Image

സാമൂഹ്യ നീതിക്കു നാട്ടുകൂട്ട കോടതി പുനര്‍ജ്ജനിക്കേണ്ടിവരുമോ?

ജയ്ശങ്കര്‍ പിള്ള Published on 01 October, 2017
സാമൂഹ്യ നീതിക്കു നാട്ടുകൂട്ട കോടതി പുനര്‍ജ്ജനിക്കേണ്ടിവരുമോ?
കുളത്തൂപ്പുഴയില്‍ ഏഴ് വയസ്സുകാരിയെ ദാരുണമായി പീഡിപ്പിച്ചു കൊന്നതില്‍ പ്രതിക്ഷേധിച്ചു നാട്ടുകാര്‍ കുട്ടിയുടെ കുടുംബാംഗങ്ങളെ നാട്ടില്‍ നിന്നും തുരത്തി. പിഴച്ച സ്ത്രീകളും, ബന്ധുക്കളും ആണ് കൊലക്കു കാരണം എന്നതാണ് നാട്ടുകൂട്ടത്തിന്റെ കണ്ടെത്തല്‍. സാമൂഹിക നീതിക്കും, സുരക്ഷിതത്വത്തിനും വേണ്ടി ജനം സ്വയം തയാറായി ഇറങ്ങുന്ന കാലം വീണ്ടും പുനര്‍ജ്ജനിക്കുന്നു.
പാര്‍ട്ടി ഗ്രാമത്തില്‍ കൃഷി ഭൂമി കര്ഷകന് എന്ന അവകാശം വീണ്ടും പ്രാവര്‍ത്തികമാക്കാന്‍ പാര്‍ട്ടിക്കാര്‍ സര്‍ക്കാരിനെതിരെ സമരം ചെയ്തു വിജയിക്കുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും സാധാരണക്കാരന്റെ ഉന്നമനം മാത്രം ലക്ഷ്യം വച്ച പാര്‍ട്ടി തോല്‍ക്കുന്ന ചിത്രം നാം അവര്‍ ഭരിക്കുമ്പോള്‍ തന്നെ കാണുന്നു.

മലയാള സിനിമയില്‍ ലീലാവിലാസത്തില്‍ കുടുങ്ങി താര രാജാക്കന്മാര്‍ വീണ്ടും വീണ്ടു0 ആരോപണ പ്രത്യാരോപണങ്ങളില്‍ കുടുങ്ങിയിരിക്കുന്നു. കലകള്‍ക്കും ആവിഷ്‌കാര സ്വാതന്ത്രത്തിനും നേരെ വിരല്‍ ചൂണ്ടുന്ന ആണ്‍പക്ഷക്കാര്‍ ആണ് ഇന്ന് സിനിമ ഭരിക്കുന്നത്. നടികള്‍ക്കെതിരെ നടികള്‍ തന്നെ അശ്‌ളീല പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നു. ഇവരുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ തോന്നും സിനിമ ഇവരുടെ മാത്രം സ്വന്തവും. ജന പങ്കാളിത്തം ഏശുന്നില്ല എന്നും.
ഗുണ്ടാ നിയമം പ്രാബല്യത്തില്‍ ഉള്ള കേരളത്തില്‍ വീണ്ടും ഭൂ മാഫിയകള്‍ വാഴുന്നു. കൂടെ അമിത പലിശക്കാരും. പോലീസിലും, മന്ത്രിക്കും, എം എല്‍ എ ക്കും പരാതികള്‍ നല്കിയിരുന്നിട്ടും ജീവന്‍ ഗുണ്ടകളുടെ പിച്ചാത്തിപ്പിടിയില്‍ അവസാനിപ്പിക്കേണ്ടി വന്ന ചാലകുടിലെ റിയല്‍ എസ്റ്റേറ്റ് കാരന്‍.

സരിതയുടെ പേരില്‍ കോലാഹലം മുഴക്കി കഴിഞ്ഞ ഭരണകാലം മൂന്നു വര്ഷം ഉറഞ്ഞാടിയ ഇടതിന് സര്‍ക്കാരിനും ജനത്തിനും വേണ്ടി നഷ്ടപ്പെടുത്താന്‍ കഴിഞ്ഞത് പൊതു മുതലും, പ്രവര്‍ത്തി ദിനങ്ങളും, അന്യോഷണ കമ്മീഷനുള്ള കോടികളുടെ പ്രതിഫലവും മാത്രം. ഉള്ളി തൊണ്ടു പൊളിച്ച പ്രതീതി.
കഴിഞ്ഞ വാരം മാത്രമാണിതൊക്കെ എങ്കില്‍ പിന്നോട്ടുള്ളതും, ഇനി മുന്നോട്ടുള്ള ദിനങ്ങളും നമുക്ക് പ്രതീക്ഷിക്കാവുന്നതേ ഉള്ളൂ.

വികസനം മുരടിപ്പിക്കുന്ന ആക്ടിവിസ്റ്റുകള്‍ക്കു നേരെ ഗുണ്ടാ നിയമം എന്ന് പറഞ്ഞു പിണറായി തുറന്ന പ്രസ്താവനകള്‍ നടത്തുമ്പോള്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന ഒന്ന് ഉണ്ട്. വികസനത്തെ എതിര്‍ക്കുന്ന നേര്കാഴ്ചകളായ പൊതു പ്രശ്‌നങ്ങളെ തുറന്നു എഴുതുന്ന എഴുത്തുകാരുടെ മേലും നടപടി എടുക്കും എന്നാണത്. സൂക്ഷിക്കുക.! കുട്ടനാട്ടില്‍ നടന്ന ചാണ്ടിയുടെ ടൂറിസം വികസനം തുറന്നു പറഞ്ഞ ചാനലിനും കിട്ടി ഗുണ്ടാ ശിക്ഷ.

ഇവയെല്ലാം മാറി മാറി വന്ന ഭരണക്രമങ്ങളില്‍ തകര്‍ത്ത ജനാധിപത്യത്തിന്റെ നേര്‍ക്കാഴ്ചകള്‍ മാത്രമാണ്. കോടതിയും, പോലീസും, ഭരണവും ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നില്ല, എങ്കില്‍ കുളത്തൂപ്പുഴയിലെ പോലെ നാട്ടുകൂട്ട നീതി കേന്ദ്രങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പുനര്‍ജ്ജനിക്കപ്പെടും എന്നത് തീര്‍ച്ച. 

ജനഹിതം ജനപ്രതിനിധികള്‍ മറന്നതും കാണാത്തതും ആയ ഒരു കൂട്ടം മനുഷ്യരുടെ ജീവന്‍ ഇന്നും നിലമ്പുര്‍ ആദിവാസി കോളനിയില്‍ മരിച്ചു ജീവിക്കുന്നു. താര ലീലയില്‍ മുങ്ങിയ മാധ്യമ ചര്‍ച്ചകള്‍ കാണാതെ പോകുന്ന ഈ നാനൂറോളം മനുഷ്യ ജീവന് ആഹ്വാനങ്ങളിലൂടെ എങ്കിലും നീതി ലഭിക്കുവാന്‍ ഏതു പൊതു തെരഞ്ഞെടുപ്പ് വരെ ആണ് അവര്‍ കാത്തിരിക്കേണ്ടത്? പ്രസ്താവനകളില്‍ ഒതുങ്ങുന്ന വികസനവും, അവകാശങ്ങളും ജനങ്ങള്‍ പ്രഖ്യാപനങ്ങള്‍ ആക്കി മാറ്റുന്ന കാലം അതി വിദൂരമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക