Image

ഞങ്ങളുടെ പുണ്യം ഈ മകള്‍, ഡോ. വൈക്കം വിജയലക്ഷ്മിയെക്കുറിച്ച് അച്ഛനും അമ്മയും (ലതാ പോള്‍)

Published on 19 October, 2017
ഞങ്ങളുടെ പുണ്യം ഈ മകള്‍, ഡോ. വൈക്കം വിജയലക്ഷ്മിയെക്കുറിച്ച് അച്ഛനും അമ്മയും (ലതാ പോള്‍)
ജന്മനാ അന്ധയായ ഏക മകളെപറ്റി പറയുമ്പോള്‍ അച്ഛന്‍ മുരളീധരനും അമ്മ വിമലയ്ക്കും നൂറ് നാവ്. 1981 ഒക്ടോബര്‍ 7 ന് വിജയദശമി നാളില്‍ ജനനം. നാളിനോട് ചേര്‍ച്ചയുള്ള പേരുതന്നെ അച്ഛന്‍ മകള്‍ക്കിട്ടു. ചെറുപ്പം മുതലേ സംഗീതം കേട്ടുപഠിച്ചു. മാവേലിക്കര പൊന്നമ്മ മുതല്‍ പലരും ഗുരുക്കളായി. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. സംഗീതത്തില്‍ ബിരുദാനന്തര ബിരുദവും ഇപ്പോള്‍ ഡോക്ടറേറ്റും നേടി. വിജയം മാത്രം കൈമുതലായുള്ള വിജയലക്ഷ്മി ഇപ്പോള്‍ ഗിന്നസ് ബുക്കിലും ഇടംനേടി.

പൂമരം 2017 എന്ന സ്‌റ്റേജ് പ്രോഗ്രാമുമായി അമേരിക്കയിലെത്തിയതായിരുന്നു വിജയലക്ഷ്മിയും കൂട്ടുകാരും. സംഘത്തില്‍ ആകെ പതിനാറ് പേര്‍. പ്രോഗ്രാമിന്‍റെ ഡയറക്ടറും മിമിക്രിരംഗത്തെ കുലപതിയുമായ അബി, ആക്ടര്‍ അനൂപ് ചന്ദ്രന്‍, ഗായകനായ അരിസ്‌റ്റോ സുരേഷ്, പുല്ലാങ്കുഴല്‍ വായനയിലൂടെ കേള്‍വിക്കാരുടെ മനസ്സ് കീഴടക്കിയ ചേര്‍ത്തല രാജേഷ്, കീബോര്‍ഡ് വിദഗ്ദ്ധരായ ബിനോയിയും സുമേഷും, റിഥത്തോടൊപ്പം ഗായകനുമായ പ്രഭാഷ് വൈക്കം, ഗിത്താറിസ്റ്റും ഗായകനുമായ വിനീത്, ഇവരോടൊപ്പം മേക്കപ്പ്മാന്‍ ഉണ്ണി, വിജയലക്ഷ്മിയെ കൂടാതെ നടിയും നര്‍ത്തകിയുമായ അനുശ്രീ, മറ്റൊരു ഡാന്‍സറും നടിയുമായ ശരണ്യ, ഗായികയും ആങ്കറുമായ ജിനു, പ്രോഗ്രാം കോറിയോ ഗ്രാഫറായ സജിനി തുടങ്ങിയവരും പരിപാടികള്‍ക്ക് മാറ്റ് കൂട്ടുവാന്‍ എത്തി.

താരപരിവേഷങ്ങളും അകമ്പടി സേവക്കാരുമില്ലാതെ തികച്ചും സാധാരണക്കാര്‍ അവതരിപ്പിച്ച കലാമൂല്യമുള്ള പരിപാടികള്‍. ഒന്നിനൊന്ന് മികച്ച പ്രകടനം ഓരോരുത്തരും കാഴ്ചവച്ചു. മൂന്ന് മണിക്കൂര്‍ കാണികളുടെ മനസ്സില്‍ പൂമഴ പെയ്യിച്ച് പൂത്തിരി കത്തിച്ച് പൂമരം ഷോ വന്‍ വിജയമായി. ആദിയോടന്തം ഇമചിമ്മാതെ കാണികള്‍ ആസ്വദിച്ചു ഈ പ്രോഗ്രാമിന്‍റെ ഓരോ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടുകള്‍.

പ്രോഗ്രാമില്‍ മൂന്ന് തവണകളായി വിജയലക്ഷ്മി സ്‌റ്റേജിലെത്തി. ഒരു നിഴല്‍ പോലെ അച്ഛനും അമ്മയും മകള്‍ക്കൊപ്പം കൈപിടിച്ച് എന്നും എപ്പോഴും കൂടെയുണ്ട്. കാഴ്ചയില്ലാത്ത മകള്‍ക്കുവേണ്ടി സ്‌നേഹനിധിയായ അച്ഛന്‍ സ്വന്തം കരവിരുതില്‍ നിര്‍മ്മിച്ച ഒറ്റകമ്പിയുള്ള ഗായത്രി വീണയിലൂടെ വിജയലക്ഷ്മി ഏറെ ചിത്രങ്ങളിലെ ഗാനങ്ങളുടെ ഈണങ്ങള്‍ വായിച്ചു. മുഴക്കമുള്ള ശബ്ദത്തിലൂടെ ചലച്ചിത്രഗാനങ്ങള്‍ പാടി മലയാളികളുടെ മനം കവര്‍ന്നു.

കേരളത്തില്‍ ഏറെ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള വിജയലക്ഷ്മി ആദ്യമായാണ് അമേരിക്കയിലെത്തുന്നത്. പാട്ടിലും വീണവായനയിലും കഴിവ് തെളിയിച്ച ഈ മിടുക്കി കീബോര്‍ഡ്, തബല, മൃദംഗം തുടങ്ങിയ വാദ്യോപകരണങ്ങളും വായിക്കും. സ്വന്തം സഹോദരിയെപ്പോലെ കൈപിടിച്ച് കൊണ്ട് നടക്കുന്ന കൂട്ടുകാരാണ് വിജയലക്ഷ്മിക്ക് തുണ. എല്ലാവരും "വിജി" എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ കലാകാരിയുടെ നിഷ്കളങ്കമായ സംസാരത്തില്‍ തികച്ചും സൗമ്യത, ശാന്തത നിറഞ്ഞ ആത്മവിശ്വാസം എല്ലാമുണ്ടായിട്ടും നിരാശരായി കഴിയുന്നവര്‍ക്ക് ഈ പെണ്‍കുട്ടി ഒരു മാതൃകയാണ്. "എനിക്ക് കാഴ്ചയില്ലല്ലോ" എന്ന ചിന്തയില്‍ മനസ്സ് തളത്താതെ സ്വരത്തില്‍ നിരാശയുടെ ലാഞ്ചനപോലുമില്ലാതെ ജീവിതത്തില്‍ മുന്നേറുന്ന ഈ മിടുക്കി സംഗീതത്തിന്‍റെ ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. പ്രോഗ്രാം കഴിഞ്ഞ് വിജയലക്ഷ്മിയുടെ കൈകളില്‍ പിടിച്ച് സംസാരിച്ചപ്പോള്‍ എന്നിലേക്കും ഒരു പോസറ്റീവ് എനര്‍ജി കടന്നു വരുന്നതുപോലെ അസാമാന്യ കഴിവുള്ള സാധാരണ ജീവിതം നയിക്കുന്ന ഈ കലാകാരിയെ ആദരിക്കുവാന്‍ കഴിഞ്ഞ നിമിഷങ്ങള്‍. അന്ധയായ വിജിയെ ചുറ്റിപ്പിടിച്ചപ്പോള്‍ മനസ്സും കണ്ണും നിറഞ്ഞു.

ഓരോ പാട്ടിനും മുമ്പും പിമ്പും അച്ഛന്‍ വന്നു വിജിയെ കൈപിടിച്ചു കൊണ്ടുവരികയും കൊണ്ടു പോവുകയും ചെയ്യും. അമ്മ സംസാരത്തിനിടയില്‍ എന്നോട് പറഞ്ഞു "വിജി" കാരണം ഞങ്ങള്‍ക്കും അമേരിക്ക കാണുവാന്‍ പറ്റി" അത്ര അഭിമാനത്തോടും ആത്മവിശ്വാസത്തോടും സന്തോഷത്തോടും കൂടിയാണ് അവര്‍ മോളെ കൊണ്ടുനടക്കുന്നത്.

അനുഗ്രഹീതമായ ഈ പാട്ടുകാരിക്ക് സംഗീതത്തിന്‍റെ ലോകം ഇനിയും കീഴടക്കുവാന്‍ കഴിയട്ടെ എന്ന് ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു. ചികിത്സയിലൂടെ എന്നെങ്കിലും ലോകത്തിന്‍റെ നിറം കാണുവാന്‍ ഭാഗ്യമുണ്ടാകട്ടെ. അങ്ങിനെ അകക്കണ്ണിലൂടെ കേട്ട് പഠിക്കുന്ന പാട്ടുകള്‍ പുറം കണ്ണിലൂടെ കണ്ട് പഠിക്കാനാകട്ടെ എന്ന് മനസ്സ് തുറന്ന് പ്രാര്‍ത്ഥിക്കുന്നു. ഒരിക്കല്‍പോലും ബ്രെയിലി ലിപി ഉപയോഗിക്കാതെ സ്വന്തം കാതിലൂടെയാണ് വിജയലക്ഷ്മി ഈ പാട്ടുകളെല്ലാം പഠിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. ഈ പൂമരം ഷോ യില്‍ ഞങ്ങള്‍ക്കും ഭാഗമാകുവാന്‍ കഴിഞ്ഞതിലും വിജയലക്ഷ്മിയെ അടുത്തറിയുവാന്‍ കഴിഞ്ഞതിലും തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ട്. അതോടൊപ്പം റോക്ക് ലാന്‍റിലെ പൂമരം ഷോ വന്‍ വിജയമാക്കിയ വിജയലക്ഷ്മിയെയും കൂട്ടുകാരേയും സപ്പോര്‍ട്ട് ചെയ്യുവാനെത്തിയ ആദ്യാന്തത്തോളം ഹര്‍ഷാരവങ്ങളോടെ നിറഞ്ഞ കൈയ്യടികളോടെ അവരെ പ്രോത്സാഹിപ്പിച്ച ഏവര്‍ക്കും നന്ദിയുടെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു.

- ലതാ പോള്‍
ഞങ്ങളുടെ പുണ്യം ഈ മകള്‍, ഡോ. വൈക്കം വിജയലക്ഷ്മിയെക്കുറിച്ച് അച്ഛനും അമ്മയും (ലതാ പോള്‍)
ഞങ്ങളുടെ പുണ്യം ഈ മകള്‍, ഡോ. വൈക്കം വിജയലക്ഷ്മിയെക്കുറിച്ച് അച്ഛനും അമ്മയും (ലതാ പോള്‍)
ഞങ്ങളുടെ പുണ്യം ഈ മകള്‍, ഡോ. വൈക്കം വിജയലക്ഷ്മിയെക്കുറിച്ച് അച്ഛനും അമ്മയും (ലതാ പോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക