Image

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും കോണ്‍ഗ്രസ്-സിപി.എം പൊല്ലാപ്പുകളും (ശ്രീകുമാര്‍)

Published on 18 October, 2017
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും കോണ്‍ഗ്രസ്-സിപി.എം പൊല്ലാപ്പുകളും (ശ്രീകുമാര്‍)
സോളാര്‍ വിഷയം ഇപ്പോള്‍ കേരളത്തിലെ ഇടത്-ഐക്യ മുന്നണികളെ ഒരുപോലെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന്നു. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യു.ഡി.എഫിനെ, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കളെ വെള്ളം കുടിപ്പിക്കുകയാണ്. എന്നാല്‍, കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ അന്നത്തെ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ത്ത്, സംഘത്തലവനായിരുന്ന ഡി.ജി.പി എ ഹേമചന്ദ്രന്‍ രംഗത്ത് വന്നതും കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതും പിണറായി സര്‍ക്കാരിന് തലവേദനയായിരിക്കുന്നു.

സോളാര്‍ കേസ് അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്നും എന്ത് ഭവിഷ്യത്തും നേരിടാന്‍ തയാറാണെന്നും ഡി.ജി.പിക്കും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നല്‍കിയ കത്തില്‍ ഹേമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സോളാര്‍ കേസ് അന്വേഷണ സംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, പൊലീസ് സേനയിലെ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയ സാഹചര്യത്തിലാണ് ഹേമചന്ദ്രന്‍ കത്ത് നല്‍കിയത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ നിയമോപദേശം എന്ന പേരില്‍ എഴുതിച്ചേര്‍ത്ത് പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ ആരോപണം. പൊലീസിലെ ചില ഉന്നതരും ഈ "ഗൂഢാലോചന'യില്‍ പങ്കാളികളാണെന്ന് അന്വേഷണസംഘത്തിലെ പലരും സംശയിക്കുന്നുണ്ടത്രേ.

അതേസമയം സോളാര്‍ വിഷയം കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിയുണ്ടാക്കുമെന്നാണ് അനുമാനിക്കേണ്ടത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, എ.പി അനില്‍കുമാര്‍, മുന്‍ കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍, മുന്‍ എം.എല്‍.എ ബെന്നി ബെഹ്‌നാന്‍ അടക്കമുള്ളവര്‍ക്കെതിരെ ബലാത്സംഗത്തിനും അഴിമതി നിരോധന നിയമപ്രകാവും കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. സോളാര്‍ പ്രതിസന്ധിയില്‍ തട്ടി കെ.പി.സി.സി അംഗങ്ങളുടെ പട്ടികപോലും അംഗീകരിക്കാനാവാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് എന്നതാണ് കൗതുകകരം.

ഇതിനിടെ വിഷയം ആയുധമാക്കി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കച്ചമുറുക്കി കെ. മുരളീധരനും വി.ഡി സതീശനും രംഗപ്രവേശം ചെയ്തതാണ് ശ്രദ്ധേയം. പുതിയ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി മുന്നോട്ടുവെച്ച ബെന്നി ബെഹ്നാനും സോളാര്‍ കുരുക്കിലാണ്. ഗ്രൂപ്പ് ധാരണപ്രകാരം കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം "എ' ഗ്രൂപ്പിനുള്ളതായിനാല്‍ "ഐ' ഗ്രൂപ്പ് അവകാശവാദം ഉന്നയിക്കുന്നില്ല. പക്ഷേ സോളാര്‍ പ്രതിസന്ധി ആയുധമാക്കി "എ' ഗ്രൂപ്പിന്റെ പിന്തുണയോടെ കെ.പി.സി.സി അധ്യക്ഷനാകാനുള്ള കരുനീക്കത്തിലാണ് മുന്‍ കെ.പി.സി.സി പ്രസിഡന്റ്കൂടിയായ മുരളീധരനും നിലവിലെ കെ.പി.സി.സി വൈസ് പ്രസിഡന്റ് സതീശനും.

രാഹുല്‍ ഗാന്ധിയുടെ പിന്തുണ വി.ഡി സതീശന്‍ പ്രതീക്ഷിക്കുന്നുണ്ട്. വി.എം സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കിയ ഹൈക്കമാന്റ് രാഹുല്‍ഗാന്ധിയുടെ താത്പര്യപ്രകാരമാണ് സതീശനെ വൈസ് പ്രസിഡന്റാക്കിയത്. സോളാര്‍ റിപ്പോര്‍ട്ടില്‍ ഗൗരവകരമായ കണ്ടെത്തലുകളുണ്ടെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്ക് നേരെ സതീശന്‍ ഒളിയമ്പെയ്തു കഴിഞ്ഞു. കേരളത്തില്‍ ബി.ജെ.പിക്കെതിരെ ശക്തമായ നിലപാടുള്ള നേതാവിനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിക്കണമെന്ന നിലപാടാണ് ഹൈക്കമാന്റിനുള്ളത്. കെ. കരുണാകരന്റെ മകനായ മുരളീധരന്‍ ബി.ജെ.പിയുമായി സന്ധിയില്ലാത്ത നിലപാടാണ് എക്കാലത്തും സ്വീകരിക്കുന്നത്. രമേശ് ചെന്നിത്തലയുമായി ശീതസമരത്തിലേര്‍പ്പെട്ടിട്ടുള്ള മുരളീധരനെ പ്രതിസന്ധി ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയും "എ' ഗ്രൂപ്പും പിന്തുണക്കാനുള്ള സാധ്യതയും കാണുന്നു. സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസ് നേതാക്കളെയും ശക്തമായി പിന്തുണച്ചാണ് മുരളീധരന്‍ രംഗത്തെത്തിയത്. തന്നെ വിമര്‍ശിച്ച മുരളീധരന് വേണ്ടി സുധീരന്‍ നാവനക്കാനിടയില്ല.

മറ്റൊരു കാര്യം, കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മേല്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതിനെ ചൊല്ലി അവ്യക്തത തുടരുന്നുവെന്നതാണ്. ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ സംഘത്തെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. എന്നാല്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ പീഡന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന പരാമര്‍ശം സര്‍ക്കാര്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ആശയക്കുഴപ്പമുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ച ഒരു ശുപാര്‍ശയുമില്ല. അതുകൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പരിധി സാമ്പത്തിക പ്രശ്നത്തില്‍ മാത്രമൊതുങ്ങുമത്രേ. സോളാര്‍ ഇടപാടില്‍ വീഴ്ചയുണ്ടായെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. നിയമപരമായി ഇതിന് അപ്പുറം ഒന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്ന ഉത്തരവില്‍പ്പെടുത്താനാകില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ വിലയിരുത്തല്‍. അന്വേഷണ ഉത്തരവ് പുറത്തിറങ്ങിയാല്‍ സരിതയുടെ മൊഴി വീണ്ടുമെടുക്കും. സരിത ആരോപണങ്ങളില്‍ ഉറച്ചുനിന്നാല്‍ ആരോപണവിധേയരായാലും നേതാക്കളെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക