Image

അമിത് ഷായുടെ രഥം കേരളത്തിലൂടെ ഉരുളുമ്പോള്‍ (ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 04 October, 2017
അമിത് ഷായുടെ രഥം കേരളത്തിലൂടെ ഉരുളുമ്പോള്‍ (ഷോളി കുമ്പിളുവേലി)
ബി.ജെ.പി. അദ്ധ്യക്ഷന്‍ ശ്രീ. അമിത് ഷായും കൂട്ടരും കൂടി കേരളം കാണാന്‍ പുറപ്പെട്ടിരിക്കുന്നു. കേന്ദ്ര നേതാക്കള്‍ മാത്രമല്ല, കേന്ദ്രമന്ത്രിമാരും, ഉത്തരേന്ത്യയിലെ ബി.ജെ.പി. മുഖ്യമന്ത്രിമാരും, പോരാത്തതിന്, സാക്ഷാല്‍ മോദിജി പോലും വരുന്നേ്രത!

പരസ്യമായ ആഗമനോദ്ദേശങ്ങള്‍, സി.പി.ഐ.(എം)കാരുടെ ആക്രണങ്ങള്‍ തുറന്നു കാട്ടുക, ആദിവാസികളോടുള്ള സമീപനം തിരുത്തുക, മത തീവ്രവാദത്തിന്റെ ഭീകരത കീറിമുറിക്കുക തുടങ്ങി പല 'വലിയ' കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും, എന്റെ അഭിപ്രായത്തില്‍ പ്രധാന കാരണം അതൊന്നുമല്ല; മറിച്ച് ലോകം വാഴ്ത്തുന്ന കേരള മോഡല്‍ വികസനങ്ങള്‍, കേരളത്തിന്റെ ഗ്രാമ വീഥികളിലൂടെ നടന്നു കാണുന്നതിനും, പഠിക്കുന്നതിനുമുള്ള അവസരം ബുദ്ധമാനായ അമിത്ഷാ, ബി.ജെ.പി.യുടെ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും, നാളെ മന്ത്രിമാരാകാനുള്ള കേന്ദ്ര നേതാക്കള്‍ക്കും നല്‍കുകയാണ്.

കേരളത്തിലെ ചെറിയ ഗ്രാമങ്ങള്‍പോലും കൈവരിച്ച നേട്ടങ്ങള്‍; ചെറുതും വലുതുമായ ടാറിട്ട റോഡുകള്‍, റോഡ് അരുകില്‍ ശുചിമുറികളോടുകൂടിയ ഭംഗിയുള്ളതും, വൈദ്യുതീകരിച്ചതുമായ വീടുകള്‍, കെട്ടിടങ്ങള്‍, ചെറിയ ദൂരങ്ങളുടെ ഇടവേളയുള്ള സ്‌ക്കൂളുകള്‍, കോളേജുകള്‍ ചെറുതും വലുതുമായ ആശുപത്രികള്‍, ഗ്രാമങ്ങളെ സജീവമാക്കുന്ന സഹകരണ സംഘങ്ങള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന, അടുത്തടുത്തുള്ള വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍.

പുറമേ കേരളത്തിന്റെ പ്രകൃതി മനോഹാരിതയും, ഇതെല്ലാം ഉത്തരേന്ത്യന്‍ ബി.ജെ.പി. നേതാക്കള്‍ക്ക് പുതിയ അറിവും അനുഭവുമായിരിക്കും!! ഇന്ത്യയുടെ ആത്മാവ് തൊട്ടറിയണമെങ്കില്‍ ഗ്രാമങ്ങളിലേയ്ക്ക് കടന്നു ചെല്ലണമെന്ന് ഗാന്ധിജിയാണ് പറഞ്ഞത്. ഗാന്ധിസത്തില്‍ വലിയ വിശ്വാസമൊന്നുമില്ലെങ്കിലും, ബി.ജെ.പി. അതാണ് തെരഞ്ഞെടുത്തിരിക്കുന്നത്!
കേരളത്തില്‍ രാഷ്ട്രീയ അക്രമണങ്ങള്‍ നടക്കുന്നുണ്ട്. അതാണ് നമ്മുടെ ഏറ്റവും വലിയ ശാപവും. തീര്‍ച്ചയായും അത് അവസാനിപ്പിക്കേണ്ടതുമാണ്. പക്ഷേ ഇതിന് ഒരു കൂട്ടര്‍ മാത്രമാണോ ഉത്തരവാദികള്‍? ഒരു ഭാഗത്തു മാത്രമേ ആള്‍ക്കാര്‍ കൊല്ലപ്പെടുന്നുള്ളോ? ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ ഇതില്‍ കൂടുതല്‍ രാഷ്ട്രീയവും, വര്‍ഗീയവുമായ സംഘട്ടനങ്ങളും, കൊലപാതകങ്ങളും നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുന്നുമുണ്ട്! എന്തേ അങ്ങോട്ടൊന്നും യാത്ര പോകാത്തത്!

ആദിവാസികള്‍ക്ക് ദുരിതം കേരളത്തില്‍ മാത്രമാണോ? കേരളത്തില്‍ അവര്‍ക്ക് ലഭിക്കുന്ന പരിരക്ഷയും, സംരക്ഷണവും, മെച്ചമായ ജീവിത സാഹചര്യങ്ങളും ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനത്ത് ലഭിക്കുന്നുണ്ട്?
മീശ വച്ചതിന്റെ പേരിലും, ഷര്‍ട്ട് ഇട്ടതിന്റെ പേരിലും, ചെരിപ്പ് ധരിച്ചതിന്റെ പേരിലും ഒക്കെ ആദിവാസികള്‍ ആക്രമിക്കപ്പെടുന്നത് കേരളത്തിലാണോ? എന്തേ കേരളത്തിലെ ആദിവാസികളോടുമാത്രം ഇത്ര മമത? ഉത്തരേന്ത്യയിലെ ആദിവാസികളെ നിങ്ങള്‍ അപ്പോള്‍ മനുഷ്യരായിപ്പോലും കാണുന്നില്ല! അതല്ലേ സത്യം?

ഭക്ഷിക്കാന്‍ വേണ്ടി മാംസം കൈവശം വച്ചതിന്റെ പേരില്‍ ഈ ചുരുങ്ങിയ കാലത്തിനിടയില്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എത്ര മതന്യൂനപക്ഷക്കാര്‍ കൊല്ലപ്പെട്ടു? പക്ഷേ യാത്ര കേരളത്തിലേക്കാണ്. അതാണഅ ഞാന്‍ തുടക്കത്തില്‍ പറഞ്ഞത്, ആഗമനോദ്ദേശം അക്രമണ രാഷ്ട്രീയമല്ല, മറിച്ച് നാടുകാണല്‍ മാത്രമാണെന്ന്.

അമിത് ഷാക്കും കൂട്ടര്‍ക്കും പിണറായിലും, കണ്ണൂരിലും മാത്രമല്ല, കേരളം മുഴുവന്‍ സുരക്ഷിതരായി സഞ്ചരിക്കാം. അവര്‍ക്കുവേണ്ട സുരക്ഷ ഒരുക്കുന്നത് പിണറായിക്കാരന്‍ കേരള മുഖ്യമന്ത്രിയാണ്. പക്ഷേ ഒരു കാര്യം മോദിജിയും, അമിത്ഷായും ഓര്‍ക്കണം, നിങ്ങളുടെ സഞ്ചാരത്തിനു വേണ്ട സുരകഷയും ക്രമീകരണങ്ങളും ചെയ്തു തരുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, നിങ്ങള്‍ കേരളത്തിന്റെ പുറത്ത് കാലുകുത്തിക്കില്ലെന്ന് പറയുന്നത്? ഈ കൂട്ടയാത്രയോടുകൂടി പറഞ്ഞത് തിരുത്തുമെന്ന് വിശ്വസിക്കട്ടെ!

കേരളം ദൈവത്തിന്റെ സ്വന്ത്ം നാടാണ്. ഇവിടേക്ക് ആര്‍ക്കും കടന്നു വരാം. പ്രകൃതിഭംഗി ആസ്വദിക്കാം. സുരക്ഷിതരായി തിരിച്ചു പോകാം, നിറഞ്ഞ സംതൃപ്തിയോടെ! വീണ്ടും വരിക! നന്ദി!

അടിക്കുറിപ്പ്

അമിത് ഷായും, കേന്ദ്രമന്ത്രിമാരും കടന്നുപോകുമ്പോള്‍ റോഡരുകില്‍ പുഷ്പ വൃഷ്ടി നടത്തുന്നവരും മുദ്രാവാക്യം വിളിക്കുന്നവരും, മനസില്‍ ഗ്യാസിന്റേയും പെട്രോളിന്റേയും വില ഓര്‍ക്കുന്നത് നന്നായിരിക്കും, വിളിക്ക് ഒരല്പം ഊക്കം കൂടാന്‍ അത് സഹായകരമാകും!!



അമിത് ഷായുടെ രഥം കേരളത്തിലൂടെ ഉരുളുമ്പോള്‍ (ഷോളി കുമ്പിളുവേലി)
Join WhatsApp News
keraleeyan 2017-10-04 10:03:14
ഉത്തരേന്ത്യാക്കാര്‍ക്ക് തലക്ക് എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട്. അതു കേരളത്തിലേക്കു വ്യാപിപ്പിക്കാനാണു അമിത് ഷാ എത്തിയിരിക്കുന്നത്. അതിനു കൂട്ടു നില്ല്കുന്ന കേരള ബി.ജെ.പിക്കാര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ല. ക്രിസ്താനിയും മുസ്ലിമും ഇന്ത്യാല്‍ക്കാരല്ലെന്നു കേരളത്തിനു പുറത്തു പറയാം. കെരള മണ്ണില്‍ വേണ്ട.
ബി.ജെ.പി കേരളത്തില്‍ ജയിച്ചാല്‍ ഒരു സവര്‍ണന്‍ മുഖ്യമന്ത്രിയാകും. സി.പി.എം. ജയിച്ചാല്‍ ഒരു അവര്‍ണനും. അതു വേള്ളാപ്പള്ളിക്കു മനസിലായി.
ഉത്തരേന്ത്യയിലെ ഹിന്ദുവാണൊ കേരളീയനായ ക്രിസ്ത്യാനിയും മുസ്ലിമുമാണോ കേരള ഹിന്ദുക്കളുടെ ബന്ധുക്കള്‍? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക