Image

ആഘോഷങ്ങളെ വിമര്‍ശിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

Published on 04 October, 2017
ആഘോഷങ്ങളെ വിമര്‍ശിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി
ദിലീപിന് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നുണ്ടായ ആഘോഷങ്ങളെ വിമര്‍ശിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

ഫെയ്സ്ബുക്ക് പോസ്റ്റ് 

ഞാനെഴുതിയതല്ല..ഏതോ വിവരമുളള ഒരു മനുഷ്യനെഴുതിയതാണ്...

ബലാത്സംഗ കുറ്റത്തിന് രണ്ടു മാസത്തില്‍ അധികം ജയിലില്‍ കിടന്ന ഒരാള്‍ക്ക് ജാമ്യം കിട്ടിയപ്പോള്‍ ഉള്ള സ്വീകരണവും വ്യാഖ്യാനവും വേദനാജനകവും ജനാധിപത്യത്തോടു പുച്ഛം തോന്നിക്കുന്നതുമാണ്. ഏതെങ്കിലും ഒരു വ്യാജ പരാതിയില്‍ ആരെയെങ്കിലും ഒന്ന് അറസ്റ്റ് ചെയ്തു പോലീസ് സ്റ്റേഷനില്‍ നിന്നും തന്നെ ജാമ്യത്തില്‍ വിട്ടാല്‍ പോലും എന്തോ വലിയ കുറ്റത്തിന് അറസ്റ്റ് ചെയ്തവന്‍ എന്ന് പറഞ്ഞു ആഘോഷിക്കുന്നവരുടെ നാട്ടിലാണ് ഇത് എന്നോര്‍ക്കണം.

ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഞാന്‍ അടക്കം ഉള്ളവര്‍ കരുതിയത് രണ്ടോ മൂന്നോ ദിവസത്തിനകം ജാമ്യം കിട്ടുമെന്നാണ്. എന്തായാലും പതിന്നാലാം ദിവസം ജാമ്യം ഉറപ്പാണെന്ന് കരുതി. എന്നാല്‍ ഇത്രയും കാലം ജാമ്യം നിഷേധിച്ചതു കേസിന്റെ ആഴവും വ്യാപ്തിയും കൊണ്ട് തന്നെയാണ് എന്ന് തീര്‍ച്ച. രണ്ടു മാസത്തില്‍ അധികം ജയിലില്‍ കിടന്ന ശേഷം കിട്ടുന്ന ജാമ്യം വ്യക്തമാക്കുന്നത് കേസിന്റെ ഗുരുതരാവസ്ഥ തന്നെയാണ്. ഏതു കൊടും കുറ്റവാളിയെയും കുറ്റപത്രം ഇല്ലാതെ ജയിലില്‍ കിടത്താന്‍ മൂന്നു മാസമേ നിയമം അനുവദിക്കുന്നുള്ളൂ. അതിനു ഇനി അഞ്ചു ദിവസം മാത്രമേ ബാക്കിയുള്ളൂ. അതിനു മുന്‍പ് ജാമ്യം കൊടുത്തത് വഴി വാസ്തവത്തില്‍ പോലീസ് മുഖം രക്ഷിച്ചിരിക്കുകയാണ് എന്ന് പറയാം. എന്നിട്ടും കുറ്റവിമുക്തനാക്കി എന്ന തരത്തിലുള്ള ആഘോഷം എത്ര അപകടകരവും നിയമസംവിധാനത്തോടുള്ള വെല്ലുവിളിയുമാണ്.

ഇതൊക്കെ മനുഷ്യരായ ജഡ്ജിമാരും കാണുന്നുണ്ട് എന്ന് ആരും മറക്കരുത്. അഥവാ ദിലീപ് കുറ്റവിമുക്തനായാല്‍ സംഭവിക്കാന്‍ ഇടയുള്ള ജനധിപത്യവിരുദ്ധ പ്രചാരണങ്ങളെ കുറിച്ചുള്ള ഒരു മുന്നറിയിപ്പായെ കോടതികള്‍ ഇതിനെ സ്വീകരിക്കൂ. ജനവികാരം ആണ് മാനദണ്ഡം എങ്കില്‍ ബാബ ഗുര്‍മീത് സിംഗിനെ ജയിലില്‍ അടക്കേണ്ടി വരുമായിരുന്നില്ലല്ലോ. ഞാന്‍ നിയമ വ്യവസ്ഥക്കൊപ്പം അടിയുറച്ചു നില്‍ക്കുന്ന വ്യക്തിയാണ്. ഈ ഓരോ ആഘോഷവും ഇരയെ അപമാനിക്കുന്നതിനു തുല്യമാണ്. അപമാനിക്കപ്പെടുന്ന ഓരോ സ്ത്രീക്കുമെതിരെയുള്ള വെല്ലുവിളിയാണ്. ഇതൊക്കെ കാണുമ്പോള്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെടരുതേ എന്ന് ആരെങ്കിലും അറിയാതെ ആഗ്രഹിച്ചു പോയാല്‍ അവരെ എങ്ങനെ കുറ്റം പറയാന്‍ പറ്റും?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക