Image

‘ഉദാഹരണം സുജാത ‘മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെ അധിക്ഷേപിച്ചെന്ന് പരാതി

Published on 14 October, 2017
‘ഉദാഹരണം സുജാത ‘മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെ അധിക്ഷേപിച്ചെന്ന് പരാതി
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത സിനിമയ്‌ക്കെതിരെ പരാതി.സിനിമാ പ്രവര്‍ത്തകര്‍ക്കും സെന്‍സര്‍ ബോര്‍ഡിനും എതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് മുഖ്യമന്ത്രി, സാംസ്‌ക്കാരിക പട്ടികജാതി വകുപ്പ് മന്ത്രി, പട്ടികജാതി പട്ടിക വകുപ്പ് കമ്മീഷന്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

ഉദാഹരണം സുജാതയില്‍ ചിത്രത്തില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തോടു പറയുന്നതായിട്ടാണ് അധിക്ഷേപം അടങ്ങിയ ഭാഗം ചിത്രീകരിച്ചിട്ടുള്ളത്. പിതാക്കന്‍മാരുടെ ജോലി തന്നെ മക്കള്‍ ചെയ്യേണ്ടിവന്നാല്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ തെങ്ങുകയറ്റക്കാരനാകേണ്ടി വരുമെന്നാണ് നെടുമുടി വേണുവിന്റെ കഥാപാത്രം പറയുന്നത്.

യഥാര്‍ത്ഥത്തില്‍ കെ.ആര്‍.നാരായണന്റെ പിതാവ് നാട്ടുവൈദ്യനാണെന്നിരിക്കെ ഇത്തരത്തിലൊരു പരാമര്‍ശം ഉള്‍പ്പെടുത്തിയത് കെ.ആര്‍.നാരായണനെ ബോധപുര്‍വ്വം അധിക്ഷേപിക്കുന്നതിനു വേണ്ടിയാണെന്നു എബി ജെ. ജോസ് ചൂണ്ടിക്കാട്ടി.

കൂടാതെ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം മീന്‍പിടുത്തക്കാരനാകേണ്ടയാളാണെന്നും ഇതിനൊപ്പം പറയുന്നുണ്ട്. അബ്ദുല്‍ കലാമിന്റെ പിതാവ് ബോട്ടുകള്‍ വാടകയ്ക്കു കൊടുക്കുന്ന ജോലി നോക്കിയിരുന്ന വ്യക്തിയായിരുന്നുവെന്നിരിക്കെയാണ് തെറ്റായ പരാമര്‍ശം സിനിമയില്‍ ഉള്‍പ്പെടുത്തിട്ടുള്ളത്. കലയുടെ പേരില്‍ എന്തും പറയാമെന്ന ധാരണ ചലചിത്ര പ്രവര്‍ത്തകര്‍ വച്ചു പുലര്‍ത്തുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെന്നു കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി.

ഇതുമായി ബന്ധപ്പെട്ട സിനിമ പ്രവര്‍ത്തകര്‍ വേദം പ്രകടിപ്പിക്കണമെന്നും അധിക്ഷേപകരമായ ഭാഗം അടിയന്തിരമായി ചിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എബി ജെ.ജോസ് ആവശ്യപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക