Image

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം; തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ്‌

Published on 11 October, 2017
 സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം; തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ്‌


തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിക്ക്‌ റിട്ടയേര്‍ഡ്‌ ജസ്റ്റീസ്‌ ശിവരാജന്‍ കമ്മീഷന്റെ ശുപാര്‍ശ. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്‌. റിപ്പോര്‍ട്ടിന്മേല്‍ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരെ ക്രിമിനല്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യാനും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോടാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.
ജനങ്ങളെ കമ്പളിപ്പിക്കുന്നതില്‍ യുഡിഎഫ്‌ സര്‍ക്കാര്‍ കൂട്ടുനിന്നുവെന്ന്‌ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്‌. കമ്മീഷന്‍ മുന്നോട്ടുവെച്ച പത്തോളം ശുപാര്‍ശകള്‍ എടുത്തുപറഞ്ഞാണ്‌ മുഖ്യമന്ത്രി കാര്യങ്ങള്‍ വിവരിച്ചത്‌. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും സോളാര്‍ കേസില്‍ പ്രധാന ഉത്തരവാദികളാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസന്വേഷണത്തിന്‌ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിക്ക്‌ ശുപാര്‍ശയുണ്ട്‌.

ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗങ്ങളായിരുന്ന ടെനി ജോപ്പന്‍, ജിക്കുമോന്‍, ഗണ്‍മാനായിരുന്ന സലീംരാജ്‌, കുരുവിള എന്നിവര്‍ സോളാര്‍ കമ്പനിയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. ടീം സോളാറും സരിതയും അവരുടെ ഉപഭോക്താക്കളെ വഞ്ചിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തന്റെ സ്വാധീനം ഉപേയോഗിച്ച്‌ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌. 

ഉമ്മന്‍ ചാണ്ടിയും മറ്റുള്ളവരും വലിയ തോതില്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ അഴിമതി നിരോധന നിയമത്തിലെ ഏഴ്‌ 8 9 വകുപ്പുകള്‍ പ്രകാരം വിജിലന്‍സ്‌ അന്വേഷണം നടത്താനാണ്‌ സര്‍ക്കാരിന്‌ ലഭിച്ച നിയമോപദേശം. ഇതനുസരിച്ചാണ്‌ വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. നിയമാനുസൃതം ഹര്‍ജി നല്‍കിയായിരിക്കും അന്വേഷണം നടത്തുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക