Image

കനത്ത കാല്‍വയ്പുകളോടെ ഹിഡുംബി; പകര്‍ന്നാട്ടം നടത്തി ലക്ഷ്മിപ്രിയ

അനില്‍ കെ പെണ്ണുക്കര Published on 01 October, 2017
കനത്ത കാല്‍വയ്പുകളോടെ ഹിഡുംബി;  പകര്‍ന്നാട്ടം നടത്തി ലക്ഷ്മിപ്രിയ
മലയാളിയുടെ നാടകബോധത്തിനു പുതിയ ദൃശ്യഭാഷയൊരുക്കിയ നാടക സംഘമാണ് കലാനിലയം നാടകവേദി .കടമറ്റത്ത് കത്തനാര്‍, രക്തരക്ഷസ്സ് എന്നീ നാടകനാണ് കാണാത്ത മലയാളി ഉണ്ടാവില്ല.ഭീതി ജനിപ്പിക്കുന്ന നാടകങ്ങള്‍ അരങ്ങിലെത്തിച്ചുകൊണ്ടാണ് കലാനിലയം ജനമനസ്സില്‍ നിലയുറപ്പിച്ചത്.

കലാനിലയത്തിന്റെ രക്തരക്ഷസ്സ് നിറഞ്ഞ സദസ്സിന് മുന്നില്‍ 45 വര്‍ഷം പ്രദര്‍ശിപ്പിച്ചു.2003-ല്‍ കലാനിലയം കൃഷ്ണന്‍നായരുടെ മകന്‍ അനന്തപത്മനാഭനും നടന്‍ ജഗതി ശ്രീകുമാറും ചേര്‍ന്നാണ് ഈ പ്രസ്ഥാനത്തിന് നവജീവന്‍ നല്‍കുന്നത്.നാടകത്തിന്റെ കെട്ടിലും മട്ടിലും ഇന്ന് ഏറെ മാറ്റം വന്നിരിക്കുന്നു. പുതിയ സാഹചര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് കലാനിലയം അവതരിപ്പിക്കുന്ന നാടകമാണ് ഹിഡുംബി .ഗിരീഷ് പി സി പാലം ആണ് നാടക രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് .

പുതിയ തലമുറയ്ക്ക് വേണ്ട തലമുറയുടെ ചടുലതയും സാങ്കേതികതയും സമ്മേളിപ്പിച്ചുകൊണ്ടാണ് ഹിഡിംബി കലാനിലയം അവതരിപ്പിക്കുന്നത് . ഇന്നോളം കണ്ട് ശീലിച്ചിട്ടുള്ള നാടക സങ്കല്പങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമാണ് കലാനിലയം സ്റ്റേജ് ക്രാഫ്റ്റിന്റെ 'ഹിഡിംബി'.മലയാള നാടകത്തിന്റെ മാറ്റത്തിന് നാന്ദി കുറിക്കുന്നഒരു നാടകം. ഇതിഹാസകഥയിലെ അതികായനായ ഭീമന്റെ ഭാര്യ ഹിഡിംബിയുടെ വിചാരതലങ്ങളിലൂടെയും വികാരവൈവിധ്യങ്ങളിലൂടെയുമുള്ള പ്രയാണമാണ് നാടകം.

മഴയുടെ വിഭക്തി പ്രത്യയങ്ങളിലൂടെ
കാറ്റിന്റെ കര്‍മ്മണി പ്രയോഗത്തിലൂടെ
ഇടിമിന്നലുകളുടെ ദ്വന്ദ്വസമാസത്തിലൂടെ
കടലിരമ്പത്തിന്റെ വൃത്താലങ്കാരശാസ്ത്രങ്ങളും കടന്ന്
കാടും കാട്ടാറുകളും
കുന്നും താഴ്വാരങ്ങളും
കര്‍ക്കടകപ്പേമാരിയുടെ
കരവലയത്തിലമര്‍ന്നു കിടന്ന ഒരുനാള്‍
കാന്താരരഥ്യങ്ങള്‍ താണ്ടി
കനത്ത കാല്‍വയ്പുകളോടെ
മലമുകളില്‍ നിന്ന് കുതിച്ചു ചാടുന്ന
പ്രവാഹിനിയെപ്പോലെ
പാണ്ഡവരഞ്ചും താഴ്വാരത്തിലെ
താവളത്തിലെത്തിച്ചേര്‍ന്നു
മഴയുടെ തെയ്യക്കോലങ്ങള്‍
ഉറഞ്ഞുതുള്ളിത്തളര്‍ന്നപ്പോള്‍
നിമ്‌ന്നോന്നതങ്ങളില്‍
ഉടുപുടുവ നനഞ്ഞൊട്ടി
ഋതുമതിയായ കന്യകയെപ്പോലെ
കാനനം കുളിര്‍ന്നു വിറച്ചു നിന്നു
മഞ്ഞവെയില്‍ക്കൂടാരത്തില്‍
വെടിയിറച്ചി കടിച്ചീമ്പിയും
കാട്ടുതേന്‍ കുടുകുടാ മോന്തിയും
വിശപ്പും ദാഹവുമകറ്റി
മരവുരിശയ്യയില്‍
അവര്‍ മയങ്ങാന്‍ കിടന്നു.
അപ്പോഴും ദൂരെ പാറക്കെട്ടുകള്‍ക്കിടയില്‍
ഭീമഹൃദയം അസ്വസ്ഥമായി അലഞ്ഞു നടന്നു
വനമല്ലികകള്‍ പൂത്തിറങ്ങും പോലെ
കാട്ടുതേനിന്റെ വര്‍ണ്ണസൗരഭ്യവുമായി
വനമോഹിനി
ഹിഡുംബി..

'ഹിഡിംബി' നമ്മുടെ മനസ്സില്‍ ഉള്ള ആ കഥാപാത്രം ആ വികാരത്തോടെ അനുഗ്രഹീത കലാകാരി പ്രശസ്ത സിനിമാതാരം 'ലക്ഷ്മിപ്രിയ' യാണ് അരങ്ങില്‍ അവതരിപ്പിക്കുന്നത് .ഇന്നലെയും ഇന്നുമായി ചങ്ങനാശേരി കൊണ്ടൂര്‍ ബാക്ക് ബാറ്റെര്‍സ് ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസിലാണ് ഹിഡുംബിയെ പ്രേക്ഷകര്‍ ഏറ്റുവാങ്ങിയത് .

ഇന്ത്യയില്‍ ആദ്യമായാണ് മള്‍ട്ടി മീഡിയ സാങ്കേതിക വിദ്യ നാടകത്തിനായി പ്രയോജനപ്പെടുത്തുന്നത് .കേന്ദ്ര കഥാപാത്രമായ ഹിടുംബിയുടെ വികാര വൈവിധ്യങ്ങളിലൂടെയുള്ള പ്രയാണമാണ് ഈ നാടകം . കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങള്‍ രംഗത്ത് പകര്‍ന്നാടും യുദ്ധവും ഏകാന്തതയും മനുഷ്യ മനസുകളിലും സമൂഹത്തിലും ഉണ്ടാക്കുന്ന വേദനയുടെ കഥകൂടിയാണ് ഹിഡുംബി. ഭീമസേനന്റെ ഭാര്യയായിരുന്നിട്ടും ഘടോല്‍ക്കചന്റെ അമ്മയായിരുന്നിട്ടും ഹിഡുംബി എങ്ങനെ തഴയപ്പെട്ടു എന്നതിന്റെ അന്വേഷണമാണ് നാടകം.

മറ്റു നാടകങ്ങളിലേതുപോലെ സാങ്കേതിക തികവോടെയാണ് ഈ നാടകവും ക്രിയേറ്റിവ് ഡയറക്ടര്‍കലാനിലയം അനന്ത പത്മനാഭന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. നടി ലക്ഷ്മിപ്രിയയുടെ അതുല്യ പ്രകടനമാണ് ഹിഡുംബിയുടെ ഹൈലൈറ്റ്. വിദ്യാധരന്‍ സംഗീതവും , എസ് രമേശന നായര്‍ , ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍,കാക്കൂര്‍ സോമരാജന്‍ എന്നിവരാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.  
കനത്ത കാല്‍വയ്പുകളോടെ ഹിഡുംബി;  പകര്‍ന്നാട്ടം നടത്തി ലക്ഷ്മിപ്രിയ
കനത്ത കാല്‍വയ്പുകളോടെ ഹിഡുംബി;  പകര്‍ന്നാട്ടം നടത്തി ലക്ഷ്മിപ്രിയ
കനത്ത കാല്‍വയ്പുകളോടെ ഹിഡുംബി;  പകര്‍ന്നാട്ടം നടത്തി ലക്ഷ്മിപ്രിയ
കനത്ത കാല്‍വയ്പുകളോടെ ഹിഡുംബി;  പകര്‍ന്നാട്ടം നടത്തി ലക്ഷ്മിപ്രിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക