Image

വിപ്ലവ സൂര്യന്‍ "ചെ'യുടെ രക്തസാക്ഷിത്വത്തിന് അര നൂറ്റാണ്ട് (എ.എസ് ശ്രീകുമാര്‍)

Published on 08 October, 2017
വിപ്ലവ സൂര്യന്‍ "ചെ'യുടെ രക്തസാക്ഷിത്വത്തിന് അര നൂറ്റാണ്ട് (എ.എസ് ശ്രീകുമാര്‍)
നാളെ ഒക്ടോബര്‍ 9. വിപ്ലവനായകന്‍ ചെഗുവേരയുടെ രക്തസാക്ഷിത്വത്തിന്റെ അന്‍പതാം വാര്‍ഷിക ദിനം. 39 വര്‍ഷം എന്ന ചെറിയ ജീവിത കാലയളവിനുള്ളില്‍ ഒരു വലിയ ചരിത്രം തന്റെ പേരില്‍ എഴുതിച്ചേര്‍ത്ത് തലയുയര്‍ത്തി മരണത്തെ നേരിട്ട അസാമാന്യ പോരാളി. കൊല്ലപ്പെട്ട് 50 വര്‍ഷം കഴിയുമ്പോഴും ചെഗുവേരയുടെ സ്മരണകള്‍ ഇന്നു വിപ്ലവയുവത്വത്തില്‍ കത്തിജ്വലിച്ചുനില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഒരിക്കല്‍ കൂടെ ജീവന്‍ വയ്ക്കുന്നു...""കൊല്ലാം, പക്ഷേ തോല്‍പിക്കാനാവില്ല...''

അര്‍ജന്റീനയില്‍ ജനിച്ച് മാര്‍ക്‌സിസ്റ്റ് വിപ്ലവകാരിയും അന്തര്‍ദേശീയ ഗറില്ലയുടെ നേതാവുമായിരുന്ന ഏണസ്റ്റ് ഗുവേര ഡി ലാ സെര്‍ന എന്നും ചെഗുവേരയെന്നോ "ചെ' എന്നോ മാത്രം അറിയപ്പെട്ടു. അണയാത്ത വിപ്ലവ വീര്യം ജ്വലിക്കുന്ന കണ്ണുള്‍, ചുണ്ടിലെ നിഗൂഢമായ പുഞ്ചിരി, എരിയുന്ന ചുരുട്ടും പിന്നെ തലിയിലെ ചുവപ്പ് നക്ഷത്രം തുന്നിച്ചേര്‍ത്ത തൊപ്പിയും പാട്ടാളകുപ്പായവും. ആദ്യ കാഴ്ചയില്‍ ചിലപ്പോള്‍ ഒരു അധോലോക നായകന്റെ ഭാവം. മറ്റു ചിലപ്പോള്‍ നിഷേധ യുവത്വത്തിന്റെ പ്രതീകം അല്ലെങ്കില്‍ പുരുഷ സൗന്ദര്യത്തിന്റെ ഗാഭീര്യം. "ചെ' യെകുറിച്ച് ഇങ്ങനെ പറഞ്ഞു തുടങ്ങാം.

പക്ഷേ ബാഹ്യരൂപത്തിനപ്പുറം ആ വിപ്ലവനായകന്റെ കഥപറയാന്‍ പേന ചുവപ്പില്‍ തന്നെ മുക്കിയെടുക്കേണ്ടിവരും. ചെറുപ്പത്തില്‍ വൈദ്യപഠനം നടത്തിയ ചെ ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിലൂടെ ജനങ്ങളുടെ ദരിദ്രജീവിതത്തെ കുറിച്ച് മനസ്സിലാക്കുകയും സാമ്പത്തിക അസമത്വങ്ങള്‍ക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിച്ചേരുകയായിരുന്നു. 1956ല്‍ മെക്‌സികോയിലായിരിക്കുമ്പോള്‍ ചെഗുവേര ഫിഡല്‍ കാസ്‌ട്രോയുടെ വിപ്ലവ പാര്‍ട്ടിയായ മുന്നേറ്റ സേനയില്‍ ചേര്‍ന്നു. തുടര്‍ന്നുള്ള വിപ്ലവ ജീവിതം മാതൃകയും ആവേശവുമായിരുന്നു. കുറെ നല്ല പുസ്തകങ്ങളിലൂടെയും അദ്ദേഹം തന്റെ നിലാപാട് തലമുറകള്‍ക്ക് കൈമാറി.

1928 മെയ് 14ന് അര്‍ജന്റീനിയയിലെ റൊസാനിയോയില്‍ ജനനം. ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ചെ അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാന്‍ ഒളിപ്പോരുള്‍പ്പെടെയുള്ള സായുധ പോരാട്ടങ്ങളുടെ മാര്‍ഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു. മാര്‍ക്‌സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയില്‍ പ്രസിഡന്റ് ജേക്കബ് അര്‍ബന്‍സ് ഗുസ്മാന്‍ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിലെ അന്വേഷണങ്ങള്‍ ഇടയാക്കി. ഗ്വാട്ടിമാലയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ വ്യവസായമന്ത്രി, ദേശീയ ബാങ്കിന്റെ ചെയര്‍മാന്‍ തുടങ്ങിയ തസ്തികകള്‍ വഹിക്കുകയും ചെയ്തു.

1956ല്‍ മെക്‌സിക്കോയില്‍ ആയിരിക്കുമ്പോള്‍ ചെഗുവേര ഫിഡല്‍ കാസ്‌ട്രോയുടെ വിപ്ലവ പാര്‍ട്ടിയായ ജൂലൈ 26ലെ മുന്നേറ്റ സേനയില്‍ ചേര്‍ന്നു. പുതിയ ഭരണകൂടത്തില്‍ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്ത ചെഗുവേര 1965ല്‍ കോംഗോയിലും തുടര്‍ന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ഫിഡല്‍ കാസ്‌ട്രൊക്കൊപ്പം നിന്ന് വിപ്ലവം നയിച്ച ധീരനായിരുന്നു ചെ. കാസ്‌ട്രോയുടെ മന്ത്രിസഭയിലെ അംഗമായിരിക്കുമ്പോഴാണ് പാവപ്പെട്ടവരുടെ മോചനത്തിനായി പടപൊരുതാന്‍ കോംഗോയിലേക്കും ബൊളിവീയയിലേക്കും ചെ പോകുന്നത്. മന്ത്രിപ്പണി ഉപേക്ഷിച്ചുകൊണ്ടായിരുന്നു ഇത്. ബൊളീവിയയില്‍ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കന്‍ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തില്‍ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബര്‍ 9നു ബൊളീവിയന്‍ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍ വെച്ച് വിചാരണ കൂടാതെ വധിച്ചു.

കൊലപ്പെടുത്തിയതിനു ശേഷം ചെയുടെ ശവശരീരം ഒരു ഹെലികോപ്ടറിന്റെ വശത്ത് കെട്ടിവച്ച നിലയിലാണ് കൊണ്ടുപോയത്. വാലിഗ്രനേഡിനടുത്തുള്ള ഒരു ആശുപത്രിയിലെ അലക്കുമുറിയിലാണ് ചെ ഗുവേരയുടെ മൃതശരീരം കിടത്തിയിരുന്നത്. മരിച്ചത് ചെ ഗുവേര തന്നെയെന്ന് ഉറപ്പിക്കാനായി ധാരാളം ദൃക്‌സാക്ഷികളെ കൊണ്ടുവന്ന് ശരീരം കാണിച്ചിരുന്നു. അതില്‍ പ്രധാനിയായിരുന്നു ബ്രിട്ടീഷ് പത്രലേഖകനായിരുന്ന റിച്ചാര്‍ഡ് ഗോട്ട്, ഇദ്ദേഹമാണ് ജീവനോടെ ചെ ഗുവേരയെ കണ്ട ഏക സാക്ഷി എന്നും പറയപ്പെടുന്നു. മരിച്ചു കിടന്ന ചെ ഗുവേരയെ അവിടുത്തെ ആളുകള്‍ ഒരു വിശുദ്ധനെപ്പോലെയാണ് നോക്കിക്കണ്ടത്. ഇംഗ്ലീഷ് നിരൂപകനായ ജോണ്‍ ബെര്‍ഗര്‍, ചെ ഗുവേരയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ചിത്രങ്ങളെ വിശ്വവിഖ്യാതമായ രണ്ടു ചിത്രങ്ങളോടാണ് ഉപമിച്ചത്. അതില്‍ ഒന്ന് ക്രിസ്തുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആന്‍ഡ്രിയ മാന്റെഗ്‌ന വരച്ച ഒരു ലോകപ്രശസ്ത്ര ചിത്രം കൂടിയായിരുന്നു.

ചെ ഗുവേരയെ കൊല്ലാനുള്ള തീരുമാനത്തെ ""വിഡ്ഢിത്തം...'' എന്നാണ് അമേരിക്കയുടെ 36-ാമത്തെ പ്രസിഡണ്ടായിരുന്ന ലിന്‍ഡന്‍ ബി ജോണ്‍സണ്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ബൊളീവിയയുടെ ഭാഗത്തുനിന്നു നോക്കിയാല്‍ ശരിയും എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സൈനിക ഡോക്ടര്‍ ചെ ഗുവേരയുടെ കൈകള്‍ ഛേദിച്ചെടുത്തു. അതിനുശേഷം ബൊളീവിയന്‍ സൈനികര്‍ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി. മൃതശരീരം കത്തിച്ചോ, മറവുചെയ്‌തോ എന്നുപോലും അവര്‍ പുറത്തു പറഞ്ഞില്ല. മുറിച്ചെടുത്ത കരങ്ങള്‍ വിരലടയാളപരിശേധനക്കായി ബ്യൂനസ് ഐറിസിലേക്ക് അയച്ചു. അവിടെ അര്‍ജന്റീന പോലീസിന്റെ കയ്യില്‍ ചെ ഗുവേരയുടെ വിരലടയാളം സൂക്ഷിച്ചുവെച്ചിട്ടുണ്ടായിരുന്നു.

ഒക്ടോബര്‍ 15ന് ഫിഡല്‍ കാസ്‌ട്രോ ഔദ്യോഗികമായി ചെ ഗുവേരയുടെ മരണം പ്രഖ്യാപിച്ചു കൂടാതെ മൂന്നു ദിവസത്തെ ദുഖാചരണവും ക്യൂബയിലെങ്ങും അചരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഹവാനയിലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് ഫിഡല്‍ ചെ ഗുവേരയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. ""നമ്മുടെ അടുത്ത തലമുറ എങ്ങനെ ആയിരിക്കണം എന്നുള്ളതിനുള്ള ഉദാഹരണമാണ് ചെ. നമ്മുടെ കുട്ടികള്‍ ചെ ഗുവേരയെപോലെ വിദ്യാഭ്യാസം നേടണം. ഒരു മാതൃകാപുരുഷനെയാണ് നാം തേടുന്നതെങ്കില്‍ ഒട്ടും മടിക്കാതെ എനിക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും. അത് ചെ ഗുവേരയാണ്...''

മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ബിംബങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്തു. വിപ്ലവ സൂര്യനെന്നും, ഗറില്ലാ നേതാവെന്നും വിശേഷിപ്പിക്കപ്പെട്ടു. ആല്‍ബര്‍ട്ടോ കോര്‍ദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടി. ടീഷര്‍ട്ടുകളിലും പ്രതിഷേധ ബാനറുകളിലും മറ്റും സ്ഥിരം കാഴ്ചയായി. മേരിലാന്‍ഡ് സര്‍വ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു.

ചെഗുവേരയെ വെടിവച്ച് കൊന്നയുടനെയുള്ള ചിത്രങ്ങള്‍ 2014ല്‍ ആണ് പുറത്ത് വിട്ടത്. ചിത്രങ്ങള്‍ പകര്‍ത്തിയത് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുടെ ഫോട്ടോഗ്രാഫറായിരുന്നു. സ്‌പെയിനിലെ റിക്ലയിലെ പ്രാദേശിക കൗണ്‍സിലറായ ഇമാനോള്‍ ആര്‍ട്ടിയേഗ എന്ന വ്യക്തിയുടെ സ്വകാര്യ ശേഖരത്തിലാണ് ഈ ചിത്രങ്ങള്‍ ഉണ്ടായിരുന്നത്. ഇമാനോളിന്റെ അമ്മാവന്‍ ലൂയിസ് കാര്‍ട്ടെറോയില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ ലഭിച്ചത്. ബോളീവിയില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നത്രെ അദ്ദേഹം. ഒരു ഫ്രഞ്ച് ഫോട്ടാഗ്രാഫറാണ് ഈ ചിത്രങ്ങള്‍ അദ്ദേഹത്തിന് നല്‍കിയതെന്നും പറയുന്നു.

ആ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍, ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് കളര്‍ ചിത്രങ്ങളാക്കിയാണ് അന്ന് പ്രസിദ്ധീകരിച്ചത്. വെടിയുണ്ടയേറ്റ് പിളര്‍ന്ന നെഞ്ച്...മരണം കവര്‍ന്നെടുത്ത കണ്ണുകള്‍...നിരാശയുടെ ഒരു നേരിയ ഭാവം വിടര്‍ന്ന മുഖം...ആ ചിത്രങ്ങള്‍ പറയുന്നത് ഇതെല്ലാമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക