Image

ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക്‌ എങ്ങനെ കഴിയുമെന്ന്‌ സുപ്രീം കോടതി

Published on 09 October, 2017
ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക്‌ എങ്ങനെ  കഴിയുമെന്ന്‌ സുപ്രീം കോടതി

ന്യൂദല്‍ഹി: ഹാദിയ കേസില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക്‌ എങ്ങനെ കഴിയുമെന്ന്‌ സുപ്രീം കോടതി ചോദിച്ചു.

ഹേബിയസ്‌ കോര്‍പ്പസ്‌ ഹരജി പരിഗണിച്ച്‌ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക്‌ കഴിയുമോയെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.

ഹാദിയയെ തടവിലാക്കാന്‍ പിതാവിന്‌ കഴിയില്ലെന്നും വിവാഹവും എന്‍.ഐ.എ അന്വേഷണവും രണ്ടും രണ്ടാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

രണ്ടും രണ്ടും സംഭവങ്ങള്‍ തന്നെയാണ്‌. രണ്ടിലും അന്വേഷണം നടക്കട്ടെ. ഹാദിയയ്‌ക്ക്‌ പറയാനുള്ളത്‌ കോടതി കേള്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതിനിടെ ഷെഫിന്‍ ജഹാന്റെ അഭിഭാഷഖനും എന്‍.ഐ.എ അഭിഭാഷകനും തമ്മില്‍ കോടതി മുറിയില്‍ വാക്തര്‍ക്കവും ഉണ്ടായി. 

കേന്ദ്രസര്‍ക്കാരിന്റെ കയ്യിലെ പാവയാണ്‌ എന്‍.ഐ.എ എന്ന്‌ ഷെഫിന്റെ അഭിഭാഷകന്‍ ആരോപിച്ചു. എന്നാല്‍ വിവാഹവും എന്‍.ഐ.എ അന്വേഷണവും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കരുതെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി.

ഹാദിയയെ കോടതി കേള്‍ക്കണമെന്നും ഹാദിയ വരാന്‍ തയ്യാറല്ലെങ്കില്‍ ഈ കേസുമായി തങ്ങള്‍ മുന്നോട്ട്‌ പോകില്ലെന്നും ഷെഫിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഹാദിയയെ നേരില്‍ കണ്ട്‌ റിപ്പോര്‍ട്ട്‌ തയാറാക്കാന്‍ അനുവദിക്കണമെന്ന്‌ വനിതാ കമ്മിഷനും, കേരളത്തിലെ ആസൂത്രിത മതപരിവര്‍ത്തനം അന്വേഷിക്കണമെന്ന്‌ നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദുവും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

സംസ്ഥാന മനുഷ്യാവകാശകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ അടക്കം ആറുപേരാണ്‌ ഹാദിയക്കേസില്‍ കക്ഷിചേരാന്‍ സുപ്രീംകോടതിയെ സമീപിച്ചത്‌. 

ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതികളില്‍ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ്‌ വനിതാകമ്മിഷന്റെ ആവശ്യം ഹാദിയയുടെ ആരോഗ്യനില പരിശോധിക്കണം. ഡോക്ടറൊടൊപ്പം നേരില്‍ കാണാന്‍ അനുവദിക്കണമെന്നും വനിതാകമ്മിഷന്‍ അധ്യക്ഷയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കോടിതിയില്‍ നാടകീയ രംഗങ്ങളാണ്‌ അരങ്ങേറിയത്‌. എന്‍ഐഎ സര്‍ക്കാരിന്റെ കളിപ്പാവയെപോലെയാണ്‌ പെരുമാറുന്നതെന്ന്‌ ഷെഫിന്റെ അഭിഭാഷകന്‍ ദുഷ്യന്ത്‌ ദവെ പ്രസ്‌താവിച്ചു. അമിത്‌ഷായും ആദിത്യനാഥും പറയുന്ന ലൗ ജിഹാദ്‌ എന്‍ഐഎ കോടതിയിലും പറയുന്നുന്നെന്ന്‌ ദുഷ്യന്ത്‌ പറഞ്ഞയുടെനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. 

ഷെഫിന്റെ അഭിഭാഷകന്‍ രാഷ്ട്രീയം പറയുന്നെന്നാണ്‌ പ്രോസിക്യൂഷന്‍ സ്ഥാപിച്ചത്‌. എന്നാല്‍ കോടതിക്കുള്ളില്‍ രാഷ്ട്രീയം വേണ്ടെന്ന്‌ പറഞ്ഞ്‌ ചീഫ്‌ ജസ്റ്റിസ്‌ കേസ്‌ ഈ മാസം 30 ലേക്ക്‌ മാറ്റുകയായിരുന്നു.

എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ, ഷെഹിന്‍ ജഹാനുമായുളള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക്‌ അധികാരമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ്‌ സുപ്രീംകോടതി ഇന്ന്‌ പരിഗണിച്ചത്‌. എന്‍ഐഎ അന്വേഷണം വേണ്ടെന്ന നിലപാടാണ്‌ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്‌


അതേസമയം മതം മാറി വിദേശത്തേക്ക്‌ കടന്ന നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദു , കേരളം ജിഹാദി പ്രവര്‍ത്തനങ്ങളുടെ വിളനിലമാണെന്നും മതപരിവര്‍ത്തനം നടക്കുന്ന കേസുകള്‍ക്ക്‌ സമാനസ്വഭാവമുണ്ടെന്നും അടക്കം ഗുരുതരമായ ആരോപണങ്ങളാണ്‌ ഉന്നയിച്ചിരുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക