Image

പറയാതെ പോയവള്‍ (കവിത-ശ്രീലക്ഷ്മി പി .ആര്‍)

Published on 19 October, 2017
പറയാതെ പോയവള്‍ (കവിത-ശ്രീലക്ഷ്മി പി .ആര്‍)
ഗര്‍ഭ പാത്രത്തില്‍ ഇരുളില്‍
അത്ര സുരക്ഷിതയായിരുന്നോ ?
പൊക്കിള്‍ക്കൊടി അറത്തു നീ നീങ്ങവേ
ഞാനെന്ന ഭാരം നീ
ഇറക്കിവച്ചോ?
തൊള്ളപൊട്ടുമാറുള്ള
പൊള്ളും നിലവിളി
എന്തേ നീ കേള്‍ക്കാതെ
നടന്നകന്നു...
അമ്മതൊട്ടിലിന്റെ
താരാട്ടില്‍ നീ എന്തേ
നൊണ്ണ് കാട്ടിയ പുഞ്ചിരി
കാണാതെ കണ്ണു പൊത്തി
നീ ഓടിയകന്നത് അമ്മിഞ്ഞപ്പാല്‍ കെട്ടി
നിന്‍ മാറിടം ചുരന്നിട്ടല്ലേ....
പാല്‍ മണം നുകരാത്തൊരെന്‍
ചെഞ്ചൊടി വായ്മലര്‍
ആവോളം പിളര്‍ക്കാതെ
പൂട്ടിവച്ചുവല്ലോ
പുതിയ മായീകലോകത്തില്‍
കാക്കേ പൂച്ചേ പാട്ടു ഞാന്‍
കേട്ടീല
അമ്പിളി മാമനേ ഒരുനോക്ക് കണ്ടീല
അമ്മ തന്‍ നെഞ്ചിലെ
ചൂടെനിക്കന്യമായ്
നെഞ്ചില്‍ കുരുങ്ങി
നിലവിളി കനത്തുപോയ്
വായ്‌മൊഴിയും എന്നെ
വിട്ടുപോയ്.....
മാതാവിന്‍ മടിയിലെ
ഉണ്ണീശോയെ ഒന്നു
തൊട്ടതിനും കിട്ടിയേറെ
എത്രയെന്നറിയീല
എണ്ണാന്‍ പഠിപ്പതേയുള്ളൂ
തെറ്റിന്റെ കണക്കു പുസ്തകം.
ഓമനിക്കേണ്ട കൈകള്‍
മൃദുലമാണോ അമ്മേ?
സ്വപ്നത്തില്‍ വന്ന മാലാഖയോടാരാഞ്ഞു
എന്തിനെന്നറിയില്ല അന്ന്
മാലാഖയും ഏങ്ങിക്കരഞ്ഞു
മരണക്കയത്തില്‍ എറിയും മുന്‍പ്
ഞാന്‍ കണ്ട സ്വപ്നം
പറയട്ടെ അപ്പയും
അമ്മയും കൈകള്‍
കോര്‍ത്തെന്നെ ഊഞ്ഞാലാട്ടുന്നു
ഉമ്മകള്‍ തന്നെന്നെ
വാരി പുണരുന്നു.....
കുടുകുടെ ചിരിച്ചപ്പോള്‍
കവിളിലൂടോഴുകിയ
ചുടുനിണം മാലാഖ
മായ്ച്ചതില്ല.
കരളുകള്‍ പിടയുമ്പോള്‍
കരയുവാനാവാതെ
ചിറകറ്റു വീണുപോയ്
മാലാഖയും
സ്വര്‍ഗ്ഗ രാജ്യത്ത് നിന്റെ
മടത്തട്ടില്‍ പേടി കൂടാതൊന്ന്
മയങ്ങിക്കോട്ടേ
വിടരുംമുമ്പേ കൊഴിഞ്ഞ
പൂവല്ലേ തുരുസന്നിധിയിലെ
വാടാമലരായ് ഒരു
ഒരു ജന്മം നീ തരികയില്ലേ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക