Image

സോളോ: പ്രണയവും പ്രതികാരവുമായി ഒരു വേറിട്ട പരീക്ഷണം

Published on 06 October, 2017
സോളോ: പ്രണയവും പ്രതികാരവുമായി ഒരു വേറിട്ട പരീക്ഷണം

സിനിമ എന്ന മാധ്യമത്തെ വ്യത്യസ്‌തമായ രീതിയില്‍ കഥപറയുന്നതിന്‌ ഉപയോഗിക്കാനാകും എന്ന്‌ തെളിയിക്കുകയാണ്‌ ബിജോയ്‌ നമ്പ്യാര്‍ എന്ന സംവിധായകന്‍. പല ചെരുകഥകള്‍ ഒരു മിച്ചു ചേര്‍ത്തുകൊണ്ടുള്ള സിനിമകള്‍ പലപ്പോഴായി മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്‌ അതില്‍ ഏറ്റവും ഒടുവിലത്തെ പരീക്‌ഷണമാണ്‌ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സോളോ.

നാലു സിനിമകളാണ്‌ സോളോയിലുള്ളത്‌. പഞ്ചഭൂത സങ്കല്‍പ്പത്തെയും ശിവസങ്കല്‍പ്പത്തെയും ആധാരമാക്കിയെടുത്ത ചിത്രമാണിത്‌. ശിവന്റെ പേരുകള്‍ തന്നെയാണ്‌ നായകനായ ദുല്‍ഖറിന്‌ നാലു ചിത്രങ്ങളിലും. രുദ്രന്‍, ത്രിലോക്‌, ശിവന്‍, ശേഖര്‍ എന്നിങ്ങനെയാണ്‌ നായകന്റെ പേരുകള്‍.

ആകെ നാലു ചിത്രങ്ങള്‍ ഉള്ളതില്‍ രണ്ടെണ്ണം പ്രണയവും പ്രണയനഷ്‌ടവും പ്രമേയമാക്കുമ്പോള്‍ മറ്റു രണ്ടു കഥകള്‍ പ്രതികാരവും സംഹാരവും തന്നെ പ്രമേയമാക്കി ചിത്രീകരിച്ചവയാണ്‌. അന്ധയായ രാധികയും വിക്കുളള ശേഖറും തമ്മില്‍ പ്രണയിക്കുന്നു. വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെ തന്നെ അവരുടെ പ്രണയജീവിതം മുന്നോട്ടു പോകുന്നു.

തന്റെ പ്രണയിക്കു വേണ്ടി ത്യാഗത്തിന്റെ ഏതറ്റം വരെ പോകാനും തയ്യാറാകുന്ന സ്‌ത്രീയും പുരുഷനും. അതാണ്‌ പ്രണയകഥകളില്‍ സംവിധായകന്‍ കാണിച്ചു തരുന്നത്‌. ഒപ്പം സ്‌ത്രീപുരുഷ ബന്ധത്തിന്റെ സങ്കീര്‍ണതകളയും അതിന്റെ മനോഹാരിതയും ഈ കഥകളില്‍ കാണാം. തന്റെ പ്രണയിനിക്കു വേണ്ടി ത്യാഗം മാത്രമല്ല പ്രതികാരവും സംഹാരവും വരെ നടത്തുന്ന കരളുറപ്പുള്ള നായകനാണ്‌ പ്രതികാരം പ്രമേയമായുള്ള രണ്ടു കഥകളിലും ഉള്ളത്‌.


നായകനായി എത്തുന്ന ദുല്‍ഖറിന്റെ പകര്‍ന്നാട്ടം തന്നെയാണ്‌ ഈ സിനിമയുടെ പ്‌ളസ്‌ പോയിന്റ്‌. എന്നാല്‍ നാലു കഥകളെ തമ്മില്‍ കൂട്ടിയിണക്കുന്നതിലും ഓരോ കഥയും തമ്മിലുളള തുടര്‍ച്ച രസകരമായി നിലനിര്‍ത്തുന്നതിലും പിഴവു പറ്റിയിട്ടുണ്ട്‌ എന്ന്‌ പറയാതെ വയ്യ. പ്രതികാരത്തിന്റെ പ്രമേയം അവതരിപ്പിക്കുന്നതാകട്ടെ ദുര്‍ബലമായ കഥാതന്തുവില്‍ നിന്നു കെട്ടി ഉയര്‍ത്തിയ അടിത്തറയില്‍. അതുകൊണ്ടു തന്നെ കഥയുടെ സഞ്ചാരം പലയിടത്തും കാലിടറുന്നു. 

ദുല്‍ഖറിനൊപ്പം മികച്ചു നില്‍ക്കാന്‍ കഴിവുള്ള താരങ്ങളും ഇതിലില്ല എന്നതും ന്യൂനതയായി. വൈകല്യങ്ങളുള്ള നായികാ നായകന്‍മാരുടെ കഥ പറയുന്ന ആദ്യ ചിത്രം മാത്രമാണ്‌ കുറച്ചെങ്കിലും പുതുമയുള്ളത്‌. ആര്‍തി വെങ്കിടേഷ്‌, ശ്രുതി ഹരിഹരന്‍, ധന്‍സിക, നേഹ ശര്‍മ എന്നിവരാണ്‌ ദുല്‍ഖറിന്റെ നായികമാര്‍. ഇതില്‍ അല്‍പമെങ്കിലും മികച്ച അഭിനയം കാഴ്‌ച വച്ചിട്ടുള്ളത്‌ ധന്‍സികയാണ്‌.

ഇവരെ കൂടാതെ മറ്റു ഭാഷകളില്‍ നിന്നായി അമ്പതിലധികം താരങ്ങളും ചിത്രത്തിലുണ്ട്‌. പ്രശാന്ത്‌ പിള്ളയുടെ സംഗീത സംവിധാനം ചിത്രത്തിന്‌ മുതല്‍ക്കൂട്ടാണ്‌. സോജാല്‍ ഷാ, മധു നീലകണ്‌ഠന്‍, ഗിരീഷ്‌ ഗംഗാധരന്‍ എന്നിവരുടെ ഛായാഗ്രഹണവും മികച്ചതായി. വേറിട്ടൊരു പരീക്ഷണ ചിത്രം എന്ന നിലയ്‌ക്ക്‌ ഈ സിനിമയെ കാണുന്നവര്‍ക്ക്‌ നിരാശപ്പെടേണ്ടി വരില്ല.








Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക