Image

സൈബര്‍ ലോകത്തിലെ, വ്യക്തിഹത്യകളും അപവാദ പ്രചാരണങ്ങളും (എന്‍. തോമസ്)

Published on 18 October, 2017
സൈബര്‍ ലോകത്തിലെ, വ്യക്തിഹത്യകളും അപവാദ പ്രചാരണങ്ങളും (എന്‍. തോമസ്)
വ്യക്തിവൈരാഗ്യം മുതല്‍ വര്‍ഗീയതവരെ പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള "സുരക്ഷിതമായ' ഒരു ഇടമായി സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഒരു പൊതുപ്രവര്‍ത്തകനോടോ ജനപ്രതിനിധിയോടൊ മതപ്രഭാഷകനോടോ സംഘടനാ നേതാവിനോടോ ഉള്ള വ്യക്തിവിരോധമോ ആശയ വിരോധമോ തീര്‍ക്കുന്നത്, അയാളുടെ സ്വകാര്യ ജീവിതത്തിലെ എന്തെങ്കിലും വിഷയങ്ങള്‍ തെരഞ്ഞുപിടിച്ചായിരിക്കും.

വ്യക്തികളേയും, കുടുംബങ്ങളേയും, സംഘടനകളെയും നിമിഷ നേരം കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കുവാന്‍ കഴിയുന്ന ലളിതമായ ആയുധങ്ങളാണ് വ്യക്തിഹത്യയും അപവാദ പ്രചാരണങ്ങളും. ഈ രണ്ടു മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നവര്‍ അനവധിയാണ്. ഇത്തരക്കാര്‍ വളരെ ഇടുങ്ങിയചിന്താഗതിയും, സങ്കുചിത മനോഭാവവുമുള്ളവരായിരിക്കും.

ഇവര്‍ അവര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ എല്ലാം ശരിയെന്ന് വിശ്വസിച്ച് മറ്റുള്ളവരെ അപമാനിക്കുവാന്‍ മുതിരുന്നു. അവര്‍ അന്യരുടെ വേദനയില്‍ ആനന്ദിക്കുന്നവരും, ഒരു കാര്യവുമില്ലാതെ അതിനു വേണ്ടി പ്രയത്‌നിക്കുന്നവരുമായിരിക്കും.

ഒരാളെ അപമാനിക്കുന്നതിലൂടെയും, വ്യക്തിഹത്യ ചെയ്യുന്നതിലൂടെയും ഇത്തരക്കാര്‍ സ്വന്തം സ്വഭാവം വിളിച്ചറിയിക്കുന്നു. അപമാനിക്കപ്പെടുന്നവന്റെ വേദന മനസിലാക്കാതെ അവരാനന്ദിക്കുന്നു. വ്യക്തിഹത്യ നടത്തുന്നതിലൂടെ എന്ത് നേട്ടമാണ് ഇക്കൂട്ടര്‍ക്ക് ലഭിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇന്ത്യയിലെ പോലെ ഗള്‍ഫ് രാജ്യങ്ങളിലും, യൂറോപ്പിലും, അമേരിക്കയിലുമൊക്കെ ഇക്കൂട്ടരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുകയാണ്.

സ്വന്തം അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ട് എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍, ഇക്കൂട്ടരെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുവാനും വിരളമായെങ്കിലും ആളുകള്‍ ഉണ്ട് എന്നത് പരിതാപകരമാണ്.

ഒരാളെ കുറിച്ച് അപവാദം പറയുവാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ അതിനു മുന്‍പ് അയാളെ കുറിച്ച് മനസിലാക്കുവാനുള്ള മര്യാദ കാണിക്കുന്നതാണുത്തമം. ഒരാളുടെ സംസാരമോ, പ്രവൃത്തിയോ കൊണ്ട് മാത്രം അയാളെ വിലയിരുത്താതിരിക്കുക. മനസ്സറിയാത്ത കാര്യങ്ങള്‍ ഒരാളില്‍ അടിച്ചേല്‍പ്പിച്ച് അപമാനിക്കാന്‍ ശ്രമിക്കാതിരിക്കുക.

ഒരു വ്യക്തിയുമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍, ഒരാളെ തിരുത്തണമെങ്കില്‍ അയാളുമായി നേരിട്ട് ചര്‍ച്ച ചെയ്തു അയാളെ ബോധ്യപ്പെടുത്തുക. ഒരു സംഘടനയുമായി ആണ് പ്രശ്‌നമെങ്കില്‍, അതിന്റെ ഉത്തരവാദിത്തപ്പെട്ടവരോട് ചര്‍ച്ച ചെയ്യുക. അല്ലാതെ, ആദര്‍ശ വ്യത്യാസമുള്ളവരെയോ, അഭിപ്രായവ്യത്യാസമുള്ളവരെയൊ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്തുവാനും ആര്‍ക്കും ആരും അനുവാദം നല്‍കിയിട്ടില്ല.

ഒരു കാരണവുമില്ലാതെ അപമാനത്തിന് അടിപ്പെടുന്നവരുടെ സ്ഥിതി ഒന്നോര്‍ത്തു നോക്കുക. താന്‍ ചെയ്തിട്ടില്ലെന്ന് നുറുശതമാനം ഉറപ്പുള്ള കാര്യത്തില്‍ അപമാനം സഹിക്കേണ്ടി വരുന്നത് ആത്മഹത്യയേക്കാള്‍ പരിതാപകരമായ അവസ്ഥയാണ് ആരേയും മനസ്സറിഞ്ഞ് അതിലേക്ക് തള്ളിയിടാതിരിക്കുക.

സ്വയം ചെയ്യുന്ന തെറ്റുകള്‍ പുറത്തറിയാതിരിക്കാന്‍ മറ്റുള്ളവരെ കരുവാക്കി രക്ഷപ്പെടുവാനുള്ള ശ്രമം ഉപേക്ഷിക്കുക കാരണം അപമാനിക്കപ്പെടുന്നവന്റെ വേദന വളരെ വലുതാണ്. ഒരിക്കലും തെളിയിക്കപ്പെടാനാകാതെ പോകുന്ന സത്യങ്ങളും ഉണ്ടാകും. അതിന്റെ ഭാരം അനുഭവിക്കുന്ന വ്യക്തിയെ മരണം വരെ പിന്തുടരും.

ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന മേഖലയായി സൈബര്‍ ലോകം മാറിയിരിക്കുകയാണ്. നൂറുകണക്കിന് പരാതികളാണ് കേരളത്തില്‍ മാത്രം പ്രതിദിനം കുമിഞ്ഞുകൂടുന്നത്. എന്നാല്‍ ആയിരക്കണക്കിനാളുകള്‍ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നോ, അതിന് "പിറകെ' നടക്കാന്‍ സമയമോ സൗകര്യമോ ഇല്ല എന്നതിനാല്‍ പരാതിപ്പെടാതെ ഒഴിഞ്ഞുനില്ക്കു കയാണ് ചെയ്യുന്നത്.

യുഎഇ പോലുള്ള രാജ്യങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും അസഭ്യവും പറയുന്നവര്‍ ക്രിമിനല്‍ നടപടി നേരിടേണ്ടില്‍ വരുമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. ആവിഷ്കാര സ്വാതന്ത്ര്യം സംബന്ധിച്ചുള്ള തെറ്റിദ്ധാരണയും സമൂഹമാധ്യമങ്ങളുടെ അനുകൂല സാധ്യത ദുരുപയോഗം ചെയ്യുന്നതുമാണ് ചിലരെ ഇത്തരം കേസുകളില്‍ ചാടിക്കുന്നത്. ഇന്റര്‍നെറ്റ്, സമൂഹ മാധ്യമങ്ങളില്‍ എന്തുമാവാം എന്ന നിലപാടും ചിലര്‍ക്ക് കെണിയാകുന്നുണ്ട്. നിയമത്തിനു അതീതമാണ് ഇമാധ്യമങ്ങള്‍ എന്ന് കരുതുന്നവര്‍, കുറ്റകൃത്യത്തിന്റെ രീതിയും സ്വഭാവും അനുസരിച്ചു കേസില്‍ അകപ്പെടേണ്ടി വരും. ഗള്‍ഫ് രാജ്യങ്ങളിലെ പോലെ അത്ര കര്‍ശനമല്ലെങ്കിലും, അമേരിക്കയിലും യൂറോപ്പിലും ഒക്കെ, സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യക്തി ഹത്യയും അപവാദ പ്രചാരണവും ഒക്കെ ലൈബല്‍ നിയമത്തിന്റെ (Libel Law) പരിധിയില്‍ വരുന്നതാണെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടി കാട്ടുന്നു. കഴിഞ്ഞ വര്ഷം നോര്‍ത്ത് കരോലിനയില്‍ നടന്ന ഒരു സംഭവം എല്ലാവര്ക്കും ഒരു പാഠമാകേണ്ടതാണ്. സഹപ്രവര്‍ത്തകയുടെ പേര് പോലും പറയാതെ, വ്യക്തിഹത്യാപരമായ പോസ്റ്റിട്ടതിനു ഒരു സ്ത്രീക്ക് പിഴയടക്കേണ്ടി വന്നത് $250000 ആണ്.

വിവര സാങ്കേതിക രംഗത്തുണ്ടാകുന്ന ഓരോ കുതിപ്പും ജനങ്ങളിലേക്കുള്ള അകലം കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ മറവില്‍ അപരനെ ആക്രമിക്കാന്‍ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതു കുറ്റകരമാണെന്നും മറക്കരുത്. വ്യാജ അക്കൗണ്ടുകള്‍ തുറന്നാണ് ചിലര്‍ ഇന്റര്‍നെറ്റ് വഴിയുള്ള കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നത്. സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവ വഴി അപരനെ അധിക്ഷേപിക്കുന്നവര്‍ക്കു കോടതികള്‍ ശിക്ഷ വിധിച്ച കാര്യം നിയമ വിദഗ്ധര്‍ പറയുന്നു.

അവരവര്‍ക്ക് തോന്നുന്ന സംശയത്തിനും ഊഹാപോഹമനുസസരിച്ചുള്ള വിലയിരുത്തലിനും ഒരാളേയും ഇരയാക്കാതിരിക്കുക..കാരണം പഴമക്കാര്‍ പറയുന്നത് പോലെ വായ് വിട്ട വാക്കും കൈവിട്ട ആയുധവും ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയുകയില്ലെന്നോര്‍ക്കുന്നത് നന്ന്.

വ്യക്തിഹത്യ ചെയ്യപ്പെട്ട് അപമാനഭാരത്താല്‍ അവര്‍ പുളയുമ്പോള്‍ സൈഡിലിരുന്ന് ചിരിക്കുകയും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിങ്ങളോരുത്തരോടും ഒരു വാക്ക്. ഒരു ദിവസം നിങ്ങളും ഇത്തരക്കാരുടെ തൂലികയ്ക്ക് ഇരയായേക്കാം.

തയ്യാറാക്കിയത്: എന്‍. തോമസ്
കടപ്പാട്: നല്ല എഴുത്തു, മനോരമ ന്യൂസ്, യുഎസ്എ ടുഡേ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക