Image

ഫിയോകിന്‍റെ പ്രസിഡന്‍റ്‌ സ്ഥാനം ഏറ്റെടുക്കില്ലെന്ന്‌ ദിലീപ്‌

Published on 05 October, 2017
ഫിയോകിന്‍റെ പ്രസിഡന്‍റ്‌ സ്ഥാനം ഏറ്റെടുക്കില്ലെന്ന്‌ ദിലീപ്‌


കൊച്ചി: തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ പ്രസിഡന്‍റ്‌ സ്ഥാനം ഏറ്റെടുക്കില്ലെന്ന്‌ ദിലീപ്‌. ഇക്കാര്യം അറിയിച്ച്‌ ദിലീപ്‌ സംഘടനാ നേതൃത്വത്തിന്‌ കത്ത്‌ നല്‍കി. ജാമ്യത്തിലിറങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസമാണ്‌ തീയറ്റര്‍ ഉടമകള്‍ യോഗം ചേര്‍ന്ന്‌ പ്രസിഡന്‍റ്‌ സ്ഥാനം വീണ്ടും ദിലീപിന്‌ നല്‍കാന്‍ തീരുമാനിച്ചത്‌. ഇക്കാര്യം ബുധനാഴ്‌ച തന്നെ ദിലീപിനെ അറിയിച്ചെങ്കിലും ഒരു ചിരി മാത്രമായിരുന്നു മറുപടി.

ഇന്നാണ്‌ ഫിയോക്‌ ഭാരവാഹികള്‍ക്ക്‌ ദിലീപ്‌ തന്‍റെ നിലപാട്‌ അറിയിച്ച്‌ കത്ത്‌ നല്‍കിയത്‌. നിലവിലെ സാഹചര്യത്തില്‍ താന്‍ ഫിയോകിന്‍റെ പ്രസിഡന്‍റ്‌ സ്ഥാനത്തേക്ക്‌ ഇല്ല. തന്‍റെ എല്ലാം പിന്തുണയും സംഘടനയ്‌ക്ക്‌ ഒപ്പമുണ്ടെന്നും എന്നാല്‍ ഭാരവാഹിത്വം വേണ്ടെന്നും തന്നെ വീണ്ടും പരിഗണിച്ചതില്‍ നന്ദിയും അറിയിച്ചാണ്‌ ദിലീപ്‌ കത്ത്‌ നല്‍കിയത്‌.

കേരളത്തിലെ തീയറ്ററുകളില്‍ റിലീസ്‌ അനിശ്ചിതത്വത്തിലായതോടെയാണ്‌ ദിലീപിന്‍റെ നേതൃത്വത്തില്‍ തീയറ്റര്‍ ഉടമകളുടെ പുതിയ സംഘടന രൂപംകൊണ്ടത്‌. ലിബര്‍ട്ടി ബഷീറിന്‍റെ നേതൃത്വത്തിലായിരുന്ന സംഘടന പിളര്‍ന്നാണ്‌ ഫിയോക്‌ രൂപം പ്രാപിച്ചത്‌. പിന്നാലെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്‌ സ്ഥാപക പ്രസിഡന്‍റായ ദിലീപിനെതിരേ ആരോപണവും തുടര്‍ന്ന്‌ അറസ്റ്റും നടന്നു. ഇതോടെ വൈസ്‌ പ്രസിഡന്‍റായ ആന്‍റണി പെരുന്‌പാവൂരിന്‌ പ്രസിഡന്‍റ്‌ സ്ഥാനം നല്‍കുകയായിരുന്നു.


കത്തിന്റെ പൂര്‍ണ രൂപം:
''ഫ്യൂയോക് സംഘടനയുടെ പ്രസിഡന്റ് പദവി വീണ്ടും എനിക്കു നല്‍കാന്‍ സന്നദ്ധത കാണിച്ച സംഘടനാ ഭാരവാഹികള്‍ക്കും മറ്റ് അംഗങ്ങള്‍ക്കുമുള്ള എന്റെ ഹൃദയം നിറഞ്ഞ നന്ദി ആദ്യമേ തന്നെ രേഖപ്പെടുത്തട്ടെ. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ തല്‍ക്കാലം ഒരു സംഘടനയുടെയും പദവി ഏറ്റെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ഇതിനാല്‍ സ്‌നേഹപൂര്‍വം അറിയിക്കുകയാണ്. ഫ്യുയോക് സംഘടനയുടെ ഒരംഗം എന്ന നിലയില്‍ എന്റെ എല്ലാവിധ ആശംസകളും പ്രാര്‍ഥനകളും ഒപ്പം പരിപൂര്‍ണ പിന്തുണയും എന്നുമുണ്ടാകുമെന്ന് അറിയിച്ചുകൊണ്ട്... നിങ്ങളുടെ സ്വന്തം ദിലീപ്.''
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക