Image

ഭ്രാന്താചലം (കവിത: സദന്‍ തോപ്പില്‍)

Published on 20 October, 2017
ഭ്രാന്താചലം (കവിത: സദന്‍ തോപ്പില്‍)
ദിനരാത്രങ്ങളിലെന്നും
വിരലുകളാലെ
തൊട്ടും, തലോടിയും
പോസ്റ്റുകളോരോന്നായ്
ഭ്രാന്തന്‍കുന്നിലേയ്ക്ക്
കുത്തനെ കല്ലുരുട്ടിക്കയറ്റിയും,
സ്‌ക്രോളി താഴോട്ട് തട്ടിയും
പൊട്ടിച്ചിതറുന്ന ലൈക്കുകളെ
കട്ടുറുമ്പുകളെയെന്നപോല്‍
എണ്ണിനോക്കിയതും
കമന്റുകള്‍ പുലമ്പിയതും
പറയിപെറ്റ
നാറാണത്തുഭ്രാന്തനല്ല.
ചങ്ങലയില്ലാതെ
കെട്ടിയിടപ്പെട്ട്
വിറകും, തീയും കണ്ടിടത്തെല്ലാം
അന്നമുണ്ട് അന്തിയുറങ്ങിയത്
ദാര്‍ശനികനായ നാറാണത്തുഭ്രാന്തനല്ല.
ഭിക്ഷതേടിയലഞ്ഞ്
നവമാധ്യമകാഞ്ഞിരമരങ്ങളില്‍
ചുറ്റിയൊടുങ്ങിയ ചില ചങ്ങലക്കണ്ണികളെപ്പോല്‍
മനസ്സ് മാത്രം കിലുങ്ങി
ഭ്രാന്ത് ചുമടിറക്കുമിടത്ത് ചുടലശയനഭംഗമാകാന്‍
നമുക്ക് മുന്‍പിലെത്തി
നൃത്തമാടുന്ന ഭദ്രകാളിയോട്
ഒരു ചോദ്യം കരുതിവെക്കുക!
ഒറ്റവിരലിലെയസ്ഥി തേഞ്ഞുതീരുന്ന
മന്തപ്പ്
മറ്റു വിരലുകളിലേക്കൊന്നില്‍
വരമായി തന്നുകൊള്‍ക !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക