Image

"മഗ്ദലന മറിയം' കഥാപ്രസംഗം ഒക്‌ടോബര്‍ 13-ന് സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ചില്‍

Published on 10 October, 2017
"മഗ്ദലന മറിയം' കഥാപ്രസംഗം ഒക്‌ടോബര്‍ 13-ന് സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ചില്‍
2017 ഒക്‌ടോബര്‍ 13-ന് സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ച് (ഡാളസ് - ടെക്‌സാസ്) ഹാളില്‍ ഭക്തസംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ അവതരിപ്പിക്കുന്ന പെരുന്നാള്‍ പ്രോഗ്രാം.

കഥയെക്കുറിച്ച്
ബൈബിള്‍ പുതിയനിയമത്തിലെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണ് മഗ്ദലന മറിയത്തിന്റേത്. നിരവധി വാദപ്രതിവാദങ്ങള്‍ അവലോകനവിധേയമാക്കിയ ശേഷം കഥാപ്രസംഗരൂപത്തില്‍ ഒരുക്കിയെടുത്തതാണി ബൈബിള്‍ ചരിത്രാശം. കഥയും കഥാപ്രസംഗവും അവതരിപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട തത്വം ""ഔചത്യം രസസിദ്ധസ്യ - സ്ഥിരം കാവ്യസ്യജീവിതം'' എന്നതാണ്. കല ആത്മസത്തയുടെ ആവിഷ്കാരമാണ്. ഇതൊരു ചരിത്രാശമാകുമ്പോള്‍ ആത്മാവിഷ്കാരത്തിന് ശോഷിപ്പ് അനുഭവപ്പെടും.

മഗ്ദലന മറിയത്തിന്റെ കുടുംബബന്ധങ്ങളും ചരിത്രവും നാളിതുവരെ കൃത്യതയോടെ ആരും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ പുതിയ നിയമം പതിനാലിടങ്ങളില്‍ ഇവളെ പരാമര്‍ശിക്കുന്നു. ആധുനിക എഴുത്തുകാര്‍ ഇവളെ മിസ്റ്റിരിയസ് മറിയം എന്ന് വിശേഷിപ്പിച്ചു!

തകര്‍ന്നുപോകേണ്ടതായിരുന്നു ആ ജീവിതം. എന്നാല്‍ അവളുടെ ജീവിതത്തിന്റെ, കണ്ണീരിന്റെ കണക്ക് പുസ്തകത്തില്‍ നസ്രത്തിലെ യേശു ലാഭത്തിന്റെ അക്കങ്ങള്‍ ചേര്‍ത്തുവെച്ചു. വാടികൊഴിയേണ്ട ജീവിതത്തിന് പൂമരം പോലത്തെ ജന്മം നല്‍കി. ചിന്താശേഷി ചിതലെടുക്കാത്ത മനുഷ്യനെ നിരന്തരം വിസ്മയിപ്പിക്കുന്ന - ""നസ്രത്തിലെ യേശുവിന്റെ അപൗരുഷേയ വ്യക്തിത്വ''ത്തിലേക്ക് അവള്‍ നടന്നടുത്തു. അതുകൊണ്ട് അവളുടെ ജീവിതം അരക്ഷിതരുടെ കൂട്ടങ്ങള്‍ക്ക് ഇന്നും ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു.

പുരുഷനോ, സ്ത്രീയോ ആകട്ടെ, സുബോധമെന്നാല്‍ അനിയന്ത്രിത കാമനകളുടെ നിയന്ത്രണമാകുന്നുവല്ലോ. ഭോഗപരതയുടെ നീരാളി പിടുത്തത്തില്‍ നിന്ന്, മനുഷ്യന്‍ ശരീരത്തിലേക്ക് മാത്രം ഒതുങ്ങുന്ന - ജീവിതത്തിന്റെ രസതന്ത്രം മാറ്റിയെഴുതുകയെന്നല്ലെ!- സുബോധം കൊണ്ട് സാധിക്കേണ്ടത്. ബൈബിള്‍ പുതിയനിയമവായനക്കാരെ - ഈ വിധത്തില്‍ ഇരുത്തി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു - മഗ്ദലന മറിയം. ഹൃദ്യമായ ഗാനശകലങ്ങള്‍ കലര്‍ത്തി രൂപപ്പെടുത്തി മോടി കൂട്ടിയ, ഈ കഥാപ്രസംഗം - നിങ്ങളെ തീര്‍ച്ചയായും മറ്റൊരു ചിന്താസരണിയിലേക്ക് ആനയിക്കും. സ്‌നേഹപൂര്‍വ്വം ഏവര്‍ക്കും സ്വാഗതം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക