Image

221-ബി (ബിലു പദ്മിനി നാരായണന്‍)

Published on 20 October, 2017
221-ബി (ബിലു പദ്മിനി നാരായണന്‍)
ഓണ്‍ലൈന്‍ ആശയവിനിമയങ്ങളെ ആസ്പദമാക്കിയുള്ള ഒരു ലേഖനപരമ്പര കുറച്ചുകാലമായി മനസ്സിലുണ്ട്. പുരോഗമനപരമായ ഉള്ളടക്കം എന്ന് ഒറ്റവായനയില്‍ തോന്നുന്ന ഇടപെടലുകള്‍ പോലും ഭാഷയുടെ, രൂപകങ്ങളുടെ അഗ്രസ്സീവ് വര്‍ഗ-വംശ-ലിംഗ അധീശപ്രയോഗങ്ങളാല്‍ മലയാളത്തിലെ പുതുതലമുറസൈക്കിയെ എങ്ങനെ അപകടകരമായ രീതിയില്‍ സ്വാധീനിക്കുന്നു എന്ന ഒരു അന്വേഷണം...തിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ എല്ലാം വായനക്കാര്‍ക്കായി വിട്ടുനല്‍കിക്കൊണ്ട് 221-ബി. എന്ന ഈ സംരംഭത്തിലെ ആദ്യ എഴുത്ത്.....!

ഫേസ്ബുക്ക് പരസ്യവിനിമയങ്ങള്‍--- ബഹുചിഹ്നാത്മക പാഠങ്ങള്‍ (Multi Semiotic Text) എന്ന നിലയിലുള്ള വിമര്‍ശനാത്മക വ്യവഹാരാപഗ്രഥന (Critical Discourse Analysis) സാധ്യതകള്‍.
--------------------------------------------------
ഭാഷാപ്രയോഗങ്ങളുടെ വിമര്‍ശനാത്മക പഠനമാണ് ക്രിട്ടിക്കല്‍ ഡിസ്‌കോഴ്‌സ് അനാലിസിസ് എന്ന് ഏറ്റവും ലളിതമായി നിര്‍വചിക്കാം.എഴുതപ്പെട്ടതോ പറയപ്പെട്ടതോ ആയ ഭാഷാവ്യവഹാരങ്ങളുടെ വിനിമയപ്രക്രിയയില്‍ സംഭവിക്കുന്ന അധികാര, കര്‍തൃത്വ ബലതന്ത്രങ്ങളേയും രൂപീകരിക്കുന്ന ആശയതലങ്ങളേയും അത് അപഗ്രഥിക്കുന്നു. ലിപിയിലും മൊഴിയിലുമുള്ള ഏതുതരം ആവിഷ്‌കാരത്തേയും ടെക്സ്റ്റ്-- പാഠം ആയി അത് പരിഗണിക്കുന്നു.

'' A rather broader conception has become common within discourse analysis, where a text may be either written or spoken discourse so that for example, the words used in a conversation (or their written transcription) constitute a text.[ page no; 5--chapter 1,
Text and Language.]
----- 'Critical Discourse Analysis: The Critical Study of Language'-- Norman Fairclough. 1995.
വിമര്‍ശനാത്മക വ്യവഹാരപഠനത്തിന്റെ വക്താവായ നോര്‍മന്‍ ഫെയര്‍ക്ലോ ബഹുചിഹ്നാത്മക പാഠം -- multi semiotic text--എന്ന പരികല്‍പ്പനയിലൂടെ കൂടുതല്‍ വിശാലമായ അര്‍ഥത്തില്‍ ടെക്സ്റ്റിനെ വികസിപ്പിക്കുകയാണ് ചെയ്യുന്നത്---.ആവിഷ്‌കരിക്കപ്പെട്ട മാധ്യമത്തിന്റെ സ്വഭാവം, അച്ചടിയിലെ ലേ ഔട്ട്, നിറങ്ങള്‍ എന്നിങ്ങനെ ചിഹ്നപരമായ ആവിഷ്‌കാര അംശങ്ങള്‍ കൂടി അതില്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട്.--'....a text as a primarily linguistic cultural artefact, but develop ways of analysing other semiotic forms which are co-present with language, and especially how different semiotic forms interact in the multisemiotic text.'
ഇത്തരത്തിലുള്ള ബഹുചിഹ്നാത്മക പാഠങ്ങള്‍ എന്ന നിലയില്‍ അപഗ്രഥനസാധ്യതയുള്ള ഒന്നാണ് ഓണ്‍ലൈന്‍ ആവിഷ്‌കാരമാധ്യമങ്ങളില്‍ ഏറ്റവും ജനകീയമായ ഫേസ്ബുക്കിലെ വിനിമയങ്ങള്‍. ക്ഷിപ്രപ്രതികരണം, ആത്മനിഷ്ഠ അധികാരം, സ്ഥല കാലങ്ങളുടെ അതിവര്‍ത്തനം തുടങ്ങിയവയാല്‍ വരമൊഴിഭാഷാ- സാഹിത്യ മാധ്യമങ്ങളുടെ പരമ്പരാഗതമായ ചട്ടക്കൂടുകളെ നവസാങ്കേതികമായി അത് പൊളിച്ചുപണിതു. പൊതുമണ്ഡലം-- public sphere-- തന്നെ സൈബര്‍കേന്ദ്രിതമായി വികസിച്ചു. പ്രത്യേകിച്ചും കേരളത്തിന്റെ പ്രബുദ്ധ ഭാഷാ സാംസ്‌കാരിക ഊര്‍ജത്തിന് എഡിറ്റര്‍ഏകാധിപത്യരഹിതമായ ഒരു സ്വകീയമാധ്യമം ആയി ഫേസ്ബുക് മാറി.
ഫേസ്ബുക്കടക്കമുള്ള നവസാങ്കേതിക മാധ്യമങ്ങളുടെ ഈ വേരൂന്നല്‍ വളരെ വ്യാപകമായി നടന്നുകഴിഞ്ഞുവെങ്കിലും അവയുടെ ഭാഷാപരവും സാംസ്‌കാരികവുമായ വിശകലനങ്ങള്‍ മലയാളത്തില്‍ വളരെക്കുറച്ചുമാത്രമേ നടന്നിട്ടുള്ളൂ. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2006 ല്‍ പ്രസിദ്ധീകരിച്ച എന്‍. പി. സജീഷിന്റെ എസ്.എം.എസ്.ജനാധിപത്യം എന്ന ലേഖനം മൊബൈല്‍ എസ് എം എസുകളുടെ ഭാഷാസാംസ്‌കാരികവിശകലനം വിശദമായി നടത്തിയിട്ടുള്ളത് ഇവിടെ പ്രസക്തമായ ഒരു ഉദാഹരണമാണ്.

നാം ശരീരം കൊണ്ട് സന്നിഹിതര്‍ ആകുന്ന ഇടങ്ങളിലെ ബൗദ്ധിക വൈകാരികവിനിമയങ്ങളെ അപ്രസക്തമാക്കുന്ന തരത്തില്‍ നമ്മുടെ ''ആയിരിക്കലി''നെ അസ്തിത്വത്തെ നിര്‍ണയിക്കുന്ന ഒന്നായി ഫേസ്ബുക്കിലെ ''സ്റ്റാറ്റസ്'' മാറുന്നു. ഒരു ഷെയറു കൊണ്ടെങ്കിലും നാം സാന്നിധ്യം അറിയിക്കുന്നു. ലൈക്കുകള്‍, വിവിധതരം സ്‌മൈലികള്‍, ഇമോജികള്‍, ഫീലിംഗ് തലവാചകങ്ങള്‍, ഹാഷ്ടാഗുകള്‍, ഫേസ്ബുക് തന്നെ കൃത്യമായ ഇടവേളകളില്‍ നല്‍കുന്ന കൗതുക ആവിഷ്‌കാരലീലകള്‍( നിങ്ങള്‍ ഏതു സിനിമാതാരവുമായി മാച്ചു ചെയ്യുന്നു, നിങ്ങളെ ഏറ്റവും സ്‌നേഹിക്കുന്നതാര്.....), ചിത്രങ്ങള്‍, ഫ്രെയിമുകള്‍ ഇങ്ങനെ ഭാഷാപരവും ഭാഷേതരവുമായ ബഹുചിഹ്ന ആവിഷ്‌കാരങ്ങള്‍ ഉള്‍പ്പെട്ട പാഠമായി,-- മള്‍ട്ടിസെമിയോട്ടിക് ടെക്സ്റ്റ് --ആയി ഫേസ്ബുക്ക് വിനിമയങ്ങളെ കാണാം.
ഇങ്ങനെ ദൈനംദിന ആശയവിനിമയത്തില്‍ ജനകീയവും ജനപ്രിയവുമായ തരത്തില്‍ ആഴത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യമാധ്യമം പൊതുബോധനിര്‍മ്മിതിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് പ്രധാനപ്പെട്ട ഒരു വിഷയമാണ്. അതിന്റെ ആവിഷ്‌കാര രീതികളില്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്ന പാറ്റേണുകള്‍, അടിസ്ഥാനചേരുവകള്‍ എന്തൊക്കെയാണ്....? സാങ്കേതികമായി പൂര്‍വനിശ്ചിതമായ ഒരു പൊതുചട്ടക്കൂടിനകത്താണെങ്കിലും അതിലെ ഭാഷാ-ഭാഷേതര ആവിഷ്‌കാരങ്ങളുടെ സ്വാധീന,സാധ്യതകള്‍ എത്രത്തോളമുണ്ട്...?
ഫേസ്ബുക്ക് വിനിമയങ്ങളിലെ താരം എന്നു വിശേഷിപ്പിക്കാവുന്ന ട്രോളുകള്‍ ഈ തരത്തില്‍ വിശകലനം ചെയ്യാവുന്ന ഒരു ആവിഷ്‌കാരമാതൃകയാണ്. അജ്ഞാത കര്‍തൃത്വം-- Anonymity-- എന്നത് അതിനെ മറ്റ് വിനിമയങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു .ചിത്രം, അടയാളങ്ങള്‍, പഞ്ച് അടിക്കുറിപ്പുകള്‍ ഇങ്ങനെ ഭാഷേതരമായ ഘടകങ്ങള്‍ മുന്തിനില്‍ക്കുന്ന,സമൃദ്ധമായ ലേഔട്ട് അതിനെ ബഹുചിഹ്നപാഠം എന്ന നിലയില്‍ കൂടുതല്‍ പ്രസക്തമാക്കുന്നു. വാട്‌സ് ആപ്പ് പോലുള്ള കുറേക്കൂടി പരിമിതവൃത്ത വിനിമയങ്ങളില്‍ ഏറ്റവും കൂടുതല്‍ പങ്കിടപ്പെടുന്ന ആവിഷ്‌കാരരൂപം കൂടിയാണ് ട്രോളുകള്‍.തനിക്ക് നേരിട്ട് ഉത്തരവാദിത്തമില്ലാതെ തന്നെ ഒരു ആശയത്തെ നിലപാടിനെ പരസ്യപ്പെടുത്താനും പ്രചരിപ്പിക്കുവാനും അതിലൂടെ കഴിയുന്നു.''ഹിറ്റാകുന്ന'' ട്രോളുകള്‍ മിക്കവാറുമെല്ലാം തന്നെ നിലവിലുള്ള സാംസ്‌കാരികമൂല്യങ്ങളെ മുറിപ്പെടുത്താതെ പിന്‍പറ്റുന്നതുമാണ്.അതില്‍തന്നെ സ്ത്രീവിരുദ്ധ, ദളിത് വിരുദ്ധഘടകങ്ങള്‍ മേമ്പൊടിചേര്‍ത്തുള്ളവ കൂടുതല്‍ വൈറല്‍ ആകുന്നു. ICU - ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍-- , ട്രോള്‍ മലയാളം എന്നിവ മലയാളത്തിലെ പ്രധാനപ്പെട്ട ട്രോള്‍ഗ്രൂപ്പുകള്‍ ആണ്.
ട്രോളോളജി.
-------------------
ഒരു അക്കാഡമിക് പഠനശാഖയെന്ന നിലയില്‍ വികസിച്ചുകഴിഞ്ഞതുമാണ് ട്രോളോളജി,അഥവാ ട്രോളുകളെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍ -2014 ല്‍ കാനഡയിലുള്ള മാനിടോബ യൂണിവെഴ്‌സിറ്റി 1200 വ്യക്തികളെ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയ പഠനം ട്രോള്‍ മന:ശാസ്ത്രത്തെ ഇങ്ങനെ വിലയിരുത്തുന്നു--
''Of all personality measures, sadism showed the most robust associations with tholling...'Enjoyment of other online activities, such as chatting and debating, was unrelated to sadism.Thus cyber trolling appears to be an internet manifestation of everyday sadism... bevaving in deceptive,destructive,or
desruptive manner.'
ചിത്രീകരിച്ചതിനും എഴുതിയതിനും അപ്പുറത്ത് ചില കാര്യങ്ങള്‍ ''പറയാതെ പറയുന്ന'' അബോധമായി ഗുപ്തമായി പ്രസരിപ്പിക്കുന്ന ഒരു വിനിമയതലം റ്റ്രോളുകള്‍ക്കുണ്ട്. തീര്‍ത്തും നിരുപദ്രവകരമായ തമാശ എന്ന ധാരണയുണ്ടാക്കിക്കൊണ്ട് തമാശേതരമായ, സാംസ്‌കാരികമായി പ്രതിലോമകരം കൂടിയാകാവുന്ന പ്രത്യയശാസ്ത്ര ഇടപെടലുകള്‍ അവ നടത്തിക്കൊണ്ടിരിക്കുന്നു.
ഇത്തരമൊരു പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ അടുത്തിടെ ചര്‍ച്ചയായ ഒരു ലേഖനത്തെ ആസ്പദമാക്കി ഉണ്ടായ ഒരു ട്രോള്‍ സൂക്ഷ്മമായി വായിക്കാന്‍ ശ്രമിക്കുകയാണ്. ജെ.ദേവിക കാഫില എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ ഹാദിയ കേസുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലെ ചില മുന്‍നിര എഴുത്തുകാരെയും എഴുത്തിലെ നിലപാടുകളെയും വിമര്‍ശിച്ചുകൊണ്ട് എഴുതിയ ലേഖനത്തില്‍, ഗാര്‍ഹികപീഡനമെന്ന വിഷയം പരാമശിച്ചതു വെച്ചാണ് ഇത്. അതില്‍ പേരു വരാത്ത ഒരാളുടെ നഷ്ടബോധമുഖഭാവത്തെ സിനിമാഷോട്ടു വെച്ച് ചിത്രീകരിക്കുന്ന
പതിവു ശൈലിയിലുള്ള ട്രോള്‍.
ട്രോളുകള്‍ ആശ്രയിക്കുന്ന ''പാഠപശ്ചാത്തലം'' സിനിമയാകുന്നത് ഒരു യാദൃഛികതയല്ല. പൊതുബോധത്തില്‍ മുന്‍പേ കലര്‍ന്നുകിടക്കുന്ന ആശയഘടകങ്ങളെ സാന്ദര്‍ഭികമായ സവിശേഷവിഷയവുമായി ലിങ്ക് ചെയ്യുന്നതിനുള്ള എറ്റവും എളുപ്പവും സമര്‍ഥവുമായ സാംസ്‌കാരിക ഉപാധിയാണത്.
സിനിമാസ്‌ക്രീന്‍ ഷോട്ട് എന്ന ഭാഷേതര ദൃശ്യചിഹ്നത്തിന്റെ-- Plain meme--നാലുതരം വിന്യാസങ്ങളാണ് ഈ പാഠത്തില്‍ ഉള്ളത്. ജയറാം എന്ന നടന്റെ വ്യത്യസ്ത മുഖഭാവങ്ങള്‍ ഉള്ള നാലു സമചതുരക്കള്ളികള്‍.അവയില്‍ മുകളിലും താഴെയുമായി രണ്ടു വരിയില്‍ എഴുതിയിരിക്കുന്ന അടിക്കുറിപ്പ് ആണ് ഇതിലെ ഏക ഭാഷാഘടകം.-
' ഫ്രണ്ട്‌സിന്റെ പേരെല്ലാം കാഫിലയിലെ ഭാര്യയെ തല്ലുന്നവരുടെ ലിസ്റ്റില്‍ വന്നിട്ടും തന്റെ പേരു മാത്രം വന്നില്ല എന്നറിഞ്ഞ കിരണ്‍ തോമസ്''
മറ്റു വിശേഷണങ്ങള്‍ ഒന്നുമില്ലാതെ തന്നെ ഒരു വായനാഗണത്തില്‍ പരിചിതരായ വ്യക്തികളാണ് സ്വാഭാവികമായും ട്രോളിന്റെ ഭാഗമാകുന്നത്.ഇവിടെ രാഷ്ട്രീയ നിരീക്ഷകന്‍, വിശകലന വിദഗ്ദ്ധന്‍ എന്നീ നിലകളില്‍ സൈബര്‍ മാധ്യമരംഗത്ത് സുപരിചിതനായ വ്യക്തിയാണ് ശ്രീ കിരണ്‍ തോമസ്.ജയറാം എന്ന നടന്റെ മുഖഭാവത്താല്‍ അദ്ദേഹം അധ്യാരോപം ചെയ്യപ്പെടുന്നു.
മോഹന്‍ലാലിന്റെ അധികാര ആണ്‍പ്രതാപത്തേക്കാള്‍ ''താഴ്ന്നപടിയില്‍'' നില്‍ക്കുന്ന പതമുള്ള മധ്യവര്‍ഗ ആണത്തത്തിന്റെ പ്രതീകമാണ് ജയറാമിന്റെ അഭിനയ വ്യക്തിത്വം. പരുക്കനല്ലെങ്കിലും കൃത്യമായ അതിര്‍വരമ്പുകളാല്‍ ആണ്‍കോയ്മയുടെ ടെറിട്ടറികള്‍ കാത്തു പോരുന്നതാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ .''സഹികെട്ട് അടിച്ചു പോകുന്ന'', ഗാര്‍ഹികഹിംസയെന്ന കുറ്റം അനിവാര്യമായ 'ശിക്ഷ'യും ഭാര്യയുടെ ഭാവിനല്ലനടപ്പിനുള്ള രക്ഷയും ആകുന്ന മലയാളി രക്ഷകഭര്‍തൃരൂപത്തിന് അനുയോജ്യമായ നടന്‍. [ഒരേ തൊഴിലില്‍ നിന്ന് വിവാഹശേഷം മാറിനിന്ന് ഉത്തമകുടുംബിനിയായ പാര്‍വ്വതിയെന്ന ഭാര്യയുള്ള, ആ ത്യാഗം ഒഴിച്ചുകൂടാനാവാത്തതാണെന്ന് സാംതൃപ്തദാമ്പത്യത്താല്‍ തെളിയിച്ച ഒരു കുടുംബനാഥന്‍ എന്നതാണ് അദ്ദേഹത്തിന്റെ വ്യക്തി നില]
അടിക്കുറിപ്പില്‍ കിരണ്‍ തോമസ് എന്ന കര്‍തൃനാമം ഏറ്റവും അവസാനത്തില്‍ ആണുള്ളത്.വാക്യഘടനയില്‍ പദവിന്യാസത്തില്‍ അവസാനം വരുന്ന വാക്കെന്ന നിലയില്‍ പേരിന് അപ്പോള്‍ കൂടുതല്‍ പഞ്ച്, ഊന്നല്‍ കൈവരുന്നു.വിഷയി ആര് എന്ന സസ്‌പെന്‍സ്, ഏതാനും സെക്കന്റുകള്‍ മാത്രമുള്ള വായനാവേളയാണെങ്കിലും കൂടുതല്‍ കൗതുകകരമായി ആ വാക്യഘടന വായനക്കാരില്‍ ഉണര്‍ത്തുന്നു. ഇടതുപക്ഷ പുരോഗമന രാഷ്ട്രീയചിന്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തിനുള്ള നിലയും, ഗാര്‍ഹികപീഡനം എന്ന വിഷയത്തിന്റെ ഹാസ്യാത്മക അവതരണവും കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന വിരുദ്ധപശ്ചാത്തലം, കുറ്റകരമായ ഒരു സാമൂഹ്യവിഷയത്തിനോട് സ്വാഭാവികമായി ഉണ്ടാകേണ്ട ഗൗരവസമീപനത്തില്‍ നിന്ന് മാനസികമായി അലസമാകാന്‍, എസ്‌കേപ്പ് ചെയ്യാന്‍ വായനക്കാരെ സഹായിക്കുന്നു.
ട്രോളിലെ ഭാഷാംശത്തില്‍ ഉള്‍പ്പെട്ട കിരണ്‍ തോമസ് എന്ന വിഷയിയും ഭാഷേതരദൃശ്യചിഹ്നമായ ജയറാം എന്ന വിഷയിയും വായനക്കാരില്‍ നര്‍മ്മ ഉപാധികള്‍ എന്ന നിലയിലാണ് പ്രസക്തമാകുന്നത്.ഗാര്‍ഹികപീഡനം എന്ന വിഷയത്തില്‍ നിന്ന് ആരോഗ്യകരമായി അകന്നുനില്‍ക്കുന്ന കര്‍തൃസ്ഥാനമാണ് അവര്‍ക്കുള്ളത്. തല്ലിയിട്ടും പേരുവരാത്തതാണോ, അതോ തല്ലാതിരിക്കുന്നതിനാല്‍ വരാത്തതാണോ എന്ന ചോദ്യങ്ങളെ അപ്രസക്തമായ തമാശയാക്കുന്നതരത്തില്‍ ''വിഷയാതീതരാണ്'' അവര്‍. ട്രോള്‍ വായനയുടെ നിമിഷകാലത്തിനപ്പുറം ആ പേരും മുഖവും നേരിട്ട് ആ വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ മനസ്സില്‍ നിലനില്‍ക്കുന്നില്ല. എന്നാല്‍ അവരിലൂടെ ആവിഷ്‌കരിക്കുന്ന ഹിംസയെന്ന വിഷയമാകട്ടെ ഒരു സ്വാഭാവിക ജൈവക്രിയ പോലെ വായനക്കാരില്‍ കൂടുതല്‍ സാധൂകരണത്തോടെ അവശേഷിക്കുന്നു.
''കണ്ണൂരെ ജയില് ആണുങ്ങള്‍ക്കുള്ളതാ'' എന്ന പറച്ചില്‍ എങ്ങനെ കുറ്റത്തേയും ശിക്ഷയെയും റിവാര്‍ഡ്, അഥവാ സമ്മാനം ആക്കി മാറ്റുന്ന ആണത്തബോധത്തിന്റെ അടയാളമാകുന്നുവോ അതേമട്ടില്‍ ഭാര്യയെ ഒന്നു തല്ലാത്തോനൊക്കെ ആണാണോ എന്ന പരമ്പരാഗത ഭര്‍തൃരക്ഷകബിംബമാണ് ഇവിടെയും വിനിമയം ചെയ്യപ്പെടുന്നത്. ലേഖനത്തില്‍ പേരുവരാത്തവര്‍, ഭാര്യയെ തല്ലാത്തവര്‍ ഖേദപ്പെടേണ്ടവര്‍ ആകുന്നു...! ഹിംസ ചെയ്യാത്തവനായി ആവിഷരിക്കുന്ന ഒരു വ്യക്തിയുടെ സ്വകാര്യ ഹാസ്യാത്മക ബഹുചിഹ്നപാഠ വ്യവഹാരത്തിലൂടെ ആ ഹിംസയുടെ തന്നെ അബോധസമ്മതി വായനക്കാരില്‍ രൂപീകരിക്കപ്പെടുന്നു. -- ചട്ടീം കലത്തിന്റെയും തട്ടിമുട്ടല്‌പോലെയെന്ന ലഘൂകരണം വീണ്ടും ഉറയ്ക്കുന്നു...
ജെ. ദേവികയുടെ ലേഖനത്തിന്റെ വിമര്‍ശനം ആര്‍ക്കും നിര്‍വ്വഹിക്കാം. അതുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഈ ട്രോള്‍ പ്രശ്‌നവല്‍ക്കപ്പെടുന്നത് മറ്റൊരു സ്വതന്ത്ര പാഠം എന്ന നിലയില്‍ അത് മുന്നോട്ടുവെയ്ക്കുന്ന ഗാര്‍ഹികഹിംസാ പ്രോല്‍സാഹകമായ നിലപാടു കൊണ്ടാണ്. മറ്റൊരു ബൃഹത് പാഠത്തില്‍ ഗൗരവസ്വഭാവത്തോടെ പരാമര്‍ശിക്കപ്പെടുന്ന, നിയമപരമായും സാംസ്‌കാരികമായും കുറ്റകരമായ, ഡൊമസ്റ്റിക് വയലന്‍സ് എന്ന വിഷയത്തെ അടര്‍ത്തിയെടുത്ത് തമാശയാക്കുക മാത്രമല്ല സൈബര്‍ ഇടതുപക്ഷ ആശയലോകത്ത് സുപരിചിതനായ ഒരു വ്യക്തിയുടെ മുഖവിലയെ സ്ത്രീവിരുദ്ധവും, അതിനാല്‍തന്നെ ഇടതുപക്ഷരഹിതവുമായ ഒരു പ്രത്യയശാസ്ത്ര ആവിഷ്‌കാരത്തിനായി ഉപയോഗിക്കുക കൂടിയാണ് ഈ ഐ.സി.യു ട്രോള്‍ ചെയ്തിരിക്കുന്നത്....! 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക