Image

കുവൈത്തില്‍ കേരള പ്രവാസി ക്ഷേമബോര്‍ഡ് അംഗത്വ കാന്പയിന്‍

Published on 12 October, 2017
കുവൈത്തില്‍ കേരള പ്രവാസി ക്ഷേമബോര്‍ഡ് അംഗത്വ കാന്പയിന്‍
 
 
കുവൈത്ത് സിറ്റി: പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്തില്‍ അംഗത്വ കാന്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത് കുമാര്‍ പറഞ്ഞു. അബാസിയ കല സെന്ററില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനു ശേഷം മികച്ച പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം 70000 ത്തിലേറെ പേര്‍ പുതിയതായി ക്ഷേമനിധിയില്‍ അംഗത്വമെടുത്തു. ക്ഷേമ പെന്‍ഷന്‍ ഏകീകരിച്ച് മിനിമം പെന്‍ഷന്‍ 2000 രൂപയാക്കി വര്‍ധിപ്പിച്ചു. പ്രവാസികള്‍ക്കായ് ഡിവിഡന്റ് പെന്‍ഷന്‍ സ്‌കീം, പ്രവാസി വില്ലേജ് തുടങ്ങിയ പദ്ധതികള്‍ പുതിയ ബോര്‍ഡ് നിലവില്‍ വന്നതിനു ശേഷം സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ബോര്‍ഡില്‍ സന്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കികൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ഓണ്‍ലൈനായി അംഗത്വമെടുക്കുന്നതിനു സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരുന്ന ഒരു വര്‍ഷം കൊണ്ട് കുവൈത്തില്‍ നിന്ന് ഒരു ലക്ഷം പേരെ അംഗത്വമെടുപ്പിക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും വിപുലമായ അംഗത്വ കാന്പയിന്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

അംഗത്വ കാന്പയിനെക്കുറിച്ചും ക്ഷേമ പദ്ധതികളെക്കുറിച്ചും വിശദീകരിക്കുന്നതിനായ് ഒക്ടോബര്‍ 14 (ശനി) വൈകുന്നേരം ഏഴിന് അബാസിയ ഓര്‍മ പ്ലാസ ഓഡിറ്റോറിയത്തില്‍ കുവൈത്തിലെ സംഘടനാ പ്രതിനിധികളുടെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. 

കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'എന്റെ കൃഷി’ കാര്‍ഷിക മത്സരത്തിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി വരാറുള്ള ചിത്രചനാ മത്സരം 'മഴവില്ല് 2017' നവംബര്‍ 10നു റിഗായ് അല്‍ജവഹറ ഗേള്‍സ് സ്‌കൂളില്‍ നടക്കുമെന്നും കല കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാര്‍, ജനറല്‍ സെക്രട്ടറി ജെ.സജി, ട്രഷറര്‍ രമേശ് കണ്ണപുരം, മീഡിയ സെക്രട്ടറി ജിതിന്‍ പ്രകാശ് എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക