Image

ക്രോസ്‌ റോഡ്‌' വേറിട്ട സിനിമാ സഞ്ചാരം

Published on 16 October, 2017
ക്രോസ്‌ റോഡ്‌' വേറിട്ട സിനിമാ സഞ്ചാരം


വ്യത്യസ്‌തമായ രീതിയില്‍ സിനിമ ചെയ്യാന്‍ ആഗ്രഹിച്ച ഒരു കൂട്ടം സംവിധായകരുടെ സിനിമാസംരംഭമാണ്‌ ക്രോസ്‌ റോഡ്‌. വ്യത്യസ്‌തമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന പത്തു സ്‌ത്രീകളുടെ ജീവിതംവളരെ സുന്ദരമായി പകര്‍ത്തിയ ചിത്രം.

പത്തു സംവിധായകര്‍, പത്തു സിനിമകള്‍, പത്തു നായികമാര്‍ പത്ത്‌ ജീവിതം. അങ്ങനെയാണ്‌ ക്രോസ്‌ റോഡ്‌ എന്ന സിനിമയെ ഒറ്റ വാചകത്തില്‍ നിര്‍വചിക്കാന്‍ കഴിയുക.
`ഒരു രാത്രിയുടെ കൂലി' എന്ന ചിത്രത്തിലൂടയാണ്‌ സിനിമ ആരംഭിക്കുന്നത്‌. 

രാത്രിക്കു പ്രതിഫലം പറ്റുന്ന അഭിസാരികയുടെ ജീവിതത്തില്‍ അവളുടെ കുടുംബത്തിനും കുഞ്ഞിനുമൊക്കെയുള്ള സ്ഥാനം അവരുമായുള്ള ബന്ധത്തിന്റെ ഇഴയടുപ്പം ഈ വിധമൊരു ജീവിതത്തില്‍ ആണ്ടുപോയതിന്റെ വേദനകള്‍ എല്ലാം സംവിധായകന്‍ മധുപാല്‍ വളരെ വ്യക്തമായി അഭ്രപാളികളില്‍ പകര്‍ത്തിയിട്ടുണ്ട്‌. അഭിസാരികയുടെ വേഷമണിഞ്ഞ നടി പത്മപ്രിയ തന്റെ കഥാപാത്രത്തെ അസാധാരണമായ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്‌. 

വേണ്ടത്ര പണവും ഫ്‌ളാറ്റുമൊക്കെയുണ്ടെങ്കിലും ഒന്നുമിണ്ടാന്‍ പോലും ആരുമില്ലാത്തവരുടെ കഥ പറയുന്ന, പ്രദീപ്‌ നായര്‍ സംവിധാനം ചെയ്‌ത `ക്വട്ടേഷന്‍' ക്രോസ്‌ റോഡിലെ മികച്ച ചിത്രമാണ്‌. ഏകാന്തതയുടെ തുരുത്തില്‍ ഒറ്റപ്പെട്ടു പോകുന്ന വൃദ്ധയ്‌ക്ക്‌ ഒരു നായ കൂട്ടായി വരുന്നതും അവര്‍ അതില്‍ ആശ്വാസം കണ്ടെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ്‌ ചിത്രം പറയുന്നത്‌.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത `പിന്‍പേ നടന്നവള്‍' എന്ന ചിത്രം സമകാലിക സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ്‌. അവിരാ റബേക്ക സംവിധാനം ചെയ്‌ത `ചെരിവ്‌ എന്ന ചിത്രത്തില്‍ നര്‍മവും ഗൗരവവും ഒരു പോലെ കലര്‍ത്തിയടുത്ത ചിത്രമാണ്‌. സ്‌ത്രീകള്‍ എത്ര ധൈര്യം പ്രദര്‍ശിപ്പിച്ചാലും ചില അവസരങ്ങളില്‍ അവരും ഭയത്തിനടിമയാകും എന്നാണ്‌ ചിത്രം പറഞ്ഞു വയ്‌ക്കുന്നത്‌. സ്രിന്റ മനോജ്‌ കെ ജയന്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കില്ല.

മൈഥിലിയും വിജയ്‌ ബാബുവും ദമ്പതികളായി എത്തുന്ന `പക്ഷിയുടെ മണം' മറ്റൊരു വ്യത്യസ്‌തമായ സ്‌ത്രീജീവിതത്തെ കാട്ടിത്തരുന്നു. കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി സ്‌ത്രീ തന്റെ ജോലി ഉപേക്ഷിക്കുകയോ അതേ പോലുള്ള വിട്ടുവീഴ്‌ചകള്‍ക്ക്‌ തയ്യാരാവുകയോ ചെയ്യണമെന്ന നിലവിലെ വ്യവസ്ഥയെ ധിക്കരിക്കുന്ന സ്‌ത്രീയാണ്‌ ഈ ചിത്രത്തിലേത്‌. നയന സൂര്യ സംവിധാനെ ചെയ്‌ത ചിത്രത്തില്‍ മൈഥിലി നായികയയി തിളങ്ങിയിട്ടുണ്ട്‌. മഴയും കാടിന്റെ സൗന്ദര്യവുമെല്ലാം മനോഹരമായിതന്നെ ഒപ്പിയെടുത്തിട്ടുണ്ട്‌.

രണ്ടാമത്തെ സിനിമയായ `കാവലി'ല്‍ `സ്‌ത്രീകള്‍ തോല്‍ക്കാന്‍ പാടില്ല, പോരാടണം' എന്ന സന്ദേശമാണ്‌ നല്‍കുന്നത്‌. മരണമടഞ്ഞ പട്ടാളക്കാരന്റെ ഭാര്യയായി മക്കളോടൊത്തു കഴിയുന്ന സ്‌ത്രീയുടെ മാനസിക സഞ്ചാരങ്ങളാണ്‌ ഈ ചിത്രത്തില്‍. പ്രിയങ്ക വളരെ ഭംഗിയായി നായികാ വേഷം ചെയ്‌ത ചിത്രം. നേമം പുഷ്‌പരാജാണ്‌ ഇതിന്റെ സംവിധാനം.

മംമ്‌താ മോഹന്‍ദാസ്‌ വളരെ കൈയ്യടത്തോടെ ചെയ്‌ത വേഷമാണ്‌ ബദറിലേത്‌. മുസ്ലിം മതവിശ്വാസിയായ ബദറിന്‌ കൂട്ടായി അച്ഛന്‍ എന്നു വിളിക്കുന്ന ഒരാളും ചിത്രത്തിലുണ്ട്‌. ഒറ്റപ്പെടുന്നവരുടെ വേദനകള്‍ തിരിച്ചറിഞ്ഞ്‌ അവരെ ഒരുമിപ്പിക്കുക എന്ന ആഗ്രഹമാണ്‌ ബദറിന്‌. 

സ്വന്തം മകന്റെ കൈകള്‍ കൊണ്ട്‌ അന്ത്യ കര്‍മ്മങ്ങള്‍ നടത്തപ്പെടണമെന്ന്‌ ആഗ്രഹിക്കുന്ന വ്യക്തിയാണ്‌ അച്ഛന്‍ എന്ന കഥാപാത്രം. മതവിശ്വാസങ്ങളെ ചോദ്യം ചെയ്യാതെ തന്നെ സ്‌നേഹബന്ധങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കി തരികയാണ്‌ സംവിധായകനായ അശോക്‌.ആര്‍.നാഥ്‌.

ജീവിതത്തില്‍ തനിച്ചാക്കപ്പെടുന്ന സ്‌ത്രീയുടെ കഥ പറയുന്ന സിനിമ ലേക്ക്‌ ഹൗസ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌ ശശി പറവൂരാണ്‌. പ്രതീക്ഷകളോടും സ്വപനങ്ങളോടും കൂടി ജീവിതത്തെ കാണുമ്പോഴും സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോഴും തീര്‍ത്തും അവിചാരിതമായി ഒറ്റപ്പെട്ടു പോകുന്ന സ്‌ത്രീയുടെജീവിതമാണ്‌ ഈ ചിത്രത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്‌.

ഇഷ തല്‍വാറും അഞ്‌ജലി അനീഷും നായികമാരാകുന്ന മുദ്ര എന്ന ചിത്രവും പ്രമേയത്തിന്റെ വ്യത്യസ്‌തത കൊണ്ട്‌ വേറിട്ടു നില്‍ക്കുന്നു. ഒരാള്‍ പ്രശസ്‌തയായ നര്‍ത്തകി. മറ്റേയാള്‍ ജീവിത പ്രാരാബ്‌ധങ്ങള്‍ കാരണം നൃത്തം ഉപേക്ഷിക്കേണ്ടി വന്ന സ്‌ത്രീ. കുടുംബത്തെ നോക്കാന്‍ വേണ്ടി നൃത്തം ഉപേക്ഷിച്ച പെണ്ണിനെ വീണ്ടും അരങ്ങിലെത്തിക്കാന്‍ ശ്രമിക്കുന്ന നര്‍ത്തകി. ഇവരുടെ കഥ വളരെ ഭംഗിയായി തന്നെ സംവിധായകന്‍ ആല്‍ബര്‍ട്ട്‌ അവതരിപ്പിച്ചിട്ടുണ്ട്‌. 


ബാബു തിരുവല്ല സംവിധാനം ചെയ്‌ത `മൗനം' പുതുമ നല്‍കുന്ന കഥയാണ്‌. മറ്റുളളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി തിരുവസ്‌ത്രം ധരിക്കേണ്ടി വരുന്ന ചിത്രമാണിത്‌.
വാണിജ്യ സമവാക്യങ്ങള്‍ മാറ്റി വച്ച്‌ തികച്ചും സ്‌ത്രീജീവിതങ്ങളുടെയും അതിലെ ആഴമേറിയ അനുഭവങ്ങളും പ്രതിസന്ധികളും കലാമൂല്യമുള്ള ചിത്രങ്ങളാക്കി മാറ്റിയ ഈ സംവിധായകര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. 

സിനിമമേഖലയില്‍ ഇതും വേറിട്ട പരീക്ഷണമാണ്‌. എന്നാല്‍ കാമ്പുളള കഥയും പലപ്പോഴും നമ്മള്‍ കണ്ടിട്ടും കാണാതെ പോകുന്ന ജീവിതങ്ങളുമാണ്‌ ഇതിലുള്ളത്‌. യഥാര്‍ത്ഥ ജീവിതത്തിന്റെ ആവിഷ്‌കാരം. ഈ സംരംഭം വിജയിപ്പിക്കാനുള്ള ഉത്തരവാദിത്വം പ്രേക്ഷകര്‍ക്കുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക