Image

അമൂല്‍ ബേബിയും അമൂല്‍ കുര്യനും (ലൗഡ് സ്പീക്കര്‍ 5: ജോര്‍ജ് തുമ്പയില്‍)

Published on 03 October, 2017
അമൂല്‍ ബേബിയും അമൂല്‍ കുര്യനും (ലൗഡ് സ്പീക്കര്‍ 5: ജോര്‍ജ് തുമ്പയില്‍)
മന്ത്രി വി.എസ് സുനില്‍കുമാര്‍ വന്നു. സാക്ഷാല്‍ പി.സി ജോര്‍ജ് വന്നു, അപ്പോള്‍ പിന്നെ രാഹുല്‍ ഗാന്ധി വന്നുവെന്നത് ആഘോഷിക്കാതിരിക്കുന്നത് മണ്ടത്തരമല്ലേ എന്നാണ് അമേരിക്കയിലെ മലയാളി ചിന്ത. നവമാധ്യമങ്ങൡലൊക്കെയും മലായാളികള്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്ന സ്റ്റേജിനു മുന്നില്‍ നിന്ന് സെല്‍ഫി എടുത്തിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. കാലിഫോര്‍ണിയ മുതല്‍ തുടങ്ങിയ പത്തുദിന പ്രസംഗ പരമ്പര അവസാനിച്ചത് ന്യൂയോര്‍ക്കിലാണ്. രാഹുല്‍ ഗാന്ധിയെ ഇന്ത്യയില്‍ എല്ലാവരും അമൂല്‍ ബോയി എന്നാണ് കളിയാക്കി വിളിക്കുന്നത്. അതു കൊണ്ടാണോ എന്നറിയില്ല, അദ്ദേഹത്തിന്റെ ന്യൂയോര്‍ക്ക് പ്രസംഗത്തില്‍ അമൂലിന്റെ സ്ഥാപകന്‍ കോഴിക്കോട് സ്വദേശിയായ വറുഗീസ് കുര്യന്റെ കാര്യം എടുത്തു പറഞ്ഞു. ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യമായി മാറ്റിയതില്‍ സുപ്രധാന പങ്കുവഹിച്ച കുര്യനെക്കുറിച്ചു പറയുമ്പോള്‍ രാഹുലിന് നൂറു നാവായിരുന്നു. ഇന്ത്യന്‍ ക്ഷീര വികസന ബോര്‍ഡിന്റെ സ്ഥാപകനും ആദ്യ ചെയര്‍മാനുമായ വറുഗീസ് കുര്യനെ പോലെയുള്ളവരിലാണ് ഇന്ത്യയുടെ ഭാവി എന്ന് ഊന്നിപ്പറഞ്ഞ രാഹുല്‍ ഒരുകാര്യം പ്രത്യേകം പരാമര്‍ശിച്ചു. ഇന്ത്യയുടെ ഈ പാല്‍ക്കാരന്‍ ഒരു മലയാളിയായിരുന്നു, അതു കൊണ്ടു തന്നെ നിങ്ങള്‍ അമേരിക്കന്‍ മലയാളികളെ ഭാവിയുടെ നിര്‍മ്മാതാക്കളായി ഞാന്‍ കാണുന്നുവെന്നു പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് കൈയടി ഉയര്‍ന്നു. എന്നാല്‍, കൂടിയിരുന്ന മറ്റ് ഇന്ത്യക്കാര്‍ അതിനു വില കല്‍പ്പിച്ചില്ല. അതങ്ങനെയാണല്ലോ, അമ്മയെ തല്ലിയാലും രണ്ടുപക്ഷമുള്ള ഇക്കാലത്ത് ഇത്രയല്ലേ സംഭവിച്ചുള്ളു എന്നോര്‍ത്ത് അഭിമാനിക്കാം.

** ** ** **
മ്യൂസിക്ക്, ഡാന്‍സ് ആന്‍ഡ് ടാലന്റ് ഷോ അരങ്ങേറുന്നു. സെപ്തംബര്‍ 24 ന് ന്യൂയോര്‍ക്ക് ടൈസന്‍ സെന്ററില്‍. എന്നാല്‍ അതിനോടനുബന്ധിച്ച് മികച്ച കര്‍ഷകനുള്ള അവാര്‍ഡും കൊടുക്കുന്നു. അതാണ് രസകരം. പാല്‍പായസത്തിന് ഉപ്പ് പാകുമോ എന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ ഞാന്‍ ആളല്ല. മ്യൂസിക്കും ഡാന്‍സും നടക്കുന്നിടത്ത് കര്‍ഷകനെ ആദരിക്കുന്നത് എന്തിനാണെന്നു ചോദിച്ചാല്‍ ഉത്തരമില്ല. എന്നാല്‍ അതിനേക്കാള്‍ ഗംഭീരമായി തോന്നിയത്, പങ്കെടുക്കാനും അവാര്‍ഡിനായി അപേക്ഷിക്കാനും ആഗ്രഹിക്കുന്നവര്‍ വിശദവിവരങ്ങളുമായി സംഘാടക സമിതിയെ ബന്ധപ്പെടണമത്രേ. അവാര്‍ഡ് എന്നാല്‍ അംഗീകാരം എന്നാണ് വയ്പ്. അപ്പോള്‍ പിന്നെ, എന്നെ അംഗീകരിക്കണമെന്ന് അപേക്ഷിക്കണമെന്നു പറയുന്നതിലെ യുക്തിയും ഈയുള്ളവന് മനസ്സിലാകുന്നതേയില്ല. മനസ്സിലാക്കിയിട്ട് കാര്യവുമില്ല.

*** *** ***
അടുത്തവര്‍ഷം ചിക്കാഗോയില്‍ നടക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച് ഏകാംഗ നാടകോത്സവം നടക്കുന്നു. അതില്‍ പങ്കെടുന്നവര്‍ക്ക് സമ്മാനമുണ്ട്. അരമണിക്കൂറിനുള്ളില്‍ പങ്കെടുത്ത് പെട്ടിയും കിടക്കയും കൊണ്ട് സ്റ്റേജ് വിട്ടിരിക്കണം, നാടകകൃത്തിന്റെയും സംവിധായകന്റെയും നടന്റെയും നടിയുടെയുമൊക്കെ ഫോട്ടോ നേരത്തെ അയച്ചു കൊടുത്തിരിക്കണം, ഫോമ നിശ്ചയിക്കുന്ന ജഡ്ജിങ് കമ്മിറ്റിയായിരിക്കും അവാര്‍ഡ് നിശ്ചയിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുന്ന നിയമാവലിയും ഒപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഒക്കെ ശരി തന്നെ, അതില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള ഒരാളെ ജഡ്ജായി കൊണ്ടു വന്നിരുത്തണമെന്നും നേരത്തെ റെക്കോര്‍ഡ് ചെയ്ത ഡയലോഗുകളുമായി നാടകമത്സരത്തിനു വരുന്നവരെ ആട്ടിയോടിക്കണമെന്നും മാത്രമേ ഈയുള്ളവനു അപേക്ഷയുള്ളു. മയാമിയിലെ നാടകമത്സരം കണ്ടതിന്റെ പുകച്ചില്‍ ഇതുവരെ മാറിയിട്ടില്ല.

*** ***
വെള്ളാപ്പള്ളി നടേശന്‍ അങ്ങനെയിരിക്കെ ഒരു പാര്‍ട്ടി രൂപീകരിച്ചു. ബിഡിജെഎസ് എന്നാണ് പേര്. നാടൊട്ടുക്ക് എസ്എന്‍ഡിപിക്കാരെ അതിന്റെയുള്ളിലുമാക്കി. അന്നു തൊട്ടു ബിജെപിയില്‍ നിന്നും എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ചു നടപ്പായിരുന്നു. ഇപ്പോള്‍ സാക്ഷാല്‍ കണ്ണന്താനം കേന്ദ്രമന്ത്രി ആയതോടെ ഒരു കാര്യം ഉറപ്പിച്ചു. മലര്‍പൊടിക്കാരനെ പോലെ സ്വപ്‌നം കണ്ടതൊക്കെ വെറുതെ. ഇനി മാനം നോക്കി നേരം വെളുപ്പിക്കുന്നതില്‍ കാര്യമില്ല. അങ്ങനെ വെള്ളാപ്പള്ളി നേരെ പിണറായി വിജയനുമായി ചര്‍ച്ച നടത്തി. മകനും പാര്‍ട്ടിനേതാവുമായ തുഷാര്‍ കോണ്‍ഗ്രസ്സുകാരുമായി ചര്‍ച്ച നടത്തുന്നു. എവിടെ നിന്ന് ലോട്ടറി അടിക്കുന്നുവോ, പോക്ക് അങ്ങോട്ട് തന്നെ. ഇപ്പോഴത്തെ സാഹചര്യത്തില്‍ പിണറായിക്കൊപ്പം നില്‍ക്കുന്നതാണ് ബുദ്ധിയെന്ന് വെള്ളാപ്പള്ളിക്കും കാര്യമായി അറിയാം. കേരളമെന്ന് ഒരു സംസ്ഥാനമുണ്ടെന്നു കൂടി കേന്ദ്രം കണക്കിലെടുക്കുന്നില്ലെന്നും വെള്ളാപ്പള്ളിക്ക് അറിയാം. അതു കൊണ്ട്, ഇവിടെ നിന്ന് കിട്ടാവുന്നതൊക്കെ പോക്കറ്റിലാക്കിയില്ലെങ്കില്‍ വരുനാളില്‍ ചിലപ്പോള്‍ വേറെ വല്ലയിടത്തും കിടക്കേണ്ടി വന്നേക്കാം. (സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്തു കായ് പത്തു തിന്നാം എന്നാണല്ലോ ചൊല്ല് തന്നെ...) ബിജെപി നേതൃത്വം ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുമുണ്ട്. അവര്‍ക്കറിയാം, എസ്എന്‍ഡിപിക്കാരെക്കാളും ക്രൈസ്തവരുടെ വോട്ടിനാണ് മൂല്യം കൂടുതലെന്ന്. തത്ക്കാലം അവരൊന്നും മിണ്ടുന്നില്ല. മിണ്ടിയിട്ടും കാര്യമില്ലെന്നാണല്ലോ സമീപകാല വസ്തുതകള്‍ തെളിയിക്കുന്നത്.

** ** ** **
ജനനേന്ദ്രിയം മുറിക്കാന്‍ പെണ്ണിന് പ്രേരണ നല്‍കിയ 22 ഫീമെയ്ല്‍ കോട്ടയം എന്ന സിനിമയായിരുന്നു. ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കഥയ്ക്കും അധികം പഴക്കമില്ല. ഇപ്പോഴിതാ കുറ്റിപ്പുറത്ത് നിന്നൊരു വാര്‍ത്ത വന്നിരിക്കുന്നു. യുവതി ലോഡ്ജ് മുറിയില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചിരിക്കുന്നു. യുവതിയും യുവാവും ലോഡ്ജില്‍ മുറിയെടുത്തതായിരുന്നു. വസ്ത്രത്തില്‍ രക്തം പുരണ്ട നിലയില്‍ യുവാവിനെ മുറിക്കു പുറത്തു കണ്ട ലോഡ്ജ് ജീവനക്കാരാണ് വളാഞ്ചേരി ആശുപത്രിയിലാക്കിയത്. എഴുപതു ശതമാനത്തോളം മുറിവുണ്ട്. എന്തായാലും, ജനന്ദ്രേിയം മുറിക്കുന്ന വാര്‍ത്ത കേരളത്തില്‍ നിന്നു തന്നെ കേള്‍ക്കുന്നതില്‍ സന്തോഷമുണ്ട്. കാരണം, പീഡകര്‍ക്കൊക്കെ ഇതൊരു താക്കീതാവുമല്ലോ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക