Image

ബോളീവുഡ് താരം ടോം ആള്‍ട്ടര്‍ അന്തരിച്ചു

Published on 01 October, 2017
ബോളീവുഡ് താരം ടോം ആള്‍ട്ടര്‍ അന്തരിച്ചു

വിഖ്യാത ബോളീവുഡ് താരം ടോം ആള്‍ട്ടര്‍ അന്തരിച്ചു. നടനും, സംവിധായകനും, എഴുത്തുകാരനുമാണ് ടോം ആള്‍ട്ടര്‍. 67 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. ആഴ്ചകള്‍ക്കു മുമ്ബാണ് ടോമിന് ത്വക്കില്‍ അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. മരണ വിവരം കുടുംബാംഗങ്ങള്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടോമിനെ വ്യാഴാഴ്ച വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. 1950 ല്‍ മസ്സൂറിയില്‍ ജനിച്ച ഇദ്ദേഹം 300 ഓളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ‘കേശവ് കലാശി’ എന്ന സീരിയലിലെ അധോലോക നായകന്റെ വേഷമാണ് ഇദ്ദേഹത്തെ പ്രസിദ്ധനാക്കിയത്.

രാമാനന്ത് സാഗറിന്റെ ചരസ് ആയിരുന്നു ആദ്യ സിനിമ. സൂപ്പര്‍സ്റ്റാര്‍ ദര്‍മേന്ദ്രയുടെ ബോസായിട്ടായിരുന്നു ഈ സിനിമയില്‍ അദ്ദേഹം അഭിനയിച്ചത്. സത്യജിത് റേ, ശ്യാം ബെനഗല്‍, രാജ് കപൂര്‍, വി ശാന്തറാം എന്നീ പ്രശസ്ത സംവിധായകരുടെ സിനിമകളിലും ടോം അഭിനയിച്ചിട്ടുണ്ട്.

പ്രിയദര്‍ശന്റെ കാലാപാനി എന്ന സിനിമയിലൂടെ ടോം മലയാളത്തിലും അഭിനയിച്ചു. ഇതിനു പുറമെ ബംഗാളി, ആസാമീസ്, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലും ഇദ്ദേഹം വെള്ളിത്തിരയിലെത്തി. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി സിനിമയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

സംവിധായകനായും, സ്‌പോര്‍ട്‌സ് ജേണലിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു. മൂന്ന് പുസ്തകങ്ങളും ടോം രചിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ആദ്യമായി ഇന്റര്‍വ്യൂ നടത്തിയത് ഇദ്ദേഹമായിരുന്നു. 2008ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക