Image

ഭഗവത്തിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളി: മുഖ്യമന്ത്രി

Published on 01 October, 2017
ഭഗവത്തിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളി: മുഖ്യമന്ത്രി
രാഷ്ട്രീയ നേട്ടത്തിനുവേണ്ടി കേരള സര്‍ക്കാര്‍ ദേശവിരുദ്ധരെ സഹായിക്കുന്നുവെന്ന ആര്‍എസ്എസ് തലവന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മോഹന്‍ ഭഗവത്തിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍.എസ്.എസിന്റെ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടപ്പോഴാണ്, കേരളത്തെ ദേശദ്രോഹത്തോടു ചേര്‍ത്തു വെക്കാന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
'മതനിരപേക്ഷ രാഷ്ട്രീയമാണ് കേരളത്തിന്റേത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷ മനസ്സാണ് നാടിന്റെ ശക്തി. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ അത്യുജ്ജ്വല സംഭാവന ചെയ്ത അനേകം മഹാന്മാരുടെ നാടാണിത്. സ്വാതന്ത്ര്യ സമരത്തില്‍ കേരളത്തിന്റെയും കേരളീയന്റേയും അവിസ്മരണീയ പങ്കാളിത്തമുണ്ട്. സ്വാതന്ത്ര്യ പോരാട്ടത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയും സാമ്രാജ്യ സേവ നടത്തുകയും ചെയ്ത പാരമ്പര്യമുള്ള ആര്‍ എസ് എസിന്റെ തലവന്‍, കേരളീയനെ രാജ്യസ്നേഹം പഠിപ്പിക്കാന്‍ വരേണ്ടതില്ല' - പിണറായി പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 'ഗോസംരക്ഷണ' കൊലപാതകങ്ങളും വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളും ന്യായീകരിക്കാനാണ് കേരളത്തിനു നേരെ തിരിയുന്നതെങ്കില്‍, അത് തെറ്റായ ദിശയിലുള്ള സഞ്ചാരമാണ് എന്ന് ആര്‍.എസ്.എസിനെ ഓര്‍മ്മിപ്പിക്കുന്നു. വര്‍ഗീയതയുടെയും അക്രമത്തിന്റെയും നിറം നോക്കിയല്ല കേരളം അവയെ നേരിടുക. എത്ര വലിയ വര്‍ഗീയ ശക്തിയായാലും ജനങ്ങളുടെ ജീവിതം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചാല്‍ ദാക്ഷിണ്യമില്ലാതെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപടിയെടുക്കും. ഭരണഘടനയ്ക്കും അതിന്റെ മൂല്യങ്ങള്‍ക്കും നേരെ ആര് വന്നാലും വിട്ടുവീഴ്ചയില്ലാതെ നേരിടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക