Image

ലാനയുടേ മെറിറ്റോറിയസ് അവാര്‍ഡ് നാലു പേര്‍ക്ക്

Published on 04 October, 2017
ലാനയുടേ മെറിറ്റോറിയസ് അവാര്‍ഡ് നാലു പേര്‍ക്ക്
ന്യു യോര്‍ക്ക്: മലയാള ഭാഷക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും വിലപ്പെട്ട സംഭാവനകളര്‍പ്പിച്ച ഡോ. എം.എസ്.റ്റി. നമ്പൂതിരി (ഡാലസ്), ഡോ. എ.കെ.ബി. പിള്ള (ന്യു യോര്‍ക്ക്), പി.ടി. ചാക്കോ മലേഷ്യ (ന്യൂ ജെഴ്‌സി), സേതു നരിക്കോട് (ന്യു യോര്‍ക്ക്) എന്നിവര്‍ക്ക് ലാനയുടെ മെറിറ്റോറിയസ് അവാഡ്.

നാളെ (വെള്ളി) ന്യു യോര്‍ക്ക് ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ ആരംഭിക്കുന്ന ത്രിദിന ലാന സമ്മേളനത്തില്‍ വച്ച അവാര്‍ഡ് സമ്മാനിക്കുമെന്നു പ്രസിഡന്റ് ജോസ് ഓച്ചാലില്‍, സെക്രട്ടറി ജെ. മാത്യൂസ് എന്നിവര്‍ അറിയിച്ചു
സാഹിത്യ സാംസ്‌കാരിക രംഗങ്ങള്‍ക്കു നല്‍കിയ സമഗ്ര സംഭാവനക്കു ലാന അവാര്‍ഡ് നല്‍കി ആദരിക്കുന്ന ഡോ. എം.എസ്.ടി. നമ്പൂതിരി അമേരിക്കന്‍ മലയാളികള്‍ ഗുരുസ്ഥാനീയനായി കാണുന്ന വ്യക്തിയാണ്

ഡാലസ് ഫോര്‍ട്ട്വര്‍ത്തു ഭാഗങ്ങളിലുളള മിക്ക മലയാളി സംഘടനകള്‍ക്കും ഉപദേശകനും വഴികാട്ടിയും മാര്‍ഗനിര്‍ദേശിയുമാണ.് ഒരു നല്ല കാര്യം നടക്കുമ്പോളെല്ലാം കാരണവ സ്ഥാനത്തു ബഹുമാനിക്കുന്ന മുത്തേടത്തില്ലത്തു ശങ്കരന്‍ ത്രിവിക്രമന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യം അവര്‍ ആഗ്രഹിക്കുന്നു.

1932-ല്‍ കോട്ടയം ജില്ലയിലേ മരങ്ങാട്ടുപള്ളിക്കടുത്തുള്ള പാലാക്കാട്ടുമല കരയിലെ മുത്തേടത്തില്ലത്തിലാണു ജനനം. ചെറുപ്പം മുതലേ നമ്പൂതിരി സമുദായങ്ങളിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നു.

ചെറുപ്പം മുതല്‍ കവിതകളും ലേഖനങ്ങളും എഴുതി. കാലടി ശ്രീ ശങ്കരാചാര്യ കോളജിലും കോഴിക്കോട് ഫറൂക്ക് കോളജിലും അധ്യാപകനായി.

ഏകദേശം 54 വര്‍ഷം മുമ്പ് 1963-ല്‍ ഉപരിപഠനത്തിനു ബോസ്റ്റണിലേക്കു കപ്പല്‍ കയറി.

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്, വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റി, ഇല്ലിനോയി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും പിഎച്ച്ഡി, കംപ്യൂട്ടര്‍ സയന്‍സ് ബിരുദങ്ങള്‍ നേടുകയും അവിടെയെല്ലാം അധ്യാപകനായി സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. 1974-ല്‍ ആണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് റ്റയിലര്‍ ക്യാംപസിലേക്കു വരുന്നതും അവിടെ താമസിക്കുന്നതും.

എഴുപതു മുതല്‍ തൊണ്ണൂറു വരെയുള്ള കാലഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ ശാസ്ത്ര ലേഖനങ്ങളും കവിതകളും മനോരമയിലും മാതൃഭൂമിയിലും കലാകൗമുദിയിലും പ്രസിദ്ധീകരിച്ചിരുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിലെ മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റിന്റെ തലവനായി റിട്ടയര്‍ ചെയ്ത ഇദ്ദേഹം ഇപ്പോള്‍ മെക്കിനിയില്‍ താമസിക്കുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ നിന്നു തന്നെ അസിസ്റ്റന്റ് പ്രഫസറായി റിട്ടയര്‍ ചെയ്ത സരസ്വതി നമ്പൂതിരിയാണു ഭാര്യ. മക്കള്‍ ഡോക്ടര്‍ മായ, ഇന്ദു (കെമിക്കല്‍ എന്‍ജിനിയര്‍).

ഡാലസ് മോര്‍ണിങ്ങ് ന്യൂസില്‍ ഇടയ്ക്കൊക്കെ ലേഖനങ്ങള്‍ എഴുതുന്നത് ഇന്നും തുടരുന്നു. മലയാളത്തില്‍ കംപ്യൂട്ടറുകളുടെ കഥയും പ്രവാസിയുടെ തേങ്ങല്‍ എന്ന കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടയ്ക്കൊക്കെ ശാസ്ത്രലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

ലാന സ്ഥാപക നേതാക്കളിലൊരാളാണ് അദ്ദേഹം.

സാഹിത്യ രംഗത്തും മാനവ വികാസ ഗവേഷണ രംഗത്തും വലിയ സംഭാവനകള്‍ നല്‍കിയ ഡോ.എ.കെ.ബി പിള്ള ആറു പതിറ്റാണ്ടിലേറെയായി സാഹിത്യ സപര്യ നടത്തുന്നു. ഇരുപത്തിയൊന്നാം വയസ്സില് ആദ്യനോവല് പ്രസിദ്ധീകരിച്ചു. കേരളത്തിലായിരുന്നപ്പോള് എഴുത്തു കൊണ്ടാണു ജീവിച്ചിരുന്നതെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കൊളംബിയ യൂണിവേഴ്‌സിറ്റിയില് പ്രൊഫസറായിരുന്ന അദ്ദേഹം നരവംശ ശാസ്ത്രഞ്ജനും ചിന്തകനും പ്രഭാഷകനുമാണു. ഭാര്യ പ്രൊഫ. ഡോണാ പോമ്പ പിള്ള

നേരത്തെ നടത്തിയ അഭിമുഖത്തില്‍ നിന്ന്
എഴുത്തുകാര്, ഇവിടെയും കേരളത്തിലും, ലോകമാകെയും മലയാളം എഴുത്തുകാരാണ്. അമേരിക്കയിലെ സമ്പന്നമായ ചുറ്റുപാടുകളില് ഇവിടെ മലയാള സാഹിത്യത്തിന് മാതൃകാപരമായി വളരാന് കഴിയും.

വസ്തുനിഷ്ഠവും ക്രിയാത്മകവുമായ വിമര്‍ശനങ്ങളും അംഗീകാരത്തിന് ഉപോത്ബലകമായി പ്രയോജനപ്പെടും.

എഴുതണമെന്ന തേക്കം ആദ്യം ഉണ്ടായത്, ഒന്‍പതാമത്തെ വയസ്സിലാണ്. പതിനാറാമത്തെ വയസ്സില് 'ഗാന്ധിജിയും അധഃകൃതരും' എന്ന ഉപന്യാസം 'വിദ്യാഭിവര്‍ദ്ധിനി' (കൊല്ലം) മാസികയില് പ്രസിദ്ധീകരിച്ചു.

ബാല്യം മുതല് ലക്ഷ്യം, ഒരു ഉത്തമ സാഹിത്യകാരനാകുക എന്നത് ആയിരുന്നു - ആതുര സാമൂഹ്യ നന്മയെ ലക്ഷ്യമാക്കി അതിന്, മലയാളസാഹിത്യം, ഇംഗ്ലീഷ് സാഹിത്യം, താരതമ്യ സാഹിത്യം- ഉപരിയായി, ജീവിത ശാസ്ത്രമായ മാനവശാസ്ത്രം , പിന്നീട്, മാനസിക വൈദ്യം തുടുങ്ങിയവ, സര്‍വകലാശാല തലത്തിലും വ്യക്തിപരമായ ജീവിതാഭ്യാസങ്ങളിലും നിര്‍വഹിച്ചു. അത്തരം അഭ്യാസത്തില് ഒന്നായ, 'സഞ്ചാര ജീവിത പഠനത്തില് നിന്നും ചെറുകഥാകൃത്തായി പ്രത്യക്ഷപ്പെട്ട ഞാന് സഞ്ചാര സാഹിത്യകാരനായി.

അമേരിക്കയില് എത്തിയപ്പോള്, 1966 മുതല്, മാനവശാസ്ത്രത്തിന്റെ സ്വാധീനത്തില്, സാഹിത്യത്തിനോടൊപ്പം സാമൂഹ്യ- മന:ശാസ്ത്ര- വൈദ്യശാസ്ത്രങ്ങളിലും ധാരാളം എഴുതിക്കൊണ്ടിരിക്കുന്നു. അതും മലയാളത്തിലും, ഇംഗ്ലീഷിലും. എന്റെ നിഗമനം: ഒരു എഴുത്തുകാരന് രചന ചെയ്യുന്ന ഏതു വിഷയത്തിലും, ഉള്ളടക്കത്തിലും സാമൂഹ്യ നന്മയിലും, ഉന്നതമായ ലക്ഷ്യത്തോടു കൂടിയാകണം.

കേരളത്തിലെ എഴുത്തുകാരുമായി താരതമ്യം ചെയ്യുമ്പോള് അമേരിക്കയിലെ എഴുത്തുകാര് ചിലരെങ്കിലും മുന്‍പന്തിയിലുണ്ട്. രണ്ടു സ്ഥലങ്ങളിലെയും എഴുത്തിന്റെ പൊതുമാനദണ്ഡം ഏതാണ്ട് ഒരുപോലെയാണ്.

എഴുത്തുകാര്‍ക്ക് ഉണ്ടാകുന്ന മാനസിക ശൂന്യതയുടെ ഒരു പ്രധാനകാരണം ശിക്ഷണമില്ലാത്ത ജീവിതചര്യയുടെ അനന്തരഫലമാണ്. ആശയങ്ങളുടെ ആവിര്‍ഭാവവും പ്രചോദനവും അനുസരിച്ച്, അവര് സൃഷ്ടി ചെയ്യുന്നു. അപ്പോള് അത്യാവശ്യമായ പല ജീവിതകാര്യങ്ങളും- കുടുംബബന്ധങ്ങള് ഉള്‍പ്പെടെ -അവഗണിക്കേണ്ടി വരും. അത് മാനസിക പ്രശ്‌നങ്ങള് ഉണ്ടാക്കുന്നു. ആരോഗ്യത്തെ ബാധിക്കുന്നു.

ശിക്ഷണത്വം ഉള്ള ജീവിതചര്യയാണ്, ഒരു പ്രധാനപ്രതിവിധി. കൂടാതെ, എഴുത്തുകാര്‍ക്ക് നന്മയുടേതായ കൂട്ടുകെട്ട് മനസ്സുഖത്തിനും പ്രചോദനത്തിനും കാരണമായിത്തീരുന്നു.

ജീവിത സംബന്ധമായ പല പ്രശ്‌നങ്ങളും 'എഴുത്തി'നുള്ള എന്റെ സമയത്തെ ഹനിച്ചിട്ടുണ്ട്. എങ്കിലും 'ശൂന്യത' ഉണ്ടായിട്ടില്ല.

ജീവിത പഠനം, ദിനചര്യയായി തീര്‍ന്നിട്ടുള്ള എനിക്ക് എഴുതാന് എപ്പോഴും ആസക്തിയുണ്ട്.

നാടകാചാര്യനും ഫൈന്‍ ആര്‍ട്‌സിന്റെ രക്ഷാധികാരിയുമായ പി.ടി. ചാക്കോ ഇരുപത്തിയൊന്നാം വയസില്‍ തുമ്പമണ്ണില്‍ നിന്ന് മലേഷ്യയിലേക്ക് ചേക്കേറിയതാണ്. വര്‍ഷം 1953. പ്രകൃതിമനോഹരമായ സ്ഥലത്ത് താമസം. വിശാലമായ പാടങ്ങളും നദികളും മലകളും നിറഞ്ഞ പ്രദേശം.

അവിടെ കൈരളി ആര്‍ട്‌സ് ക്ലബില്‍ ചെറിയ വേഷങ്ങള്‍. പലപ്പോഴും സ്ത്രീവേഷം അഭിനയിച്ചാണ് കലാരംഗത്തേക്ക് കടന്നത്. ക്രമേണ ക്ലബിന്റെ നേതൃത്വത്തിലെത്തി. തുടര്‍ന്ന് ഓള്‍ മലേഷ്യ മലയാളി അസോസിയേഷന്‍സ് പ്രസിഡന്റായി.

ഒമ്പത് നൃത്ത നാടകങ്ങള്‍, പത്തോളം ബൈബിള്‍ കഥകള്‍, 250-ല്‍പ്പരം ഗാനങ്ങള്‍ എന്നിവ രചിച്ചു. ടിവി- റേഡിയോ രംഗത്തെ പ്രഗത്ഭരുമായുള്ള ചങ്ങാത്തം മൂലം ഗുണമേന്മ, സമയനിഷ്ഠ തുടങ്ങിയവയുടെ പ്രധാന്യം മനസിലാക്കി. ഫൈന്‍ ആര്‍ട്‌സ് പരിപാടികള്‍ കൃത്യസമയത്തുതന്നെ തുടങ്ങുന്നതും ഈ അച്ചടക്കബോധം കൊണ്ടുതന്നെ. അതുപോലെ ജനങ്ങളുമായുള്ള ബന്ധത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറയുന്നു.

മലേഷ്യയില്‍ പയറ്റിതെളിഞ്ഞ അറിവുകളും കൈവരിച്ച ആത്മവിശ്വാസവുമാണ് അമേരിക്കയില്‍ഫൈന്‍ ആര്‍ട്‌സ് തുടങ്ങാന്‍ പ്രേരിപ്പിച്ചത്.

സമയമാണ് ദൈവത്തിന്റെ ഏറ്റവും വലിയ ദാനമെന്നദ്ദേഹം കരുതുന്നു. അതു നഷ്ടപ്പെടുത്തരുത്. നമ്മുടെ സയമവും മറ്റുള്ളവരുടേയും. കൃത്യമായ പ്ലാനിംഗിന്റേയും കൃത്യനിഷ്ഠയുടേയും കാരണം അതുതന്നെ. ഓരോ ന്യായങ്ങള്‍ പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് ഓടിപ്പോകരുതെന്നദ്ദേഹം പറയുന്നു.

ഫൈന്‍ ആര്‍ട്‌സ് 16 നാടകങ്ങള്‍ അവതരിപ്പിച്ചു. അദ്ദേഹം എഴുതിയ ഒമ്പത് നൃത്തനാടകങ്ങളടക്കം. ഇവിടെ നിന്നു പോയി മലേഷ്യയിലും നാടകം അവതരിപ്പിച്ചു.
ഇപ്പോള്‍ വയസ് 86. ചെവി കേള്‍ക്കാന്‍ അല്‍പം വിഷമം. എന്നാല്‍ തനിക്ക് അത്ര പ്രായമുള്ളതായി തോന്നുന്നില്ലെന്നാണ് ചാക്കോ ചേട്ടന്റെ പക്ഷം.

അമേരിക്കയില്‍ മലയാള ഭാഷക്ക് സേതു നരിക്കോട് നല്‍കിയ സേവനങ്ങള്‍ പുതിയ തലമുറക്ക് അത്രയൊന്നും അറിയില്ല. ന്യു യോര്‍ക്ക്കേന്ദ്രമായി അദ്ധേഹം നടത്തിയിരുന്ന പ്രസിലാണു ആദ്യത്തെ മലയാളം പുസ്തകം ഇവിടെ അച്ചടിച്ചത്.
അദ്ധേഹത്തിന്റെ വീടിന്റെ ബേസ്‌മെന്റില്‍ മലയാളം സ്‌കൂള്‍ ദീര്‍ഘകാലം നടത്തിയിരുന്നു.
ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട എല്ലാ രംഗത്തും സേതു സജീവമായി വളരെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു
ലാനയുടേ മെറിറ്റോറിയസ് അവാര്‍ഡ് നാലു പേര്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക