Image

ഷെറിന്‍ മാത്യുസിനു വേണ്ടി മലയാളി സമൂഹം കൈകോര്‍ത്ത ടെലി കോണ്‍ഫറന്‍സ്

Published on 19 October, 2017
ഷെറിന്‍ മാത്യുസിനു വേണ്ടി മലയാളി സമൂഹം കൈകോര്‍ത്ത ടെലി കോണ്‍ഫറന്‍സ്
ഒരിക്കലും നേരില്‍ കണ്ടിട്ടില്ലെങ്കിലും ഹൃദയത്തില്‍ ഒരു തേങ്ങലായി മാറിയ കുഞ്ഞോമന ഷെറിന്‍ മാത്യൂസിന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി മലയാളി സമൂഹം കൈകോര്‍ത്ത ടെലി കോണ്‍ഫറന്‍സ് മികച്ച തുടക്കമായി.

ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ വിജിലിനും മറ്റും പങ്കെടുത്തില്ല എന്ന ആക്ഷേപത്തിനിടയില്‍ ഹൂസ്റ്റണില്‍ നിന്നു എ.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ ടെലികോണ്‍ഫറന്‍സില്‍ 250-ഓളം പേര്‍ പങ്കെടുത്തു.

രണ്ടു പതിറ്റാണ്ടു മുമ്പ് വിര്‍ജീനിയയില്‍ വച്ചു പുത്രിയെ കാണാതായ റവ. എ.വി തോമസിന്റെ പ്രാര്‍ത്ഥനയോടെയാണ് ടെലികോണ്‍ഫറന്‍സ് തുടങ്ങിയത്. ആരെയെങ്കിലും ആക്ഷേപിക്കാനോ, ജയിലടയ്ക്കാനോ അല്ല മൂന്നു വയസ്സുള്ള കുഞ്ഞിനെ രക്ഷപെടുത്താനുള്ള ആഗ്രഹം മാത്രമാണ് ടെലികോണ്‍ഫറന്‍സിന്റെ പിന്നിലെന്നു അച്ചനും, എ.സി. ജോര്‍ജും തുടക്കത്തിലേ പറഞ്ഞു. കുട്ടിയെ കണ്ടെത്തണം. അതിനു അറിയാവുന്ന വിവരങ്ങള്‍ പോലീസില്‍ നല്‍കണം. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം- അവര്‍ അഭ്യര്‍ത്ഥിച്ചു. പങ്കെടുത്തവരും അതംഗീകരിച്ചു.

നേരത്തെ വിജില്‍ നടത്തിയപ്പോള്‍ ഇന്ത്യക്കാര്‍ പങ്കെടുക്കാത്തത് അമേരിക്കക്കാര്‍ ചോദ്യം ചെയ്തത് സാം മാത്യു, മെര്‍ലിന്‍ കുന്നേല്‍, അനു സക്കറിയ തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിജിലില്‍ പങ്കെടുക്കാതിരുന്നത് മനപൂര്‍വ്വമല്ലായിരുന്നെന്ന് മറ്റു ചിലരും ചൂണ്ടിക്കാട്ടി. എവിടെ, എപ്പോള്‍ എന്നറിയാത്തതുകൊണ്ടാണ് പലരും വരാതിരുന്നത്. വെള്ളിയാഴ്ച വീണ്ടും വിജില്‍ നടത്തുന്നുണ്ട്.

പ്രാര്‍ത്ഥനാനിരതമായി സമീപിക്കേണ്ട ഒരു വിഷയമാണിതെന്നു ഫോമ നേതാവ് അനിയന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. വികാരപരമായ സമീപനമല്ല വേണ്ടത്. നാം ഒരു വിധിയെഴുത്ത് നടത്തുന്നത് ശരിയല്ലെന്നു അനിയന്‍ ജോര്‍ജ് പറഞ്ഞു. പ്രാര്‍ത്ഥന തീര്‍ച്ചയായും ഫലിക്കുമെന്നു റോയി ചെങ്ങന്നൂരും പറഞ്ഞു.

നാം കുഞ്ഞിനോടൊപ്പമാണെന്നും ജസ്റ്റീസ് ഫോര്‍ ഷെറിന്‍ ആണ് ലക്ഷ്യമെന്നും എ.സി. ജോര്‍ജും ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങള്‍ വഷളാകാതെ പ്രാര്‍ത്ഥനയോടെയുള്ള സമീപനമാണ് വേണ്ടതെന്ന് ഫ്രെസ്‌കോയില്‍ നിന്നുള്ള ഫിലിപ്പ് മാത്യു പറഞ്ഞു.

ഷെറിന്റെ വീടിനു സമീപം കൊയോട്ടി ശല്യമുണ്ടെന്ന് അര മെയില്‍ അകലെ താമസിക്കുന്ന ജോര്‍ജ് വില്യം ചൂണ്ടിക്കാട്ടി.

കുട്ടികളെ വേണ്ടാത്തവര്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചാല്‍ അഡോപ്ഷനും മറ്റും അവര്‍ സൗകര്യമേര്‍പ്പെടുത്തുമെന്ന അറിവ് ലോസാഞ്ചലസില്‍ നിന്നു ജോസ് വര്‍ക്കി പങ്കുവച്ചു.

കുട്ടിയെ കണ്ടുപിടിക്കാന്‍ നമുക്ക് എന്തെല്ലാം ചെയ്യാനാകും എന്നു പരിശോധിക്കണമെന്നു മിനസോട്ടയില്‍ നിന്നുള്ള സുരേഷ് നായര്‍ ചൂണ്ടിക്കാട്ടി.

പ്രാര്‍ത്ഥനകൊണ്ടു മാത്രം ഒരു കാര്യവുമില്ലെന്നു ന്യൂയോര്‍ക്കില്‍ നിന്നു ബാബു പാറയ്ക്കല്‍ ചൂണ്ടിക്കാട്ടി. നമുക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. നമ്മുടെ സമൂഹത്തിനുനാണക്കേട് ഉണ്ടാകുമെന്നു ചിന്തിക്കരുത്. എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ പോലീസില്‍ അറിയിക്കണം.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ കുട്ടിയുടെ മുഖമാണ് തെളിയുന്നതെന്നു ന്യൂജേഴ്‌സിയില്‍ നിന്നു വിനീതാ നായര്‍ ചൂണ്ടിക്കാട്ടി. പ്രാര്‍ത്ഥനകൊണ്ടു മാത്രമായില്ല. കുടുംബവുമായി ബന്ധമുള്ളവര്‍ അവരുമായി സംസാരിക്കണം.

ഈ സംഭവം ജനശ്രദ്ധയില്‍ കൊണ്ടുവന്നത് അമേരിക്കക്കാരാണെന്നു സാന്‍ അന്റോണിയോയില്‍ നിന്നു സിറിയക് ചൂണ്ടിക്കാട്ടി.

അറിയാവുന്ന കാര്യങ്ങള്‍ പോലീസിനു ഇ-മെയില്‍ ചെയ്ത കാര്യം ചിലര്‍ അറിയിച്ചു. തികച്ചും ദുഖകരമായ അവസ്ഥയാണിതെന്നു രാജു മൈലപ്ര പറഞ്ഞു. വിജിലിനു രണ്ടു തവണ പോയത് ഡാലസില്‍ നിന്നുള്ള ഈശോ ചൂണ്ടിക്കാട്ടി. ചര്‍ച്ച് അംഗങ്ങളാരും അതിനു വന്നില്ല.

ഈ സംഭവം ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇ-മലയാളി നടത്തുന്ന ശ്രമങ്ങളെ ആനി ലിബു, മീനു എലിസബത്ത് എന്നിവര്‍ ശ്ശാഘിച്ചു. ഇ-മലയാളി സമൂഹത്തിന്റെ സ്പന്ദനമാണെന്ന് മീനു, റോയി ചെങ്ങന്നൂര്‍ എന്നിവരും പറഞ്ഞു. ഇതൊരു വിജില്‍ തന്നെയാണെന്നു മീനു എലിസബത്ത് ചൂണ്ടിക്കാട്ടി. നേരത്തെ നടന്ന വിജിലില്‍ എ.സി തോമസച്ചനും താനുമൊക്കം പങ്കെടുത്തിരുന്നു. ഇത്തരമൊരു ദുരന്തത്തിന്റെ ദുഖം പേറുന്ന വ്യക്തിയാണ് അച്ചനെന്നും മീനു ചൂണ്ടിക്കാട്ടി.

വിര്‍ജീനിയയില്‍ വച്ച് മൂന്നു മക്കളില്‍ രണ്ടാമത്തെവളായ 1998-ല്‍ പുത്രിയെ തട്ടിക്കൊണ്ടുപോയതാണെന്നു അച്ചന്‍ പറഞ്ഞു. പിന്നീട് പോലീസ് കേസ് ക്ലോസ് ചെയ്തു. പുത്രിയെപ്പറ്റി ഒരു വിവരവും കിട്ടിയില്ല. ഷെറിന്‍ കേസില്‍ പോലീസിനു പിന്തുണ അറിയിച്ചുകൊണ്ടുള്ള ഒരു പെറ്റീഷന്‍ അയയ്ക്കുന്നുണ്ടെന്നു അച്ചന്‍ പറഞ്ഞു.

ചിക്കാഗോയില്‍ നിന്നു ലവ്‌ലി വര്‍ഗീസ്, ന്യൂയോര്‍ക്കില്‍ നിന്നു തോമസ് കൂവള്ളൂര്‍, ജയിംസ് ഇളംപുരയിടത്തില്‍, ന്യൂജേഴ്‌സിയില്‍ നിന്നു രാജു പള്ളത്ത്, ഡിട്രോയിറ്റില്‍ നിന്നു അബ്ദുള്‍ പുന്നയൂര്‍ക്കുളം തുടങ്ങി ഒട്ടേറെ പേര്‍ സംസാരിച്ചു.

ആവശ്യമെങ്കില്‍ ഇനിയും കോള്‍ വിളിക്കണമെന്ന ധാരണയൊടെ സമ്മേളനം പര്യവസാനിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക