Image

തിരുപ്പതി ക്ഷേത്രത്തില്‍നിന്ന്‌ 243 തലമുടി വെട്ടുകാരെ പിരിച്ചുവിട്ടു

Published on 15 October, 2017
തിരുപ്പതി ക്ഷേത്രത്തില്‍നിന്ന്‌ 243 തലമുടി വെട്ടുകാരെ പിരിച്ചുവിട്ടു


ഹൈദരാബാദിലെ തിരുപ്പതി ക്ഷേത്രത്തിലേക്ക്‌ വരുന്ന തീര്‍ത്ഥാടകരില്‍നിന്ന്‌ മുടിവെട്ടുന്നതിന്‌ പ്രതിഫലമായി പത്ത്‌ രൂപ വാങ്ങുന്നെന്ന്‌ പറഞ്ഞ്‌ മുടിവെട്ടു ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. 243 മുടിവെട്ടു ജീവനക്കാരെയാണ്‌ ക്ഷേത്ര അധികാരികള്‍ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്‌.

തിരുമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ മുടി വെട്ടാനായി 10 രൂപ ഈടാക്കുന്നുണ്ടെന്ന്‌ കാണിച്ച്‌ മൂന്ന്‌ ദിവസം മുമ്പാണ്‌ ക്ഷേത്ര അധികാരികള്‍ ഇവര്‍ക്ക്‌ നോട്ടീസ്‌ നല്‍കിയത്‌. ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്നും ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട്‌ പിരിച്ചുവിടപ്പെട്ട ജോലിക്കാര്‍ ക്ഷേത്ര ഭാരവാഹി ഓഫീസിനു മുന്നില്‍ പ്രകടനം നടത്തി.

 തങ്ങള്‍ ആവശ്യപ്പെടാതെ തീര്‍ത്ഥാടകര്‍ സ്വമേധയാ പണം തരുന്നതാണെന്ന്‌ തൊഴിലാളികള്‍ പറഞ്ഞു. സമ്മാനമായി തരുന്ന പണത്തെ എങ്ങനെയാണ്‌ കൈക്കൂലിയായി കണക്കാക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.

അതേസമയം, തൊഴിലാളികള്‍ പണം വാങ്ങുന്നത്‌ സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ടെന്നും മൂന്ന്‌ തവണ മുന്നറിയിപ്പ്‌ നല്‍കിയിരുന്നെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ക്കു സൗജന്യമായാണ്‌ മുടി മുറിച്ചു നല്‍കുന്നത്‌. ജീവനക്കാര്‍ പണം ചോദിച്ചു വാങ്ങുന്നെന്ന പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക