Image

കവനത്തിനു കാശോ? സാഹിത്യം എന്താ തേവിടിശ്ശിയോ? (സുധീര്‍ പണിക്കവീട്ടില്‍)

Published on 08 October, 2017
കവനത്തിനു കാശോ? സാഹിത്യം എന്താ തേവിടിശ്ശിയോ? (സുധീര്‍ പണിക്കവീട്ടില്‍)
അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടത്തെ പ്രസിദ്ധീകരണങ്ങളോട് തങ്ങളുടെ രചനകള്‍ക്ക് പ്രതിഫലം വേണമെന്നു ഒരാഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. എഴുത്തുകാരില്‍ പലരും തങ്ങളുടെ രചനകള്‍ക്ക് പ്രതിഫലമോ, പ്രതികരണമോ, പ്രോത്സാഹനമോ കിട്ടുന്നില്ല എന്നു വിലപിച്ചു. ആ വിലപങ്ങള്‍ക്കപ്പുറം ഒന്നും സംഭവിച്ചില്ല. അവശന്മാര്‍, ആര്‍ത്തന്മാര്‍, ആരംഭശൂര്യന്മാര്‍ (ആലംമ്പഹീനന്മാര്‍ എന്നു ശരി) അവരുടെ സങ്കടം ആരറിയാന്‍? അല്ലെങ്കിലും കണ്ണീരിനു എന്തു വില. അതും ഒരു സാഹിത്യകാരന്റെ. പ്രശസ്ത കവിയും, നടനും, സംഘാടകനും, പ്രാസംഗികനുമായ അമേരിക്കന്‍ മലയാളി ശ്രീ പീറ്റര്‍ നീണ്ടൂര്‍ എഴുത്തുക്കാരുടെ സങ്കടങ്ങള്‍ക്ക് "മുപ്ര''(മേല്‍പറഞ്ഞ മൂന്നു "പ്ര''കള്‍) എന്നു പേരിട്ടു ഒരു തേങ്ങലിന്റെ താളം കൊടുത്തതൊഴികെ പ്രതികരണം പത്രക്കാരില്‍ നിന്നോ വായനക്കാരില്‍ നിന്നോ ഉണ്ടായില്ല. പ്രതിഫലവും, പ്രോത്സഹനവും തഥൈവ! ആ ഇടക്ക് എം. ക്രുഷ്ണന്‍ നായര്‍ മലയാളം പത്രത്തിന്റെ താളുകളിലൂടെ പ്രത്യക്ഷപ്പെട്ട ഇവിടത്തെ എഴുത്തുക്കാരെ ചമ്മട്ടി കൊണ്ടു (പേന കൊണ്ടല്ല) പ്രഹരിച്ചു കൊണ്ടിരുന്നിരുന്നു. അപമാനത്തിന്റെ വേദനകൊണ്ട് പുളഞ്ഞ ചില എഴുത്തുക്കാരെ നോക്കി വായനക്കാര്‍ നിര്‍ദ്ദയം ചോദിച്ചു ഃ പ്രതിഫലം വേണം അല്ലേ? അത്ഭുതമെന്നു പറയട്ടെ - ചമ്മട്ടി പ്രഹരം അടിക്കുന്നയാളുടെ കൈ കഴപ്പിച്ചതല്ലാതെ എഴുത്തുകാരന്‍ അവന്റെ പേന മടക്കിയില്ല. നൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കൈരളി പബ്ലിക്കേഷന്‍സ് എഴുതാന്‍ കഴിവുള്ളവര്‍ക്കായി അതിന്റെ താളുകള്‍ തുറന്നിട്ടതു നൈസ്സര്‍ഗികമായ സര്‍ഗശക്തിയുള്ള എഴുതുകാര്‍ക്ക് അവരുടെ രചനകള്‍ സഹ്രുദയ സമക്ഷം കാഴ്ചവക്കാന്‍ അവസരം നല്‍കി.

എഴുത്തുകാര്‍ അവരുടെ ക്രുതികള്‍ക്ക് പ്രതിഫലം ചോദിക്കുന്നത് ഒരു പുതിയ കാര്യമല്ല. വള്ളത്തോളിന്റെ കവിതക്ക് ചോദിച്ച പ്രതിഫലം മാത്രുഭൂമി നല്‍കിയില്ല. കവി തന്റെ കവിത കൊടുത്തതുമില്ല. അന്ന് അത് വായനക്കാരുടെ ഇടയില്‍ ഒരു തര്‍ക്ക വിഷയമായി. ആ തര്‍ക്കങ്ങള്‍ക്കിടയില്‍ വായനക്കാര്‍ എഴുതുന്നു എന്ന കോളത്തില്‍ ഒരാള്‍ (കവനത്തിനു കാശ് കിട്ടണം പോല്‍, ശിവനേ, സാഹിതി തേവിടിശ്ശിയൊ?) എഴുതിയതാണു സ്വല്‍പ്പം ഭേദഗതിയോടെ ഈ ലേഖനത്തിന്റെ തലക്കെട്ടായി കൊടുത്തിരിക്കുന്നത്. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍. അമേരിക്കന്‍ മലയാളി എഴുത്തുകാരെ പിന്താങ്ങാനോ പിന്തള്ളാനോ ഒരു വായനക്കാരനുമുണ്ടായില്ല. കവിത്രയത്തിന്റെ രചനകള്‍ വായിച്ച് "ആവു'' (ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍) എന്നു കേരളത്തിലെ വായനക്കാര്‍ ആശ്വസിച്ചപോലെ അമേരിക്കന്‍ മലയാളി വായനക്കാരെ ആശ്വസിപ്പിക്കുന്ന രചനകള്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ നിന്നും ഉണ്ടായിട്ടില്ല എന്ന് ഇതിനര്‍ഥമില്ല. എഴുത്തുകാര്‍ എഴുതികൊണ്ടിരുന്നു. എഴുത്തിന്റെ മൂല്യങ്ങള്‍ മനസ്സിലാക്കി നിരൂപണങ്ങള്‍ എഴുതിയിരുന്ന ആളെ പ്രശസ്തനായ ഒരു കവിയും ശിങ്കിടികളും അയാളുടെ നിരൂപണങ്ങള്‍ വിലമതിക്കാനാവത്തത് എന്നു പറയാനുള്ള വിവരമില്ലായ്മ മൂലം വിലയില്ലാത്തതാണെന്നു പറഞ്ഞ് പരത്തിയത് കൊണ്ടു നിരൂപണങ്ങല്‍ ശ്രദ്ധിക്കപെടാതെ പോകുമെന്നു അവര്‍ ആശിച്ചെങ്കിലും അമേരിക്കന്‍ മലയാള സാഹിത്യത്തിനു ഒരു നിരൂപണ ശാഖ വളര്‍ത്തന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്തു സാധാനവും എത്ര നല്ലതായാലും അതുപയോഗിക്കാന്‍ ആളില്ലെങ്കില്‍ വനചന്ദ്രിക പോലെ വെറുതെ പാഴായി പോകും. അതെ പോലെ അനവധി എഴുതുകാരുടെ രചനകള്‍ അവ അര്‍ഹിക്കുന്ന വിധത്തില്‍ ഇവിടെ ശ്രദ്ധിക്കപെടാതെ പൊയി എന്നത് സങ്കടകരമാണു. ഇവിടെ എഴുത്തുകാര്‍ എഴുതുന്നു അവ ചില പത്രങ്ങളില്‍, വെബ് മാസികകളില്‍ വരുന്നു. അത് വായിക്കുകയും അതിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുക എന്ന ഒരു രീതി ഇവിടെ നിലവില്‍ ഇല്ല. അതു കൊണ്ടു അവയെല്ലാം വേനല്‍ ത്രുണങ്ങള്‍ പോലെ നശിച്ചു പോകേണ്ടതാണു. എങ്കിലും അവര്‍ തളര്‍ന്നില്ല. അതേപോലെ പ്രശസ്തരായ പല എഴുത്തുകാരുടേയും രചനകളെകുറിച്ചുള്ള നിരൂപണങ്ങള്‍ കൈരളി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു എന്നും നന്ദിപൂര്‍വ്വം സ്മരിക്കേണ്ടതുണ്ട്. ഈ ലേഖകന്‍ ഡി.സി. ബൂക്‌സില്‍ നിന്നും കുറച്ച് പുസ്തകങ്ങള്‍ വാങ്ങി പുറത്ത് വന്നപ്പോള്‍ അവിടെ നിന്നിരുന്ന ഒരാള്‍ ചോദിച്ചു. "സാര്‍ അമേരിക്കയില്‍ നിന്നല്ലേ? വേഷം സാധാരണ മുണ്ടും ജുബ്ബയും ആയിരുന്നു. കഴുത്തിലും കയ്യിലും സ്വര്‍ണ്ണ ചങ്ങലകള്‍ ഉണ്ടായിരുന്നില്ല.. ഇത് എല്ലാ അമേരിക്കന്‍ മലയാളികളുടേയും ലക്ഷണമല്ലെങ്കിലും അങ്ങനെ ഒരു ധാരണ നാട്ടിലെ ചിലര്‍ക്കുള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്. പിന്നെ അയാള്‍ക്ക് അമേരിക്കന്‍ മലയാളിയാണെന്നു എങ്ങനെ മനസ്സിലായി. അയാളുടെ അടുത്ത ചോദ്യം കേട്ടപ്പോള്‍ അതിനുത്തരം കിട്ടി. അയാള്‍ പറഞ്ഞു. സാറിന്റെ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരു പുസ്തകം പോലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത എന്നോട് (അന്നു ഞാന്‍ പുസ്തകമൊന്നും പ്രസിദ്ധീകരിച്ചിരുന്നില്ല)സംശയലേശ്യ്‌മെന്യെ എന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെന്ന് അയാള്‍ പറയാന്‍ കാരണം അമേരിക്കന്‍ മലയാളിയുടെ (അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ) ഭാഷ സ്‌നേഹം ഇന്നു ലോക പ്രശസ്തമായത് കൊണ്ടാണു. ഹ്രുദ്യമായ മലയാളം കേള്‍ക്കാന്‍ അമേരിക്കയിലേക്ക് വരിക എന്ന് യശ്ശസരീരനായ ശ്രീ ചാക്കോ ശങ്കരത്തില്‍ ഒരിക്കല്‍ എഴുതുകയുണ്ടായി.

പത്രക്കാര്‍ അവരുടെ രചനകള്‍ പ്രസിദ്ധീകരിക്കന്‍ സന്മനസ്സ് കാട്ടുന്നില്ലെങ്കില്‍, സമൂഹം അത് വായിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് വേണ്ടെന്നു വച്ച് ചങ്കൂറ്റത്തോടെ അവര്‍ അവരുടെ പുസ്തകങ്ങള്‍ സ്വന്തം ചിലവില്‍ പ്രസിദ്ധീകരിക്കുന്നു. കാലം എല്ലാറ്റിനും മറുപടി നല്‍കും. ആര്‍ക്കും ധൈര്യമായി അമേരിക്കന്‍ മലയാളിയോട് നിങ്ങള്‍ എത്ര പുസ്തകങ്ങള്‍ എഴുതീട്ടുണ്ട് അല്ലെങ്കില്‍ നിങ്ങളുടെ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്് എന്നു പറായാന്‍ ഒരവസരം ഉണ്ടാക്കാന്‍ അമേരിക്കന്‍ മലയാളിക്ക് കഴിഞ്ഞത് ഒരു വലിയ നേട്ടമാണു. സമീപ ഭാവിയില്‍ അവര്‍ എഴുതി കൂട്ടിയ വിഷയങ്ങളെ ആരെങ്കിലും വിലയിരുത്തും. നേരത്തെ സൂചിപ്പിച്ചപോലെ സ്വാര്‍ഥതല്‍പരരുടേയും അവരുടെ ശിങ്കിടികളുടേയും അനാവശ്യമായ ഇടപെടലുകളും വായക്ക് തോന്നിയത് കോതക്ക് പാട്ടെന്നപോലെ അവര്‍ വിളിച്ചു പറയുന്ന വിവരകേടും ഉണ്ടാകും. ഒരിക്കല്‍ തോട്ടക്കാട്ട് ഇക്കാവുമ്മയോട് ചാത്തുകുട്ടി മന്നാടിയാര്‍ ചോദിച്ചു. ഃ കവനമണി കവക്കു കവക്കു കാണെട്ടെ നിന്റെ വ്രുത്തം." അതിനു അവര്‍ ചുട്ട മറുപടി പറഞ്ഞു '' കവ്ച്ചു, കവച്ചതു മതിയൊ നിനക്ക്" (ഇതു അല്‍പ്പം അശ്ശീലമാക്കി ചിലര്‍ ഇങ്ങനെ മുറിച്ച് പറയുകയുണ്ടായി. '' ഇനി മതി യോനി നക്ക്" ആവശ്യമില്ലാത്ത വിമര്‍ശനങ്ങള്‍ കേട്ട് എഴുത്തുകാര്‍ പരിഭ്രമിക്കരുത് എന്നു ഈ ലേഖകനു അഭിപ്രായമുണ്ട്. തനിക്ക് ചുറ്റും കുറെ സില്‍ബന്തികളേയും ശിങ്കിടികളേയും കിട്ടാന്‍ വേണ്ടി അവര്‍ എഴുതുന്നത് ''ഉദാത്തം, അസാദ്ധ്യം" എന്നു പറയുന്നവരും എന്തു കേട്ടാലും ഒന്നിനും കൊള്ളില്ലെന്നു പറയുന്നവരും ശരിയായ നിരൂപകരല്ലെന്നു മനസ്സിലാക്കാന്‍ എഴുത്തുക്കാര്‍ ബോധവാന്മാരാകണം. രചനകളെ ശരിയായി വായിച്ച് മനസ്സിലാക്കി എഴുതുന്ന നിരൂപണങ്ങള്‍ ആരും ഇപ്പോള്‍ ഗൗനിച്ചില്ലെങ്കിലും ഒരിക്കല്‍ ശ്രദ്ധിക്കപെടുക തന്നെ ചെയ്യും. ഇപ്പോള്‍ നിരൂപകരുടെ എണ്ണം കൂടിയിട്ടുണ്ടെന്നുള്ളത് ഒരതിശയമായി തോന്നുന്നു. മുന്‍പ് ആരെങ്കിലും എഴുതിയത് നോക്കി അതെ പോലെ നിരൂപണം നിര്‍വ്വഹിക്കുന്നത് കൊണ്ട് സാഹിത്യത്തിനു ഗുണമുണ്ടാകാന്‍ പോകുന്നില്ലെന്നുള്ളത് വേറെ കാര്യം. കാരണം അതു മുന്‍പ് എഴുതിയ വ്യക്തിയുടെ കാഴ്ചപ്പാട് മാത്രമായിരിക്കും.

രൂപ ഭാവ വൈവിധ്യമാര്‍ന്ന രചനകള്‍ അമേരിക്കന്‍ മലയാളികളില്‍ നിന്നും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു., അതിനു വായന ആവശ്യമാണു, ക്രിയാല്‍മകമായ സാഹിത്യ ചര്‍ച്ചകള്‍ ആവശ്യമാണു പോര്‍ച്ചുഗീസ്സുകാരനായ കവി ജോസെ റെഗിയൊ പറഞ്ഞു രണ്ട് തരം സാഹിത്യം ഉണ്ടെന്നു. " ഒന്നു ജീവനുള്ള സാഹിത്യം'' Literature viva) മറ്റൊന്നു പുസ്തക സാഹിത്യം'' Literature Livresca) രചനകള്‍ മൗലികമായിരിക്കണം. പുസ്തകങ്ങള്‍ വായിച്ച് എഴുതിക്കൂട്ടുന്നവ അല്ലെങ്കില്‍ കുറേശ്ശെ മോഷിട്ക്കുന്നവ നല്ല രചനകള്‍ ആവണമെന്നില്ല. വായനയുടെ ബലത്തില്‍ മാത്രം ഊന്നി സ്രുഷ്ടിക്കുന്ന അനുഭവ ശൂന്യമായ സാഹിത്യത്തിനു മൂല്യം കുറയും. ജോസെ റെഗിയൊ പറഞ്ഞപ്പോലെ വര്‍ഷങ്ങള്‍ക്ക് മുമ്പു ഒ.വി.വിജയനും എം. മുകുന്ദനും സക്കറിയയും പ്രശസ്തിയില്‍ നില്‍ക്കുമ്പോള്‍ സക്കറിയയും രണ്ടു തരം സാഹിത്യത്തെപ്പറ്റി എഴുതി. അതാണു ഈ സാ... ന സാ... ( ഈഴവ സാഹിത്യം, നസ്രാണി സാഹിത്യം) ആക്ഷേപ ഹാസ്യരൂപത്തില്‍ എഴുതിയതാണെങ്കിലും ഇന്ന് സാഹിത്യത്തിലും ജാതി ചിന്തകള്‍ കടന്നു വരുന്നുണ്ട്. അതൊന്നും ഒഴിവക്കാന്‍ കഴിയാത്ത മനുഷ്യന്റെ ദൗര്‍ബ്ബല്യങ്ങളാണു. എഴുത്തുക്കാര്‍ അതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമായി കണക്കാക്കി അവരുടെ രചനകളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി അതില്‍ മുഴുകുമ്പോള്‍ നല്ല നല്ല രചനകള്‍ ഉണ്ടാകും. ധാരാളം നീണ്ട കഥകളും നോവലുകളും പല മാസികകള്‍ക്കായി എഴുതിയിരുന്ന മുട്ട ത്ത് വര്‍ക്കി സാറിനെ കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്ന അത്തരം കഥകളുടെ ഓരോ അദ്ധ്യായങ്ങള്‍ക്കായി പത്രാധിപന്മാര്‍ അദ്ദേഹത്തെ സമീപിക്കുമ്പോള്‍ കഥ എവിടെ വരെയായി എന്നു അദ്ദേഹം അവരോടു ചോദുക്കുമെത്രെ. അപ്പോള്‍ അവര്‍ പറയും ഃ മറിയകുട്ടി വേലിക്കല്‍ നിന്നും ഒരു പുഞ്ചിരിയോടെ തങ്കച്ചനോട് എന്തോ പറയാന്‍ ഭാവിക്കുന്നു." പുറത്ത് അല്‍പ്പ സമയം കാത്തിരിക്കു അതിന്റെ തുടര്‍ച്ച ഇപ്പോള്‍ തരാമെന്നു അപ്പോള്‍ വര്‍ക്കി സാര്‍ പറയുമെന്നു. ഇതു ശരിയോ തെറ്റൊ ആയിക്കൊള്ളട്ടെ. ഇതില്‍ നിന്നും ഒരു പാഠം എഴുതുക്കാരന്‍ പഠിക്കേണ്ടതുണ്ട്. അനുഗ്രഹീതനായ വര്‍ക്കി സാറിനു അങ്ങനെ സാധിക്ലേക്കാമെന്നു കരുതി അതെപ്പൊലെ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. ഗായകര്‍ സാധകം ചെയ്യുന്ന പോലെ എഴുതുകാരനും സര്‍ഗ പ്രതിഭയുടെ വരദാനത്തിനായി തപസ്സു ചെയ്യണം. അല്ലാതെ ആരെങ്കിലും എഴുതിയത് ചില ഭേദഗതികളോടെ പകര്‍ത്തി, ഇവിടെ ആരു് വായിക്കാന്‍ എന്ന ഉറപ്പില്‍ കട്ട് എഴുതാന്‍ ശ്രമിക്കരുത്, അങ്ങനെ സംഭവിക്കുന്നുണ്ടെന്നുള്ളത് പരിതാപകരം. പ്രതികരിക്കാത്ത വായനക്കാര്‍, പരസ്പരം സ്പര്‍ദ്ധയുള്ള എഴുത്തുകാര്‍ എല്ലാം അത്തരം മോഷ്ടാക്കള്‍ക്ക് ( കള്ളന്മാര്‍ എന്നു ഉപയോഗിക്കുന്നില്ല - വെറുമൊരു മോഷ്ടാവിനെ കള്ളന്‍ എന്നു വിളിക്കരുതല്ലൊ) പ്രചോദനം നല്‍കുന്നു.

ശുഭം
Join WhatsApp News
വിദ്യാധരൻ 2017-10-09 14:00:45

പണം ഇല്ലേൽ ഇവിടെല്ലാം
പിണമാണെന്നറിയില്ലേ?
ഗുണമുള്ള കവിതകൾ ശത-
ഗണം ഉണ്ടായാലും
'മണി'യില്ലേൽ അവയെല്ലാം
ക്ഷണികമെന്നോർത്തിടേണം
കാവ്യകവനം നിറുത്തീട്ട്
തേവിടിശ്ശിയായി മാറിയാലുടൻ
കാശുവന്നുകേറും
കീശവീർത്തു വലുതാകും
കണങ്കാലിൽ രണ്ടു നല്ല
കനകച്ചിലങ്കയിട്ട്
അണിഞ്ഞൊരുങ്ങി നിന്നാൽ
പണവുയമായി എത്തും നാട്ടിൽ
ധനവാന്മാർ നിന്നെ വാങ്ങാൻ
പൊന്നുപോലെ നോക്കുമവർ
നിന്നെ താഴെവച്ചിടാതെ
അവർക്കു വേണ്ടൊതൊന്നുമാത്രം
അവാർഡുകൾ പൊന്നാടകൾ
അതിനായി അവർ വാരി
വിതറിടും പണംമേറെ
കൊണ്ടുവരും നിന്നെയവർ
തണ്ടിലേറ്റി അമേരിക്കയിൽ
എഴുന്നെള്ളിക്കും നിന്നെയവർ
അഴകോടെ 'ആന'പ്പുറമേറ്റി
കരുതിടും വെപ്പാട്ടിയെപ്പോൽ
കരത്തിലേറ്റി നടന്നീടും
അവർക്കു വേണ്ടൊതൊന്നുമാത്രം
അവാർഡുകൾ പൊന്നാടകൾ
അതിനായി അവർ വാരി
വിതറിടും പണംമേറെ

(മണി- പണം, മണിയടി
ആന -ഫൊക്കാന, ലാന )

വായനക്കാരൻ 2017-10-09 15:57:08

പരോക്ഷമായി സാഹിത്യലോകത്തിലെ ചില ദുഷിച്ച പ്രവണതകളെ എടുത്തുകാട്ടുന്നതിൽ വിദഗ്ദ്ധരരാണ് സുധീർ പണിക്കവീട്ടിലും വിദ്യാധരനും. ബുദ്ധിയുള്ള എഴുത്തകാരും സംഘടനകളും ശ്രദ്ധിച്ചാൽ അമേരിക്കയിലെ തരികിട മലയാള സാഹിത്യത്തെ നേർവഴിക്ക് നയിക്കാൻ സാധിക്കും.  അമേരിക്കൻ സാഹിത്യത്തിന്റെ നിലനിൽപ്പ്തന്നെ ഒരു വക ജാടയിലാണെന്ന് അറിയാൻ വയ്യാത്തവർ ആരാണ് ഉള്ളത്? ആത്മാർത്ഥതയുള്ളവരുണ്ടെങ്കിലും അവർക്കൊന്നും നിലനിൽപ്പില്ല . ജാടയും പൊന്നാടയും ഫലകവും കൊണ്ട് അമേരിക്കയിൽ സാഹിത്യം ശ്വാസംമുട്ടി മരിക്കാൻ അധികം സമയം വേണ്ട.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക