Image

"പെരുമീന്‍- നമസ്ക്കാരം' (ജോണ്‍ മാത്യു)

Published on 17 October, 2017
"പെരുമീന്‍- നമസ്ക്കാരം' (ജോണ്‍ മാത്യു)
പ്രകൃതിയോടു ബന്ധപ്പെട്ടതാണ് കവിത, അതേ പ്രകൃതിയുടെ ആത്മാവുതന്നെയാണ് കഥയും, കാറ്റിന്റെയും കാടിന്റെയും കിളികളുടേയും പാട്ടുകളും! അദൃശ്യ ആത്മാക്കളോട്, വായുവില്‍ തങ്ങിനില്ക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ആത്മാക്കളോട്, ചേര്‍ന്നതാണ് സൂര്യോദയത്തിനു മുന്‍പുള്ള യാമങ്ങളിലെ നേര്‍ത്ത ഇലയനക്കത്തിന്റെ മര്‍മ്മരങ്ങള്‍.

പ്രഭാതത്തിന്റെ സൗന്ദര്യം കാണാന്‍ കഴിയാത്തതാണ് ആധുനിക ജീവിതശൈലി. ""പ്രഭാത നക്ഷത്രങ്ങള്‍ ഒന്നിച്ചുഘോഷിച്ചുല്ലസിക്കയും....................'' എന്നു തുടങ്ങുന്ന വരികള്‍ നിത്യ പരിചയമുള്ളവര്‍പോലും ചോദിച്ചേക്കാം എവിടെയാണ് ഈ പ്രഭാതനക്ഷത്രങ്ങളെന്ന്.

ഈ ലേഖനം എഴുതാന്‍ തുടങ്ങിയപ്പോള്‍ ഒരു അപ്പച്ചനോട് ഞാന്‍ ചോദിച്ചു പെരുമീനിനെപ്പറ്റി, ആ സങ്കല്പത്തെപ്പറ്റി, അനുഭവം ഒന്നു വിവരിക്കാമോയെന്ന്. ശ്വാസതടസ്സം മൂലം സംസാരിക്കാന്‍ ബദ്ധപ്പെട്ടുകൊണ്ടിരുന്ന അപ്പച്ചന്‍ വാചാലനായി: "അയ്യോ, വെട്ടം വീഴുന്നതിനു മുന്‍പ് കര്‍ത്താവിന്റെ ശോഭയോടെ കിഴക്കുദിക്കുന്ന പെരുമീന്‍. എന്തൊരു ഭംഗി, മഴയില്ലാത്തപ്പോള്‍ പെരുമീന്‍ കാണാന്‍ അമ്മ എന്നെ വിളിച്ചുണര്‍ത്തുമായിരുന്നു.'

"മോനേ, പെരുമീനുദിച്ചു.....' അമ്മയുടെ വാക്കുകള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നു. പെരുമീന്‍ ഐതീഹ്യം തലമുറകള്‍ക്കപ്പുറത്തേക്ക് നീളുന്നു!

വീനസ് എന്ന റോമാ-ഗ്രീക്കുകാര്‍, ശുക്രന്‍ എന്ന പൗരസ്ത്യ ജ്യോതിഷലോകവും വിളിച്ചുവെങ്കിലും ഇവരെ അന്ധമായി അനുകരിക്കുന്നതിനുപകരം പുഴകളും തോടുകളും താലോലിക്കുന്ന പാടങ്ങള്‍ നിറഞ്ഞ കേരളീയ കാര്‍ഷിക ഗ്രാമങ്ങളുടെ സ്വന്തമായ "പെരുമീനി' നോടാണ് എനിക്ക് താല്പര്യം! വെള്ളിനക്ഷത്രം ഉദിച്ചെന്നുപോലും ആരും പറയുകയില്ല. മലയാള കവികള്‍ക്കും പലപ്പോഴും ഈ "പെരുമീന്‍' പദം തന്നെയായിരുന്നു താല്പര്യം.

പാശ്ചാത്യലോകം തങ്ങളുടെ സൗന്ദര്യദേവതയായ വീനസിന്റെ പേരുതന്നെയാണ് ഭൂമിയുടെ ഇരട്ടയായ ഈ ഗ്രഹത്തിനും നല്കിയത്. ഈ ഗ്രഹം സൗന്ദര്യം, കാമം, ഭാസുരത, വിജയം തുടങ്ങിയവയുടെ പ്രതീകമെന്നാണ് സങ്കല്പം. റോമന്‍ ജനത തങ്ങളുടെ മാതാവായിട്ടുപോലും വീനസിനെ കണക്കാക്കുന്നു.

നേരത്തെ എഴുതിയ വരികള്‍

""പ്രഭാതനക്ഷത്രങ്ങള്‍ ഒന്നിച്ചു ഘോഷിച്ചുല്ലസിച്ചപ്പോള്‍
ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാര്‍ക്കുകയും ചെയ്തപ്പോള്‍...'' എന്ന അതിമനോഹരമായ കവിത ബൈബിളിലെ ഇയ്യോബിന്റെ പുസ്തകത്തില്‍ നിന്നാണ്.

പ്രഭാതനക്ഷത്രത്തിന്റെ സൂചനകള്‍ മറ്റു പലയിടങ്ങളിലായി എത്രയോ ബൈബിള്‍ ഭാഗങ്ങളിലുണ്ട്. ക്രിസ്തുവിനേയും സാത്താനേയും പ്രഭാതനക്ഷത്രങ്ങളായി ചിത്രീകരിക്കുന്നുമുണ്ട്. അതുകൊണ്ടാണല്ലോ ചില വിഭാഗങ്ങള്‍ ക്രിസ്തുവും സാത്താനും ഇരട്ട പിറന്നവരാണെന്ന് വിശ്വസിക്കുന്നതും. പ്രസിദ്ധ നാടകകൃത്തായിരുന്ന ശ്രീ എന്‍.എന്‍. പിള്ളയുടെ ഒരു നാടകത്തില്‍ ഇതേ പ്രമേയം കൈകാര്യം ചെയ്തിരുന്നതായും ഓര്‍ക്കുന്നു.

ഇവിടെ ചര്‍ച്ചാവിഷയം നമ്മുടെ സ്വന്തം പെരുമീന്‍ തന്നെ. അന്യ സങ്കല്പങ്ങളില്‍ നിന്ന് സ്വതന്ത്രമായ നിര്‍മ്മല ഗ്രാമീണ കര്‍ഷക മനസ്സിന്റെ സൃഷ്ടിയായ, പ്രഭാതത്തിന്റെ മുന്‍സൂചനയായ, സൂര്യന്റെ തേരാളിയായി ആദ്യകിരണങ്ങളും വഹിച്ചുകൊണ്ട് നമ്മെത്തേടിയെത്തുന്ന പെരുമീന്‍! കടലിലെ മുക്കുവരുടെ നാഴികമണിയായ ഉദയനക്ഷത്രം!

രാത്രിയുടെ മദ്ധ്യയാമങ്ങളില്‍ രാക്കിളികളുടെ പാട്ടും അതിന്റെ താളവും ആസ്വദിച്ച് മീന്‍പിടിക്കുന്നവരുണ്ടായിരുന്നു. അവര്‍ക്കൊരു സുഹൃത്തും! "ഒരു പെരുമീന്‍ തരുമോ' എന്നു ചോദിച്ചുകൊണ്ട് മഞ്ഞയും പച്ചയും കലര്‍ന്ന ആകര്‍ഷണീയമായ തിളക്കത്തോടെ നിമിഷങ്ങള്‍ക്കുള്ളില്‍ ഉരുണ്ടുരുണ്ട് ചാലിലേക്ക് ചാടിയൊളിക്കുന്ന അത്ഭുതജീവിയായ ഈനാംപീച്ചി. അവ്യക്തമായ ആ ഈനാംപീച്ചി ശബ്ദമായിരിക്കില്ലേ "പെരുമീന്‍' എന്ന് മനുഷ്യന്‍ കേട്ടുപഠിച്ചത്. അവര്‍ ആകാശത്തേക്കുനോക്കി ഉദയനക്ഷത്രത്തെ, പ്രഭാതനക്ഷത്രത്തെ ആ ചിരപരിചിത വാക്കുകളില്‍ത്തന്നെ വിശേഷിപ്പിച്ചുകാണും.

"പെരുമീനുദിച്ചപ്പോള്‍ പണിക്കിറങ്ങിയതാണ്' എന്നു പറഞ്ഞിരുന്ന ഒരു തലമുറയും നമുക്കുണ്ടായിരുന്നു. പ്രകൃതി കൊടുത്തത് അനുഭവിച്ചു ജീവിച്ച് ആ മനുഷ്യരുടെ നിഷ്ക്കളങ്ക ഭാവന തങ്ങള്‍ക്ക് കയ്യെത്താത്തതിനെ ഒരു വലിയ മീനിന്റെ സങ്കല്പമായിയെടുത്തു. നാട്ടിന്‍പുറത്തിന്റെ മറ്റൊരു ഭാവന "എട്ടു നാഴികപ്പൊട്ടന്‍'! എട്ടു നാഴികക്ക് ആദ്യ ജ്യോതിസ്സായി ഇരുട്ടിനെ ഭേദിച്ച് പൊട്ടിവിടരുന്നതെന്നായിരിക്കാം ഗ്രാമ്യനിരീക്ഷണം.

ഇന്ന് വന്‍ നഗരങ്ങളുടെ കൃത്രിമവെളിച്ചങ്ങളില്‍ നിന്ന് ആകാശഗോളങ്ങളെ തെരഞ്ഞുപിടിക്കാന്‍ തന്നെ ബുദ്ധിമുട്ട്. നഗരത്തില്‍ രാത്രിയും പകലും ഒരുപോലെ, പുലരുന്നതെപ്പോഴെന്ന് നിശ്ചയവുമില്ല. അതുകൊണ്ടുതന്നെ അതാതു ദിവസത്തെ സുഭിക്ഷ ജീവിതത്തിനപ്പുറമുള്ളതെല്ലാം അവഗണിക്കപ്പെടുന്നു, ഒപ്പം ഈ പ്രഭാത നക്ഷത്രവും. ഇതിനും പുറമേയാണ് ആകാശം നിറഞ്ഞുനില്ക്കുന്ന പുകപടലം. ആ പുകമേഘങ്ങള്‍ക്കപ്പുറം ശൂന്യതയോ?

"പെരുമീന്‍-നമസ്ക്കാരം' ഇങ്ങനെ ഈ ലേഖനത്തിനു തലക്കെട്ടുകൊടുത്തത് അവിചാരിതമല്ല. കൃത്യമായി സൂര്യനമസ്ക്കാരം ദിനചര്യയാക്കിയിരുന്നവന്‍ അവിടവിടെയെങ്കിലു മുണ്ടായിരുന്നു. ഉദയസൂര്യന്റെ സദ്‌വര്‍ത്തമാനവുമായിയെത്തുന്ന ഈ പെരുമീന്‍ദര്‍ശനം നഗരത്തിനപ്പുറത്തെ, നാട്ടിന്‍പുറങ്ങളിലെ ജീവിതരീതിക്ക് ഇന്നും ഇണങ്ങിയേക്കാം.

വീണ്ടും എന്റെ മനസ്സില്‍ വരുന്നത് ആ പഴയ കവിത തന്നെ, പ്രഭാത നക്ഷത്രങ്ങള്‍ ഘോഷിച്ചുല്ലസിക്കുന്നതിന് സാക്ഷി നില്ക്കുന്ന അവസരം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക