Image

ഫൊക്കാന മലയാളി മങ്ക മിസിസ് ഇന്ത്യ ടെക്സസ് മത്സരത്തില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പായി

Published on 12 October, 2017
ഫൊക്കാന മലയാളി മങ്ക മിസിസ് ഇന്ത്യ ടെക്സസ് മത്സരത്തില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പായി
ഹൂസ്റ്റണ്‍, ടെകസസ്: ഫൊക്കാന മലയാളി മങ്കയായിരുന്ന പ്രീതി സജീവ് പൈനാടാത്ത് മിസിസ് ഇന്ത്യ യു.എസ്.എ ടെക്സസ്  2017 മത്സരത്തില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പായി. ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്ന ഏക മലയാളിയാണ്.

സേജ് പ്രൊഡക്ഷന്‍സ് ആണു മത്സരം നടത്തിയത്. 
പ്രേരണ ചിറ്റ്‌ലിംഗിയ ആണു കിരീടം ചൂടിയത്. മധുലിക പ്രകാശ് ഫസ്റ്റ് റണ്ണര്‍ അപ്പായി. ദേശീയ തല മത്സരത്തില്‍ പ്രീതിയും ടെക്‌സസിനെ പ്രതിനിധീകരിക്കും

വിവിധ രംഗങ്ങളില്‍ ഒരു പോലെ ശോഭിക്കുന്ന പ്രീതി വെറ്ററന്‍ അഫയേഴ്‌സ് ഹോസ്പിറ്റലില്‍ ആര്‍.എന്‍ ആണ്. മാസ്റ്റേഴ്‌സ് വിദ്യാര്‍ഥിയും. നഴ്‌സിംഗില്‍ ഡോക്ടറെറ്റ് നേടുക ലക്ഷ്യമിടുന്നു.

ഭരതനാട്യം അധ്യാപിക കൂടിയായ അവര്‍ കര്‍ണാടകയില്‍ സ്റ്റേറ്റ് മത്സര വിജയിയും ദേശീയ തലത്തില്‍ മത്സരാര്‍ഥിയുമായിരുന്നു.
കോളജ് വിദ്യാര്‍ഥിയായിരിക്കെ മികച്ച നടിക്കുള്ള അവര്‍ഡ് നേടി. മോഡലിംഗ് രംഗത്തും പ്രവര്‍ത്തിച്ച പ്രീതി മാസികകളുടെ കവര്‍ പേജിനു വേണ്ടിയും പരസ്യ  ചിത്രങ്ങളിലും വേഷമിട്ടു.

വിവാഹിതയായതു കൊണ്ട് കലാരംഗത്തു നിന്നു പിന്മാറേണ്ട ഒരാവശ്യവുമില്ലെന്നു തെളിയിക്കുകയാണു താനെന്നു പ്രീതി പറയുന്നു.

ഫൊക്കാനയുടെ 2014 കണ്വന്‍ഷനില്‍ മലയാളി മങ്ക പട്ടമണിഞ്ഞ പ്രീതിയും പുത്രി ഏഞ്ചലും (8) കുങ് ഫു വിദഗ്ദരാണു. വനിതകള്‍ സ്വന്തം സുരക്ഷിതത്വത്തിനു പ്രാപ്തരാകണമെന്നു പ്രീതി വിശ്വസിക്കുന്നു. 
ഇന്ത്യയിലും അമേരിക്കയിലും സെല്‍ഫ് ഡിഫന്‍സ് നിര്‍ബന്ധമായി വനിതകളെ പരിശീലിപ്പിക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു. അത് വനിതകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചാല്‍ അതു സാധിതമാകും. കുടുംബത്തിന്റെ പിന്തുണ കൂടി ആകുമ്പോള്‍ അതു എളുപ്പമാകും-പ്രീതി ചൂണ്ടിക്കാട്ടി.

രണ്ടു കുട്ടികളുടെ മാതാവും ഫുള്‍ ടൈം ജോലിക്കാരിയും ഭാര്യയും വിദ്യാര്‍ഥിനിയും ന്രുത്താധ്യാപികയും എന്നിങ്ങനെ വിവിധ രംഗങ്ങള്‍ക്കു പുറമെ മാതാപിതാക്കളെ സംരക്ഷിക്കാനും പ്രീതി സമയം കണ്ടെത്തുന്നു. അതു കൊണ്ടു തന്നെ സൂപ്പര്‍ വുമന്‍ എന്നാണു പല സുഹ്രുത്തുകളും പ്രീതിയെ വിശേഷിപ്പിക്കുന്നത്.

സേവന രംഗമാണു ലക്ഷ്യമിടുന്ന മറ്റൊന്ന്. വിവിധ ചാരിറ്റി സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു

ഭര്‍ത്താവ് സജീവ് ഐ.ടി. രംഗത്തു പ്രവര്‍ത്തിക്കുന്നു. ഇളയ പുത്രി ഗ്രേസിനു നാലു വയസ്.

മലയാളി മങ്കയായി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇ-മലയാളി എഡിറ്റര്‍ അനില്‍ പെണ്ണുക്കര നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ഞാന്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷെ പങ്കെടുത്തവയ്ക്കെല്ലാം സമ്മാനം ലഭിക്കണമേ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിച്ചിട്ടില്ല. ഏറ്റവും അര്‍ഹരായവര്‍ക്ക് നല്‍കണമെന്നേ പ്രാര്‍ത്ഥിക്കാറുള്ളൂ. ഒരാളെ തോല്‍പിക്കാനല്ല നാം മത്സരത്തില്‍ പങ്കെടുക്കേണ്ടതെന്നാണ് എന്റെ സന്ദേശം. പുരസ്‌കാരങ്ങള്‍ മാറിയും മറിഞ്ഞും വരും. കഴിവുള്ളവരെ കാണികള്‍ അംഗീകരിക്കും. പ്രോത്സാഹിപ്പിക്കും.

ചോദ്യം: അമേരിക്ക പോലെ ഒരു നാട്ടില്‍ മലയാളി സ്ത്രീക്ക് കുടുംബത്തിന്റെ അംഗീകാരമില്ലാതെ ഇത്തരം വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ താങ്കളുടെ കുടുംബത്തിന്റെ സപ്പോര്‍ട്ട് എങ്ങനെയാണ്?

ഉത്തരം: കുടുംബമാണ് ഒരു സ്ത്രീക്ക് ഏറ്റവും വലുത്. എന്റെ വിജയത്തിലെല്ലാം ഞാന്‍ ദൈവത്തോടും എന്റെ കുടുംബത്തോടും കടപ്പെട്ടിരിക്കുന്നു. ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് വീട്ടമ്മയായ ഒരാള്‍ക്ക് കുടുംബത്തിന്റെ അംഗീകാരം ആവശ്യമാണ്. പ്രത്യേകിച്ച് ഭര്‍ത്താവിന്റെ. ഈ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഒരു സ്ത്രീയുടെ കലാപരവും സാംസ്‌കാരികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാന്‍ ഭര്‍ത്താവും കുടുംബവും കൂടി ശ്രമിച്ചെങ്കിലേ സാധിക്കൂ. അതുപോലെ തന്നെ ഈ അംഗീകാരം എന്റെ മക്കള്‍ക്കും ഒരു പ്രചോദനമാണ്.

ചോദ്യം: എന്തു സന്ദേശമാണ് ഈ മത്സരത്തിലൂടെ ഇനിവരുന്ന മത്സരാര്‍ത്ഥികള്‍ക്കും നല്‍കാനുള്ളത്?

ഉത്തരം: ഏതു സമൂഹത്തിലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്നാണെന്റെ അഭിപ്രായം. ലോകം തന്നെ പുരുഷനാല്‍ കേന്ദ്രീകൃതമാണെന്ന വിശ്വാസമാണുള്ളത്. അവിടെ സ്ത്രീക്ക്, അവള്‍ വ്യാപരിക്കുന്ന മേഖലയില്‍, അവള്‍ എത്തിപ്പെടുന്ന സ്ഥലത്തും, സമയത്തും ഉള്ള സുരക്ഷയാണ് ആവശ്യം. ആ സുരക്ഷ അവള്‍ക്ക് ലഭിച്ചാല്‍ ഒരു സ്ത്രീക്ക് വിജയിക്കാന്‍ കഴിയും. സ്‌കൂളുകളിലൊക്കെ ഇത്തരത്തിലുള്ള ബോധവത്കരണം ഉണ്ടാകണം എന്നാണെന്റെ അഭിപ്രായം.

ചോദ്യം: സ്വയം രക്ഷയ്ക്കായി പെണ്‍കുട്ടികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്തെല്ലാം കഴിവുകള്‍ ലഭിക്കണം? എന്താണ് അഭിപ്രായം?

ഉത്തരം: പ്രത്യേകിച്ച് നമ്മുടെ അടിസ്ഥാന വിദ്യാഭ്യാസക്രമം മുതല്‍ക്കേ കേരളത്തില്‍ വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലാസുകളുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് സ്വയം രക്ഷാകേന്ദ്രീകൃതമായ അറിവുകള്‍, സുരക്ഷിതത്വ ബോധം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്ലാസുകള്‍ നല്‍കേണ്ടതുണ്ട്. പലപ്പോഴും ചെറുത്തുനില്‍പ്പിനുള്ള ധൈര്യം പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. എപ്പോഴും സുരക്ഷിതത്വ ബോധം എന്ന ഒരു ചിന്ത പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്നില്ല. ഭയം അവളെ നയിക്കുമ്പോള്‍ `അഹംബോധം' നഷ്ടപ്പെടും. സുരക്ഷിതത്വബോധം പെണ്‍കുട്ടിയില്‍ വളര്‍ത്തിയെടുക്കാന്‍ വിദ്യാലയങ്ങള്‍ക്കും നമ്മുടെ കുടുംബങ്ങള്‍ക്കും കഴിയണം. അത് കേരളത്തില്‍ മാത്രമല്ല. പെണ്‍കുട്ടികള്‍ ഉള്ള സമൂഹത്തിലെല്ലാം വേണമെന്ന അഭിപ്രായമാണുള്ളത്.

ചോദ്യം: അമേരിക്കന്‍ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരാണോ?

ഉത്തരം: സാങ്കേതികമായി സുരക്ഷിതരാണിവിടെ സ്ത്രീകള്‍. മലയാളികളുടെ `കഴുകന്‍ കണ്ണ്' ഇവിടെ കുറവാണ്. ഒരുപക്ഷെ തൊഴിലിനു മഹത്വമുള്ള നാടായതുകൊണ്ടാവാം. കേരളത്തില്‍ അതല്ല അവസ്ഥ. അതിനായി കര്‍മ്മപരിപാടികള്‍ തന്നെയുണ്ടാകണം. ഒരോ പെണ്‍കുട്ടിയേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഗവണ്‍മെന്റിനും അതിനുപരി കുടുംബത്തിനുമുണ്ട്. 

മക്കളെ സ്നേഹിക്കുവാന്‍, സംരക്ഷിക്കുവാന്‍, അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ക്കും, സഹോദരങ്ങള്‍ക്കും, കുടുംബത്തിനും കഴിയണമെന്ന വലിയ സന്ദേശമാണ് പ്രീതി സജീവ് മലയാളി സമൂഹത്തിന് നല്‍കുന്നത്.
പ്രീതിയുടെ എല്ലാ വിജയങ്ങള്‍ക്കു പിന്നിലും ഭര്‍ത്താവ് സജീവിന്റേയും രണ്ടു മക്കളുടേയും പൂര്‍ണ്ണ പിന്തുണ, മാതാപിതാക്കളായ പോള്‍ കണ്ണമ്പുഴ, പുഷ്പം പോള്‍ എന്നിവരുടെ പ്രാര്‍ത്ഥനയും ഉണ്ടെന്നു വിശ്വസിക്കുന്നു. മാതാപിതാക്കള്‍ കലാ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവരായിരുന്നു.

ഫൊക്കാന മലയാളി മങ്ക മിസിസ് ഇന്ത്യ ടെക്സസ് മത്സരത്തില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പായിഫൊക്കാന മലയാളി മങ്ക മിസിസ് ഇന്ത്യ ടെക്സസ് മത്സരത്തില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പായിഫൊക്കാന മലയാളി മങ്ക മിസിസ് ഇന്ത്യ ടെക്സസ് മത്സരത്തില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക