Image

സ്ത്രീത്വത്തിന്റെ ഉള്‍ക്കരുത്തുമായി ബീനാ മേനോന്റെ അന്തരം ന്യൂജേഴ്സിയില്‍

അനിൽ കെ പെണ്ണുക്കര Published on 20 October, 2017
സ്ത്രീത്വത്തിന്റെ ഉള്‍ക്കരുത്തുമായി ബീനാ മേനോന്റെ അന്തരം ന്യൂജേഴ്സിയില്‍
അമേരിക്കന്‍ മലയാളികളുടെ കലാ സ്വപ്നങ്ങള്‍ക്ക് ഊടും പാവും നല്‍കിയ അനുഗ്രഹീത കലാകാരിയാണ് ബിനാ മേനോന്‍ . നൃത്തത്തെ അതിന്റെ ഭാവുകത്തോടെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയ കലാകാരി .

ബിനാ മേനോന്റെ നേതൃത്വത്തിലുള്ള കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് 25വര്‍ഷം പിന്നിടുന്നതിന്റെ ആഘോഷത്തിമിര്‍പ്പിലാണ് ഇപ്പോള്‍. ഒക്ടോബര്‍ 29 നു കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ന്യൂ ജേഴ്‌സിയില്‍ രജതജൂബിലി ആഘോഷിക്കുന്നതിനോടനുബന്ധിച്ച് 'ശ്രീകൃഷ്ണ രസ' എന്ന നൃത്ത സമന്വയത്തിനൊപ്പം ഇന്ത്യയിലെ പ്രശസ്ത നര്‍ത്തകിമാരായ നടി സുഹാസിനി, ഗോപികാ വര്‍മ്മ, യാമിനി റെഡ്ഡി, ആര്‍ക്കിടെക്ട് കൃതികാ സുബ്രഹ്മണ്യം എന്നിവര്‍ ഒന്നിക്കുന്ന മനോഹരമായ ഒരു നൃത്ത ശില്‍പം കൂടി ബിനാ മേനോന്‍ അവതരിപ്പിക്കുന്നു. 'അന്തരം '...

സ്ത്രീയുടെ ഓരോ തുള്ളി കണ്ണുനീരും അവളുടെ ഊര്‍ജ്ജം കൂട്ടുകയാണ്. നേരിടേണ്ടി വരുന്ന ഓരോ കഷ്ടപ്പാടും അവളെ ഉരുക്കു പോലെ കരുത്തയാക്കുന്നു. ഫീനിക്‌സ് പക്ഷികളെന്നു വിശേഷിപ്പിക്കാവുന്നത് സ്ത്രീകളെയാണ്. അവള്‍ വെണ്ണീറില്‍ നിന്നു പോലും പറന്നുയര്‍ന്ന് സ്വന്തം ആകാശം തേടും. എല്ലായിടത്തുമുണ്ട് ഇങ്ങനെ കുറേ പേര്‍, വെറും സാധാരണക്കാരിയായി ജനിച്ച് ജീവിതം കൊണ്ട് സ്വന്തം പേര് അടയാളപ്പെടുത്തുന്നവര്‍. ഇതാണ് 'അന്തര 'ത്തിന്റെ കാതല്‍

.ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ആഘോഷമാണ് 'അന്തരം' എന്നു പേരിട്ടിരിക്കുന്ന ഈ നൃത്ത വിസ്മയം . ഒരേ സമയം നാലുകലാകാരികള്‍ സ്ത്രീകളുടെ ഉള്‍ക്കരുത്തറിയുന്നു, അതിശക്തമായി അരങ്ങില്‍ ആവിഷ്‌ക്കരിക്കുന്നു. ദക്ഷിണേന്ത്യയിലെ പുരാണ കഥാപാത്രങ്ങളായ കണ്ണകി, ആണ്ടാള്‍, വാസവി എന്നിവരിലൂടെയാണ് സ്ത്രീശക്തി പുതിയ കാലത്തിന്റെ കണ്ണിലൂടെ ആവിഷ്‌ക്കരിക്കുന്നത്. കണ്ണകിയെ മോഹിനിയാട്ടത്തിലൂടെ ഗോപികാവര്‍മ്മയും വാസവിയെ കുച്ചിപ്പുഡിയിലൂടെ യാമിനിയും ആണ്ടാളെ ഭരതനാട്യത്തിലൂടെ കൃതികയും വരച്ചിടുന്നു. ഒപ്പം രംഭയെന്ന കഥാപാത്രമായി സുഹാസിനിയും അരങ്ങത്തു വരുന്നു .

നൃത്തത്തിനൊപ്പം നിരവധി കലാരൂപങ്ങള്‍ ഇതില്‍ ഒന്നിക്കുന്നുണ്ട്. കുറേയേറെ ആശയങ്ങളുടെ ഏകോപനമാണിത്. എല്ലാത്തരം കാണികള്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് അന്തരം അവതരിപ്പിക്കപ്പെടുന്നത് . ഒരു സ്ത്രീയുടെ ശക്തി എവിടെയും അടയാളപ്പെടുത്തി കാണുന്നില്ല. അബലകളായും ഒന്നും സഹിക്കാന്‍ കഴിയാത്തവളുമായി അവളെ ചിത്രീകരിച്ചു കൊണ്ടേയിരിക്കുന്നു. ഇതില്‍ നിന്നും ഒരു മാറ്റം വേണമായിരുന്നു. അങ്ങനെയാണ് അന്തരത്തിന്റെ പിറവി.

ആന്ധ്രപ്രദേശിന്റെ വാസവി, തമിഴ്‌നാട്ടിന്റെ ആണ്ടാള്‍, കേരളത്തിന്റെ ആറ്റുകാലമ്മയും കുച്ചിപ്പുഡി, ഭരതനാട്യം, മോഹിനിയാട്ടം എന്നീ രൂപങ്ങളില്‍ ആദ്യം ഒരുമിച്ചെത്തിയാണ് അന്തരം തുടങ്ങുന്നത് . പിന്നീട് സുഹാസിനി വിവിധ വേഷവിധാനത്തിലൂടെ കഥ ചൊല്ലുന്നതോടൊപ്പംതന്നെ ചുവടുവയ്ക്കുകയും ചെയ്യും. സദസ്സിനിടയില്‍ നിന്ന് രൗദ്രഭാവത്തില്‍ ചിലമ്പുമേന്തി കണ്ണകീരൂപത്തിലെത്തിയ സുഹാസിനി നൃത്തവേദിയില്‍ എത്തുന്ന നിമിഷങ്ങള്‍ കാണികളെ തെല്ലൊന്നുലയ്ക്കും.

കോവലനെ കൊലചെയ്ത രാജാവിനോട് പകവീട്ടാനെത്തിയ കണ്ണകിക്ക് സുഹാസിനി തന്റെ അഭിനയ സിദ്ധികൊണ്ട് പൂര്‍ണരൂപം പകര്‍ന്നു നല്‍കുന്നു . തുടര്‍ന്ന്, ലാസ്യവും രൗദ്രവും ആവാഹിച്ച് ആറ്റുകാലമ്മയായി ഗോപികാവര്‍മയും അരങ്ങു കീഴടക്കുമ്പോള്‍യാമിനിറെഡ്ഡി (കുച്ചിപ്പുടിവാസവി), കൃതിക സുബ്രഹ്മണ്യം (ഭരതനാട്യംആണ്ടാള്‍) എന്നിവരുടെ ചുവടുകളും ഒപ്പം, കൂടി അന്തരത്തിന്റെ വശ്യത കൂട്ടും. എ ആര്‍ റഹ്മാന്‍, ഒ എസ് അരുണ്‍, രാജ്കുമാര്‍ ഭാരതി, ഡി ശേഷാചാരി (ഹൈദരാബാദ് സഹോദരങ്ങള്‍), അരുണ്‍ ഗോപിനാഥ് ഉള്‍പ്പെടെയുള്ള സംഗീതപ്രതിഭകളുടെ കൈയൊപ്പും അന്തരത്തിന് പിന്നിലുണ്ട് .

സ്ത്രീ ശാക്തീകരണ പ്രമേയങ്ങള്‍ കോര്‍ത്തിണക്കി വിവിധ നൃത്ത രൂപങ്ങളുടെ സമ്മേളനമാണ് അന്തരം. മോഹിനിയാട്ടത്തിലൂടെ പ്രശസ്തയായ മലയാളിയായ ഗോപികാ വര്‍മ്മ, ഭരതനാട്യ നര്‍ത്തകി കാര്‍ത്തിക സുബ്രഹ്മണ്യന്‍, കുച്ചിപുടിയിലൂടെ ശ്രദ്ധ ആകര്‍ഷിച്ച യാമിനി റെഡ്ഢി എന്നിവരാണ് സുഹാസിനിക്കൊപ്പം വേദിയിലെത്തുന്നത്. എ ആര്‍ റഹ്മാനാണ് സുഹാസിനിയുടെ നൃത്തരൂപത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഭാഷാന്തരത്തിന്റെ അതിരുകള്‍ മായ്ക്കുന്ന നൃത്താനുഭവമായി 'അന്തരം'മാറും എന്നുറപ്പാണ്. സ്ത്രീശക്തിയുടെ പ്രതീകമായ കണ്ണകിയും ആണ്ടാളും വാസവിയും രംഭയുമെല്ലാം ചിലങ്കയണിഞ്ഞ് വേദിയില്‍ എത്തുമ്പോള്‍ ദക്ഷിണേന്ത്യന്‍ നൃത്തസംസ്‌കാരത്തിന്റെ സൗന്ദര്യം ഒരിക്കല്‍ കൂടി കലാശ്രീയുടെ വേദിയില്‍ നിറഞ്ഞൊഴുകും .
കഥ ചൊല്ലി നൃത്തച്ചുവടുകള്‍ ഇളകിയാടി ആസ്വാദകഹൃദയം കീഴടക്കുവാന്‍ നടി സുഹാസിനിയും നര്‍ത്തകി ഗോപികാവര്‍മയും സംഘവും വരുന്നതെയും കാത്തിരിക്കുകയാണ് ആസ്വാദകര്‍
സ്ത്രീത്വത്തിന്റെ ഉള്‍ക്കരുത്തുമായി ബീനാ മേനോന്റെ അന്തരം ന്യൂജേഴ്സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക