Image

സമയം (കവിത: ഡോ ഈ എം പൂമൊട്ടില്‍)

ഡോ ഈ എം പൂമൊട്ടില്‍ Published on 03 October, 2017
സമയം (കവിത: ഡോ ഈ എം പൂമൊട്ടില്‍)
കാത്തിരിക്കുന്നില്ല സമയമിതാരെയും
പാഴാക്കിമാറ്റാന്‍ അതിനില്ല നേരം
നിര്‍വ്വചിച്ചീടുവാനാവാത്ത സംഭവം
നിര്‍ണ്ണയം സമയമിത് നിത്യ സത്യം!

ജന്മം, സമൃദ്ധിയും കഷ്ടത, മൃത്യൂവും
കാലാകാലങ്ങളില്‍ വന്നു ഭവിപ്പു
എങ്കിലും കാലത്തിനൊത്തു നാം മാറുവാന്‍ 
ശങ്കിച്ചിടേണ്ടതില്ലെന്നോര്‍ത്തീടണം!

രാവിന്റെ കൂരിരുള്‍ നീങ്ങി പ്രഭാതമായ്
ആദിത്യ രശ്മികള്‍ പുഞ്ചിരിക്കുന്നു,
ഇന്നു നാം ചെയ്തു തീര്‍ക്കേണ്ടുന്ന കാര്യങ്ങള്‍ 
ഇപ്പോള്‍ തുടങ്ങീടുക വൈകിടാതെ!

ഗണിതമാം പഞ്ചാംഗത്താളുകള്‍ക്കുള്ളില്‍
ഘടികാര സൂചികള്‍ തന്‍ ഭ്രമണത്തില്‍
കാലത്തിനെ എത്ര സാമര്‍ത്ഥ്യമോടെ നാം
കാലങ്ങളായ് അളന്നീടുന്നുവെങ്കിലും

ബാക്കിയുണ്ടെത്രയോ നേരങ്ങളെന്നോര്‍ത്ത് 
നീക്കിവെച്ചീടല്ലേ വേലകള്‍ പിന്നില്‍
ഉണ്ടെത്ര കര്‍മ്മങ്ങള്‍ ചെയ്ത് തീര്‍ത്തീടുവാന്‍
താണ്ടുവാനുണ്ടിനി എത്ര ദൂരങ്ങള്‍!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക