Image

വേങ്ങരയില്‍ മരണ തന്ത്രം പയറ്റി മുന്നണികളുടെ ആവേശ പ്രചാരണം (എ.എസ് ശ്രീകുമാര്‍)

Published on 30 September, 2017
വേങ്ങരയില്‍ മരണ തന്ത്രം പയറ്റി മുന്നണികളുടെ ആവേശ പ്രചാരണം (എ.എസ് ശ്രീകുമാര്‍)
രാഷ്ട്രീയ കേരളത്തിന്റെ കണ്ണും കാതും ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പിന് കൊടിയേറിയിരിക്കുന്ന വേങ്ങര മണ്ഡലത്തിലാണ്. സീറ്റ് നിലനിര്‍ത്താന്‍ പ്രയത്‌നിക്കുന്ന യു.ഡി.എഫും മുസ്ലീം ലീഗും അമിത ആത്മവിശവാസം പ്രകടിപ്പിക്കുന്നില്ല. വേങ്ങര പിടിക്കാന്‍ ഇടതുപക്ഷം മുസ്ലീം ലീഗിലെ ചില പടലപ്പിണക്കം മുതലാക്കാന്‍ ആവുംവിധം പരിശ്രമിക്കുന്നുണ്ട്. മോഡി ഭരണത്തിന്റെ മാഹാത്മ്യം എടുത്തുകാട്ടി ഒരു കൈ നോക്കുകയാണ് ബി.ജെ.പി. അങ്ങനെ മൂന്നു മുന്നണികളും അരയും തലയും മുറുക്കി ഗോദയിലിറങ്ങിയതോടെ വേങ്ങരയില്‍ ആവേശം കൊട്ടിക്കയറുകയാണ്. യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം സ്വതന്ത്രരും ഏതാനും ചെറു പാര്‍ട്ടികളും പ്രചാരണ രംഗത്ത് സജീവമായി.

ഇതിനിടെ, മുസ്ലീം ലീഗ് വിമത സ്ഥാനാര്‍ത്ഥിയുടെ ഒരു വെളിപ്പെടുത്തല്‍ വേങ്ങരയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. മുസ്ലീം ലീഗ് വിമത സ്ഥാനാര്‍ത്ഥിയായ കെ ഹംസയാണ് വെടിപൊട്ടിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന്‍ തനിക്കുമേല്‍ കനത്ത സമ്മര്‍ദ്ദമുണ്ടായെന്നാണ് ഹംസ പറഞ്ഞത്. ഒരു കെ.പി.സി.സി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരായിരുന്നു സമ്മര്‍ദ്ദത്തിന്റെ പിന്നില്‍. കെ.എന്‍.എ ഖാദറിനെ വേങ്ങരയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് കെ ഹംസ വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചത്. ഇതിനുപിന്നാലെയാണ് കെ.പി.സി.സി സെക്രട്ടറി അടക്കമുള്ള ചിലര്‍ മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ഭീഷണിപ്പെടുത്തിയത്. ചില കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി. പക്ഷേ, ലീഗ് നേതാക്കളാരും ഈ ആവശ്യവുമായി തന്നെ സമീപിച്ചിരുന്നില്ലെന്നും ഹംസ വ്യക്തമാക്കി. നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു ഖാദറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ അക്കാര്യത്തിലുണ്ടായ കല്ലുകടികള്‍ പ്രചാരണത്തിലൂടെ മറികടക്കാനാകുമെന്നാണ് മുസ്ലീം ലീഗ് വിശ്വസിക്കുന്നത്.

അതേസമയം, ഹംസയ്ക്ക് ലീഗിനോടോ മറ്റു നേതാക്കളോടോ പരിഭവമൊന്നുമില്ല. പി.കെ കുഞ്ഞാലിക്കുട്ടി ഏറ്റവും മഹാനായ നേതാവാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ സമ്മര്‍ദ്ദതന്ത്രത്തിലൂടെ കെ.എന്‍.എ ഖാദര്‍ മത്സരിക്കുന്നതിലാണ് ഹംസയ്ക്ക് വിയോജിപ്പ്. ജനാധിപത്യ രീതിയിലല്ല ഖാദറിനെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തതെന്നും, വേങ്ങരയില്‍ മത്സരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നുമാണ് ഹംസയുടെ ഉറച്ച നിലപാട്. എസ്.ഡി.പി.ഐയ്ക്ക് പുറമേ, ലീഗ് വിമതനും മത്സരിക്കാനിറങ്ങിയതോടെ ലീഗിലെ ആശങ്ക വര്‍ദ്ധിച്ചിട്ടുണ്ട്. പ്രാദേശിക തലത്തില്‍ മോശമില്ലാത്ത സ്വാധീനമുള്ള ഹംസ പരമാവധി വോട്ടുകള്‍ നേടാന്‍ തുനിഞ്ഞിറങ്ങിയാല്‍ ലീഗ് വിയര്‍ക്കുമെന്ന് ഉറപ്പാണ്. 1991ലെ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ഹംസ, എല്‍.ഡി.എഫിന് പിന്നില്‍ രണ്ടാമത് എത്തിയത് ഏവരെയും ഞെട്ടിച്ച സംഭവമായിരുന്നു. അത്തരത്തില്‍ എന്തെങ്കിലും അടിയൊഴുക്കുകള്‍ വേങ്ങരയില്‍ സംഭവിക്കുമോ എന്നാണ് ലീഗിന്റെ ആശങ്ക.

തിരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം നില്‍ക്കാനുള്ള കാന്തപുരം സുന്നികളുടെ തീരുമാനം അവര്‍ക്ക് ആത്മവിശ്വാസം പകരുന്നു. നിലപാട് വ്യക്തമാക്കിയില്ലെങ്കിലും ലീഗിനോടുള്ള നിലപാടില്‍ മാറ്റമില്ലെന്നാണ് കാന്തപുരം സുന്നികള്‍ പറയുന്നത്. ഇതു സംബന്ധിച്ച നിലപാട് അണികളെ അറിയിക്കുമെന്ന് കാന്തപുരം സുന്നികളുടെ രാഷ്ട്രീയ സംഘടനയായ കേരള മുസ്ലിം ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറി ഇബ്രാഹിം ബുഹാരി തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കാന്തപുരം സുന്നികളുടെ പിന്തുണ ഇടതിനായിരുന്നു.

രണ്ട് സുന്നി പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ഉത്തരവാദിയായവരെ മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍ ഷംസുദ്ദീന്‍ അനുകൂലിച്ചുവെന്നാരോപിച്ചാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍ കാന്തപുരവും സംഘവും ലീഗിനെതിരെ തിരിഞ്ഞത്. 2016ലും ലീഗ് സ്ഥാനാര്‍ഥിയായിരുന്ന ഷംസുദ്ദീനെ തോല്‍പ്പിക്കാന്‍ കാന്തപുരം പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഷംസുദ്ദീന്‍ പന്ത്രണ്ടായിരത്തിലധികം വോട്ട് നേടിയത് കാന്തപുരം സുന്നികള്‍ക്ക് തിരിച്ചടിയായി. ഇതിനെ തുടര്‍ന്നാണ് ഇത്തവണ പരസ്യ പ്രതികരണത്തിന് മുതിരാത്തത്. ലോക്‌സഭ തിരഞ്ഞെടുപ്പിലും കാന്തപുരം സുന്നികള്‍ ഇടതിനാണ് പിന്തുണ നല്‍കിയത്. പരസ്യ പ്രസ്താവനയ്ക്ക് മുതിരുന്നില്ലെങ്കിലും സര്‍ക്കാര്‍ നേട്ടങ്ങളെ കുറിച്ച് എടുത്ത് പറഞ്ഞ് അണികള്‍ക്ക് സന്ദേശം നല്‍കാനാണ് തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ഫാക്ടറാണ് വേങ്ങരയില്‍ ലീഗിന്റെ ഭൂരിപക്ഷം കൂട്ടിയതെന്നും ഇത്തവണ അതുണ്ടാകില്ലെന്നും കാന്തപുരം വിഭാഗം പറയുന്നു. വേങ്ങരയില്‍ പതിനായിരത്തോളം വോട്ടുണ്ടെന്ന് കാന്തപുരം സുന്നികള്‍ അവകാശപ്പെടുന്നു.

കേരളത്തിലെത്തിയ ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് കാന്തപുരത്തിന് ക്ഷണം ലഭിച്ചത് ഇടത് അനുകൂല നിലപാടിനുള്ള അംഗീകാരത്തിന്റെ സൂചനയാണത്രേ. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഷാര്‍ജയിലെ ഇന്ത്യക്കാരായ തടവുകാരുടെ മോചനം പിണറായി വിജയന്‍ സാധ്യമാക്കിയത് വേങ്ങരയില്‍ ഇടതുമുന്നണി തുറുപ്പു ചീട്ടാക്കുന്നു. കേന്ദ്രത്തിന് സാധിക്കാത്തത് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സാധിച്ചെടുത്തു എന്ന നിലയിലാണ് സി.പി.എം പ്രചാരണം. ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് തടവുകാരെ വിട്ടയയ്ക്കാന്‍ തീരുമാനമായത്. മലയാളികള്‍ അടക്കം 149 ഇന്ത്യന്‍ തടവുകാരുടെ മോചനമാണ് സാധ്യമായത്. പ്രവാസികള്‍ ഏറെയുള്ള മലപ്പുറത്ത് ഈ വിഷയം ഇടത് മുന്നണിക്ക് അനുകൂല തരംഗമുണ്ടാക്കുമെന്നാണ് അവരുടെ പ്രതീക്ഷ. അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ലീഗ് നേതാക്കള്‍ പ്രവാസി കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് എന്ന് ഇടത് സ്ഥാനാര്‍ത്ഥി പി.പി ബഷീര്‍ പറയുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച സപി.എം ഏരിയ കമ്മിറ്റിയംഗം കൂടിയായ ബഷീറിന്റെ മണ്ഡലപരിചയവും യുവാക്കള്‍ക്കിടയിലെ സ്വാധീനവും മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും കണക്കുക്കൂട്ടല്‍.

എന്നാല്‍ തടവുകാരുടെ മോചനത്തിന്റെ ക്രെഡിറ്റ് ഇടതു മുന്നണി എടുക്കുന്നത് ആശയ പാപ്പരത്തമാണെന്നാണ് മുസ്ലിം ലീഗിന്റെ പ്രതികരണം. സര്‍ക്കാരിന്റേത് അടിസ്ഥാനമില്ലാത്ത അവകാശവാദമാണ് എന്നാണ് ബി.ജെ.പി ആക്ഷേപിക്കുന്നത്. കെ ജനചന്ദ്രന്‍ മാസ്റ്ററാണ് ഇവിടെ മാറ്റുരയ്ക്കുന്നത്. ബി.ജെ.പി മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്റ് ആണ്. ആശയക്കുഴപ്പങ്ങള്‍ക്കൊടുവിലാണ് ജനചന്ദ്രന്‍ മാസ്റ്ററെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നേരത്തെ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നെങ്കിലും അവര്‍ പിന്‍മാറിയതോടെയാണ് ജനചന്ദ്രന്‍ മാസ്റ്റര്‍ക്ക് നറുക്ക് വീണത്. ''കേന്ദ്രസര്‍ക്കാരിന്റെ സാധാരണക്കാര്‍ക്കുള്ള ഭവനപദ്ധതിക്ക് മുന്തിയ പരിഗണന നല്‍കും. മേക്കിങ് ഇന്ത്യ, ശുചിത്വ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കും അംഗന്‍വാടി വികസനത്തിനും കോളനി വികസനത്തിനും പദ്ധതി...'' മാസ്റ്റര്‍ പറയുന്നു. വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിന്റെ നിലപാട് എന്‍.ഡി.എക്ക് ക്ഷീണമാണ്.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും പി.വി അബ്ദുല്‍വഹാബ് എം.പിയും വോട്ടു ചെയ്യാതിരുന്നതും ഇടതുപക്ഷം രാഷ്ട്രീയ ആയുധമാക്കും. കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എം.പിമാരും കോണ്‍ഗ്രസ്സ് എം.പിമാരും തലേദിവസം തന്നെ ഡല്‍ഹിയില്‍ തങ്ങി ബി.ജെ.പി സ്ഥാനാര്‍ത്ഥി വെങ്കയ്യനായിഡുവിനെതിരെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഗോപാല്‍കൃഷ്ണ ഗാന്ധിക്ക് വോട്ടു ചെയ്തപ്പോള്‍ കുഞ്ഞാലിക്കുട്ടിയും വഹാബും വിമാനം വൈകിയെന്നു പറഞ്ഞ് വോട്ടു ചെയ്യാതിരുന്നത് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായുണ്ടാക്കിയ അടവുനയമാണെന്നാണ് സി.പി.എം പ്രചരണം. കോഴിക്കോടു നിന്നും മുംബൈ വഴി ഡല്‍ഹിക്കുള്ള വിമാനം തിരഞ്ഞെടുത്തതും ബി.ജെ.പിയുമായുള്ള ധാരണപ്രകാരമാണെന്നാണ് ഇടതുകേന്ദ്രങ്ങളുടെ ആരോപണം.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തലേദിവസം തന്നെ ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസും ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും എം.പിമാരോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ നിന്നും കുഞ്ഞാലിക്കുട്ടിയും വഹാബും ഒഴികെ മുഴുവന്‍ എം.പിമാരും പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം തലേദിവസം തന്നെ ഡല്‍ഹിയില്‍ എത്തി കൃത്യസമയത്ത് വോട്ടു ചെയ്തു. എന്നാല്‍ വിമാനം നാലു മണിക്കൂര്‍ വൈകിയത് ഗൂഢാലോചനയാണെന്നാരോപിച്ച് കുഞ്ഞാലിക്കുട്ടിയും വഹാബും വ്യോമയാനമന്ത്രിക്കു പരാതി നല്‍കിയെങ്കിലും ഇത് കോണ്‍ഗ്രസ്സ് ഹൈക്കമാന്റും ഇടതുപാര്‍ട്ടികളും പോലും വിശ്വാസത്തിലെടുത്തിരുന്നില്ല. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവാണ് പി.കെ കുഞ്ഞാലിക്കുട്ടി, വഹാബാകട്ടെ ഗള്‍ഫ് രാജ്യങ്ങളിലടക്കം കോടികളുടെ ബിസിനസുള്ള നേതാവും. ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ പിണക്കാതിരിക്കാനാണ് ഇരുവരും വിമാനം വൈകിയെന്ന ന്യായീകരണവുമായി വോട്ടു ചെയ്യാതിരുന്നതെന്ന ഇടത് ആരോപണം വേങ്ങരയില്‍ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഏശുമോ എന്ന ഭീതി ലീഗ് വേതൃത്വത്തിനുണ്ട്.

ഏതായാലും മുസ്ലീം ലീഗിന്റെ ഉരുക്കുക്കോട്ടതന്നെയാണ് വേങ്ങര മണ്ഡലം. മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും മുസ്ലീം ലീഗിന്റെ കരുത്തനായ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്നും ജയിച്ചു കയറിയത്. മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മുസ്ലീം ലീഗിനാണ് ആധിപത്യം. പക്ഷേ, വേങ്ങര മണ്ഡലത്തിലെ പല വാര്‍ഡുകളിലും മുസ്ലീം ലീഗ് തോറ്റ ചരിത്രവുമുണ്ട്. മുസ്ലീം ലീഗിനെതിരായി മറ്റു പാര്‍ട്ടികളെല്ലാം അണിനിരന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലീഗിന് കനത്ത തിരിച്ചടിയാണുണ്ടായത്. യു.ഡി.എഫ് മുന്നണിയില്‍ ലീഗിന്റെ മേധാവിത്വം കാരണം കോണ്‍ഗ്രസും ലീഗും പലയിടത്തും രണ്ട് ചേരികളിലായാണ് മത്സരിച്ചത്. ഒതുക്കുങ്ങല്‍, പറപ്പൂര്‍, കണ്ണമംഗലം പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലാണ് ലീഗിന് അപ്രതീക്ഷിത തോല്‍വിയുണ്ടായത്.

1988ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് മുസ്ലീം ലീഗ് വേങ്ങരയില്‍ ആദ്യമായി തോല്‍വിയറിഞ്ഞത്. വേങ്ങര പഞ്ചായത്ത് വിഭജിക്കുന്നതിന് മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. വിമതനായ അബ്ദുള്ള ഹാജിയാണ് അന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഒതുക്കുങ്ങല്‍ പഞ്ചായത്തിലും ലീഗ് തോല്‍വിയറിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആകെയുള്ള പത്ത് സീറ്റില്‍ അഞ്ചു വീതം സീറ്റുകള്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ലഭിച്ചു. എന്നാല്‍ പിന്നീട് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലീഗിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെ എല്‍.ഡി.എഫ് ഭരണം പിടിക്കുകയായിരുന്നു. 1995ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ് മുസ്ലീം ലീഗിനെതിരെയുള്ള പൊതുവികാരം രൂക്ഷമായത്. ബാബറി മസ്ജിദ് സംഭവത്തിന് ശേഷം രൂപം കൊണ്ട ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) അടക്കമുള്ള ലീഗ് വിരോധികളായ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒന്നിച്ച് അണിനിരന്നപ്പോള്‍ മുസ്ലീം ലീഗിന് പല വാര്‍ഡുകളും നഷ്ടമായി.

1995ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വേങ്ങര, പറപ്പൂര്‍ പഞ്ചായത്തുകളിലെ 25ഓളം വാര്‍ഡുകളിലാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. 2000ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗിന് കനത്ത തിരിച്ചടിയുണ്ടായി. ഇടത് രാഷ്ട്രീയ പാര്‍ട്ടികളും കോണ്‍ഗ്രസും ചേര്‍ന്ന് രൂപം നല്‍കിയ പ്രാദേശിക വികസന സമിതിയാണ് 2000ല്‍ വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകളില്‍ ഭരണം പിടിച്ചത്. പിന്നീട് കോണ്‍ഗ്രസ് പിന്തുണയോടെ മുസ്ലീം ലീഗ് അധികാരം തിരികെപിടിക്കുകയും ചെയ്തു. ലീഗ്-കോണ്‍ഗ്രസ് ഭിന്നത രൂക്ഷമായ കണ്ണമംഗലത്ത് 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലീഗിനെതിരെയുള്ള കൂട്ടായ്മയാണ് ഭരണത്തിലെത്തിയത്. വേങ്ങര മണ്ഡലത്തിലെ പലയിടത്തും യുഡിഎഫ് സംവിധാനം നിലവിലില്ല. കണ്ണമംഗലം, പറപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാണ്. ഇതെല്ലാം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനും സാദ്ധ്യതയുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക