Image

ശ്രീ ജോണ്‍ മാത്യു ഹൂസ്റ്റന്റെ 'ഭൂമിയ്ക്കു മേലൊരു മുദ്ര' അവലോകനം (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍ Published on 11 October, 2017
ശ്രീ ജോണ്‍ മാത്യു ഹൂസ്റ്റന്റെ 'ഭൂമിയ്ക്കു മേലൊരു മുദ്ര' അവലോകനം (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)
ഈ വര്‍ഷം അമേരിയ്ക്കന്‍ മലയാളി സര്‍ഗ്ഗധനരായ നാലു പേരുടെ പുസ്തകങ്ങള്‍ വായിയ്ക്കാനുണ്ടായ ഭാഗ്യമെനിയ്ക്കുണ്ടായി. സാംസികൊടുമണ്ണിന്റെ 'പ്രവാസികളുടെ ഒന്നാം പുസ്തകം', ജെ.മാത്യൂസാറിന്റെ 'ദര്‍പ്പണം', ജോര്‍ജ് നെടുവേലിയുടെ 'ഡാന്യൂബിന്റെ നാട്ടില്‍', പിറന്ന മാത്യു ജോണ്‍ ഹൂസ്റ്റന്റെ 'ഭൂമിയ്ക്കു മേലൊരു മുദ്ര'.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രീ.ജോണ്‍ മാത്യു ഹൂസ്റ്റന്റെ കോളമെഴുത്തിയ പ്രധാന വിഷയങ്ങളിലൊന്ന് മനുഷ്യന്റെ യാത്രയായിരുന്നു. ആ യാത്ര തുടങ്ങിയിട്ടു കാലങ്ങളായി. അതു ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു, പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പു മുതല്‍ തീറ്റയും, വെള്ളവും, പാര്‍പ്പിടവും തേടി.

ആധുനിക കാലത്തും ഇതിന്റെ പരിഷ്‌കൃതമായ ഒരു തുടര്‍ച്ച അനുസ്യൂതമായി തുടര്‍ന്നു കൊണ്ടേയിരിക്കയാണ്. അതായതു ചരിത്രത്തിന്റെ ഒരു സുപ്രധാന ഘട്ടത്തില്‍ അവിചാരിതമായി തക്കതായ സാഹചര്യം വന്നുപ്പെട്ടതു കൊണ്ടു മലയാള നാട്ടില്‍ നിന്നും അമേരിയ്ക്കയിലേക്കും ഒരു കുടിയേറ്റം നടന്നു. ചരിത്രത്തില്‍ മറ്റൊരു ജനയാത്ര. അതേ യാത്ര തന്നെയാണു ഈ ആഖ്യായികയുടേയും പ്രമേയവും. മനുഷ്യന്റെ അനന്തമായുള്ള ഒരു യാത്ര. അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പു പേടി സ്വപ്‌നങ്ങളുമായി, സുരക്ഷിതമായി എങ്ങനെയും ജീവിയ്ക്കുക എന്ന ഒരേ ഒരാഗ്രവും മനസ്സില്‍ പേറി, യൂറോപ്പില്‍ നിന്നും ഇറങ്ങിപ്പുറപ്പെട്ട ഇരട്ടക്കുട്ടികള്‍. ബൈബിളിലെ അബ്രഹാമിന്റെ യാത്രയുടെ ഓര്‍മ്മപ്പെടുത്തലുമായി ഓനാപ്പിയെന്ന എട്ടുവയസുകാരന്റെ യാത്രയും, ശുഭപ്രതീക്ഷയും. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏതൊരു മലയാളി ചെറുപ്പക്കാരനേയും പോലെ ടോമിയുടെ യാത്ര, പിന്നീട് ഡിട്രോയിറ്റില്‍ നിന്നും മറ്റൊരു എട്ടു വയസുകാരന്റെ യാത്രയും. അവസാനം ടോമിയുടെ സ്വന്തം നാട്ടില്‍പോലും അന്യദേശക്കാര്‍ കുടിയേറുന്നതോടുകൂടി നോവല്‍ അവസാനിയ്ക്കുന്നു. ഇതൊരു വശം. ഇതിനിടെ ഒരു പ്രണയം. ഒളിഞ്ഞിരിക്കുന്ന പോലെ, അതോടൊപ്പം ഒരു ജോണ്‍ മാത്യുവും ഈ കഥയില്‍ ഒളിഞ്ഞിരിക്കുന്ന പോലെ. ഏതൊരു കഥയ്ക്കും ഒരു പ്രണയമുണ്ടല്ലോ?
ജോണ്‍ മാത്യുവിന്റെ സമശീര്‍ഷനായ ശ്രീ.ചെറുമംഗലം രാധാകൃഷ്ണന്‍ ഈ നോവലിന്റെ അവതാരികയില്‍ ഇങ്ങനെയെഴുതി. സംഗീതസംവിധായകന്‍ ദേവരാജന്‍ മാസ്റ്ററുടെ അഭിപ്രായം ശ്രദ്ധേയമാണ്: 'എന്റെ ട്യൂണുകള്‍ നല്ലതാകാം, മോശമാകാം. പക്ഷെ, ആ ട്യൂണുകള്‍ എന്റേതു മാത്രമായിരിയ്ക്കണമെന്ന കാര്യത്തില്‍ എനിയ്ക്കു നിര്‍ബന്ധമുണ്ട്'. ഇവിടെ ജോണ്‍ മാത്യുവിന്റെ തന്നെ 'ട്യൂണ്‍' അല്ലെങ്കില്‍ കയ്യൊപ്പ് ഒളിഞ്ഞും തെളിഞ്ഞും കാണുന്നു.

അനേകം കഥകളും, അതിലധികം ലേഖനങ്ങളും, പിന്നെ ഇപ്പോള്‍ ഈ ആഖ്യായികയും എഴുതിയപ്പോഴെല്ലാം ജോണ്‍ സാറിന്റെ മനസ്സില്‍ ഉണ്ടായിരുന്നതും ഇതേ ചിന്തയായിരിക്കാം. എഴുത്തിലെല്ലാം സ്വന്തം അനുഭവങ്ങളുടെ മുദ്രയുണ്ടായിരിക്കണം, അതു കഥയായാലും, ലേഖനമായാലും, അതു നല്ലതാവട്ടെ, മോശമാവട്ടെ, വായനക്കാരുണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ. ഇതാണ് ജോണ്‍ മാത്യു ഹൂസ്റ്റന്റെ ഒരു ശൈലി.

ഒരു എഴുത്തുകാരനും ഒറ്റപ്പെട്ട ഒരു ജീവിയല്ല. അവന്‍ പ്രചോദനമുള്‍ക്കൊള്ളുന്നതു അനുഭവത്തില്‍ നിന്നോ വായിച്ചറിഞ്ഞതില്‍ നിന്നോ ആയിരിക്കും. എന്നാല്‍ ഒരാള്‍ നേരെ കയറിയങ്ങ് അനുകരിച്ചാലോ? അല്ലെങ്കില്‍ പലര്‍ക്കും അറിയാത്തതു താനെന്തോ പുതുതായി കണ്ടെത്തിയതെന്ന ഭാവേന പ്രദര്‍ശിപ്പിക്കുന്നതോ ഒരിയ്ക്കലും സ്വീകാര്യമല്ല മലയാളത്തിലെ 'ആധുനികത' പോലെ! സ്വന്തമായ ഒരു ജീവിതം ചിത്രീകരിക്കുന്നിടത്ത് അനുകരണത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലല്ലോ? അതേസമയം പാശ്ചാത്യദേശത്തുനിന്നും കിട്ടിയതു അല്ലെങ്കില്‍ പറഞ്ഞു കേട്ടതു എഴുതി പിടിപ്പിക്കുമ്പോള്‍ അതു ചോദ്യം ചെയ്യേണ്ടതായി വരുന്നു. അതുകൊണ്ടാണു മലയാളത്തിലെ ചില പ്രശസ്ത കൃതികള്‍ക്കെതിരെ ആരോപണമുണ്ടായിട്ടും പ്രതിരോധിയ്ക്കാന്‍ ആ എഴുത്തുകാര്‍ മുമ്പോട്ടു വരാതിരുന്നത്. ഏതോ ചില തത്വചിന്തകളുടെ ഭാരം മുഴുവന്‍ തങ്ങളുടെ തോളിലാണെന്ന ചിന്ത പോലെ എഴുത്തുകാര്‍ നീങ്ങുന്നതാണു ചോദ്യം ചെയ്യപ്പെടേണ്ടത്. കേശവദേവോ, വൈക്കം മുഹമ്മദ് ബഷീറോ സമൂഹത്തിന്റെയും ഗ്രാമീണരുടേയും കഥ പറഞ്ഞപ്പോള്‍ ഇങ്ങനെയൊരാരോപണം ഉണ്ടായതായി അറിയില്ല. എന്തിന്, ലോകമെമ്പാടും സഞ്ചരിച്ച എസ്.കെ.പൊറ്റക്കാടിനും ഇങ്ങനെയൊരാരോപണം ഉണ്ടായതായി കേട്ടിട്ടില്ല. ഈയവസരത്തിലാണു ഈ ചര്‍ച്ചയിലേക്കു ഒ.വി.വിജയനും അദ്ദേഹത്തിന്റെ ഖസാക്കിന്റെ ഇതിഹാസവും കടന്നു വരുന്നത്. അദ്ദേഹത്തിന്റെ എഴുത്ത് മൗലീകമാണെന്നും പറയുമ്പോള്‍ തന്നെ യുദ്ധാനന്തര അമേരിക്കയിലെ യുവമനസ് ഒപ്പിയെടുത്തു സൃഷ്ടിക്കപ്പെട്ട 'ക്യാച്ചര്‍ ഇന്‍ ദ റൈ' യുടെ സ്വാധീനം തുറന്നു പറയാന്‍ ഒരു മടിയുമില്ലായിരുന്നു എന്നു കേട്ടിട്ടുണ്ട്. സമ്പത്തു കുമിഞ്ഞു കൂടിയതിന്റെ പാശ്ചാത്യ പ്രതിഷേധമായ 'ഹിപ്പി' രീതികള്‍ മാറ്റി നിര്‍ത്തിക്കൊണ്ട് മുമ്പോട്ടു നീങ്ങാന്‍ കഴിയാത്ത കേരളീയ 'വ്യക്തി' യിലേക്കാണു അറുപതുകളിലെ വിജയനുള്‍പ്പെടെയുള്ള നമ്മുടെ ചില എഴുത്തുകാരെങ്കിലും തിരിഞ്ഞത്.

ഇനിയും ചര്‍ച്ചാവിഷയമായ ആഖ്യായിലേക്കും മടങ്ങി വരാം. മദ്ധ്യതിരുവിതാംകൂറിന്റെ നവോത്ഥാന ക്രൈസ്തവത എങ്ങനെയാണു മറയ്ക്കപ്പെട്ടത്? ആ പശ്ചാത്തലത്തില്‍ അധികം കൃതികളൊന്നും ഉണ്ടായിട്ടില്ല. തോടുകളും, പാടങ്ങളും, ഏറെ ഉയരമില്ലാത്ത കുന്നുകളും നിറഞ്ഞ മദ്ധ്യതിരുവിതാംകൂര്‍ മനോഹരമാണ്. ധനു മകര മാസങ്ങളോടെ വിളവെടുപ്പു കഴിയുമ്പോള്‍ സമൂഹം മഞ്ഞുരുകയായി. തെളിഞ്ഞ ആകാശം, വരണ്ട കാറ്റ്, എല്ലാ മതവിഭാഗങ്ങള്‍ക്കും, ഉത്സവം. പ്രത്യേകിച്ചു നവോത്ഥാനത്തിന്റെ പ്രതീകമായ 'ഉണര്‍വ്' യോഗങ്ങള്‍. ഉണര്‍വ്വ് ആന്തരീകമായും, ഭൗതീകമായും. നല്ല വിളവു നേടിയതിന്റെ നന്ദി പ്രകടനം. ഇതെന്തേ സാഹിത്യലോകത്തിന്റെ, കലാലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാതിരുന്നത്? ഈ സംവിധാനത്തിന്റെ  നോവലിലെ സൂത്രധാരനാണു 'മാത്തുണ്ണിയപ്പച്ചന്‍' .

നവോത്ഥാനം, നവീകരണം തുടങ്ങിയ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കേണ്ടതാണ്. ചില വിഭാഗങ്ങള്‍ ഇന്നും കരുതുന്നത് തങ്ങളുടെ പാരമ്പര്യങ്ങളുടെ മേല്‍, കത്തിവച്ചവയാണു നവീകരണമെന്നതുതന്നെ. ഒരു ജന്മഭാഷയായി നിലനിന്ന മലയാളത്തെ ജനങ്ങളിലേക്കടുപ്പിച്ചതു തന്നെ ഈ നവീകരണ പ്രസ്ഥാനങ്ങളാണ്. പ്രസംഗങ്ങളില്‍ കൂടി, കഥ പറച്ചിലില്‍ കൂടി, ഗാനങ്ങളില്‍ക്കൂടി, ജനങ്ങളെ സമൂഹത്തില്‍ പങ്കാളികളാക്കി. തുടക്കത്തില്‍ ഇതൊരു ക്രൈസ്തവ ഭാഷ്യമായിരുന്നെങ്കിലും മറ്റു സമുദായങ്ങളിലേക്കും വിവിധ രീതികളില്‍ ഈ പരിവര്‍ത്തനം വളരെ വേഗം പടര്‍ന്നു പിടിച്ചു.
ഏതൊരിടപാടിലും കച്ചവടം മാത്രം മുന്നില്‍ നിര്‍ത്തുന്ന മദ്ധ്യതിരുവിതാംക്കൂറിനു വൈകാരികത അവകാശപ്പെടാന്‍ കഴിയുകയില്ലായിരുന്നു. അതായിരിക്കാം സാഹിത്യ കലാരംഗങ്ങളില്‍ ശ്രദ്ധിക്കാതെ പോയത്. സാഹിത്യത്തില്‍ മദ്ധ്യതിരുവിതാംക്കൂറിന്റെ ജോണേട്ടനേക്കാള്‍ എത്രയോ ഉയരത്തിലാണു വള്ളുവനാട്ടുകാരന്‍ മണ്യേട്ടന്‍. വില പേശി സ്ത്രീധനം കിട്ടയിട്ടു പറമ്പു വാങ്ങാന്‍ കണ്ണിലെണ്ണയൊഴിച്ചിരിക്കുന്ന ജോണേട്ടനും, മുറപ്പെണ്ണിനേയും സ്വപ്‌നം കണ്ടുകൊണ്ടിരിക്കുന്ന, മണ്യേട്ടനും ഇരു ധ്രുവങ്ങളില്‍ സഞ്ചരിക്കുന്നവര്‍.

ആധുനികതയുടേയോ, ഉത്തരാധുനികതയുടേയോ സങ്കല്‍പ്പങ്ങളിലേക്കു നോവല്‍ ഇറങ്ങിച്ചെല്ലുന്നില്ല. പക്ഷേ നവോത്ഥാനത്തില്‍ കൂടി പാരമ്പര്യങ്ങളില്‍ നിന്നും മോചിതനായ ടോമി നോഹയെന്ന കഥാപാത്രത്തില്‍, കൂടി ലിബറല്‍ ക്രൈസ്തവ ചിന്ത വളര്‍ത്തിയെടുത്ത 'ആധുനിക' സമൂഹത്തിന്റെ പശ്ചാത്തലത്തിലേക്കു ഊളിയിടുകയാണ്. എത്ര 'തത്വ'ശാസ്ത്രങ്ങള്‍ പരിചയപ്പെട്ടാലും ടോമി മലയാള രീതിയിലേക്കു വീണ്ടും മടങ്ങിയെത്തുന്നു. ആ പൊങ്ങച്ചത്തിന്റെ പ്രതീകമാണു അവസാനം 'ഗ്ലോമു' എന്ന സംഘടന. നോവലിനു ജോര്‍ച്ചയുടെ കണക്കുക്കൂട്ടലുകളും, അല്ലെങ്കില്‍ മദ്ധ്യതിരുവിതാംക്കൂറിലെ ക്രൈസ്തവ നവീകരണവും അതിനോടു ചേര്‍ന്ന പൊങ്ങച്ചങ്ങളും, നവമുതലാളിത്വവും തമ്മില്‍ കൈകോര്‍ത്തു പോവുന്നത് തികച്ചും സ്വാഭാവീകമാണ്. അതായത് ടോമി ഒരിയ്ക്കലും ആധുനികനല്ല. ടോമിയില്‍ക്കൂടി എങ്ങുമെത്താത്ത ഒരു ഉത്തരാധുനിക കഥാപാത്രത്തെ മേനി പറച്ചിലിനു വേണ്ടി സൃഷ്ടിച്ചതാണെന്നു തോന്നുന്നില്ല. ആധുനിക ജീവിത ശൈലിയിലേക്കു ഒരു പരിചയപ്പെടുത്തല്‍ നോഹയില്‍ ക്കൂടി ടോമിയ്ക്കുണ്ടായെന്നു മാത്രം.

അടിസ്ഥാനപരമായ വ്യവസായങ്ങളും അതിനോടു ചേര്‍ന്ന ഉത്പാദനവും, തൊഴിലവസരങ്ങളും കേരളത്തിലന്നില്ലായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ സേട്ടുമാര്‍ക്കു ഗുമസ്തരെ വേണം. അതിനു മത്സര പരീക്ഷകള്‍ വേണ്ടിയിരുന്നില്ല, കാലങ്ങള്‍ കാത്തിരിയ്‌ക്കേണ്ട ആവശ്യമില്ല. ഇതു അമ്പതുകളിലെ കഥ. എന്നാല്‍ മദ്ധ്യതിരുവിതാംക്കൂറില്‍ ഇതിനിടയില്‍ ആരുടെയും ശ്രദ്ധയില്‍പെടാതെ ഒരു നിശബ്ദവിപ്ലവം നടന്നുകൊണ്ടിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പു തുടങ്ങിയത്. അദ്ധ്വാനത്തില്‍ പങ്കുചേരാന്‍ ക്രൈസ്തവ സ്ത്രീകള്‍ പ്രകടിപ്പിച്ച ധൈര്യം. 'ആശാന്‍' ജോലി സ്വീകരിക്കുന്നവരുടെ ഭാര്യമാര്‍ക്കും അക്ഷരമറിഞ്ഞിരിക്കണമെന്ന മിഷനറിമാരുടെ നിബന്ധനയുണ്ടായപ്പോള്‍ പാടത്തെ പണിയ്‌ക്കൊപ്പം പെണ്‍കുട്ടികള്‍ പഠനത്തിലേക്കു ശ്രദ്ധ തിരിച്ചു. ഇവിടെ നിന്നും തുടങ്ങുന്നു സ്ത്രീവിദ്യാഭ്യാസത്തിന്റെ മുന്നേറ്റം. കഴിഞ്ഞ നൂറ്റാണ്ട് പാതി വഴിയായപ്പോഴേക്കും ഒരു തൊഴിലിനു വേണ്ടി ആഗ്രഹിക്കുന്ന അഭ്യസ്തവിദ്യരായ പെണ്‍കുട്ടികളുടെ എണ്ണം ഏറി വന്നു. ആതുരശുശ്രൂഷ രംഗത്ത് ഇവര്‍ക്കു വേണ്ടി ദേശമൊട്ടാകെ വാതിലുകള്‍ വിശാലമായി തുറന്നു കിടന്നു. അറുപതുകളില്‍ തന്നെ ഇന്ത്യയിലാകമാനമുള്ള ആശുപത്രികളിലെ നേഴ്‌സിംഗ് വിഭാഗങ്ങളുടെ മേധാവികളായി മലയാളി സ്ത്രീകള്‍ ആധിപത്യം നേടി. തുടര്‍ന്നു അമേരിക്കന്‍ സാമ്പത്തികരംഗം ഉത്തേജീപ്പിക്കാന്‍ കുടിയേറ്റ വ്യവസ്ഥിതി ഉദാരവല്‍ക്കരിക്കപ്പെട്ടപ്പോള്‍ മറ്റരോട്ട മത്സരം വേണ്ടാതെ 'എംബസിയില്‍ ചെന്നാല്‍ മതി വീസാ' എന്ന നിലയിലേക്കുവരെത്തി. അത് ഇന്നേക്ക് അന്‍പതു വര്‍ഷം മുമ്പ്. കുടിയേറ്റത്തിന്റെ ചരിത്രത്തിലധികം ഇവിടെ പ്രസസക്തമായതു അതു വരുത്തിവച്ച മാറ്റങ്ങളാണ്. ഇവിടെ ഈ ആഖ്യായികയില്‍ ശ്രീമാന്‍ ജോണ്‍ മാത്യു ഹൂസ്റ്റന്‍ ഊന്നല്‍ കൊടുക്കാന്‍ ശ്രമിച്ചതും ഇങ്ങനെയൊരു ചിന്താഗതിയ്ക്കാണ്. ഭാഷയില്‍, സാംസ്‌ക്കാരിക ജീവിതത്തില്‍, മുതലാളിത്വത്തോടുള്ള സമീപനത്തില്‍ നമ്മുടെ സമൂഹത്തില്‍ വന്നുഭവിച്ച മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. മുതലാളിത്വത്തിനധീനമായ ഒരു സോഷ്യലിസ്റ്റു മുഖം ക്കൂടി യുണൈറ്റഡ് സ്‌റ്റേറ്റിനുണ്ടെന്ന് നമ്മുടെ സമൂഹം കരുതിയിരുന്നില്ല. ഇന്നും കരുതുന്നുവോ?

ഏതു സാഹിത്യകൃതിയും കവിതയായിരിക്കണം. മറ്റ് എന്തെല്ലാം പ്രസ്ഥാനങ്ങളോടോ, സാങ്കേതികതകളോടോ താല്‍പര്യം പുലര്‍ത്തിയാലും, കാല്‍പനികതയും, നാടകീയതയും ഒഴിച്ചുക്കൂടാന്‍ പാടില്ലാത്തതാണ്. ഇവിടെ നിശബ്ദമായി മുന്നേറുന്ന ഒരു നാടന്‍ പ്രണയകഥയും കൂടി അതിന്റെ ചൂടു നഷ്ടപ്പെടാതെ, ഈ ആഖ്യായിയ്‌ക്കൊപ്പം കൊണ്ടുപോവാന്‍ കഴിഞ്ഞുവെന്നതു തന്നെ ജോണ്‍സാറിന്റെ വിജയരഹസ്യമാണ്.

അവസാനം ചില കഥാപാത്രങ്ങളെ ഒരുമിച്ചു കൊണ്ടുവരുന്നതിലുണ്ടാകാമായിരുന്ന അതിനാടകീയതയായിരുന്നു ഈ ആഖ്യായികയുടെ എഴുത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്നെനിയ്ക്കു തോന്നുന്നു.

ഈ കൃതിവായിയ്ക്കുമ്പോള്‍ മനസിലാകും ജോണ്‍സാറിന്റെ തറവാട് ഡിട്രോയിറ്റു തന്നെ എന്ന്. ആ നഗരത്തിന്റെ ഊടു വഴികളാണു അദ്ദേഹം ആദ്യമായി ഇവിടെ കണ്ടത്. ഒരു നഗരം എന്തെന്നറിയണമെങ്കില്‍ അതിന്റെ ഊടുവഴികളില്‍ കൂടെ സഞ്ചരിക്കണമെന്ന് ഈ കൃതിയിലെ ഒരു പ്രത്യേകതയാണ്.  അതുപോലെ ഒരേയിഷ്ടങ്ങള്‍ Share ചെയ്യുന്നവരുടെ community ഉം ഗ്രൂപ്പുകളും ഉണ്ടാവുന്നതുകൊണ്ടുതന്നെ Collabrete  ചെയ്യാനും അതില്‍ നിന്ന് പുതിയതരം സൃഷ്ടികളിലേക്കെത്താനും സാധിക്കാത്തതാണ്.

ലാന പോലുള്ള സാഹിത്യകൂട്ടായ്മകള്‍ക്ക് എങ്ങനെ പൊതുവായി സൈബര്‍ സ്‌പേസ് ന്റെ, പ്ലാറ്റ്‌ഫോമുകളുടെ സാധ്യതകള്‍ ഉപയോഗിക്കാമെന്നത് നമുക്ക് ചിന്തിക്കേണ്ടതാണ്. ഇന്നിവിടെ കവിതാ സെമിനാറില്‍ നാട്ടില്‍ നിന്നുള്ള കവികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തത് തന്നെ നല്ല ഒരു ഉദാഹരണമാണ്. വര്‍ഷത്തിലൊരിയ്ക്കല്‍ കാണുന്ന കൂട്ടായ്മകള്‍ക്കപ്പുറം തങ്ങളുടെ കൃതികള്‍ Share ചെയ്യാനും Review ചെയ്യാനും, ചര്‍ച്ചകള്‍ സംഘടിപ്പിക്കുവാനും ഒക്കെയുള്ള ഒരു Common Platform നെക്കുറിച്ച് ചിന്തിക്കാവുന്നതാണ്.

ആത്യന്തികമായ ലക്ഷ്യം മലയാളസാഹിത്യത്തിന്റെ ഉന്നമനം ആണെന്നിരിക്കെ ആണെഴുത്തെന്നോ പെണ്ണെഴുത്തെന്നോ, സൈബര്‍ സാഹിത്യമെന്നോ മുഖ്യധാരയെന്നോ മാറ്റമില്ലാതെ എല്ലാ ശാഖകളേയും ഏകോപിപ്പിക്കുക എന്ന ഉദ്ദ്യേശമാണ് എഴുത്തുകാര്‍ എന്ന നിലയില്‍ നമ്മളില്‍ നിക്ഷിപ്തമായിരിക്കുക. അതിനായി - ഉപയോഗിക്കാം.

കഥാപാത്രം പറയുന്നുണ്ട് ഡിട്രോയിറ്റിലെ കാസ്കോറിഡോറിനെ പറ്റി പറയുന്നതില്‍ അദ്ദേഹം വളരെയധികം വാചാലനാവുന്നുണ്ട്. അമേരിക്കയിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ, ആധുനികതയുടെ, ദാര്‍ശനികതയുടെ, കുടിയേറ്റങ്ങളുടെ പരീക്ഷണശാലയായിരുന്ന കാസ്‌കോഡിറോഡിനെ ഒരു സ്വപ്‌നത്തില്‍ കൂടെയങ്കിലും ഒരു പുതുജീവന്‍ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലേ എന്നു ഞാന്‍ സന്ദേഹിക്കുന്നു.

ശൈലിയിലും ആവിഷ്‌കാരത്തിലും മാത്രമല്ല, അദ്ധ്യായങ്ങളും, ഉപാദ്ധ്യായങ്ങളും വേര്‍തിരിക്കുന്നതില്‍ പോലും  സാര്‍ വലിയ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഒരു നോവലിസ്റ്റ് എന്നും ഭയപ്പെടുന്നതു ആഖ്യാനത്തില്‍ അധികപ്രസംഗങ്ങള്‍ നടത്തുമോ എന്നതാണ്. അതു പോലെ തന്നെ സംഭാഷണത്തിലും. ഇവിടെയെല്ലാം കഴിയുന്നിടത്തോളം കടിഞ്ഞാണിട്ടിട്ടുള്ള പോലെ തോന്നുന്നു.
പണ്ടുവന്ന ആദ്യ കുടിയേറ്റക്കാര്‍ക്കു relate ചെയ്യാന്‍ സംഗതമായ പല വിവരങ്ങളും, അനുഭവങ്ങളും ഇതില്‍ ധാരാളം കുടികൊള്ളുന്നു. അവസാനമായി എനിയ്ക്കു പറയാനുള്ളതു നിങ്ങള്‍ ഈ നോവല്‍ ഒരു ചര്‍ച്ചയ്‌ക്കെന്നപോലെ വിമര്‍ശനാത്മകമായിട്ടെങ്കിലും വായിക്കുക. നോവലിസ്റ്റിന് എല്ലാ ഭാവുകങ്ങളും!

ശ്രീ ജോണ്‍ മാത്യു ഹൂസ്റ്റന്റെ 'ഭൂമിയ്ക്കു മേലൊരു മുദ്ര' അവലോകനം (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക