Image

മന്‍മോഹന്‍ സിംഗിനെ മഹത്വീകരിക്കുന്ന മോദി (ബ്ലെസന്‍ ഹ്യൂസ്റ്റണ്‍)

ബ്ലെസന്‍ ഹ്യൂസ്റ്റണ്‍ Published on 06 October, 2017
മന്‍മോഹന്‍ സിംഗിനെ മഹത്വീകരിക്കുന്ന മോദി (ബ്ലെസന്‍ ഹ്യൂസ്റ്റണ്‍)
ഒരിക്കല്‍ ഒരിടത്ത് ഒരു വള്ളക്കാരനുണ്ടായിരുന്നു. മുട്ടോളം വെള്ളമുള്ളിടത്തെ അയാള്‍ വള്ളം നിര്‍ത്തുകയുള്ളൂ. യാത്രക്കാര്‍ എത്ര പറഞ്ഞാലും കരയോട് അടിപ്പിച്ച് വള്ളം നിര്‍ത്തുകയില്ലായിരുന്നു. യാത്രക്കാര്‍ ആ വള്ളക്കാരനുമായി വഴക്കിടാനും തുടങ്ങി. എന്നിട്ടും വള്ളക്കാരന്‍ തന്റെ നിലപാട് മാറ്റിയില്ല. ഒടുവില്‍ അവര്‍ തന്നെ അയാളുമായി മല്ലടിക്കുന്നത് മടുത്തിട്ട് നിര്‍ത്തേണ്ടി വന്നു. അവര്‍ അയാളുടെ നിഷേധാത്മ നിലപാടില്‍ ശപിക്കാനും വളരെ മോശമായി പറയാനും തുടങ്ങി. ഇത്രയും മോശമായ മനോഭാവമുള്ള ഒരു വള്ളക്കാരനെ ഇല്ലെന്നു വരെ അയാളെക്കുറിച്ച് അവര്‍ പറയുകയുണ്ടായെങ്കിലും അയാളില്‍ നിന്ന് യാതൊരു മാറ്റവുമുണ്ടായില്ല. അങ്ങനെയിരിക്കെ അയാള്‍ ഇഹലോകവാസം വെടിഞ്ഞു. അയാള്‍ക്ക് പകരക്കാരനായി വന്നത് അയാളുടെ മകനായിരുന്നു. മകന്‍ അച്ഛനെക്കാള്‍ കൂടുതലായിരുന്നു. മകള്‍ അരയോളം വെള്ളമുള്ളിടത്തെ നിര്‍ത്തുകയുള്ളൂ. അച്ഛനോടെന്നപോലെ യാത്രക്കാര്‍ പറഞ്ഞും പരിതപിച്ചും വഴക്കടിച്ചും നോക്കി യാതൊരു രക്ഷയുമില്ല. അയാളെകൊണ്ട് സഹികെട്ടപ്പോള്‍ അവര്‍ പറഞ്ഞു ഇയാളുടെ അച്ഛന്‍ എത്ര ഭേദമായിരുന്നുയെന്ന്.

അങ്ങനെ മകന്‍ അച്ഛനെ മഹത്വമുള്ളവനാക്കി. ഇത് ഒരു കഥയാണെങ്കിലും അതില്‍ ഒരു വലിയ ആശയമുണ്ട്. അച്ഛനെക്കുറിച്ച് ആളുകള്‍ പറഞ്ഞതിനെക്കാള്‍ മോശമായാണ് അയാളുടെ മകനെക്കുറിച്ച് പറഞ്ഞത്. കാരണം മകന്‍ അച്ഛനെക്കാള്‍ മോശമായ പ്രവര്‍ത്തി ചെയ്തുകൊണ്ടാണ്. അതുപോലെയാണിപ്പോള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ചും. അദ്ദേഹം പ്രതിനിധാനം ചെയ്ത കോണ്‍ഗ്രസ്സിനെക്കുറിച്ചും ഇപ്പോള്‍ പറയുന്നത്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം ചെയ്ത വികസന പ്രവര്‍ത്തനങ്ങളെയൊന്നും അംഗീകരിക്കാതെ അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നവര്‍ ഇന്ന് അദ്ദേഹത്തെ വാഴ്ത്തികൊണ്ട് പറയുന്നു. മോദിയെക്കാള്‍ എത്രയോ ഭേദമായിരുന്നു മന്‍മോഹന്‍സിംഗ് എന്ന്.

പെട്രോള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില അല്പമൊന്നുയര്‍ന്നാല്‍ അത് മന്‍മോഹന്‍ സിംഗിന്റെ വികലമായ ഭരണ പരിഷ്‌ക്കാരവും സ്വജന പക്ഷഭേദവുമായി ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തെ ക്രൂശിക്കുമായിരുന്നു. എന്നാല്‍ പെട്രോളെന്നല്ല ആവശ്യസാധനങ്ങളുടെ വിലകളെല്ലാം തന്നെ ശൂന്യാകാശത്തേക്ക് വിടുന്ന റോക്കറ്റുകളെക്കാള്‍ വേഗത്തില്‍ ഉയര്‍ന്നു പോകുമ്പോള്‍ അന്ന് വിമര്‍ശിച്ചവര്‍ അറിയാതെ പറയുന്നു മന്‍മോഹന്‍സിംഗായിരുന്നു ഭേദമെന്ന്.

വിലക്കയറ്റവും മന്ത്രിസഭയിലെ ചില മന്ത്രിമാരുടെ അഴിമതിയാരോപണവുമായിരുന്നു മന്‍മോഹന്‍ മന്ത്രിസഭയുടെ പരാജയം. എന്നാല്‍ മോദി മന്ത്രിസഭയില്‍ വിലക്കയറ്റം ഒരു പ്രശ്‌നമെയല്ല. കാരണം അത് എപ്പോഴാണ് കൂടുകയെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. അത് തോന്നുമ്പോഴോക്ക് കൂട്ടികൊണ്ടിരിക്കും. വിലക്കയറ്റമുണ്ടാകുമ്പോള്‍ അത് ഏറെ ബാധിക്കുന്നത് സാധാരണക്കാരെയും പാവപ്പെട്ടവരെയുമായിരിക്കുമല്ലോ. സാധനങ്ങള്‍ക്ക് വില കൂടുമ്പോള്‍ അവര്‍ അറിയാതെ ഭയപ്പെടുക സാധാരണമാണ്. കൈയ്യില്‍ കാശില്ലാതെയും പറമ്പില്‍ കൃഷിയിറക്കാതെയും ബുദ്ധിമുട്ടുന്ന സാധാരണക്കാരും പാവപ്പെട്ടവരും സാധനങ്ങള്‍ക്ക് വിലക്കൂടുമ്പോള്‍ പരവേശപ്പെടാറുണ്ട്. അത്‌കൊണ്ട് രസിക്കാന്‍ വേണ്ടിയായിരിക്കും മോദി ഇടക്കിടക്ക് ഇങ്ങനെ വിലക്കൂട്ടുന്നതെന്നാണ് തോന്നിപ്പോകുന്നത്. എലിയെ മുന്നിലിട്ട് തട്ടിക്കളിക്കുന്ന പൂച്ചയെ പോലെ. ഇങ്ങനെ അടിക്കടി വിലകൂട്ടുന്നതുകൊണ്ട് ജനത്തിന് അതിപ്പോള്‍ ഒരു പ്രശ്‌നമെയല്ലെന്നതാണ് സത്യം. അതിപ്പോള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അവര്‍ അതിന്റെ ഭാഗമായിക്കഴിഞ്ഞുയെന്നതാണ് സത്യം.

അഴിമതിയും വിലക്കയറ്റവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ എന്നപോലെയാണെങ്കിലും വിലക്കയറ്റം ഉണ്ടാകുമ്പോള്‍ അത് ജനത്തിന്റെ കഴുത്തില്‍ പിടമുറുക്കുന്നതിനു തുല്യമാണ്. അഴിമതി രാജ്യത്തെ കൊള്ള അടിക്കുമ്പോള്‍ വിലക്കയറ്റം ജനത്തെ കൊള്ളയടിക്കുന്നുയെന്നതാണ് സത്യം. അഴിമതി പരോക്ഷത്തില്‍ ജനത്തെ ബാധിക്കുന്നുയെന്നു വേണം പറയാന്‍. അങ്ങനെ തന്റെ കളിപ്പാട്ടമെന്ന രീതിയില്‍ വിലക്കയറ്റമുണ്ടാക്കി മോദി ജനത്തെ തട്ടിക്കളിയ്ക്കുമ്പോള്‍ അവര്‍ അറിയാതെ പറയുന്നു മന്‍മോഹന്‍ തന്നെ ഭേദം.

കൊച്ചുകുട്ടികള്‍ക്ക് കളിപ്പാട്ടമെന്നപോലെയാണ് മോദിക്ക് ജനം. അദ്ദേഹത്തിന് ഇഷ്ടമുള്ളപ്പോഴെല്ലാം ജനമെന്ന കളിപ്പാട്ടമെടുത്ത് കളിക്കും. വിലക്കയറ്റമെന്ന കളിമാത്രമല്ല നോട്ടുനിരോധനവും ക്യാഷ്‌ലസ് ഇന്ത്യയെന്ന പുതിയ കളികളും അതിന്റെ ഭാഗമായിരുന്നു. ഇന്നും ജനം പേടിസ്വപ്‌നമായിക്കരുതുന്ന ഒന്നായിരുന്നു ഇന്ത്യയില്‍. നരേന്ദ്രമോദി നടപ്പാക്കിയ നോട്ടുനിരോധനം. കള്ളപ്പണക്കാരെ കണ്ടെത്താന്‍ മോദിയും കൂട്ടരും കണ്ടെത്തിയ അതിനൂതനമായ വിദ്യയായിരുന്നു നോട്ടുനിരോധനം. പാടത്ത് പണിയെടുത്തും പട്ടിണികിടന്നും സ്വരുകൂട്ടിവച്ച പണം കടലാസ്സിന്റെ വിലപോലുമല്ലാതാക്കി മോദി കളിച്ചപ്പോള്‍ അവര്‍ അറിഞ്ഞുകൊണ്ടുതന്നെ ഉള്ളില്‍ വിലപിച്ചു പറഞ്ഞു മന്‍മോഹന്‍ സിംങ് നിശബ്ദഭരണമായിരുന്നു ഇതില്‍ എത്രയോ ഭേദം. ഒന്നുമല്ലെങ്കില്‍ പരവേശപ്പെടാതെ ഉള്ളതുകൊണ്ട് ജീവിക്കാമായിരുന്നല്ലോയെന്ന് ഇന്ന് ജനം അറിയാതെ പറഞ്ഞു പോകുന്നതില്‍ തെറ്റു പറയാന്‍  കഴിയില്ല.

ജനത്തിന്റെ മര്‍മ്മം മതമാണെന്നറിഞ്ഞ് അതില്‍ കുത്തി അധികാരത്തിലേക്ക് കയറിയ മോദിയുടെയും കൂട്ടരുടെയും അധികാരം കിട്ടിയപ്പോഴുള്ള മലക്കം മറിച്ചുകള്‍ കണ്ടപ്പോള്‍ അത് ആര്‍ക്കു വേണ്ടിയും എന്തിനുവേണ്ടിയുമാണെന്ന് ആ ജനം മനസ്സിലാക്കിയപ്പോള്‍ അവര്‍ പറയുന്നു മന്‍മോഹന്‍സിങിന്റെ മതത്തിനപ്പുറമുള്ള മനുഷ്യത്വമായിരുന്നു ഇതില്‍ എത്രയോ ഭേദം. അങ്ങനെ ജനം മന്‍മോഹന്‍സിങില്‍ അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കണ്ട ന്യൂനതകളെല്ലാം ഇന്ന് അതെ ജനങ്ങള്‍ വാഴ്ത്തുകയും അര്‍ത്ഥമുള്ളതാണെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുകയാണ്. അതിനു കാരണക്കാരന്‍ മോദിയും അദ്ദേഹത്തിന്റെ വികലമായ ഭരണ പരിഷ്‌ക്കാരവുമാണ്.

അതിന് മോദിയോട് മന്‍മോഹന്‍ സിങ് നന്ദി പ്രകടിപ്പിച്ചെ മതിയാകൂ. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മന്‍മോഹന്‍ സിങ്  മോദിയില്‍ കൂടി മഹാനായികൊണ്ടിരിക്കുന്നു. ഒപ്പം കോണ്‍ഗ്രസ്സും. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബി.ജെ.പി.യുടെ പ്രധാന ആരോപണം അദ്ദേഹം വിദേശ ശക്തികള്‍ക്ക് ഇന്ത്യയെ അടിയറ വയ്ക്കാനൊരുങ്ങുന്നുയെന്നതാണ്. എന്നാല്‍ ഇപ്പോള്‍ ജനം പറയുന്നത് സ്വദേശികള്‍ തന്നെ ഇന്ത്യയെ അടിമകളാക്കാന്‍ ശ്രമിക്കുന്നുയെന്നതാണ്. ഇന്ത്യയിലെ ജനങ്ങള്‍ എന്തുകഴിക്കണമെന്ന് തീരുമാനിക്കുന്നത് തീവ്രവാദ ചിന്താഗതിയുളള മതനേതാക്കളാണെങ്കില്‍ അവര്‍ കഴിക്കുന്ന ആഹാരത്തിന് എന്ത് വിലയിടണമെന്ന് തീരുമാനിക്കുന്നത് ഭരണത്തെ നിയന്ത്രിക്കുന്ന ആദാനിയും അംബാനിയുമാണെന്ന് ജനം പറയുമ്പോള്‍ അത് അടിവരയിടുന്നതാണ് ഇന്ത്യയില്‍ അടിക്കടിയുണ്ടാക്കുന്ന വിലക്കയറ്റം. വിലക്കയറ്റം കക്കൂസു പണിയാനും പാവങ്ങളെ ഉദ്ധരിക്കാനുമാണെന്ന് വായില്‍ തോന്നതു കോതക്ക് പാട്ട് എന്ന രീതിയില്‍ കേന്ദ്രമന്ത്രി പുംഗുവന്‍ ഗീര്‍വാണം ചെയ്യുമ്പോള്‍ ആ വിലക്കയറ്റം ഇടിത്തീ പോലെ ചെന്നു പതിക്കുന്നത് ഇവിടുത്തെ പാവപ്പെട്ടവന്റെ തലക്കുമേലാണെന്ന്.

അദ്ദേഹത്തിനറിയില്ലെങ്കിലും ജനത്തിനറിയാം നാടിന്റെ വളര്‍ച്ചനിരക്ക് എത്ര കൂടണമെന്നുപോലും തീരുമാനിക്കുന്നത് ഈ ആനിമാരാണ്. അംബാനിയിലും ആദാനിയിലും പൊതുവായ ആയും നായുമുള്ളതുകൊണ്ട് മോദിയുടെ അധികാര കൂട്ടുകെട്ടിലെ ഈ ഇരട്ട സഹോദരന്‍മാരെ അങ്ങനെ വിളിച്ചുവെന്നെയുള്ളൂ. ഇന്ത്യ എത്ര വളര്‍ച്ച മുരടിച്ചാലും തങ്ങളുടെ സാമ്രാജ്യം വളരണമെന്ന ചിന്തയുമായി നടക്കുന്നവര്‍ക്ക് സകലവിധ പിന്‍തുണയുമായി ഭരണത്തിന്റെ ചെങ്കോലുമായി നടക്കുന്ന മോദിക്കും ഒരു ലക്ഷ്യമെ ഉള്ളൂ. കുറെക്കാലം അധികാരത്തിന്റെ ആര്‍ഭാടത്തില്‍ ആടിതിമിര്‍ത്ത് ജീവിക്കുകയെന്നത്. അതില്‍ അടുപ്പക്കാരൊഴിച്ച് ആര് തകര്‍ന്നാലും തളര്‍ന്നാലും യാതൊന്നും തനിക്ക് പ്രശ്‌നമല്ലെന്നതാണ് മോദിയുടെ മനോഭാവം.

ഒരു കാര്യം അദ്ദേഹവും അനുചരന്മാരും മനസ്സിലാക്കുന്നത് നല്ലതാണ്. ഈ ഇന്ത്യ ഇന്ന് ലോകത്തിലെ വന്‍ശക്തികളില്‍ ഒന്നായതിനു പിന്നില്‍ ഇന്നലെ വന്ന മോദിയുടെ ശക്തമായ ഭരണ നേതൃത്വമല്ല. അതിനുമുമ്പ് ഇന്ത്യ ഭരിച്ച മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള ജാതിക്കും മതത്തിനും വര്‍ഗ്ഗത്തിനും വര്‍ണ്ണത്തിനുമപ്പുറം കണ്ട് ജനങ്ങള്‍ക്കു വേണ്ടി ഭരിച്ച ഭരണകര്‍ത്താക്കളുടെ ശക്തമായ കരങ്ങളാണ്.
ഇന്ത്യയുടെ ജെ.ഡി.പി. നിരക്കിലും മറ്റും നാം ഇന്ന് ഊറ്റം കൊള്ളുമ്പോള്‍ ആ സത്യം മറക്കരുത്. എന്തായാലും ഇങ്ങനെ ഭരണം പോയാല്‍ ആ ഊറ്റം കൊള്ളല്‍ അധികകാലമുണ്ടാവില്ലെന്ന് തറപ്പിച്ചു പറയാം. പട്ടിണികിടക്കുമ്പോഴ് ഭക്ഷണത്തിന്റെ വിലയെന്തെന്ന് അറിയുന്നതുപോലെ ഇന്ത്യയെ വളര്‍ത്തി വലുതാക്കിയവരുടെ വില നാം അന്നെ അറിയൂ. അതിന് മോദി ഇനിയും കുറെക്കാലം കൂടി ഇന്ത്യ ഭരിക്കണം. സോമാലിയായെക്കാളും നാം താഴോട്ടുപോകണം. അപ്പോള്‍ മന്‍മോഹന്‍സിംങ് ഉള്‍പ്പെടെയുള്ളവരുടെ വിലയും മൗനമായി പ്രവര്‍ത്തിച്ചതിന്റെ ആഴവും മനസ്സിലാക്കും.

മന്‍മോഹന്‍ സിംഗിനെ മഹത്വീകരിക്കുന്ന മോദി (ബ്ലെസന്‍ ഹ്യൂസ്റ്റണ്‍)
Join WhatsApp News
Sudhir Panikkaveetil 2017-10-06 08:29:59
പൊതു ജനം കഴുതയാണെന്നറിയാത്ത ഒരു ഭരണാധികാരിയും ഉണ്ടായിട്ടില്ല. ഉണ്ടെങ്കിൽ അവർ അധികകാലം വാണില്ല. പ്രവാസികളെ ഏറ്റവും ദ്രോഹിച്ച മന്ത്രിയായിരുന്നു മിസ്റ്റർ സിങ്. മോഡി കുറച്ച്കൂടി അക്കാര്യത്തിൽ ഭേദം തന്നെ. വിദേശപൗരത്വം സ്വീകരിച്ചവരുടെ പാസ്പോര്ട് റദ്ദാക്കാൻ 250  ഡോളർ ഒക്കെ വാങുമ്പോൾ അവരുടെ ക്ഷേമം അന്വേഷിക്കണമെന്നില്ല എന്ന്
ചിന്തിക്കാൻ വിദ്യാഭ്യാസ കാലത്ത് സ്വർണ്ണ മെഡൽ വാങ്ങിയവർക്കേ കഴിയു.ഹാ..ഹാ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക