Image

ഒറ്റപ്പെട്ട അമ്മമാര്‍ക്ക് സ്‌നേഹത്തിന്റെ കൂട് ഒരുക്കി നിഷ

Published on 01 October, 2017
ഒറ്റപ്പെട്ട അമ്മമാര്‍ക്ക് സ്‌നേഹത്തിന്റെ കൂട് ഒരുക്കി നിഷ
കോട്ടയം: ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്ന അമ്മമാര്‍ക്ക് സ്‌നേഹത്തിന്റെ കൂട് തീര്‍ത്തിരിക്കുകയാണ് പാറമ്പുഴ സ്വദേശി നിഷ. പോറ്റി വളര്‍ത്തിയ മക്കളാലും ബന്ധുജനങ്ങളാലും ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് ആശ്രയമാകുകയാണ് നിഷയുടെ നേതൃത്വത്തില്‍ വടവാതൂരില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹക്കൂട് അഭയമന്ദിരം.

പത്തനാപുരം ഗാന്ധിഭവനില്‍ നിരവധി ആലംബഹീനരെ എത്തിച്ചിട്ടുണ്ട് സ്‌റ്റേറ്റ് കോഓഡിനേറ്ററായികൂടി പ്രവര്‍ത്തിക്കുന്ന നിഷ. ഇതിനിടെ നിഷയുടെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയാ കൂട്ടായ്മയായ സ്‌നേഹക്കൂട് മൂന്നു വര്‍ഷം മുമ്പ് കോട്ടയത്ത് പിറവിയെടുത്തു. ഇതോടെ നിഷാ മജേഷ് എന്ന വ്യക്തി നിഷാ സ്‌നേഹക്കൂടായി മാറി.

സുഹൃത്തുക്കളായ സ്വദേശികളും പ്രവാസികളുമായ നിരവധി ആളുകള്‍ സ്‌നേഹക്കൂടിനു വേണ്ടി കൈകോര്‍ത്തപ്പോള്‍ സാമൂഹ്യകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമായി. ആദ്യഘട്ടത്തില്‍ രോഗികള്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി സഹായമെത്തിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മൂന്നു വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് ആലംബഹീനര്‍ക്ക് സഹായങ്ങള്‍ എത്തിച്ചു നല്‍കി. ഓണം, ക്രിസ്തുമസ് തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നിരവധിയാളുകള്‍ക്ക് വിതരണം ചെയ്തു വരുന്നുണ്ട്. വിവാഹ  ഭവന  വിദ്യാഭ്യാസ സഹായങ്ങളും സ്‌നേഹക്കൂടിന്റെ നേതൃത്വത്തില്‍ ചെയ്തു വരുന്നു.

ഇതിനിടെയാണ് അഭയ മന്ദിരത്തിനു കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ചത്. ഇവിടെ എത്തുന്ന വയോജനങ്ങള്‍ക്ക് താമസം, ഭക്ഷണം, ചികിത്സ എന്നിവ സൗജന്യമായിട്ടാണ് നല്‍കി വരുന്നത്. കരുണയുള്ള സുഹൃത്തുക്കളുടെ സഹകരണത്തോടെയാണ് സ്‌നേഹക്കൂട് പ്രവര്‍ത്തിക്കുന്നതെന്ന് നിഷ പറഞ്ഞു.

ലോകവയോജനദിനം സ്‌നേഹക്കൂട്ടിലെ അമ്മമാര്‍ ചേര്‍ന്ന് പാട്ടു പാടിയും കഥകള്‍ പറഞ്ഞും ആഘോഷിച്ചു.
ഒറ്റപ്പെട്ട അമ്മമാര്‍ക്ക് സ്‌നേഹത്തിന്റെ കൂട് ഒരുക്കി നിഷഒറ്റപ്പെട്ട അമ്മമാര്‍ക്ക് സ്‌നേഹത്തിന്റെ കൂട് ഒരുക്കി നിഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക