Image

നവയുഗം തുണച്ചു; ഭാര്യയേയും മകളെയും നാട്ടിലേയ്ക്ക് അയയ്ക്കാൻ രാജേഷിന് കഴിഞ്ഞു

Published on 05 October, 2017
നവയുഗം തുണച്ചു; ഭാര്യയേയും മകളെയും നാട്ടിലേയ്ക്ക് അയയ്ക്കാൻ രാജേഷിന് കഴിഞ്ഞു

അല്‍ഹസ്സ: സ്വന്തം സുഹൃത്ത് തന്നെ ശത്രുവായി മാറിയപ്പോള്‍ ജീവിതം വഴിമുട്ടിയ രാജേഷിനും കുടുംബത്തിനും നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകര്‍ തുണയായി.

സാധാരണ പ്രവാസി കഥകളില്‍ നിന്നും വ്യത്യസ്തമായ കഥയാണ് ഹരിപ്പാട് സ്വദേശി രാജേഷിന് പറയാനുള്ളത്. സൗദിയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന രാജേഷിനെ, ഹരിപ്പാടുകാരനായ സുഹൃത്ത് സ്വന്തം കമ്പനിയിലേയ്ക്ക് ക്ഷണിച്ചപ്പോള്‍, മറ്റൊന്നും ആലോചിയ്ക്കാതെ പഴയ ജോലി ഉപേക്ഷിച്ച് പുതിയ വിസയില്‍ വന്ന് ആ കമ്പനിയില്‍ചേരുകയായിരുന്നു. ഒരു വര്‍ഷത്തിന് മുന്‍പ് ഫാമിലി വിസയില്‍ കുടുംബത്തെ നാട്ടില്‍ നിന്ന് കൊണ്ട് വരികയും ചെയ്തു.

കാര്യങ്ങള്‍ നന്നായി മുന്നോട്ടു പോകുന്ന സമയത്താണ് നിസ്സാരകാര്യത്തിന്റെ പുറത്ത് ഇരുവരും തമ്മില്‍ തെറ്റുന്നത്.

സ്പോണ്‍സറെസ്വാധീനിച്ച് രാജേഷിനെ ഹുറൂബാക്കി. മറ്റു ജോലിയ്ക്ക് പോകാനോ, ഇക്കാമ പുതുക്കാനോ കഴിയാതെ അതോടെ രാജേഷും കുടുംബവും വഴിയാധാരമായി.

ചില സുഹൃത്തുക്കള്‍ നല്‍കിയ ഉപദേശമനുസരിച്ച് രാജേഷ് നവയുഗം അല്‍ഹസ്സ മേഖല രക്ഷാധികാരി ഹുസ്സൈന്‍ കുന്നിക്കോടിനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. നവയുഗംജീവകാരുണ്യപ്രവര്‍ത്തകര്‍ രാജേഷിനും കുടുംബത്തിനും താത്കാലികമായി താമസിയ്ക്കാന്‍ ഒരു ഫ്‌ലാറ്റ് എടുത്ത് നല്‍കി. ഹുസ്സൈന്‍ കുന്നിക്കോടും, നവയുഗം അല്‍ഹസ്സ ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി, ജീവകാരുണ്യപ്രവര്‍ത്തകന്‍ മണി മാര്‍ത്താണ്ഡം എന്നിവര്‍ രാജേഷിന്റെ സ്‌പോണ്‌സറെ ബന്ധപ്പെട്ട് സംസാരിച്ച് സമവായത്തിലൂടെപ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തുടര്‍ന്ന് നവയുഗത്തിന്റെ സഹായത്തോടെ രാജേഷ് ലേബര്‍ കോടതിയില്‍ കേസ് കൊടുത്തു. എന്നാല്‍ ഇതിന് പ്രതികാരമായി, രാജേഷിനെ പരസ്യമായി മര്‍ദിച്ചു. കണ്ടുനിന്ന ഒരാള്‍ അറിയിച്ചതനുസരിച്ച് ഹുസ്സൈന്‍ കുന്നിക്കോട് ഉടനെത്തന്നെ ഈ വിവരംപോലീസില്‍ അറിയിയ്ക്കുകയും പോലീസ് അനിലിനെയും സ്‌പോണ്‌സറെയും അറസ്റ്റ് ചെയ്യുകയും, രണ്ടു ദിവസം തടവില്‍ വെച്ച ശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.

നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ ആറുമാസക്കാലമായി വിവിധ കോടതികളിലായി രാജേഷിന്റെ കേസ് നടന്നു വരികയാണ്. കേസ് കഴിയുന്നത് വരെ രാജേഷിനും കുടുംബത്തിനും സൗദി വിട്ട് പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. നവയുഗം പ്രവര്‍ത്തകരുടെ കാരുണ്യത്തിലാണ് ആ കുടുംബം മുന്നോട്ടു പോയിരുന്നത്. രാജേഷിന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ കോടതിയെ അറിയിച്ച് നവയുഗം പ്രവര്‍ത്തകര്‍ നടത്തിയ വാദങ്ങളെത്തുടര്‍ന്ന്, കേസ് നിലവില്‍ ഉള്ളപ്പോള്‍ തന്നെ രാജേഷിന്റെ ഭാര്യ വിനീഷയെയും മകളെയും നാട്ടിലേയ്ക്ക് ഫൈനല്‍ എക്‌സിറ്റില്‍ അയയ്ക്കാന്‍ കോടതി പ്രത്യേക ഉത്തരവ് ഇറക്കി.

അങ്ങനെ ദുരിതങ്ങളുടെ പ്രവാസം അവസാനിപ്പിച്ച്, വിനീഷയെയും മകളെയും നാട്ടിലേയ്ക്ക് അയയ്ക്കാന്‍ രാജേഷിന് കഴിഞ്ഞു; ലേബര്‍കോടതിയിലെ കേസ് അവസാനിച്ചാല്‍ തനിയ്ക്ക് അവര്‍ക്കൊപ്പമെത്താം എന്ന പ്രതീക്ഷയോടെ!

ഫോട്ടോ: വിനീഷയ്ക്കും മകള്‍ക്കും മണി മാര്‍ത്താണ്ഡം യാത്രാരേഖകള്‍ കൈമാറുന്നു. അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളിയും രാജേഷും സമീപം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക