Image

ബ്രിസ്‌റ്റോളില്‍ രാജാറാം മോഹന്‍ റോയിയെ അനുസ്മരിച്ചു

Published on 01 October, 2017
ബ്രിസ്‌റ്റോളില്‍ രാജാറാം മോഹന്‍ റോയിയെ അനുസ്മരിച്ചു
 
 ബ്രിസ്‌റ്റോള്‍: ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായ രാജാറാം മോഹന്‍ റോയിയുടെ ചരമ ദിനം ബ്രിസ്‌റ്റോളില്‍ ആചരിച്ചു. 1833 സെപ്റ്റംബര്‍ 27നു ബ്രിസ്‌റ്റോളില്‍ വച്ച് മസ്തിഷ്‌ക ജ്വരം ബാധിച്ചാണ് അദ്ദേഹം അന്തരിച്ചത്.

അദ്ദേഹത്തിന്റെ ശവകുടീരത്തിലാണ് അനുസ്മരണച്ചടങ്ങുകള്‍ക്കു തുടക്കം കുറിച്ചത്. അദ്ദേഹം തന്നെ എഴുതി സംഗീതം നല്‍കിയ പ്രാര്‍ഥനാ ഗാനങ്ങള്‍ ബ്രഹ്മ സമാജം അംഗങ്ങള്‍ ആലപിച്ചു. ഇന്ത്യക്കാരും ബ്രിട്ടീഷുകാരുമായി നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.


ബ്രിസ്‌റ്റോള്‍ മേയര്‍ ലെസ്ലി അലക്‌സാന്‍ഡറാണ് ചടങ്ങില്‍ സ്വാഗതം ആശംസിച്ചത്. അടുത്തുള്ള ചാപ്പലില്‍ റോയിയുടെ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും ജീവിതവും സേവനങ്ങളും വിശദീകരിച്ചു. ലണ്ടന്‍ ബ്രഹ്മസമാജം നേതാവ് ഡോ.സുമിത് ചന്ദ സംസാരിച്ചു. രാജാറാം മോഹന്‍ റോയിയും ബ്രിസ്‌റ്റോളുമായുള്ള ബന്ധം ചരിത്രകാരി കാര്‍ല കോണ്‍ട്രാക്റ്റര്‍ വിശദീകരിച്ചു. ചടങ്ങുകള്‍ക്ക് ബ്രിസ്‌റ്റോള്‍ ബ്രഹ്മസമാജം നേതൃത്വം നല്‍കി.ബ്രിസ്‌റ്റോള്‍ മ്യൂസിയം പ്രതിനിധി പീറ്റര്‍ ഹാര്‍ഡി, ഡോ. സുമിത് ചന്ദ (ബ്രഹ്മ സമാജം, ലണ്ടന്‍)ഇന്‍ഡ്യന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധി എഎസ് രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്രഹ്മസമാജം അംഗങ്ങള്‍ക്കു പുറമെ യുണിറ്റേറിയന്‍സ്, അര്‍ണോസ്വാലി ട്രസ്റ്റിയംഗങ്ങള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന നേതാക്കള്‍ റോയിയുടെ ആരാധകര്‍ ഉള്‍പ്പടെ ഒട്ടനവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

ബ്രിസ്‌റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് ഡെപ്യൂട്ടി മേയറും, ബ്രിസ്‌റ്റോള്‍ മള്‍ട്ടി ഫെയിത്ത് ഫോറം ട്രസ്റ്റിയുമായ ടോം ആദിത്യ കൃതജ്ഞത രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക