Image

ലൗ ജിഹാദും ഘര്‍ വാപസിയും അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യം(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 20 October, 2017
ലൗ ജിഹാദും ഘര്‍ വാപസിയും അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യം(എ.എസ് ശ്രീകുമാര്‍)
കേരളത്തിലെ എല്ലാ മിശ്രവിവാഹങ്ങളെയും ലൗ ജിഹാദെന്നും ഘര്‍ വാപസിയെന്നും വൈകാരികമായി അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്നും പ്രണയത്തിന് അതിര്‍വരമ്പില്ലെന്നുമുള്ള ഹൈക്കോടതിയുടെ ഉചിതജ്ഞതയോടെയുള്ള നിരീക്ഷണം ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വളരെ ശ്രദ്ധേയമാണ്. സംസ്ഥാനത്തെ എല്ലാ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങളും അടച്ചു പൂട്ടണമെന്നും ബലപ്രയോഗത്തിലൂടെ മതം മാറ്റുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ സ്വദേശിനി ശ്രുതിയെ വിട്ടുകിട്ടണമെന്ന ഭര്‍ത്താവ് അനീസ് അഹമ്മദിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടുള്ളതാണ് ഡിവിഷന്‍ ബഞ്ചിന്റെ സുപ്രധാന ഉത്തരവ്.

കേരളത്തിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കമുണ്ടാവരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കുന്നു. ശ്രുതി-അനീസ് കേസിലെ സംഭവവികാസങ്ങളെ ശ്രുതിയുടെ മാതാപിതാക്കള്‍ ലൗ ജിഹാദായും അനീസിന്റെ വീട്ടുകാര്‍  ഘര്‍വാപസിയായും ആരോപിക്കുകയാണ്. ബലംപ്രയോഗിച്ച് മതം മാറ്റുകയും തിരിച്ചു പഴയ മതത്തിലേക്കു കൊണ്ടുവരുകയും ചെയ്യുന്ന സ്ഥാപനങ്ങളെ മത ഭേദമില്ലാതെ പോലിസ് തകര്‍ക്കണം. ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടനയുടെ 25-ാം പരിച്ഛേദം പൗരന്‍മാര്‍ക്ക് അവകാശം നല്‍കുന്നു. ഭരണഘടനാപരമായ അവകാശത്തെ ചവിട്ടിത്തേക്കാന്‍ മത സംഘടനകളെയും വിധ്വംസക സംഘടനകളെയും അനുവദിക്കരുത്. ശ്രുതിയും അനീസും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം കോടതിയിലെത്തിയ ശ്രുതി മരണം വരെ ഹിന്ദുവായി തുടരുമെന്നു പറഞ്ഞു. അനീസ് മുസ്‌ലിമായും ജീവിക്കും. വിവാഹം ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2011-14 കാലഘട്ടത്തില്‍ ബിരുദ പഠനകാലത്താണ് അനീസും ശ്രുതിയും തമ്മില്‍ പ്രണയത്തിലാകുന്നത്. 2017 മെയ് 16ന് നാടുവിട്ടു. ഡല്‍ഹിയില്‍ വച്ച് വിവാഹിതരായി. ഡല്‍ഹിയിലും ഹരിയാനയിലുമായി കഴിഞ്ഞ ഇവരെ ശ്രുതിയുടെ മാതാപിതാക്കളുടെ പരാതി പരിഗണിച്ച് 2017 ജൂണ്‍ 20ന് കസ്റ്റഡിയിലെടുത്തു. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ശ്രുതിയെ രക്ഷിതാക്കളുടെ കൂടെ വിട്ടു. ഇതിനുശേഷം ശ്രുതിയെ വീട്ടുകാര്‍ യോഗയുടെ പേരിലുള്ള തൃപ്പൂണിത്തുറയിലെ പീഡന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. വിവാദ യോഗാ കേന്ദ്രത്തില്‍ തടവില്‍ കഴിഞ്ഞിരുന്ന ശ്രുതി മാനസികമായും ശാരീരികവുമായ മര്‍ദന മുറകള്‍ക്കിരയായി. ഈ സംഭവം വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തു. യോഗാ കേന്ദ്രത്തില്‍ തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ ശ്രുതി മാധ്യമങ്ങളോട് മറയില്ലാതെ വെളിപ്പെടുത്തുകയുമുണ്ടായി.

അതേസമയം അനീസാവട്ടെ, ഭാര്യയെ കാണാനില്ലെന്നു പറഞ്ഞ് പയ്യന്നൂര്‍ കോടതിയെ സമീപിച്ചു. കോടതി സെര്‍ച്ച് വാറന്റ് ഇറക്കി. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രുതിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. അനീസ് ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ ചെയ്തു. ഈ ഹര്‍ജിയിലാണ് കോടതി ഇപ്പോള്‍ സുപ്രധാനമായ വിധി പ്രസ്താവിച്ചത്. മാതാപിതാക്കളുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്ന സമയത്ത്, ''ശ്രുതിയെ സിറിയയിലേക്കോ യമനിലേക്കോ കൊണ്ടുപോവും...'' എന്ന രീതിയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരില്‍ നാട്ടില്‍ വന്ന പോസ്റ്റര്‍, തന്നില്‍ ഭയം ജനിപ്പിക്കാന്‍ യോഗാ കേന്ദ്രക്കാര്‍ തന്നെയാണ് പതിച്ചതെന്ന് ശ്രുതി മൊഴി നല്‍കിയെന്നും ഹൈക്കോടതി വ്യക്തമാക്കി.

തെറ്റായ നിയമനടപടികളിലൂടെ നീതിയെ വഴിപിഴപ്പിക്കാനുള്ള മാതാപിതാക്കളുടെ ശ്രമങ്ങളെ മറികടന്നതിനു ശ്രുതിയെ കോടതി അഭിനന്ദിച്ചു. ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള ശ്രുതിക്ക് പക്വതയുണ്ട്. ശ്രുതിയെ സ്വന്തം താല്‍പര്യത്തിന് വിരുദ്ധമായി യോഗാ കേന്ദ്രത്തിലേക്കോ രക്ഷിതാക്കളുടെ അടുത്തേക്കോ വിടാനാവില്ല. ശ്രുതിക്കും അനീസിനും ബാഹ്യ ഇടപെടലുകളില്ലാതെ ജീവിക്കാനാവുന്നുണ്ടെന്ന് പോലിസ് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ കക്ഷിചേരാന്‍ ആതിര എന്ന യുവതിയും ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ എന്ന സംഘടനയും യോഗാ കേന്ദ്രത്തില്‍ പീഡനം നടക്കുന്നില്ലെന്ന് പറഞ്ഞ് യോഗാ കേന്ദ്രം നടത്തുന്ന വിജ്ഞാന ഭാരതി എജ്യൂക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയും സമര്‍പ്പിച്ച അപേക്ഷകള്‍ കോടതി തള്ളിക്കളഞ്ഞു.

എല്ലാ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങളും അടച്ചു പൂട്ടണമെന്നും ബലപ്രയോഗത്തിലൂടെ മതം മാറ്റുന്നത് ഭരണഘടനാ വിരുദ്ധമാണെന്നുമുള്ള ഹൈക്കോടതിയുടെ ഉത്തരവും നിരീക്ഷണവും കാലാനുസൃതവും സ്വാഗതാര്‍ഹവും മതേതര ചിന്തയുടെ വിളംബരവുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആറായിരത്തിലധികം മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍ അതെല്ലാം ഇസ്ലാം മതത്തിലേയ്ക്കാണ് എന്ന് കരുതരുത്. ഘര്‍ വാപസിയും ക്രിസ്ത്യന്‍ മതത്തിലേയ്ക്കുള്ള പരിവര്‍ത്തനവും എല്ലാം ഇതില്‍ പെടും. ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത് ഇസ്ലാമിലേയ്ക്കാണത്രേ. നായിരത്തിലധികം സ്ത്രീകളാണ് ഇക്കാലയളവില്‍ മതപരിവര്‍ത്തനത്തിന് വിധേയരായിട്ടണ്ട്. 35 വയസിന് താഴെ പ്രായമുള്ളവരാണ് ഇത്തരത്തില്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരില്‍ ഭൂരിപക്ഷവും. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന ഘര്‍ വാപസിയുടെ ഭാഗമായി മറ്റ് പല മതങ്ങളില്‍ നിന്നുള്ളവര്‍ ഹിന്ദുമതം സ്വീകരിച്ചിരുന്നു.

ലൗ ജിഹാദും ഘര്‍ വാപയിയും വാര്‍ത്തകളില്‍ നിറഞ്ഞിട്ട് കാലം കുറേയായി. കേരളത്തിലും കര്‍ണ്ണാടകയിലും മുസ്ലീങ്ങളല്ലാത്ത യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്നതാണ് ലൗ ജിഹാദ് വിവാദം. കേരള കൗമുദി ദിനപ്പത്രത്തിലാണ് ഇതിനെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോര്‍ട്ട് ആദ്യമായി വന്നത്. പിന്നീട് കര്‍ണ്ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രത സമിതി, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ വിവാദം ചൂടുപിടിച്ചു. മുസ്ലിം പുരുഷനും അമുസ്ലിം സ്ത്രീയും തമ്മിലുള്ള, മതപരിവര്‍ത്തനത്തിനു വേണ്ടിയെന്നാരോപിക്കപ്പെടുന്ന, വിവാദപരമായ പ്രണയബന്ധങ്ങളെ സൂചിപ്പിക്കാനാണ് കേരളത്തിലെ മാധ്യമങ്ങള്‍ 'ലൗ ജിഹാദ്' എന്ന സംജ്ഞ ഉപയോഗിച്ചത്.

വിവാദത്തെത്തുടര്‍ന്ന് ലൗ ജിഹാദിനെ കുറിച്ചും അങ്ങനെയുള്ളവരുണ്ടെങ്കില്‍ അവര്‍ക്കുള്ള ദേശീയ-അന്തര്‍ദ്ദേശീയ ബന്ധവും അത്തരക്കാര്‍ക്ക് മയക്കുമരുന്ന്-കൊള്ള സംഘങ്ങള്‍ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഡി.ജി.പി. ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ നടത്തിയ സത്യവാങ് മൂലത്തില്‍ ഇത്തരത്തില്‍ സംഘടനകള്‍ കേരളത്തില്‍ ഉള്ളതിനു തെളിവില്ലെന്നു വ്യക്തമാക്കി. കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, ഭീകരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആരോപിതമായ പ്രവര്‍ത്തനങ്ങളുമായി വിവാദ മിശ്രവിവാഹങ്ങള്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്നും എന്നാല്‍ ഇത്തരത്തില്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങള്‍ ഉണ്ടെന്നും ഡി.ജി.പിയുടെ സത്യവാങ്മൂലത്തിലുണ്ടായിരുന്നു.

ഉത്തരേന്ത്യയില്‍ ഘര്‍ വാപസി വ്യാപകമായത് 2014 കാലഘട്ടത്തിലാണ്. ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ 43 മുസ്ലീം മതവിശ്വാസികള്‍ ഹിന്ദുമതം സ്വീകരിച്ചവാര്‍ത്ത അക്കാലത്ത് മാധ്യമങ്ങളില്‍ വന്നു. ഫെസാബാദിലെ അംബേദ്ക്കര്‍ നഗറില്‍ നിന്നുള്ള മുസ്ലീംങ്ങളാണ് ഹിന്ദുമതം സ്വീകരിച്ചിച്ചത്. ഫൈസാബാദിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഘര്‍വാപസി നടന്നത്. അംബേദ്ക്കര്‍ നഗറിന്റെ ചുമതലയുള്ള ആര്‍.എസ്.എസ് നേതാവ് സുരേന്ദ്രകുമാറാണ് ഘര്‍വാപസിക്ക് നേതൃത്വം നല്‍കിയത്. പിന്നീടത് തുടര്‍ക്കഥയായി. കേരളത്തില്‍ പലയിടത്തും ഘര്‍ വാപസി നടന്നു. വിശ്വഹിന്ദു പരിഷത്ത്, ശിവസേന, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് മതംമാറ്റല്‍. ഹിന്ദുവായില്ലെങ്കില്‍ ഭയത്തോടെ ജീവിക്കേണ്ടി വരുമെന്ന് വിശ്വസിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഘര്‍ വാപസി നടത്തുന്നത്.

'സ്‌നേഹത്തിന് അതിര്‍വരമ്പുകളില്ല...'' എന്ന് തുടങ്ങുന്ന അമേരിക്കന്‍ കവിതയുടെ വരികള്‍ ഉദ്ധരിച്ചാണ് ഇന്നലത്തെ ഹൈക്കോടതി വിധിന്യായം തുടങ്ങുന്നത്. അതില്‍ ലതാ സിങും ഉത്തര്‍പ്രദേശ് സര്‍ക്കാരും തമ്മിലുള്ള കേസിലെ സുപ്രീം കേടതിവിധിയുടെ പ്രസക്ത ഭാഗവും പരാമര്‍ശിക്കപ്പെട്ടു...''ജാതി ജ്യവസ്ഥ രാജ്യത്തിന്റെ ശാപമാണ്. അത് എത്രയും വേഗം ഇല്ലാതാക്കിയാല്‍ അത്രയും നന്ന്. രാജ്യം നേരിടുന്ന പ്രതിസന്ധികളെ ഒന്നിച്ചു നേരിടേണ്ട ഘട്ടത്തില്‍ അത് അന്തച്ഛിദ്രമുണ്ടാക്കുന്നു...''

ലൗ ജിഹാദും ഘര്‍ വാപസിയും അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യം(എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക