Image

റിയാദില്‍ കാണാതായ പയ്യന്നൂര്‍ സ്വദേശിയുടെ മൃതദേഹം മോര്‍ച്ചറിയില്‍

Published on 20 October, 2017
റിയാദില്‍ കാണാതായ പയ്യന്നൂര്‍ സ്വദേശിയുടെ മൃതദേഹം മോര്‍ച്ചറിയില്‍
റിയാദ്: നാലുമാസം മുന്‍പ് റിയാദില്‍ കാണാതായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി കെ.കെ.ജയേഷിന്റെ(39) മൃതദേഹം ശുമൈസി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ കണ്ടെത്തി. സഹോദരനും കേളി ജീവകാരുണ്യ പ്രവര്‍ത്തകരും ചൊവ്വാഴ്ച മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. റിയാദിലെ റീട്ടെയില്‍ വേള്‍ഡ് ട്രേഡിംഗ് ഡൈസോ ജപ്പാന്‍ കന്പനിയിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ജൂണ്‍ 23 വെള്ളിയാഴ്ച രാവിലെ മുതല്‍ നസീമിലെ താമസസ്ഥലത്തു നിന്നും അപ്രത്യക്ഷനായ ജയേഷിനെക്കുറിച്ചു അന്വേഷിക്കാന്‍ ജിദ്ദയിലുള്ള സഹോദരന്‍ റിയാദ് കേളിയുടെ സഹായം തേടുകയായിരുന്നു.

കേളി പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചു സമഗ്രമായ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. ശുമൈസി മോര്‍ച്ചറിയിലുള്‍പ്പെടെ ഈ കാലയളവില്‍ അന്വേഷണം നടത്തിയിരുന്നു. യഥാര്‍ത്ഥ പേരും ഇഖാമ (റെസിഡന്റ് പെര്‍മിറ്റ്) യിലെ അറബിയിലുള്ള പേരും തമ്മിലുള്ള വ്യത്യാസമാണ് അന്ന് അന്വേഷണത്തിന് വിഘാതമായതെന്ന് കേളി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ കിഷോര്‍ ഇ. നിസാം പറഞ്ഞു. 

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് റിയാദ് മന്‍ഫുഅ പോലീസ് സ്‌റ്റേഷന്‍ അധികൃതര്‍ മൃതദേഹത്തെക്കുറിച്ച് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വിംഗിനെ അറിയിച്ചത്. മൂന്നുമാസത്തില്‍ കൂടുതല്‍ പഴക്കമുള്ള മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പോലീസ് എംബസിയെ ബന്ധപ്പെട്ടത്. എംബസിയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കിഷോര്‍ ഇ. നിസാമും ജയേഷിന്റെ മൂത്തസഹോദരനും ജിദ്ദ നവാദയ കേന്ദ്ര രക്ഷാധികാരി സമിതിയംഗവുമായ കെ.കെ സുരേഷും ചൊവ്വാഴ്ച മോര്‍ച്ചറിയില്‍ പോയി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

മന്‍ഫുഅ പോലീസ് അതിര്‍ത്തിയിലെ ഒരു കൃഷിത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സ്വാഭാവിക മരണമെന്നാണ് നിഗമനം. ബാലന്‍, നളിനി ദന്പതികളുടെ മകനാണ്. സുരേഷിനെ കൂടാതെ സബിത എന്ന സഹോദരിയുമുണ്ട്. സിന്ധുവാണ് ഭാര്യ. കുട്ടികളില്ല. 

റിപ്പോര്‍ട്ട്: നൗഷാദ് കൊരമത്ത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക