്‍ പറഞ്ഞു. ആ അഭിമുഖം നല്‍കുന്ന സമയത്ത് അദ്ദേഹം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നു. തിമോത്തി ലീറി, മുഹമ്മദ് അലി, സ്റ്റാന്‍ലി കൂബ്രിക്, സ്റ്റീവ് ജോബ്‌സ് തുടങ്ങിയവരുടെയെല്ലാം അഭിമുഖം പ്ലേബോയ് പ്രസിദ്ധീകരിച്ചു. ആര്‍തര്‍ സി ക്ലാര്‍ക്, വ്‌ലാഡിമിര്‍ നോബക്കോവ്, സോള്‍ ബെല്ലോ, പി.ജി വുഡ് ഹൗസ്, ഹാരുകി മുറാകാമി തുടങ്ങി നിരവധി എഴുത്തുകാരുടെ ചെറുകഥകള്‍ പ്ലേ ബോയ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരിക്കല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലും മാഗസിന്‍ പുലിവാല് പിടിച്ചു. നെഹ്‌റുവിന്റെ ചില പൊതു പ്രസ്താവനകള്‍ ഇന്റര്‍വ്യൂ എന്ന രൂപത്തില്‍ അവര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതില്‍ വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി കടുതത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയില്‍ പ്ലേ ബോയ് നിരോധിക്കപ്പെട്ടിരുന്നു. വിമാനത്താവളങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്ഥിരം പിടിച്ചെടുക്കുന്നവയില്‍ പ്ലേ ബോയ് മാഗസിനും ഉള്‍പ്പെട്ടിരുന്നു. തനിക്ക് പോസ്റ്റലായി വന്നിരുന്ന പ്ലേ ബോയ് മാഗസിന്‍ കോപ്പികള്‍ പോസ്റ്റ് ഓഫീസ് അധികൃതര്‍ തടഞ്ഞുവച്ചിരുന്നതായി വിഖ്യാത ഇന്ത്യന്‍ എഴുത്തുകാരന്‍ ഖുശ്‌വന്ത് സിംഗ് പറഞ്ഞിരുന്നു. അഭിമുഖങ്ങള്‍ വായിക്കാനാണ് താന്‍ പ്ലേ ബോയ് വാങ്ങുന്നതെന്ന ഖുശ്വന്തിന്റെ വാക്കുകള്‍ അന്നത്തെ കോമഡിയായിരുന്നു.

പ്ലേ ബോയ് ലൈംഗികതയോട് പുലര്‍ത്തുന്ന തുറന്നതും സ്വതന്ത്രവുമായ സമീപനം വിവാദകോലാഹലങ്ങളുണ്ടാക്കി. പക്ഷേ, ആ അതിവേഗം ബ്രാന്‍ഡ് വളര്‍ന്നു. പസിദ്ധീകരണം തുടങ്ങി ഒരു വര്‍ഷത്തിനകം തന്നെ സര്‍ക്കുലേഷന്‍ രണ്ട് ലക്ഷത്തിലധികം നേടി. 1970കളില്‍ അത് 70 ലക്ഷം കവിഞ്ഞു. 1960ല്‍ വിവിധ ലോകരാജ്യങ്ങളില്‍ "ഹ്യൂ ഹഫ്‌നര്‍ പ്ലേ ബോയ് ക്ലബു'കള്‍ തുടങ്ങിയിരുന്നു. സിനിമ, മാധ്യമങ്ങള്‍, വസ്ത്ര വിപണി, ജ്വല്ലറി തുടങ്ങിയവയിലേക്കെല്ലാം പ്ലേ ബോയ്‌യുടെ ലോഗോ പടര്‍ന്നു. നിലവില്‍ ഇരുപതിലധികം രാജ്യങ്ങളില്‍ പ്ലേ ബോയ് മാഗസിന്‍ പ്രസിദ്ധികരിക്കുന്നു. പ്ലേ ബോയ് എന്റര്‍പ്രൈസിന്റെ മൊത്തം വിറ്റുവരവ് 100 കോടി ഡോളറാണ്.

അതേസമയം പ്ലേ ബോയ് മാഗസിനും ഹെഫ്‌നറുടെ വഴിവിട്ട ജീവിതവും വിമര്‍ശന വിധേയമായി. ഫെമിനിസ്റ്റുകളും യാഥാസ്ഥിതികരുമെല്ലാം ഹഫ്‌നര്‍ക്കെതിരെ കൊടിയ പ്രതിഷേധം അഴിച്ചുവിട്ടു. 1960ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്ലേ ബോയ് ക്ലബുകള്‍ തുറന്നു. അല്‍പവസ്ത്ര ധാരികളായ സ്ത്രീകളെ പരിചാരകരായി നിര്‍ത്തി. എന്നാല്‍ പ്ലേ ബോയ് മാഗസിനെ പിന്തുണച്ച ഫെമിനിസ്റ്റ് എഴുത്തുകാരും ഉണ്ടായിരുന്നുവെന്നതാണ് കൗതുകകരം. 1963ല്‍ പ്ലേ ബോയ് ക്ലബിന്റെ പരിപാടിക്ക് വേണ്ടി ഫെമിനിസ്റ്റ് എഴുത്തുകാരി ഗ്ലോറിയ സ്റ്റീനം വേഷം മാറി എത്തിയത് വലിയ ആക്ഷേപം ക്ഷണിച്ചുവരുത്തി. അക്കൊല്ലം പ്രമുഖ അമേരിക്കന്‍ നടിയും പാട്ടുകാരുയും നൈറ്റ് ക്ലബ് എന്റര്‍യെയ്‌നറുമായ ജെയ്ന്‍ മാന്‍സ്ഫീല്‍ഡിന്റെ നഗ്‌നചിത്രം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഹെഫ്‌നര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്ത് ജയിലിടക്കുകയും ചെയ്തു. എന്നാല്‍ കോടതി ഈ കേസില്‍ തീര്‍പ്പ് കല്‍പ്പിച്ചില്ലെന്ന് മാത്രമല്ല കുറ്റങ്ങള്‍ റദ്ദാക്കുകയും ചെയ്തു.

ഹഫ്‌നറുടെ വിവാഹേതര ജീവിതം പോലെ ദാമ്പത്യ ബന്ധവും വിവാദച്ചുഴിയിലകപ്പെട്ടു. 1949ലായിരുന്നു ആദ്യ വിവാഹം. ആദ്യ ഭാര്യ മില്‍ഡ്രഡ് വില്യംസില്‍ രണ്ട് കുട്ടികളുണ്ടായി. 1959ല്‍ ഈ വിവാഹബന്ധം വേര്‍പെടുത്തി. പിന്നീട് ഹഫ്‌നര്‍ അത്യാഡംബരങ്ങളില്‍ അഭിരമിക്കാന്‍ തുടങ്ങി. ചിക്കാഗോയിലെ കൂറ്റന്‍ ബംഗ്ലാവില്‍ നിന്ന് ലോസ് എഞ്ചലസിലെ പ്ലേ ബോയ് മാന്‍ഷനിലേയ്ക്ക് താമസം മാറി. മൂന്ന് തവണ വിവാഹിതനായി. ഏറ്റവുമൊടുവില്‍ ജീവിത പങ്കാളിയാക്കിയ ക്രിസ്റ്റല്‍, ഹഫ്‌നറുടെ കളിക്കൂട്ടുകാരിയാണ്. നാല് മക്കളാണ് ഈ ബന്ധത്തിലുള്ളത്. ഒരു മകന്‍ ക്രിസ്റ്റി, 20 വര്‍ഷത്തോളം പ്ലേ ബോയ് എന്റര്‍പ്രൈസസിന്റെ സി.ഇ.ഒ ആയിരുന്നു. 1992ല്‍ ന്യൂയോര്‍ക്ക് ടൈംസ് അഭിമുഖത്തില്‍ ജീവിതത്തില്‍ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള കാര്യമെന്ത് എന്ന ചോദ്യത്തിന് ""സെക്‌സിനോടുള്ള മനോഭാവം മാറ്റിയത്...'' എന്നായിരുന്നു ഹെഫ്‌നറുടെ മറുപടി. വിവാഹപൂര്‍വ ലൈംഗികബന്ധങ്ങളെ സംബന്ധിച്ചുള്ള മോശം ധാരണകള്‍ തിരുത്താന്‍ കഴിഞ്ഞതായും അത് തനിക്ക് വലിയ സംതൃപ്തി നല്‍കിയതായും ഹെഫ്‌നര്‍ അന്ന് തുറന്ന് പറഞ്ഞു. അരാജക ജീവിതത്തില്‍ ആയിരത്തിലധികം സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതായും ഹഫ്‌നര്‍ മറയാല്ലാതെ വ്യക്തമാക്കി.

ഹഫ്‌നര്‍ 1988ല്‍ പ്ലേ ബോയ് ക്ലബുകള്‍ അടച്ചുപൂട്ടി. 2006ല്‍ ചെറിയ തോതില്‍ അവ പുനരാരംഭിച്ചിരുന്നു. തങ്ങള്‍ പൂര്‍ണനഗ്‌ന ചിത്രങ്ങള്‍ ഇനി പ്രസിദ്ധീകരിക്കില്ലെന്ന് 2015ല്‍ പ്ലേ ബോയ് പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റില്‍ ഇത്തരം ഫോട്ടോകള്‍ സര്‍വസാധാരണമായതുകൊണ്ടാണ് തീരുമാനമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ 2017ല്‍ പ്ലേ ബോയ് തങ്ങളുടെ ജനിതക സ്വഭാവം പുറത്തെടുത്തു. അവര്‍ വീണ്ടും നഗ്ന ഫോട്ടോകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ഞങ്ങള്‍ വീണ്ടും ഞങ്ങളാവുകയാണെന്നാണ്് ഹഫ്‌നര്‍ അന്ത്യകാലത്ത് നിലപാടെടുത്തത്. ഒടുവില്‍ ഒന്‍പത് പതിറ്റാണ്ടുകാലത്തെ സുഖ ജീവിതത്തിന് വാരാമമിട്ട് ഹഫ്‌നര്‍ യാതൊരു ഒളിവും മറയുമില്ലാത്ത മറ്റൊരു പ്ലേ ബോയ് മാന്‍ഷനിലേയ്ക്ക് പോയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക