Image

ദിലീപിനെ കാത്തിരിക്കുന്ന 'ഫെമ '

Published on 03 October, 2017
ദിലീപിനെ കാത്തിരിക്കുന്ന 'ഫെമ '
ഒടുവില്‍ അത് സംഭവിച്ചു. ഇരുണ്ട ദിനരാത്രങ്ങള്‍ താണ്ടി ദിലീപ് ജയില്‍ മോചിതനായി . ജാമ്യം കിട്ടി പുറത്തിറങ്ങിയ ദിലീപിന് വരും ദിനങ്ങള്‍ ശുഭകരമാണോ. ദിലീപിനെ കാത്തിരിക്കുന്നത് ആരാധകര്‍ മാത്രമല്ല , സര്‍ക്കാരും കൂടിയാണ്. റവന്യു വകുപ്പ് അന്വേഷണം മുതല്‍ നിരവധി സര്‍ക്കാര്‍ നടപടികളെ ദിലീപ് നേരിടേണ്ടി വരും. ചുരുങ്ങിയ കാലം കൊണ്ട് വമ്പന്‍ ആസ്തി സമ്പാദിച്ച താരം നിരവധി സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

വിദേശത്ത് പണമിടപാട് നടത്തുന്നവരും ദിലീപിനെ വിശ്വസിച്ച് റിയല്‍ എസ്റ്റേറ്റില്‍ പണം മുടക്കിയവരും അടക്കമുള്ളവരും ഈ അന്വേഷണം വരുന്നതോടെ കുടുങ്ങും.

മലയാള സിനിമകള്‍ വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവകാശം നേടുന്നതിനുള്ള ഓവര്‍സീസ് റൈറ്റിനു ലഭിക്കുന്ന തുക നായക നടന്മാര്‍ക്കു ലഭിക്കുന്ന പതിവാണു നിലനില്‍ക്കുന്നത്. ഈ തുക ദിലീപ് വിദേശ നിക്ഷേപമാക്കി മാറ്റിയതായുള്ള ആരോപണങ്ങളും സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. ഫൊറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) പ്രകാരം ആകും ഈ അന്വേഷണം മുന്നോട്ടു പോകുക .

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണവും ഉണ്ട് .കേരളാ പൊലീസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ലഭ്യമായ രേഖകള്‍ പരിശോധിച്ചു വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വിദേശ ഷോകളില്‍ പതിവായി പങ്കെടുക്കുന്ന ഗായിക അടക്കം എന്‍ഫോഴ്സ്മെന്റിനന്റെ നോട്ടപ്പുള്ളിയായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫെമ നിയമപ്രകാരം അന്വേഷണം പുരോഗമിച്ചാല്‍ മലയാളത്തിലെ പല പ്രമുഖരും കുടുക്കിലാകുമെന്നത് ഉറപ്പാണ്.

നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പുതന്നെ ദിലീപിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിരുന്നു. ദിലീപടക്കമുള്ള ചില താരങ്ങള്‍ ആറേഴുവര്‍ഷം കൊണ്ട് കുന്നുകൂട്ടിയ സമ്പത്തിന്റെ യഥാര്‍ഥ സ്രോതസ്സെന്താണെന്ന വിവരവും തേടുന്നുണ്ട്. താരക്രിക്കറ്റിന്റെ നടത്തിപ്പ് സംബന്ധിച്ചും ചില വിവരങ്ങള്‍ ഏജന്‍സികള്‍ക്ക് ലഭിച്ചതായി അറിയുന്നു. ചില സിനിമകള്‍ നിര്‍മ്മിച്ച ശേഷം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നിര്‍മ്മാതാക്കളാകുന്നു. പത്ത് കോടി പോലും മുടക്കി സിനിമ എടുക്കുന്നു. ഇതെല്ലാം കള്ളപ്പണത്തിന്റെ സ്വാധീനം മൂലമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടക്കും.

ഇപ്പോള്‍ ദിലീപിനെതിരേ ഫെമാ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് . എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസാണ് ദിലീപിന്റെ സ്വത്തുവിവരങ്ങളുടെ പരിശോധന തുടങ്ങിയിരിക്കുന്നത്. കൊച്ചി നഗരത്തില്‍മാത്രം 35 ഇടങ്ങളില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന വസ്തു ഇടപാടുകള്‍ അടുത്തകാലത്ത് നടത്തിയതിന്റെ രേഖകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.

ചില വിദേശ അക്കൗണ്ടുകള്‍ വഴി ദിലീപിനു കേരളത്തിലേക്കു പണമെത്തിയതിന്റെ ഉറവിടവുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്. വിദേശ അക്കൗണ്ടുകള്‍ വഴി ദിലീപിന് കേരളത്തിലേക്ക് പണമെത്തിയതില്‍ ചില സംശയങ്ങളുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട് . ഒരടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാള്‍ക്കു കോടിക്കണക്കിനു രൂപ രാജ്യത്തെത്തിക്കാനും ഇടപാടുകള്‍ നടത്താനും കെല്‍പ്പില്ലെന്നാണ് പ്രാഥമിക നിഗമനം.

ഒരു സിനിമയില്‍ അഭിനയിക്കാന്‍ ദിലീപ് രണ്ടര മുതല്‍ മൂന്ന് കോടി വാങ്ങുമെന്നാണ് കണക്ക്. ഇതും രണ്ട് കൊല്ലത്തിനപ്പുറം. നൂറു സിനിമകളോളം അഭിനയിച്ചുള്ള ദിലീപിന് പിന്നെ എങ്ങനെ 800് കോടി രൂപ ആസ്തിയുണ്ടായി എന്നതാണ് കേന്ദ്ര സാമ്പത്തിക അന്വേഷണ സംഘങ്ങളെ ഞെട്ടിക്കന്നത്.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കു വിദേശത്തു നിന്നു പണമെത്തിയതായും സൂചനയുണ്ട്. സി ബി ഐ ക്കു ദിലീപും മണിയും ആയിട്ടുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസ് , അവര്‍ തമ്മില്‍ ഉള്ള ഇടപാടുകള്‍ , അഭിപ്രായ വ്യത്യാസമുണ്ടായ സാഹചര്യങ്ങള്‍ തുടങ്ങിയവയെ പറ്റി ദിലീപിനെ ചോദ്യം ചെയ്യാന്‍ പരിപാടിയുണ്ട് , അതിനാവശ്യമായ രേഖകള്‍ സിബിഐ കണ്ടെത്തിയതായി സൂചന ഉണ്ട് .

ഡി സിനിമയുടെ അനധികൃത നിര്‍മാണ പ്രവത്തനങ്ങളെകുറിച്ച് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കേസ്, ഭൂമി കൈയേറി എന്ന് ആരോപിച്ചു ചാലക്കുടി , കുമരകം എന്നിവിടങ്ങളിലെ ദിലീപിന്റെ വസ്തുവകകള്‍ അളന്നു തിരിച്ചു റവന്യു വകുപ്പ് നടത്തുന്ന അന്വേഷണം , അനധികൃത സമ്പാദ്യത്തെ കുറിച്ച് എന്‍ഫോഴ്സ്മെന്റ് അന്വേഷണം തുടങ്ങിയവ ദിലീപിനെ ഇനിയും വെള്ളം കുടിപ്പിക്കും .
ദിലീപിനെ കാത്തിരിക്കുന്ന 'ഫെമ '
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക