Image

തൃപ്പൂണിത്തുറ യോഗകേന്ദ്രത്തിനെതിരായ പൊലീസ്‌ അന്വേഷണത്തെ തള്ളിപ്പറഞ്ഞ്‌ എം.സ്വരാജ്‌ എം.എല്‍.എ

Published on 14 October, 2017
തൃപ്പൂണിത്തുറ യോഗകേന്ദ്രത്തിനെതിരായ പൊലീസ്‌ അന്വേഷണത്തെ തള്ളിപ്പറഞ്ഞ്‌ എം.സ്വരാജ്‌ എം.എല്‍.എ

തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ വിവാദകേന്ദ്രത്തിന്‌ എതിരായ പരാതിയില്‍ പൊലീസ്‌ സമീപനത്തെ തള്ളിപറഞ്ഞ്‌ എം.സ്വരാജ്‌ എം.എല്‍.എ. യോഗാസെന്ററിനെതിരായ അന്വേഷണം ഫലപ്രദമല്ലെന്ന്‌ എം.എല്‍.എ പറഞ്ഞു.

പൊലീസ്‌ അന്വേഷണം ഫലപ്രദമല്ലെന്ന വികാരം പൊതു സമൂഹത്തിലുണ്ട്‌. താനും ആ അഭിപ്രായം പങ്കുവെക്കുന്നു. ഇടതുസര്‍ക്കാരിന്റെ നയമല്ല പൊലീസ്‌ നടപ്പാക്കുന്നത്‌ എന്ന്‌ ജനം കരുതുന്നു.

പരാതി ഉയര്‍ന്ന്‌ ഇരുപത്‌ ദിവമായിട്ടും പൊലീസ്‌ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ്‌ തൃപ്പൂണിത്തുറ എം.എല്‍.എ കൂടിയായ എം സ്വരാജ്‌ നിശിത വിമര്‍ശനം ഉയര്‍ത്തിയത്‌.

പൊലീസ്‌ അന്വേഷണം ശരിയായ ദിശയിലല്ല പുരോഗമിക്കുന്നത്‌ എന്ന വിമര്‍ശനം സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടെന്ന്‌ മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 

പൊലീസിന്‌ ജാഗ്രതക്കുറവ്‌ ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
യോഗാ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഉന്നതതല അന്വഷണം വേണമെന്ന ആവശ്യവുമായി സ്വരാജ്‌ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.

ഇപ്പോള്‍ നടക്കുന്ന അന്വേഷണം അപര്യാപ്‌തമാണെന്നും പരാതി ഗൗരവത്തില്‍ കണ്ട്‌ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ്‌ സ്വരാജ്‌ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയത്‌. കഴിഞ്ഞ ദിവസം ഇമെയിലിലൂടെയാണ്‌ സ്വരാജ്‌ ആവശ്യം ഉന്നയിച്ചത്‌.

യോഗ സെന്ററിനെതിരെ നിരവധിപേര്‍ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്‌. മനുഷ്യാവകാശലംഘനവും ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളും സംബന്ധിച്ച പരാതികളില്‍ ഉന്നത അന്വേഷണമാണ്‌ വേണ്ടതെന്ന്‌ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ ഉദയംപേരൂര്‌ എസ്‌.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അന്വേഷണം നടത്തുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക