Image

എന്‍എസ്സ് എസ്സ് കലിഫോര്‍ണിയയ്ക്ക് പുതിയ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 04 October, 2017
എന്‍എസ്സ് എസ്സ് കലിഫോര്‍ണിയയ്ക്ക് പുതിയ നേതൃത്വം
സാന്റ ക്ലാര, കലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കലിഫോര്‍ണിയയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംഘടനയുടെ ഏറ്റവും സജീവമായ 35 പ്രതിനിധികള്‍ ഉള്‍പ്പെട്ട പ്രതിനിധി സഭ സമ്മേളനം ഏകകണ്ഠമായാണ് പുതിയ ഭാരവാഹികളെ അംഗീകരിച്ചത്.

പ്രെസിഡന്റായി മുന്‍ ട്രെഷറര്‍ സ്മിത നായര്‍ ചുമതലയേറ്റു. ജയ പ്രദീപ് ആണ് സെക്രട്ടറി. സജീവ് പിള്ള ട്രെഷറര്‍, സുരേഷ് ചന്ദ്രന്‍ വൈസ് പ്രസിഡന്റ്, ജിഷ്ണു തമ്പി ജോയിന്റ് സെക്രട്ടറി, കവിത കൃഷ്ണന്‍ ജോയിന്റ് ട്രെഷറര്‍ എന്നിവരാണ് മറ്റു പുതിയ ഭാരവാഹികള്‍. കൂടാതെ മധു മുകുന്ദന്‍, അരവിന്ദ് നായര്‍ എന്നിവര്‍ പുതിയ ബോര്‍ഡ് അംഗങ്ങള്‍ ആണ്. സംഘടനയുടെ സ്ഥാപകനും സ്ഥാനമൊഴിയുന്ന പ്രെസിഡന്റുമായ രാജേഷ് നായര്‍ മുന്‍ പ്രെസിടെന്റിന്റെ ചുമതലകള്‍ നിര്‍വഹിക്കും.

പ്രെസിഡന്റിന്റേത് ഭാരിച്ച ചുമതലയാണെങ്കിലും അത് ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സ്മിത നായര്‍ പറഞ്ഞു. സംഘടന ആരംഭിക്കാന്‍ സഹായിച്ചതും, ബോര്‍ഡ് അംഗം, ട്രെഷറര്‍ എന്നീ ചുമതലകളിലായി കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച അനുഭവവും, അമേരിക്കന്‍ നായര്‍ സംഗമം വിജയകരമായി തിരുവന്തപുരത്തു സംഘടിപ്പിച്ച അനുഭവവും, സംഘടനയുടെ ഏതാണ്ട് എല്ലാ അംഗങ്ങളെയും നേരില്‍ പരിചയമുള്ളതും തന്റെ പ്രവര്‍ത്തനം മെച്ചമാക്കാന്‍ സഹായിക്കുമെന്ന് സ്മിത വിശ്വസിക്കുന്നു. അടുത്ത രണ്ടു വര്‍ഷത്തില്‍ നമുക്കു വളരെയധികം പ്രവര്‍ത്തന പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്ന് വിശ്വാസമുണ്ടെന്ന് സെക്രെട്ടറി ജയ പ്രദീപ് പ്രസ്താവിച്ചു. ചെറുപ്പകാലം മുതല്‍ ഒരു സംഘാടകന്‍ എന്ന നിലയില്‍ ജയ പ്രദീപിന് ധാരാളം പ്രവൃത്തി പരിചയമുണ്ട്.

സംഘടന തന്നെ ട്രെഷററുടെ ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടതില്‍ വളരെയധികം അഭിമാനിക്കുന്നെന്നു സജീവ് പിള്ള അഭിപ്രായപ്പെട്ടു. പ്രതിനിധികള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസവും മികച്ച നല്‍കിയ പിന്തുണയും അപ്രതീക്ഷിതമായിരുന്നു എന്ന് വൈസ് പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍ പറഞ്ഞു. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരം ഒരു ചുമതല ലഭിക്കുന്നതെങ്കിലും അത് ഭംഗിയായിത്തന്നെ തനിക്കു പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് ജോയിന്റ് സെക്രട്ടറി ജിഷ്ണു തമ്പി പ്രസ്താവിച്ചു. നാട്ടില്‍ എന്‍എസ്സ് എസ്സ് പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്ന തനിക്കു ജോയിന്റ് ട്രെഷറര്‍ ആയുള്ള പ്രവര്‍ത്തനം ഒരു ജീവിത തുടര്‍ച്ചപോലെ തോന്നിക്കുമെന്നു കവിത കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സംഘടനയുടെ അംഗങ്ങള്‍ നല്‍കുന്ന സ്‌നേഹവും കരുതലുമാണ് തന്നെ ഒരു ബോര്‍ഡ് അംഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കുന്നതെന്ന് മധു മുകുന്ദന്‍ പറഞ്ഞു. സംഘടയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും മുഴുകുന്ന തനിക്കു ബോര്‍ഡ് അംഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് അരവിന്ദ് നായര്‍ പറഞ്ഞു.

എന്‍എസ്സ്എസ്സ് കലിഫോര്‍ണിയ കഴിഞ്ഞ ആഴ്ച വിജയദശമി വിദ്യാരംഭ ദിവസം സാന്റാ ക്ലാരയിലും ഫ്രീമോണ്ടിലും ആരംഭിച്ച മലയാളം ക്ലാസ്സുകള്‍ വിജയകരമായി പുരോഗമിക്കുന്നു. ഈ ക്ലാസ്സുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇനിയും ചേരാവുന്നതാണ്. അംഗങ്ങള്‍ അല്ലാത്തവരും മലയാളികള്‍ അല്ലാത്തവരും ഉള്‍പ്പെടെ എല്ലാവര്‍ക്കും ക്ലാസ്സുകളില്‍ പ്രവേശനം അനുവദിക്കും.

ഒക്ടോബര്‍ 14 ന് അംഗങ്ങള്‍ക്ക് മാത്രമായുള്ള ഒരു പിക്‌നിക് മില്‍പിറ്റസ് എഡ് ലെവിന്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അംഗങ്ങള്‍ എത്രയും വേഗം www.nairs.org വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം എന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

എന്‍എസ്സ് എസ്സ് കലിഫോര്‍ണിയയ്ക്ക് പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക