Image

ടി.പി കേസ്‌ ഒത്തുതീര്‍പ്പാക്കിയതിന്‌ കിട്ടിയ പ്രതിഫലമായി കണ്ടാല്‍മതി: സോളാറില്‍പ്പെട്ട കോണ്‍ഗ്രസ്‌ നേതാക്കളോട്‌ വി.ടി ബല്‍റാം

Published on 12 October, 2017
ടി.പി കേസ്‌ ഒത്തുതീര്‍പ്പാക്കിയതിന്‌ കിട്ടിയ പ്രതിഫലമായി കണ്ടാല്‍മതി: സോളാറില്‍പ്പെട്ട കോണ്‍ഗ്രസ്‌ നേതാക്കളോട്‌ വി.ടി ബല്‍റാം


കോഴിക്കോട്‌: ടി.പി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ്‌ കൈകാര്യം ചെയ്‌തതില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ വി.ടി ബല്‍റാം എം.എല്‍.എ. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിലാണ്‌ വി.ടി ബല്‍റാമിന്റെ വിമര്‍ശനം.

ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ്‌ ഇടക്കുവെച്ച്‌ ഒത്തുതീര്‍പ്പുണ്ടാക്കിയതിന്‌ കിട്ടിയ പ്രതിഫലമായി ഇതിനെ കണ്ടാല്‍ മതിയെന്നാണ്‌ ബല്‍റാം പറയുന്നത്‌. ഇനിയെങ്കിലും അഡ്‌ജസ്റ്റ്‌മെന്റ്‌ രാഷ്ട്രീയം അവസാനിപ്പിച്ച്‌ ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ തയ്യാറാവണമെന്നും ബല്‍റാം ആവശ്യപ്പെടുന്നു.


'കോണ്‍ഗ്രസ്‌ മുക്ത്‌ ഭാരത്‌' എന്നത്‌ ദേശീയതലത്തിലെ ആര്‍.എസ്‌.എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ 'കോണ്‍ഗ്രസ്‌ മുക്ത കേരളം' എന്നതാണ്‌ ഇവിടത്തെ സി.പി.ഐ.എമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്‍ ബി.ജെ.പിയെ വിരുന്നൂട്ടി വളര്‍ത്തി സര്‍വ്വമേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ്‌ ഇന്ന്‌ കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത്‌ എന്ന്‌ തിരിച്ചറിഞ്ഞ്‌ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക്‌ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

അതേസമയം സോളാര്‍ കേസിലെ ഇപ്പോഴത്തെ നടപടികള്‍ സി.പി.ഐ.എമ്മിന്റേയും പിണറായി വിജയന്റേയും രാഷ്ട്രീയ വേട്ടയാടലാണെന്നും അദ്ദേഹം ആരോപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക