Image

അച്ഛന്‍ ക്യൂവില്‍ നില്‍ക്കെ ചികിത്സ കിട്ടാതെ പെണ്‍കുട്ടി മരിച്ചു

Published on 19 October, 2017
അച്ഛന്‍ ക്യൂവില്‍ നില്‍ക്കെ ചികിത്സ കിട്ടാതെ പെണ്‍കുട്ടി മരിച്ചു
പാറ്റ്‌ന: എയിംസ്‌ അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന്‌ ഒമ്പതുവയസുകാരി മരിച്ചു. അധികൃതര്‍ ആംബുലന്‍സ്‌ വിട്ടുകൊടുക്കാത്തതിനാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം തോളിലേറ്റി പിതാവ്‌ നടന്നത്‌ നാലുമണിക്കൂര്‍. 

 പാറ്റ്‌നയില്‍ കജ്ര ഗ്രാമത്തിലാണ്‌ സംഭവം.
രാംബാലക്‌ എന്ന മധ്യവയസ്‌കനും ഭാര്യക്കുമാണ്‌ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മകളെ നഷ്ടപ്പെട്ടത്‌. ഒമ്പതുകാരിയായ റൗഷന്‍ കുമരിക്ക്‌ ആറു ദിവസമായി കടുത്ത പനിയായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ്‌ പെണ്‍കുട്ടിയെ പാറ്റ്‌നയിലുള്ള എയിംസില്‍ എത്തിച്ചത്‌.

എന്നാല്‍ കുട്ടിയെ ഒ.പിയില്‍ കാണിക്കാനായിരുന്നു ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നത്‌. ഒ.പിയില്‍ നീണ്ട വരിയാണെന്നും രോഗം കലശലാണെന്നും രാംബാലകും ഭാര്യയും കരഞ്ഞ്‌ പറഞ്ഞിട്ടും അധികൃതര്‍ വഴങ്ങിയില്ല.

ക്യൂവില്‍ നില്‍ക്കുന്ന മറ്റുള്ളവരോടും രാംബാലക്‌ തന്നെ കടത്തി വിടണമെന്ന്‌ അപേക്ഷിച്ചെങ്കിലും അവരും വഴങ്ങിയില്ല. ഒ.പി ടിക്കറ്റിനായുള്ള രജിസ്‌ട്രേഷനെല്ലാം തീര്‍ന്നപ്പോഴേക്കും കുട്ടി മരണപ്പെടുകയായിരുന്നു.


കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആബുംലന്‍സ്‌ വിട്ടുനല്‍കാനും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. അവസാനം മകളുടെ മൃതദേഹം തോളിലേറ്റി നാലു കിലോമീറ്റര്‍ ദൂരത്തുള്ള പൗള്‍വാരി ഷെരീഫിലെ ഓട്ടോസ്റ്റാന്‍ഡിലേക്ക്‌ നടക്കുകയായിരുന്നു. ഇവിടെ നിന്നും ഓട്ടോയില്‍ കയറ്റി മൃതദേഹം വീട്ടിലെത്തിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക