Image

കണ്ണൂം മനസും ഈറനണിയിക്കും ഈ സൂപ്പര്‍ സ്റ്റാര്‍

Published on 21 October, 2017
       കണ്ണൂം മനസും ഈറനണിയിക്കും ഈ സൂപ്പര്‍ സ്റ്റാര്‍
ആമിര്‍ഖാന്റെ സിനിമകള്‍ എന്നു പറയുമ്പോള്‍ ബോളിവുഡ്‌ പ്രേക്ഷകര്‍ക്കു മാത്രമല്ല, മലയാള പ്രേക്ഷകര്‍ക്കും വലിയ പ്രതീക്ഷകളാണ്‌. പ്രണയവും പ്രതികാരവും ആക്ഷനുമൊക്കെയായി കറങ്ങിത്തിരിയുന്ന പതിവു ബോളിവുഡ്‌ സിനിമകളുടെ ട്രാക്കില്‍ നിന്നു മാറി കാലികപ്രാധാന്യവും കലാമൂല്യവുമുളള സിനിമകളാണ്‌ ആമിര്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്‌.

 പ്രായവും ഗെറ്റപ്പും നോക്കാതെ വ്യത്യസ്‌തത പുലര്‍ത്തുന്ന മികച്ച കഥാപാത്രമാകാന്‍ എത്ര കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്ത സംവിധായകന്‍.

മികച്ചൊരു സന്ദേശം പകുന്നതാണ്‌ ആമിറിന്റെ മിക്ക സിനിമകളും. ആമിറിന്റെ മുന്‍മാനേജറും സത്യമേവ ജയതേയുടെ പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്‌ത അദൈ്വത്‌ ചന്ദ്രനാണ്‌ സീക്രട്ട്‌ സൂപ്പര്‍ സ്റ്റാറിന്റ സംവിധായകന്‍.രചനയും അദ്ദേഹത്തിന്റേതു തന്നെ. ദംഗലിനെ പോലെ സ്‌ത്രീശാക്തീകരണത്തിലൂന്നിയുളളതാണ്‌ ഈ ചിത്രവും. 

മതത്തിന്റെ കര്‍ശനമായ വേലിക്കെട്ടുകളും ആണധികാരവും ചേര്‍ന്ന്‌ സ്‌ത്രീജീവിതത്തെയും പെണ്ണിന്റെ സ്വപ്‌നസഞ്ചാരങ്ങളെയും എത്രമാത്രം അടിച്ചൊതുക്കുന്നു എന്ന്‌ വ്യക്തമായി കാട്ടിത്തരുന്ന ചിത്രമാണിത്‌.
ദംഗലില്‍ ആമിറിന്റെ മകളായി സ്‌ക്രീനിലെത്തി കൈയ്യടി നേടിയ സൈറ വസിം ആണ്‌ ടൈറ്റില്‍ റോളില്‍ എത്തുന്നത്‌. 

തികഞ്ഞ യാഥാസ്ഥിതിക മുസ്ലിംകുടുംബത്തില്‍ പിറന്ന ഇന്‍സു(സൈറ) അമ്മ നജ്‌മ അനിയന്‍ ഗുഡ്ഡു അച്ഛന്‍ അബ്ബ അമ്മൂമ്മ എന്നിവരടങ്ങുന്നതാണ്‌ ഇന്‍സുവിന്റെ കുടുംബം. ലോകമറിയുന്ന പാട്ടുകാരിയാകണം എന്നുള്ളതാണ്‌ ഇന്‍സുവിന്റെ ആഗ്രഹം. പക്ഷേ അവള്‍ക്കത്‌ തുറന്നു പ്രകടിപ്പിക്കാനാകുന്നില്ല. 

അനിയന്‌ നിറമുള്ള വസ്‌ത്രങ്ങള്‍ വാങ്ങി നല്‍കി അവനെ വിവാഹാഘോഷങ്ങള്‍ക്കും മറ്റും കൊണ്ടു പോകുമ്പോള്‍ പിതാവായ അബ്ബ ഇന്‍സുവിനെ പുറത്തിറങ്ങാന്‍ സമ്മതിക്കുന്നില്ല. എന്നാല്‍ ഇന്‍സുവിന്‌ അച്ഛന്‍ അപ്പോള്‍ നല്‍കുന്ന തടവറ സന്തോഷകരമാണ്‌. കാരണം ആ സമയത്താണ്‌ അവള്‍ താന്‍ പാടിയ പാട്ടുകള്‍ യൂട്യൂബില്‍ അപ്ലോഡ്‌ ചെയ്യുന്നത്‌. അച്ഛന്റെ ക്രൂരത അമ്മയുടെ മുഖത്തു നോക്കിയാല്‍ അറിയാം. 

സിനിമ തുടങ്ങുന്നത്‌ തീവണ്ടിയില്‍ ഇന്‍സുവിന്റെ ഒരു വിനോദയാത്രയുടെ മടക്കത്തിലാണ്‌. അവളുടെ അമ്മയുടെ മുഖത്ത്‌അച്ഛന്‍ ക്രൂരമായി തല്ലിച്ചതയ്‌ക്കുമ്പോള്‍ ഒരക്ഷരം മിണ്ടാതെ സഹിക്കുന്ന അമ്മയെകാണുമ്പോള്‍ അവള്‍ക്കും ദേഷ്യം വരും. എന്നാല്‍ അവള്‍ക്ക്‌ തന്റെ പിതാവിനോട്‌ ഒന്നും പറയാനുള്ള ധൈര്യം കിട്ടാറില്ല. 

അവളുടെ വിഷമങ്ങളല്ലാം പങ്കു വയ്‌ക്കുന്നത്‌ ചിന്തന്‍ എന്ന കൂട്ടുകാരനോടാണ്‌. എല്ലാ പ്രശ്‌നങ്ങള്‍ക്കും വളരെ പ്രായോഗികമായ മറുപടി നല്‍കാന്‍ കഴിവുള്ള കൂട്ടുകാരന്‍. പിതാവ്‌ വീട്ടിലില്ലാത്ത സമയത്താണ്‌ അമ്മയും അനിയനും അമ്മൂമ്മയുമൊത്തുള്ള അവളുടെ ആഹ്‌ളാദ വേളകള്‍. യൂട്യൂബില്‍ അവള്‍ അപലോഡ്‌ ചെയ്‌ത പാട്ടുകള്‍ക്ക്‌ ഇന്ന്‌ ആയിരക്കണക്കിന്‌ ഫോളോവേഴ്‌സുണ്ട്‌. 

എല്ലാവരും അവള്‍ക്ക്‌ മെസേജുകള്‍ അയക്കുകയും വീണ്ടും പാടണമെന്ന്‌ പറയുകയും ചെയ്യുന്നു. ഭര്‍ത്താവിന്റെ പീഡനങ്ങള്‍ മുഴുവന്‍ സഹിച്ച്‌ ഒരടിമയെ പോലെ കഴിയുന്നവളെങ്കിലും തന്റെ ഇത്തിരി സ്വാതന്ത്ര്യത്തില്‍ നിന്നു കൊണ്ട്‌ ഇന്‍സുവിനായി ആവതെല്ലാം ചെയ്യുന്നുണ്ട്‌ അവളുടെ അമ്മ നജ്‌മ. അങ്ങനെയാണ്‌ അവള്‍ക്ക്‌ ഗിറ്റാറും ലാപ്‌ടോപ്പും വാങ്ങി കൊടുക്കുന്നത്‌. 

 എന്നാല്‍ ഇന്‍സുവിന്റെ അച്ഛന്‍ ഇതറിയുന്നതോടെ അവളുടെ ഗിറ്റാറിന്റെ കമ്പികള്‍ തകര്‍ക്കുന്നു. ചാനല്‍ റിയാലിറ്റി ഷോകളിലൂടെ വലിയ പാട്ടുകാരിയാകാനുള്ള അവളുടെ ആഗ്രഹങ്ങള്‍ക്ക്‌ ചിറകൊടിയുകയാണ്‌. എങ്കിലും തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌ക്കരിക്കാനുളള യാത്രയില്‍ അവള്‍തനിച്ചാകുന്നില്ല. ദൈവം നേരിട്ടു വരുന്നതു പോലയാണ്‌ ഇന്‍സുവിന്റെ പാട്ടിന്റെ വഴികള്‍.

ഒരല്‍പ്പം വട്ടു പിടിച്ച റീമിക്‌സിന്റെ ഉസ്‌താദായ സംഗീത സംവിധായകന്‍ ശക്തികുമാറായാണ്‌ ആമിര്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. ടി.വി ഷോയിലൂടെയാണ്‌ അദ്ദേഹം കഥയില്‍ ഇന്‍സുവിനും പ്രേക്ഷകനും മുന്നിലെത്തുന്നത്‌. വെറുതേ സമയംകൊല്ലി കഥാപത്രമായല്ല കുറേ തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട്‌. 

സിനിമയുടെ താളം അയഞ്ഞുപോകുന്നു എന്നു തോന്നുന്നിടത്ത്‌ രസകരമായ തമാശകളുമായി അദ്ദേഹം എത്തുന്നു. ഇമോഷണല്‍ രംഗങ്ങളിലും ആമിര്‍ ഗംഭീര പ്രകടനം തന്നെ കാഴ്‌ച വയ്‌ക്കുന്നുണ്ട്‌. അതു പലപ്പോഴും പ്രേക്ഷകന്റെ കണ്ണു നിറയ്‌ക്കുകയും ചെയ്യുന്നു. 

വികാരതീവ്രമാണ്‌ കഥ. സിനിമ അവസാനിക്കാറാകുമ്പോള്‍ ഇന്‍സുവും നജ്‌മയും വികാരതീവ്രമായ രംഗങ്ങളില്‍ ഒന്നിനൊന്നു മിന്നി നില്‍ക്കുന്നതായി നമുക്കു കാണാം. അവളുടെ പത്താംക്‌ളാസ്‌ പ്രേമവും രസകരമാണ്‌.
ഇന്‍സുവയി എത്തിയ സൈറ തന്നെയാണ്‌ ഇതിലെ സൂപ്പര്‍ സ്റ്റാര്‍. മികച്ച കൈയ്യടക്കത്തോടെ ഈ കൊച്ചു സുന്ദരി ഇന്‍സുവിനെ അതിമനോഹരമാക്കി. 

അമ്മയായി വേഷമിട്ട സൈറയുടെ അച്ഛനായി എത്തിയ രാജ്‌ അര്‍ജുന്‍ അമ്മയായി എത്തിയ മെഹര്‍ വിജ്‌ എന്നിവരും അഭിനയത്തിന്റെ കാര്യത്തില്‍ അതീവ സൂക്ഷ്‌മത പുലര്‍ത്തി. ഇന്‍സുവും നജ്‌മയും തമ്മിലുള്ള അമ്മ മകള്‍ ബന്ധത്തിന്റെ ആഴവും സ്‌നേഹവും വളരെ ഭംഗിയി ഈ ചിത്രത്തില്‍ പകര്‍ത്തിയിട്ടുണ്ട്‌.

ആദ്യ സംവിധാനത്തില്‍ അങ്ങിങ്ങ്‌ ചെറിയ പോരായ്‌മകളുണ്ടെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയില്‍ സൂപ്പര്‍ സ്റ്റാറിനെ ഒരുക്കിയതില്‍ സംവിധായകന്‍ അദൈ്വത്‌ ചന്ദ്രന്‌ ആശ്വസിക്കാം. മേഘ്‌നമിശ്ര പാടിയ മുഴുവന്‍ പാട്ടുകളും ഹൃദ്യമാണ്‌. 

ക്‌ളൈമാക്‌സിലാണ്‌ ചിത്രത്തിലെ യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ വരുന്നത്‌. ആ രംഗം തീര്‍ച്ചയായും പ്രേക്ഷകന്റെ കണ്ണു നിറയ്‌ക്കും. കുടുംബസഹിതമോ കൂട്ടുകാര്‍ക്കൊപപമോ പോയി കണ്ടാസ്വദിക്കാവുന്ന ചിത്രമാണ്‌ സീക്രട്ട്‌ സൂപ്പര്‍ സ്റ്റാര്‍. അതാരാണെന്നറിയാന്‍ അവസാന നിമിഷം വരെ കാത്തിരിക്കണം. അതാണ്‌ ചിത്രത്തിന്റെ രസകരമായ സീക്രട്ട്‌.










       കണ്ണൂം മനസും ഈറനണിയിക്കും ഈ സൂപ്പര്‍ സ്റ്റാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക