Image

താജ്മഹലിന്‍റെ മതം പ്രണയമാണ് (ഷിബു ഗോപാലകൃഷ്ണന്‍)

Published on 20 October, 2017
താജ്മഹലിന്‍റെ മതം പ്രണയമാണ് (ഷിബു ഗോപാലകൃഷ്ണന്‍)
സംസ്കാരം എന്നത് ഏകശിലാരൂപമാര്‍ന്നൊരു ഏര്‍പ്പാടല്ല. അത് ഒരു മതത്തിന്റെയും അളിയനല്ല. അതുകൊണ്ടു നമ്മുടെ പൈതൃകം എന്നൊക്കെ പറഞ്ഞു ഉറഞ്ഞുതുള്ളുന്നതില്‍ വലിയ കഥയൊന്നുമില്ല. എല്ലാ അതിരുകളെയും ഭേദിച്ചു കൊണ്ട് മനുഷ്യന്‍ കൂടിക്കലര്‍ന്നതിന്റെയും പങ്കുവച്ചതിന്റെയും കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയതിന്റെയും ഒരു തുടര്‍ച്ചയാണത്. അത് മതാതീതമായ ഒരു സങ്കല്പമാണ്. അതിനു ബഹുസ്വരതയുണ്ട്. അത് അനുസ്യൂതമാണ്.

സ്വതന്ത്ര ജനാധിപത്യ ഫെഡറല്‍ ആയ ഒരു രാഷ്ട്രം അതിന്റെ പ്രഖ്യാപിത മതാതീത സങ്കല്പ്പങ്ങളെ വെടിഞ്ഞു മതാധിഷ്ഠിതമായ ഒരു ഭൂതകാല സംസ്കാരത്തെ കുറിച്ച് പുളകം കൊള്ളുന്നുണ്ടെങ്കില്‍ കാര്യം വ്യക്തമാണ്. അവരുടെ ഉദ്ദേശവും വ്യക്തമാണ്. പാകിസ്ഥാന്‍ ഇത്രയധികം പരിതാപപ്പെട്ടുപോയതു മതസംഹിതകള്‍ രാഷ്ട്രസംഹിതകളായി അവിടെ ശക്തിപ്രാപിച്ചതു കൊണ്ടാണ്. പിന്നെ മതത്തിനു ഒരു ഗുണമുള്ളതു എന്ത് അനീതിയും അതിന്റെ പേരില്‍ നടത്തിയെടുക്കാന്‍ എളുപ്പമാണെന്നുള്ളതാണ്. അത്തരം പൊളിച്ചടുക്കലുകള്‍ ഇതിനു മുന്‍പും ഈ രാഷ്ട്രം കണ്ടിട്ടുള്ളതാണ്. കെട്ടിടങ്ങളുടെ ഘര്‍വാപ്പസി. അതിനെ ചോദ്യം ചെയ്യാന്‍ ഏത് അധികാര കേന്ദ്രവും ഒന്നറയ്ക്കും. അത് മതത്തിന്റെ വകവെച്ചു കൊടുക്കാന്‍ പാടില്ലാത്ത അഹന്തയാണ്.

സതി നമ്മുടെ ഹൈന്ദവ പാരന്പര്യത്തിന്റെ ഭാഗമായി നിലനിന്നിരുന്ന ഒരു അനാചാരമാണ്. ഇന്നായിരുന്നെങ്കില്‍ ഒരുപക്ഷെ അതിനെതിരെ ഒരു നിലപടെടുക്കാന്‍ നമുക്ക് ബുദ്ധിമുട്ടായേനെ. കാരണം അത് മതപരമാണ് എന്നുള്ളതുകൊണ്ടാണ്. ഇനി അങ്ങനെയല്ലാത്തതിനെ അങ്ങനെയാക്കി എടുക്കുക എന്നിട്ടു പണി തുടങ്ങുക എന്നുള്ളതാണ് മറ്റൊരു മാര്‍ഗം. അതാണ് താജ്മഹലിന്റെ കാര്യത്തില്‍ നടക്കുന്നത്.

താജ്മഹലിന്റെ മതം പ്രണയമാണ്. അതിനെ മറ്റേതെങ്കിലും മതവുമായി കൂട്ടിക്കെട്ടി മതാധിഷ്ടിത സംസ്കാരം നടപ്പില്‍ വരുത്താന്‍ ഏതെങ്കിലും പാരന്പര്യവാദി ഒരുന്‌പെടുന്‌പോള്‍ പോയി പണി നോക്കാന്‍ പറയുക എന്നതാണ് ആ മതത്തില്‍പെട്ട നാമോരുത്തരും ചെയ്യേണ്ടത്.
Join WhatsApp News
Johny 2017-10-21 11:44:48
താജ്മഹൽ സംരക്ഷിക്കണം നിലനിൽക്കണം അക്കാര്യത്തിൽ തർക്കം ഇല്ല. ഈ മുംതാസ് ഷാജഹാന്റെ നാലാമത്തെ ബീവി  ആയിരുന്നെന്നും ഏഴാമത്തെ പ്രസവത്തോടെ മയ്യത്തായി എന്നും ആറുമാസത്തിനുള്ളിൽ ഓൾടെ അനിയത്തി കുട്ടീനെ നിക്കാഹ് ചെയ്തു എന്നൊരു കഥ കേട്ടിട്ടുണ്ട് അതിൽ വല്ല വാസ്തവവും ഉണ്ടോ. 
Tom abraham 2017-10-21 19:51:43
This guy is waiting for his Mumtaz , see that romantic face. 
Reminds me of pareekkutty in Chemmeen.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക