Image

അഭിനന്ദനങ്ങള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ Published on 09 October, 2017
അഭിനന്ദനങ്ങള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
ഇമലയാളിയുടെ 2016-ലെ അവാര്‍ഡിനര്‍ഹരായ എല്ലാ എഴുത്തുകാര്‍ക്കും എന്റെ വ്യക്തിപരമായും, ഇമലയാളി എഴുത്തുകാരുടെ പേരിലും വായനക്കാരുടെ പേരിലും അഭിനന്ദനങ്ങള്‍!
     അവാര്‍ഡ് എന്ന് പറഞ്ഞാല്‍, പണം മുടക്കാതെയോ, ഏതെങ്കിലും വ്യക്തിപരമായ സ്വാധീനംകൊണ്ടോ ലഭിയ്ക്കാതെ തന്റെ കഴിവിനെ വിലയിരുത്തി ലഭിയ്ക്കുന്ന, ഇമലയാളീ അവാര്‍ഡുപോലുള്ള, അവാര്‍ഡുകള്‍  ഒരു എഴുത്തുകാരന് അല്ലെങ്കില്‍ കലാകാരന്   വിലമതിയ്ക്കാനാകാത്ത ഒരു അംഗീകാരം തന്നെ. ഒരു എഴുത്തുകാരനെ അല്ലെങ്കില്‍ എഴുത്തുകാരിയെ വാദ്യഘോഷങ്ങളോ, ശബ്ദസ്രോദസ്സുകളോ ഉപയോഗിച്ച് പരസ്യപ്പെടുത്താതെതന്നെ വാക്‌ദേവത ജന്മസിദ്ധമായി കനിഞ്ഞരുളിയ പാണ്ഡിത്യത്താല്‍ നമ്മുടെ ഇടയില്‍ സുപരിചിതനായ ഒരാളാണ് ശ്രീ തൊടുപുഴ കെ ശങ്കര്‍. അദ്ദേഹത്തിന്റെ എഴുത്തിന്റെ, പ്രത്യേകിച്ചും കവിതയുടെ തനതായ ശൈലിയിലൂടെ തന്നെയാണ് നമ്മുടെ ശ്രദ്ധ അദ്ദേഹം സ്വായത്തമാക്കിയത്. കവിത എഴുതുന്ന ഒരുപാട് പേരുണ്ട്. അവരിലധികവും സ്‌നേഹം, ദുഃഖം, നഷ്ടബോധം, വേര്‍പിരിയല്‍ എന്നീ മനോവികാരങ്ങളെ കോര്‍ത്തിണക്കിയാണ് കവിതയ്ക്കു രൂപം നല്‍കുന്നത്. അതിനാല്‍ എഴുതുന്ന ആളിന്റെ മനോവികാരത്തെ ഉള്‍കൊണ്ട ആ കവിത രസിയ്ക്കാന്‍ പലപ്പോഴും വായനക്കാരന് കഴിഞ്ഞെന്നിരിയ്ക്കില്ല. എന്നാല്‍ ശ്രീ ശങ്കര്‍ തന്റെ ചുറ്റുപാടിലും, നമുക്കെല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന പശ്ചാത്തലത്തില്‍ നിന്നും വിഷയങ്ങളെ ഒപ്പിയെടുത്ത് ഉചിതമായ വാക്കുകള്‍ കോര്‍ത്തിണക്കി രസികന്‍ ഒരു വിഭവമാക്കി വായനക്കാരന് തരുന്നു. ഇവിടെയും ഒതുങ്ങി നില്‍ക്കുന്നില്ല അദ്ദേഹത്തിന്റെ കവിതയുടെ അനുപമത്വം. ഓരോ കവിതയുടെയും, അതിന്റെ പശ്ചാത്തലം ഏതായിരുന്നാലും അതിലൂടെ വായനക്കാരന് ചിന്തിയ്ക്കാന്‍ ഒരു ഗുണപാഠം, കടഞ്ഞെടുത്ത നറുവെണ്ണപോലെ നല്‍കാന്‍ കഴിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീ ശങ്കറിന്റെ കവിതകളുടെ ലാളിത്യവും, മധുരവും നുണഞ്ഞറിഞ്ഞ പ്രശസ്ഥ ഗാനരചയിതാവും, എഴുത്തുകാരനുമായ ശ്രീ ചുനക്കര രാമന്‍കുട്ടി ശ്രീ ശങ്കറിന്റെ 'നവനീതം' എന്ന കവിത സമാഹാരത്തിന്റെ അവതാരികയില്‍  ഇങ്ങനെ അഭിപ്രായപ്പെട്ടു 'ശങ്കര്‍ കവിതകള്‍ ഇളനീരുപോലെ മധുരമുള്ളതാണ്, ഔഷധഗുണവും'

      അദ്ദേഹത്തിന്റെ കാവ്യജീവിതത്തില്‍ ഉറ്റുനോക്കിയാല്‍ പ്രശസ്തിയുടെ പടികള്‍ ചവിട്ടിക്കയറിയപ്പോള്‍, ആ പ്രശസ്തിയിലൊന്നും മനസ്സ് തങ്ങാതെ, ശരീരത്തിന് പഞ്ചേന്ത്രിയങ്ങള്‍ പോലെ ഓരോ മനുഷ്യനും വായിച്ചിരിയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്ന അമ്പതില്‍ പരം കവിതകള്‍ ഉള്‍പ്പെടുത്തിയ എട്ടു കവിതാസമാഹാരങ്ങളാണ് അദ്ദേഹം കവിതാപ്രേമികള്‍ക്കായി സംഭാവന ചെയ്തിരിയ്ക്കുന്നത്. ഈ കവിത സമഹാരങ്ങളില്‍ ഒന്ന് ഇംഗ്ലീഷ് ഭാഷയില്‍ ഉള്ളതാണെന്നുള്ളത് അദ്ദേഹത്തിന്റെ ഭാഷാ പാണ്ഡിത്യം മാതൃഭാഷയായ മലയാളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല എന്നതിനൊരു തെളിവാണ്. 'ദി മില്‍ക്കി വേ', 'ആദ്യാക്ഷരങ്ങള്‍', 'കവിയും വസന്തവും' 'അമ്മയും ഞാനും' ശിലയും മൂര്‍ത്തിയും' 'നവനീതം', 'പഞ്ചാമൃതം', 'ചക്രങ്ങള്‍' എന്നിവയാണ് ആ കവിതാസമാഹാരങ്ങള്‍. അദ്ദേഹത്തിന്റെ കവിതയോടുള്ള അഭിനിവേശം ഇനിയും അവസാനിച്ചിട്ടില്ല. വിദൂരഭാവിയിലല്ലാതെ അദ്ദേഹത്തതിന്റെ കവിതാ സമാഹാരങ്ങളാകുന്ന മുത്തുകള്‍ ഇനിയും നിരവധി അടര്‍ന്നു വീഴും എന്ന വാഗ്ദാനമാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിയ്ക്കുന്ന 'കൈകളെ നന്ദി', 'എവിടെ പ്രഭുവെ നീ', 'പാരിജാതം' 'ശിലയും മൂര്‍ത്തിയും' എന്നീ കാവ്യ സമാഹാരങ്ങള്‍. 

      അദ്ദേഹത്തിന്റെ അറിവിനെ കുറിച്ച് ഒറ്റ വാചകത്തില്‍  പറയുകയാണെങ്കില്‍ 'ആനയ്ക്ക് തന്റെ വലുപ്പത്തെക്കുറിച്ചറിയില്ല' എന്നതാണ്. ഒരു സമുദ്രം പോലെ പരന്നു കിടക്കുന്ന തുടര്‍ച്ചയായ വായനയിലൂടെയും, ജീവിതാനുഭവങ്ങളിലൂടെയും അദ്ദേഹം സ്വായത്തമാക്കിയ ആത്മീയവും അദ്ധ്യാത്മികവുമായ അറിവ് വളരെ ആഴമേറുന്നതാണ്. അതിനാല്‍ എഴുതുവാനുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യം  കവിതകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ല. മലയാളത്തിലും ഇംഗ്ലീഷിലുമായി, കേരളത്തിലും മുംബൈയിലും വിദേശങ്ങളിലും നിരവധി പ്രിന്റു മാധ്യമങ്ങളിലും ഗ്ലോബല്‍ മാധ്യമങ്ങളിലും പ്രസിദ്ധീകരിയ്ക്കപ്പെട്ട നിരവധി ലേഖനങ്ങളും കഥകളും അദ്ദേഹത്തിനാവകാശപ്പെടാനുണ്ട്.

      സ്‌കൂള്‍ ജീവിതത്തില്‍ തന്നെ തന്നില്‍ കുരുത്ത കഥയും, കവിതയും ലേഖനങ്ങളും, എഴുതുവാനുള്ള അഭിനിവേശം ആ ചെറു പ്രായത്തില്‍ തന്നെ സ്‌കൂള്‍ തലത്തിലും സംസ്ഥാന തലത്തിലും അംഗീകാരങ്ങള്‍ അദ്ദേഹത്തിനെ തേടി വന്നു. ഈ അഭിനിവേശം ഈ പ്രായത്തിനിടയില്‍ 500ല്‍ പരം മലയാള കവിതകള്‍ക്കും, 300ല്‍പരം ഇംഗ്ലീഷ് കവിതകള്‍ക്കും, 300ല്‍ പരം ഭക്തി ഗാനങ്ങള്‍ക്കും, 'ഗംഗാപ്രവാഹം', 'എന്റെ ഇടയന്‍', 'അമ്മേ അയ്യങ്കാവിലമ്മേ' പോലുള്ള അദ്ദേഹത്തിന്റെ കവിതകള്‍ക്ക് ഈണം നല്‍കി ജീവന്‍ കൊടുക്കപ്പെട്ട 5 മ്യുസിക് ആല്‍ബങ്ങള്‍ക്കും ജന്മം നല്‍കാന്‍ അദ്ദേഹത്തിന് പ്രേരണയായി. കൂടാതെ അദ്ദേഹത്തിന്റെ ഭക്തി ഗാനങ്ങളില്‍ പലതും, അതായത് ശ്രീ നാരായണ ഗുരുവിനെക്കുറിച്ചുള്ളതും, മദര്‍ തെരേസ്സയെക്കുറിച്ചുള്ളതുമായ പല കാവ്യങ്ങളും ശ്രീ ഉണ്ണിമേനോനെപ്പോലുള്ള പല പ്രശസ്ത ഗായകരും പാടി മ്യുസിക് ആല്ബമായി രൂപപ്പെടുത്തിയിട്ടുണ്ട്. 

        അദ്ദേഹത്തിന്റെ പ്രശസ്ഥിയുടെ കിരീടത്തിലെ, ഒരു സാധാരണക്കാരനെ കുളിരുകോരിയ്ക്കുന്ന അനുഭവമായ  മറ്റൊരു രത്‌നമാണ് ഗാനഗന്ധര്‍വന്‍ ശ്രീ കെ.ജെ യേശുദാസന്റെ  പിറന്നാളിനായി ഏഷ്യാനെറ്റ് ഒരുക്കിയ വേദിയില്‍ അദ്ദേഹത്തിനായി ശ്രീ ശങ്കര്‍ എഴുതിയ 24 വരികള്‍ അടങ്ങിയ കാവ്യം രസിച്ച് അദ്ദേഹത്തിന്റെ ദിവ്യമായ ശബ്ദത്തില്‍, സമുദ്രം പോലെ തടിച്ചു കൂടിയ സദസ്സിനു മുമ്പാകെ ശ്രീ കെ ജെ യേശുദാസ് ആലപിച്ചു എന്നത്.

        ശ്രീ ശങ്കറിന്റെ ജീവിതത്തില്‍ പ്രസക്തിയുടെ കുമ്പാരത്തില്‍ വെട്ടിത്തിളങ്ങുന്ന രണ്ടു നക്ഷത്രങ്ങളാണ് എം.എ.എ.എം (MAAM) അദ്ദേഹത്തിന്റെ 'കൈക്കോട്ട് ഭക്തി' (കവിയും വസന്തവും എന്ന കവിതാസമാഹാരത്തില്‍ നിന്ന്) എന്ന കവിതയ്ക്ക് അദ്ദേഹത്തിന്  നല്‍കിയ അവാര്‍ഡും,  ഇമലയാളി 2016ല്‍ ഏറ്റവും നല്ല കവി എന്ന നിലയില്‍ നല്‍കിയ അവാര്‍ഡും.

       അതും കൂടാതെ ശ്രീ തൊടുപുഴ ശങ്കറിന്റെ എഴുത്തുകാരന്‍ എന്ന ജീവിതത്തില്‍ അഭിമാനിയ്ക്കാനായുള്ള മറ്റൊരു അവസരമാണ് ന്യുയോര്‍ക്ക് മലയാള സമാജം എല്ലാ വര്‍ഷവും നടത്തുന്ന വിചാരവേദിയില്‍ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട  കവിതകളിലൂടെ രസകരമായ വാക്കുകളില്‍ പൊതിഞ്ഞു സാധാരണ മനുഷ്യന്മാര്‍ക്കായി അദ്ദേഹം കൈമാറിയ ഗുണപാഠങ്ങളെപ്പറ്റി പ്രശസ്ഥ സാഹിത്യകാരനായ ശ്രീ വാസുദേവ് പുളിക്കലും, മറ്റ്  പല പ്രശസ്ഥരായ എഴുത്തുകാരും ചേര്‍ന്ന്  വിശകലം  നടത്തുകയും ആ വാര്‍ത്ത ഇമലയാളി പോലുള്ള പ്രധാന ഗ്ലോബല്‍ മാധ്യമങ്ങളിലൂടെ   വായനക്കാരില്‍ എത്തുകയും ചെയ്തു എന്നതാണ്.

      ഒരു എഴുത്തുകാരന്‍ എന്നത് മാറ്റി നിര്‍ത്തി ഒരു നല്ല വ്യക്തി എന്ന നിലയിലും അദ്ദേഹത്തെ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. ഏതു മതത്തില്‍ പിറന്നു വീണാലും ആ മതത്തിന്റെ വിശ്വാസങ്ങളില്‍ അടിയുറച്ച് അത് തന്റെ വരും തലമുറയ്ക്ക് കൈമാറുക എന്നത് ഓരോ മനുഷ്യന്റെയും കര്‍ത്തവ്യമാണ്. ഒരു ബ്രാഹ്മണ കുലജാതനായ ഇദ്ദേഹത്തിന്  ഈ കര്‍ത്തവ്യത്തോട് പൂര്‍ണ്ണമായ കുറുപുലര്‍ത്താന്‍   കഴിഞ്ഞിട്ടുണ്ട്. നിഷ്‌കാമ ഭക്തിയുടെ തനി സ്വരൂപമാണിദ്ദേഹം. ആത്മികവും, ലൗകികവുമായ ജീവിതത്തെ ഒരു തുലാസ് പോലെ തന്റെ ജീവിത യാത്രയില്‍ കൊണ്ടുപോകാന്‍ കഴിയുന്നുവെന്നാതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. ഓരോ മനുഷ്യനും തന്റെ ചുറ്റിലുമില്ലാവരെ അവരുടെ പോരായ്മകളിലൂടെ തിരിച്ചറിയുന്നുവെങ്കില്‍, അവരെ അവരിലെ നന്മകളിലൂടെ തിരിച്ചറിയാന്‍ ഇദ്ദേഹത്തിന് കഴിയുന്നു. ഇദ്ദേഹത്തിലെ വ്യക്തിയെക്കുറിച്ചും, എഴുത്തുകാരനെക്കുറിച്ചും   എഴുതുവാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ അവശേഷിയ്ക്കുന്നു എന്ന തോന്നലോടെത്തനെ ഇമലയാളി വായനക്കാര്‍ക്കും, എഴുത്തുകാര്‍ക്കും ശ്രീ തൊടുപുഴ ശങ്കറിനെ പരിചയപ്പെടുത്താന്‍ ലഭിച്ച ഈ സുവര്‍ണ്ണാവസരം അദ്ദേഹത്തിനുള്ള ഒരു ഗുരുദക്ഷിണയായി ഞാനിവിടെ സമര്‍പ്പിച്ചുകൊള്ളട്ടെ.      
അഭിനന്ദനങ്ങള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
Join WhatsApp News
P.R.G. 2017-10-09 08:30:55

ശ്രീ ശങ്കർ സാറിന്റെ തൂലികയിൽ നിന്നും വരുന്ന എല്ലാ കവിതകൾക്കും ഒരു പ്രത്യേക മനോഹാരിത തന്നെ ഉണ്ട്.  സാറിന് ഈ അവസരത്തിൽ അഭിനന്ദനങ്ങൾ നേരുന്നു.  ഈമലയാളി നൽകുന്ന അവാർഡുകൾ എല്ലാ എഴുത്തുകാർക്കും പ്രോത്സാഹനജനകം ആണ്.  നല്ല നല്ല കൃതികളുംആയി കൂടുതൽ എഴുത്തുകാർ വരട്ടെ..

ഇമലയാളിക്കും അഭിനന്ദനം.


ശ്രീമതി ജ്യോതിലക്ഷ്മിക്ക് ശ്രീ ശങ്കർ സാറിനെ പരിചയപെടുത്തി ഈഅവസരം ഗുരുദക്ഷിണ ആയി സമർപ്പിക്കാൻ സാധിച്ചത് മഹാഭാഗ്യം തന്നെ.

ശ്രീമതി ജ്യോതിലക്ഷ്‌മിക്കും അഭിനന്ദനം. 

Sudhir Panikkaveetil 2017-10-09 09:01:13
ഇ മലയാളിയുടെ അവാർഡ് ജേതാക്കൾക്കും ശ്രീ തൊടുപുഴ കെ ശങ്കറിനും ഹാർദ്ദമായ ആശംസകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക